തിരുവനന്തപുരം: തളർവാതം പിടിപെട്ട് മാലിയിലെ സർക്കാർ അഗതി മന്ദിരത്തിൽ കഴിയുകയായിരുന്ന നബീസാബീവി തിരുവനന്തപുരത്ത് എത്തി. മാലിയിലെ ഇന്ത്യൻ കഌ് എക്‌സിക്യൂട്ടിവ് പ്രസിഡന്റ് മുഷ്താഖിനൊപ്പമാണ് അവർ മാലി വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയത്.

ഇന്ത്യൻ ക്ലബ് അംഗങ്ങൾ ആണ് നബീസ ബീവിയെ നാട്ടിലത്തെിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മാലിയിൽ തടവിൽ കഴിഞ്ഞ ജയചന്ദ്രൻ മൊകേരിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട് കേരളത്തിലെ ഫേസ്‌ബുക്ക് കൂട്ടായ്മയാണ് നബീസാ ബീവിയുടെ പ്രശ്‌നം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നത്.

മാലി ജയിലിൽ വിചാരണയില്ലാതെ തടവിൽ കഴിയുന്ന റുബീനയുടെ മോചനത്തിനും ഈ കൂട്ടായ്മ ശ്രമം നടത്തിവരികയാണ്. റുബീനയെ ജയിലിൽ സന്ദർശിക്കാൻ ഉമ്മ ഷെഫീഖാബീവി ഇന്ത്യൻ കഌ് പ്രസിഡന്റ് മുഷ്താഖിനൊപ്പം മാലിയിലേക്കു തിരിക്കും.

ജനുവരി എട്ടിന് മാലദ്വീപിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എസ്.സി അഗർവാൾ 'നോർക്ക' ക്ക് അയച്ച കത്തിലാണ് നബീസബീവി ആശ്രയമില്ലാതെ തളർവാതം പിടിപെട്ട് കിടപ്പിലാണെന്നും അവരെ കേരളത്തിലേക്കയക്കാൻ സംവിധാനം ചെയ്യണമെന്നും ആവശ്യപ്പെട്ടത്. എന്നാൽ, ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. തിരുവനന്തപുരത്തിനടുത്ത് പൂന്തുറ മുട്ടത്തറയിലെ മാണിക്ക വിളാകം വീട്ടിൽ അബ്ദുൽ കരീമിന്റെയും ഷരീഫ ബീവിയുടെ മകളാണെന്നായിരുന്നു രേഖകൾ. ഈ വിലാസത്തിൽ അന്വേഷിച്ചെങ്കിലും അങ്ങിനെയൊരു കുടുംബത്തെ കണ്ടത്തൊനായില്ല.

തുടർന്ന് പൂന്തുറ പുത്തൻ പള്ളിയിൽ 1992 ൽ നബീസ ബീവിയെ മാലദ്വീപ് സ്വദേശി അബൂബക്കർ ഇബ്രാഹിം വിവാഹം ചെയ്തതായി കണ്ടെത്തി. പിതാവായിരുന്നില്ല വിവാഹം നടത്തിക്കൊടുത്തത്. നബീസ ബീവിയുടെ ചെറുപ്പത്തിൽ തന്നെ ഉമ്മ മരിച്ചിരുന്നു. അബൂബക്കർ ഇബ്രാഹിം രണ്ടു വർഷം മുമ്പ് മരിച്ചതോടെ നബീസ ബീവി പൂർണമായും അനാഥയാവുകയായിരുന്നു. മാലദ്വീപിലെ ഗുറൈദ ദ്വീപിലെ ഹെൽത്ത് സെന്ററിലായിരുന്നു അവർ. വാർത്തകൾക്കൊടുവിൽ നബീസയുടെ നാല് സഹോദരിമാരെ കണ്ടെത്തുകയുണ്ടായി. ഇവർ നബീസാ ബീവിയെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.