- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുതകർത്തും കവർച്ച ചെയ്തും കുടുംബാംഗങ്ങളെ വിരട്ടിയോടിച്ചും അക്രമികൾ അഴിഞ്ഞാടിയപ്പോൾ വിദേശത്തിരുന്നു പ്രവാസികൾ കരഞ്ഞു; പകൽ മുഴുവൻ കേണു വിളിച്ചിട്ടും തിരിഞ്ഞുനോക്കാത്ത പൊലീസ്; നാദാപുരത്തെ പ്രതികാര തീ ആളിക്കത്തിയത് ഇങ്ങനെ
കോഴിക്കോട്: നാദാപുരം തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ തീവെയ്‌പ്പിലും കൊള്ളയിലും കോടഞ്ചേരി, വെള്ളൂർ, കോട്ടേമ്പ്രം തുടങ്ങിയ പ്രദേശങ്ങളിലെ നൂറിലധികം കുടുംബങ്ങളാണ് വഴിയാധാരമായത്. തകർന്നടിഞ്ഞ വീടുകളിലെല്ലാം ഒരാൾ വീതമെങ്കിലും വിദേശത്തുജോലിചെയ്യുകയാണ്. അവരെ ആശ്രയിച്ചാണ്് ഈ കുടുംബങ്ങളെല്ലാം കഴിയു
കോഴിക്കോട്: നാദാപുരം തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ തീവെയ്‌പ്പിലും കൊള്ളയിലും കോടഞ്ചേരി, വെള്ളൂർ, കോട്ടേമ്പ്രം തുടങ്ങിയ പ്രദേശങ്ങളിലെ നൂറിലധികം കുടുംബങ്ങളാണ് വഴിയാധാരമായത്. തകർന്നടിഞ്ഞ വീടുകളിലെല്ലാം ഒരാൾ വീതമെങ്കിലും വിദേശത്തുജോലിചെയ്യുകയാണ്. അവരെ ആശ്രയിച്ചാണ്് ഈ കുടുംബങ്ങളെല്ലാം കഴിയുന്നതും. ഏതാനും മണിക്കൂറുകൾകൊണ്ട് അക്രമിസംഘം തകർത്തുതരിപ്പണമാക്കിയതു ഓരോ പ്രവാസിയുടെയും സ്വപ്നങ്ങളും സമ്പാദ്യങ്ങളുമായിരുന്നു.
നാദാപുരത്തെ തകർന്ന വീടുകളെല്ലാം അനാഥമായി കിടക്കുകയാണ്. ഓരോ വീടിനുമുന്നിലും പൊലീസ് ഉദ്യോഗസ്ഥർ കനത്ത സുരക്ഷാ വലയങ്ങൾ തീർത്തിരിക്കുന്നു. കത്തിച്ചാമ്പലായ വസ്ത്രങ്ങൾക്കും പുസ്തകങ്ങൾക്കുമിടയിൽ വേണ്ടപ്പെട്ട രേഖകൾ വല്ലതും ബാക്കിയുണ്ടോയെന്ന് ചികയുകയാണ് മുളിയിൽ താഴക്കുനി വീട്ടിൽ റഫീഖും ഭാര്യ ജമീലയും. മണലാരണ്യത്തിലെ കഷ്ടതകളിൽനിന്നും വർഷങ്ങൾ വിയർപ്പോഴുക്കി സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾ അവർ ലേഖകനോടു പങ്കുവച്ചു. ഭാര്യയും മൂന്നുമക്കളും മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. സാമ്പാദ്യമെല്ലാം അഗ്നിക്കിരയായ വാർത്തയറിഞ്ഞ് അടുത്ത ദിവസം തന്നെ റഫീഖ് അജ്മാനിൽനിന്നും നാട്ടിലെത്തുകയായിരുന്നു. 25 വർഷമായി പ്രവാസജീവിതം നയിക്കുന്ന റഫീഖും കുടുംബവും മറുനാടൻ മലയാളിയുമായി അവരുടെ വേദനകൾ പങ്കുവച്ചതിങ്ങനെ:
