- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ പോലെ ഖത്തറിലും കൈക്കൂലി കൊടുത്താൽ എന്തും നടക്കുമോ എന്ന വീഡിയോ പ്രചരിപ്പിച്ച് പീഡനം; തന്റെ ശരീരത്തിൽ ചിപ്പ് കയറ്റിയത് രഹസ്യങ്ങൾ ചോർത്താൻ; ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി കൊല്ലാൻ ശ്രമിച്ചു; എല്ലാത്തിനും കാരണം ആ അഞ്ചു പേർ; ഫേസ്ബുക്കിൽ മരണമൊഴി ഇട്ട് ആത്മഹത്യ; നടാലിലെ ഷഫീറിന്റെത് മാനസിക വിഭ്രാന്തി മാത്രമോ?
കണ്ണുർ: ഫെയ്സ് ബുക്ക് വീഡിയോ സന്ദേശമിട്ട് പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത. നടാൽ കുറ്റിക്കകം നാറാണത് പള്ളിക്ക് സമീപം സറീനാ സിൽ പി.എൻ ഷഫീറിനെ (33)യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇയാൾ മാനസിക വിഭ്രാന്തിന് വയനാട്ടിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായി പൊലിസ് അറിയിച്ചു. അതുകൊണ്ട് തന്നെ ഫെയ്‌സ് ബുക്ക് സന്ദേശത്തെ ഗൗരവത്തോടെ പൊലീസ് എടുത്തിട്ടില്ല. ഖത്തറിൽ വച്ചാണ് ചതിയുണ്ടായതെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു.
താൻ മരിക്കുവാൻ പോവുകയാണെന്നും മരണ കാരണവും പറയുന്ന വീഡിയോ സന്ദേശം സ്വന്തം ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇതു കണ്ട ഒരു സുഹൃത്ത് ഉടൻ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ മുറിയിൽ എത്തുമ്പോഴെക്കും തൂങ്ങിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തന്നെ മുന്നു പേർ ഗൾഫിൽ ജോലി ചെയ്യവേ വഞ്ചിച്ചതായും ജോലി ചെയ്യുന്ന കമ്പിനി മൊബൈൽ ഫോണും മെയിലും ചോർത്തിയതായും ഇയാൾ വീഡിയോയിൽ ആരോപിച്ചിരുന്നു.
തന്റെ ദേഹത്ത് മൈക്രോ ചിപ്പ് ഘടിപ്പിച്ചതായും വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് എടക്കാട് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരേതനായ മുഹമ്മദ് അലി ഹാജി -ഖദീജ ദമ്പതികളുടെ മകനാണ് ഭാര്യ. റഫീദ അമൽ ഫാത്വിമ ഏക മകളാണ്. യുവാവിന്റെ മരണത്തിൽ സൈബർ പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഫെയ്‌സ് ബുക്കിൽ മരണ മൊഴിയായി ഷഫീർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ
ഞാൻ പറയുന്നത് മരണ മൊഴി. എനിക്ക് വേണ്ട സഹായങ്ങൾ സർക്കാരും മനുഷ്യാവകാശ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ഞാൻ മരിക്കാനുള്ള കാരണം ഖത്തറിലുള്ള പ്രശ്‌നം. ഞാനൊരു പ്രവാസിയാണ്. അവർ ആദ്യം എന്റെ മൊബൈൽ ഹാക്ക് ചെയ്തു. ഞാനും എന്റെ ഭാര്യയും തമ്മിലുള്ള കാര്യങ്ങൾ പ്രചരിപ്പിച്ചു. വീഡിയോ എന്ന് പറഞ്ഞാൽ ഞാൻ സേഫ്റ്റിക്ക് വേണ്ടി ചെയ്ത കാര്യങ്ങളായിരുന്നു ഇത്.
ആ വീഡിയോയിൽ ഇന്ത്യയെ പോലെയാണോ ഖത്തറെന്നും കൈക്കൂലി കൊടുത്താൽ എന്തും നടക്കുമോ എന്നും ചോദിച്ചിരുന്നു. അത് പ്രചരിപ്പിച്ചു. അത് തെറ്റാണെന്ന് മനസ്സിലായി ആ വീഡിയോ ഡിലീറ്റാക്കിയിരുന്നു. അതായിരുന്നു പ്രചരിപ്പിച്ചിരുന്നത്. എന്റെ ശരീരത്തിൽ ചിപ്പ് വച്ച് ഞാൻ എന്തൊക്കെയാണ് സംസാരിക്കുന്നത് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ട്രെയ്‌സ് ചെയ്യുകയായിരുന്നു. നാട്ടിൽ എത്തിയപ്പോഴാണ് മനസ്സിലായത്. ആശുപത്രിയിൽ നിന്ന് ടെസ്റ്റ് ചെയ്തു. നല്ലൊരു മറുപടി കിട്ടിയില്ല. ഞാൻ പറഞ്ഞത് എന്നെ നോക്കി ജനങ്ങൾ പറയുകയായിരുന്നു.
