ബ്രിട്ടൻ ഇന്ത്യയിലേക്ക് നാൻ കയറ്റുമതി നടത്താനും ചൈനയിലേക്ക് ശുദ്ധവായു കയറ്റുമതി ചെയ്യാനും ഒരുങ്ങുകയാണെന്ന നിർണായകമായ പ്രസ്താവനയുമായി എൻവയോൺമെന്റ് സെക്രട്ടറി ആൻഡ്രിയ ലീഡ്സം രംഗത്തെത്തി.

ബെർമിങ്ഹാമിൽ നടക്കുന്ന ടോറി കോൺഫറൻസിൽ ബ്രെക്സിറ്റിന് ശേഷമുള്ള രാജ്യത്തിന്റെ ബിസനസ് സാധ്യതകളെപ്പറ്റി സംസാരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ബ്രിട്ടീഷുകാർ അയച്ച് തരുന്ന നാൻ കഴിക്കാതെ നമുക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമോയെന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്.

യൂറോപ്യൻ യൂണിയന് പുറത്ത് കടക്കുന്നതിനെ തുടർന്ന് ബ്രിട്ടന് മുന്നിൽ തെളിയുന്ന ടൂറിസം-കയറ്റുമതി സാധ്യതകളെ പ്രോത്സാഹിപ്പിക്കാനായിരുന്നു ലീഡ്സം തന്റെ പ്രസംഗത്തെ പ്രയോജനപ്പെടുത്തിയത്.ജൂലൈയിൽ നടന്ന ടോറി നേതൃത്വ മത്സരത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരേസയ്ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഉയർന്ന് വന്ന പ്രമുഖ ബ്രെക്സിറ്റ് നേതാവ് കൂടിയായ ലീഡ്സമിന്റെ പ്രസ്താവനകൾ നിർണായകമായാണ് കണക്കാക്കപ്പെടുന്നത്.

പ്രധാനമന്ത്രിയാകുന്നതിനുള്ള ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും എൻവയോൺമെന്റ് സെക്രട്ടറിയെന്ന നിർണായകമായ സ്ഥാനം ലഭിച്ചതോടെ വീണ്ടും തിളങ്ങാൻ തുടങ്ങിയ ലീഡ്സം ടോറി കോൺഫറൻസിലെ ശ്രദ്ധേയമായ പ്രസംഗത്തോടെ കൂടുതൽ തിളങ്ങിയിരിക്കുകയാണ്. യൂറോപ്പിൽ നിന്നും പുറത്ത് കടക്കുന്ന ബ്രിട്ടന് മുന്നിൽ തെളിയുന്ന വ്യാപാര-ടൂറിസം സാധ്യതകളെക്കുറിച്ചായിരുന്നു ഈ പ്രസംഗത്തിൽ അവർ കൂടുതലായും എടുത്ത് കാട്ടിയിരുന്നത്.

ബ്രിട്ടനിലെ പ്രകൃതിഭംഗി അതുല്യമാണെന്നും അത് നിരവധി കവികളെയും ചിത്രകാരന്മാരെയും പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഇന്നും ലോകമാകമാനമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമണ് ബ്രിട്ടനെന്നും ആ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നുമാണ് ലീഡ്സം ആവശ്യപ്പെട്ടിരിക്കുന്നത്.ഇവിടുത്തെ റൂറൽ ടൂറിസം വ്യവസായം വർഷത്തിൽ 30 ബില്യൺ പൗണ്ടിന്റെ മൂല്യമുള്ളതാണെന്നും അവർ പറയുന്നു.

ഇവിടുത്തെ ഉൾപ്രദേശങ്ങളിലെ ഒരു ബോട്ടിൽ ശുദ്ധവായും 80 പൗണ്ടിന് വാങ്ങാൻ വരെ ടൂറിസ്റ്റുകൾ തയ്യാറാണെന്നും അവർ വെളിപ്പെടുത്തുന്നു. ഇംഗ്ലീഷ് എയർ ഓൺലൈനിലൂടെ വാങ്ങാൻ സാധിക്കുമെന്നും എയ്തെയർ അവരുടെ ഉൽപന്നങ്ങൾ ചൈനയിൽ വിറ്റഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ലീഡ്സം പറയുന്നു.

ലോകമാകമാനം ഇവിടുത്തെ ഭക്ഷ്യപാനീയങ്ങൾ വിപണനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം ഗ്രേറ്റ് ബ്രിട്ടീഷ് ഫുഡ് യൂണിറ്റ് ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ബ്രിട്ടൻ ബ്രസിലിലേക്ക് കോഫിയും സ്പാർക്ക്ലിങ് വൈൻ ഫ്രാൻസിലേക്കും ഇന്ത്യയിലേക്ക് നാനും വിപണനം ചെയ്യുന്നുണ്ടെന്നും എൻവയോൺമെന്റ് സെക്രട്ടറി വെളിപ്പെടുത്തി.

ഇതിന് പുറമെ നാട്ടിൻപുറങ്ങളിലെ ബ്രോഡ്ബാൻഡിന്റെ വേഗത വർധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അതിലൂടെ ഏവർക്കും പോക്കിമോൻ കളിക്കാനാകുമെന്നും ലീഡ്സം വാഗ്ദാനം ചെയ്യുന്നു.