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് അക്രമിസംഘം പാഞ്ഞെത്തുന്നത്. രാവിലെ ഒമ്പതുമുതൽ അവർ ഒരു ഭാഗത്തുനിന്നും വീടുകൾ തകർക്കാൻ തുടങ്ങിയിരുന്നു. ആദ്യം വലിയ കല്ലുകൾ കൊണ്ട് തങ്ങളുടെ വീടിനു നേരെ എറിയുകയാണു ചെയ്തത്. ഈ സമയത്തുതന്നെ ഭാര്യയും കുട്ടികളും ഭയന്നു നിലവിളിച്ചുപോയി, എന്തു ചെയ്യണമെന്നറിയാതെ. ജീവൻ വേണമെങ്കിൽ ഓടാൻ വീട്ടിലുള്ളവരോട് അവർ ആജ്ഞാപിച്ചു. ഈ സമയത്ത് അടുത്തുള്ള തന്റെ സഹോദരന്റെ വീടും അക്രമിക്കുന്നുണ്ടായിരുന്നു. അയൽപക്കത്ത് എല്ലാ വിഭാഗത്തിലുംപെട്ട ആളുകളുടെ വീടുകളുണ്ട്. പക്ഷേ ഇവർ മുൻകൂട്ടി പ്ലാൻ ചെയ്തായിരുന്നു ഓരോ വീടും തകർത്തത്. വീട്ടിൽനിന്നും ഭാര്യയും കുട്ടികളും ഓടി അക്രമികൾ തകർക്കാത്ത അയൽവീട്ടിൽ അഭയം തേടുകയായിരുന്നു.
തന്റെ ഇത്രയും വർഷം കൊണ്ടുള്ള സമ്പാദ്യമായിരുന്നു ഈ വിടും പറമ്പും. ഇതിനുവേണ്ടി കാൽ നൂറ്റാണ്ടിന്റ കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ ജോലിയിൽനിന്നും കിട്ടുന്ന പണം കൊണ്ട് ജീവിതച്ചെലവും വീടുനിർമ്മാണവും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. ബാങ്കിൽനിന്നും വായ്പയെടുത്താണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എടുത്ത അത്രയും തുക ഇനി ബാങ്കിൽ അടച്ചു തീർക്കാനുണ്ട്, അതിനു മുമ്പുതന്നെ എല്ലാം നശിച്ചിരിക്കുകയാണ്. ബാങ്കിൽ ഈ മാസം അടയ്‌ക്കേണ്ട തുകയും കുട്ടികളുടെ സ്‌കൂൾ ഫീസിനായി അയച്ചിരുന്ന പണവും സ്വർണാഭരണങ്ങളും അലമാര തകർത്ത് ഇവർ എടുത്തുകൊണ്ടുപോയി്. ഈ മാസവും അടച്ചില്ലെങ്കിൽ രണ്ടുമാസത്തെ പലിശ വേറേയും കൂടും. ഞാൻ അവധിക്കെത്തി വിദേശത്തേക്ക് പോയിട്ട് രണ്ടുമാസമേ ആയുള്ളൂ..ഇതറിഞ്ഞയുടനെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
അക്രമത്തിനു പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടായിരുന്നു, വീടും വാഹനങ്ങളും തകർക്കാനും മോഷ്ടിക്കാനും ഇവർക്ക് മുകളിൽ നിന്നും നിർദ്ദേശം ലഭിച്ചിരുന്നു. ഓരോ സംഘമായി ആസൂത്രിതമായിട്ടായിരുന്നു അക്രമം. ഷിബിന്റെ മരണത്തോടെയുണ്ടായ സംഭവമാണെന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല. ആദ്യംതന്നെ ഇതിനുള്ള ആസൂത്രണങ്ങൾ നടന്നിട്ടുണ്ട്. മരണം സംഭവിച്ചയുടനെ ഇങ്ങനെയൊരു ആസുത്രണം മണിക്കൂറുകൾ കൊണ്ടുനടത്താൻ പറ്റില്ല. ഇവർ കത്തി കാണിച്ചും കൊടുവാൾ കാണിച്ചും പൊന്നും പണവും ഒരുപാടുപേരിൽനിന്നു കവർന്നിട്ടുണ്ട്. ആദ്യം ഒരു സംഘം വന്നു വീടിനുനേരെ കല്ലെറിഞ്ഞു.