ഒരു മനുഷ്യന്റെ മൗലികാവകാശം തകർക്കുന്ന കാഴ്ചയാണ് കണ്ടത്. പൊലീസീനേയും അവർക്ക് ഉപയോഗിക്കാൻ കഴിഞ്ഞു. അല്ലാതെ ഈ ഒരു രീതിയിൽ അവർക്ക് ചെയ്യാൻ കഴിയില്ല. അതിനാൽ എന്റെ ബോഡിയിൽ ഒരു എംആർഐയോ സിടി സ്‌കാനോ നടത്തി ഇത് പുറത്തു കൊണ്ടു വരണം. ഇത് പുറം ലോകത്ത് എത്തിയാൽ ഇന്ത്യയിലെ തന്നെ ആദ്യ കേസാകുമെന്നും ചെയ്ത ആരും ഇതിൽ നിന്നും രക്ഷപ്പെടില്ലെന്നും അവർക്ക് അറിയാമായിരുന്നു. ഇത് മൂന്ന് ഓഡിയോ ക്ലിപ്പായി പിടിച്ച് എന്റെ മൊബൈലിൽ വച്ചിരുന്നു. എന്റെ കൂട്ടുകാരനും പറഞ്ഞു ഇത് ഒരിക്കലും എടുക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു. അതിനാൽ ചിപ്പും വച്ചു ജീവിക്കലേ നടക്കൂ എന്നും പറഞ്ഞു.
അതുകൊണ്ട് ഞാൻ മരിക്കുന്നു. എന്റെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദി അജ്മൽ, അസ്ലം, ഫുക്‌റാൻ, ജേഷ്ഠൻ.... ഇതിൽ അജ്മൽ മലയാളിയാണ്. ബാക്കി മൂന്ന് പേരും യുപി സ്വദേശികളും. സുൽത്താൻ പെർഫ്യൂമിലെ സുൽത്താൻ, അയാളുടെ അമ്മാവൻ എന്നിവരാണ് തനിക്കെതിരെ ഇതെല്ലാം ചെയ്തത്. ഈ രീതിയിൽ എന്നെ ആക്കിയത് അവരാണ്. ഏതെങ്കിലും രീതിയിൽ അവിടെ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി. രണ്ടു ദിവസം അബോധാവസ്ഥയിലായി. ഇത് മരണമൊഴിയായി കണക്കിലാക്കി എന്റെ ശരീരത്തിൽ പൂർണ്ണമായ ബോഡി ചെക്കപ്പ് ചെയ്യണമെന്നും ഇത് കിട്ടിയാൽ ഉത്തരവാദി ഇവരാണെന്നും ഇതിനാൽ പറയുന്നു.
പൊലീസുകാർ ഇതിൽ എങ്ങനെയാണ് ഉൾപ്പെട്ടതെന്ന് അറിയില്ല. ഒരു മനുഷ്യന്റെ എല്ലാം ചോർത്തി എടുക്കുന്നതിനെ പൊലീസ് കൂട്ടു നിന്നത് എങ്ങനെയാണെന്ന് അറിയില്ല. അവർ ഇതിൽ ഉൾപ്പെട്ടു. അതിനാൽ നേരെ പോയാൽ ഇത് നേടിയെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് മരിക്കുന്നത്. ഏതെങ്കിലും രീതിയിൽ ഇത് കണ്ടെത്തണമെന്നും സിടി സ്‌കാനും എംആർഐ സ്‌കാനും ചെയ്താൽ തന്നെ ഇത് കണ്ടെത്താൻ കഴിയും. അതിനുള്ള സഹായം പത്രമാധ്യമങ്ങൾ രാഷ്ട്രീയ നേതാക്കൾ മുഖ്യമന്ത്രി മനുഷ്യാവകാശ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു... ഒകെ നന്ദി നമസ്‌കാരം
മറുനാടന് മലയാളി ബ്യൂറോ