കോഴിക്കോട്: അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനം വിവിധ പരിപാടികളോടെ കേരളത്തിൽ ആചരിക്കുന്നു.മുസ്ലിംങ്ങളിലെ സുന്നി വിഭാഗമാണ് പ്രവാചക ജന്മദിനം വിപുലമായ തോതിൽ ആചരിക്കുന്നത്.കേരളത്തിൽ കൂടുതലും സുന്നി വിശ്വാസം വെച്ച് പുലർത്തുന്നവരാണ്.

രാവിലെ സുബഹി നമസ്‌കാരം മുതലാണ് വിവിധ സ്ഥലങ്ങളിൽ നബിദിന ചടങ്ങുകൾ ആരംഭിക്കുന്നത്. നമസ്‌കാരത്തിന് ശേഷം പ്രവാചക വചനങ്ങളോതി കൊണ്ടുള്ള മൗലീദ് പാരായണവും വിവിധ പള്ളികളിൽ നടക്കും.പ്രവാചകന്റെ ജീവിതത്തെ ആസ്പദമാക്കി ലഘുപ്രഭാഷണങ്ങളും നടക്കാറുണ്ട്.മദ്രസകളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. വിവിധ പള്ളികൾ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണവും ഉണ്ടാകും.ജാതി മത രാഷ്ട്രീയഭേതമന്യേ നിരവധി പേർ ഭക്ഷണം കഴിക്കാൻ വിവിധ കേന്ദ്രങ്ങളിൽ എത്താറുണ്ട്.

വീടുകൾ കേന്ദ്രീകരിച്ച് മൗലിദ് പാരായണവും ഇപ്പോൾ സജീവമായിട്ടുണ്ട്.പ്രവാചക സ്‌നേഹത്തിന്റെ മൂർത്ത രൂപമായിട്ടാണ് വിശ്വാസികൾ മൗലിദ് പാരായണത്തെ വിലയിരുത്തുന്നത്.ഒരു മാസക്കാലം മൗലിദ് പാരായണത്തിന് വേണ്ടി ചിലവഴിക്കുന്നവരും വിശ്വാസികളിലുണ്ട്.മൗലിദ് പാരായണത്തോടൊപ്പം മതപ്രഭാഷണ പരമ്പരയും നടത്തുന്ന വിവിധ മദ്രസ പള്ളി കമ്മിറ്റികളിലും മലബാറിൽ സജീവമാണ്.നബിദിന പരിപാടികളിൽ ആശംസകൾ അർപ്പിച്ച് വിവിധ ക്ഷേത്രകമ്മിറ്റികളുടെ ബോർഡുകളും മലബാർ മേഖലയിൽ സജീവമാണ്.മതസൗഹാർദത്തിന്റെ മഹനീയ മാതൃക വിളിച്ചോതി കൊണ്ടുള്ള മതസൗഹാർദ സദസ്സുകളും നബിദിന പരിപാടികളിൽ സജീവമാണ്.

അന്ത്യപ്രവാചകന്റെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കാൻ പാടില്ലെന്ന വിശ്വാസമാണ് മുജാഹിദ്,ജമാഅത്തെ ഇസ്ലാമി സംഘടനകൾ പുലർത്തുന്നത്.അതുകൊണ്ട് തന്നെ നബിദിന പരിപാടികൾ ഇത്തരം സംഘടനകൾ സംഘടിപ്പിക്കാറില്ല.പ്രവാചകന്റെ കാലത്തും അനുചരന്മാരുടെ കാലത്തും ഇത്തരത്തിൽ പ്രവാചകന്റെ ജന്മദിന ചടങ്ങുകൾ നടത്തിയതിന് യാതൊരു വിധ തെളിവുകളും ഇല്ലെന്നാണ് മുജാഹിദ് വിഭാഗത്തിലെ പണ്ഡിതന്മാരുടെ വിശദീകരണം.പ്രവാചകന്റെ ജന്മദിനവും വഫാത്ത് ദിനവും(മരിച്ച ദിനവും)തിങ്കളാഴ്ചയാണെന്ന വാദവും ചില പണ്ഡിതന്മാർ ഉന്നയിക്കുന്നുണ്ട്.അതുകൊണ്ട് ജന്മദിനം ആഘോഷിക്കരുതെന്ന വാദവും ചില പണ്ഡിതന്മാർ ഉയർത്തുന്നു.

പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമുയർത്തി കൊണ്ടുള്ള തർക്കങ്ങൾ കേരളത്തിലെ മുസ്ലിം സംഘടകളിൽ സജീവമായിട്ടുണ്ട്.സുന്നീ പണ്ഡിതന്മാരും മുജാഹിദ് പണ്ഡിതന്മാരും തമ്മിൽ ഇതേ കുറിച്ച് വാദ പ്രതിപാദങ്ങൾ നിരന്തരം നടത്തിയിട്ടുണ്ട്.നബിദിനം ആഘോഷിക്കേണ്ടതില്ലെന്ന വാദത്തിൽ മുജാഹിദ് വിഭാഗങ്ങൾ സജീവമായിട്ടുണ്ട്.ചരുങ്ങി വർഷത്തിനകം നബിദിനം കേരളത്തിലെ മുസ്ലിം മത വിശ്വാസികൾക്കിടയിൽ മൂന്നാമത്തെ പെരുന്നാളായി മാറുമെന്ന വാദമാണ് മുജാഹിദ് വിഭാഗത്തിലെ നേതാക്കൾ ഉയർത്തുന്നത്.ഒരോ വർഷവും നബിദിനത്തിലെ ചടങ്ങുകൾ വർധിച്ച് വരുന്നത് ഇതിന്റെ തെളിവായാണ് മുജാഹിദ് നേതാക്കൾ വിശദീകരിക്കുന്നത്.

ഗൾഫ് പണത്തിന്റെ സാധീനം മൂലം മൗലീദ്,റാത്തീബ് തുടങ്ങിയ ചടങ്ങുകൾ വർധിച്ച് വരുന്നതായാണ് കണക്ക്.വ്യത്യസ്ത രീതിയിലുള്ള ഭക്ഷ വിഭവങ്ങളുമായാണ് വീടുകളിലെ മൗലീദ് പാരായണങ്ങൾ നടത്തുന്നത്.രാത്രി 7 മണിക്ക് തുടങ്ങുന്ന മൗലിദ് പാരായണം രാത്രി 10 മണി വരെ തുടരും.തുടർന്ന് നൂറുക്കണക്കിന് പേർക്ക് മൗലിദിന്റെ ഭക്ഷണം വീട്ടുകാർ വിളംബാറാണ് പതിവ്.