സാധാരണ ഉണ്ടാകുന്ന പ്രതിഷേധം പോലെ ഇതോടുകൂടി കഴിയുമെന്ന് കരുതിയിരുന്നു. അക്രമമുണ്ടായതോടെ ഭാര്യയും കുട്ടികളും വീടു പൂട്ടിയശേഷമാണ് ഓടിരക്ഷപ്പെട്ടത്. ഇരുമ്പിന്റെ ഗ്രില്ല് തകർക്കാൻ പാകത്തിലുള്ള ആയുധവും കെമിക്കലും പെട്രോളും അവരുടെ കയ്യിലുണ്ടായിരുന്നു. അവ ഉപയോഗിച്ചായിരുന്നു ഇത്രയും അക്രമം അവർ നടത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മകൻ റംഷീദിന്റെ എല്ലാ പുസ്തകങ്ങളും കത്തി നശിച്ചിട്ടുണ്ട്. റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്...എല്ലാം കത്തി നശിച്ചു. എൽ.കെ.ജിയിൽ പഠിക്കുന്ന മകൾ റജാ ഫാത്തിമക്ക് ഇപ്പോഴും പേടി വിട്ടുമാറിയിട്ടില്ല. വീട്ടിൽ ഒരു വസ്ത്രവും വീട്ടുപകരണവും ബാക്കിയില്ലാതെ കത്തിനശിച്ചു. ഫ്രിഡ്ജും ഫർണിച്ചറുമൊക്കെ കിണറ്റിലേക്ക് തള്ളിയിട്ടു.
ഇത്രയും ക്രൂരത ചെയ്യാൻ എന്തുതെറ്റാണ് തങ്ങൾ ചെയ്തതെന്നറിയില്ല. ഞങ്ങളാരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. ഒരാൾ മരിച്ചതിന്റെ പേരിൽ നിരപരാധികളായ ഇത്രയും കുടുംബങ്ങളെ എന്തിനാണ് ആക്രമിച്ചത്. അയൽവാസികളായ മറ്റു മതസ്ഥരുമായി ഞങ്ങൾ നല്ല സൗഹാർദത്തിൽ ജീവിക്കുന്നരാണ്. എന്റെ ഭൂമിയിലൂടെയാണ് അവർക്കുള്ള വൈദ്യുതിക്കാലു പോലും ഇട്ടിട്ടുള്ളത്. താൻ ഒരു പാർട്ടിയിലും പെടാത്തയാളാണ്. പ്രവാസിയായ എനിക്ക് പലപ്പോഴും വോട്ട് ചെയ്യാൻ പോലും അവസരം കിട്ടാറില്ല. പിന്നെയെന്തിനാണ് ഞങ്ങളോടിങ്ങനെ പ്രവർത്തിച്ചതെന്നറിയില്ല. ഞങ്ങൾ മാർക്‌സിസ്റ്റ്കാർക്കും വോട്ട് ചെയ്യുന്നവരാണ്. എനിക്കുള്ള വിഷമം അതാണ്, ഇത്രയും കാലം നമ്മൾ സ്‌നേഹിച്ചു നടന്നത് ഇതുപോലുള്ള ആളുകളെയാണല്ലോയെന്നോർത്തിട്ടാണ്. ഇവർ നമ്മളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ചെയ്തത്. ഇവിടെയുള്ള സിപിഎമ്മുകാർ പറയുന്നത് ഇത് ചെയ്തിരിക്കുന്നത് ഇവിടെയുള്ളവർ അല്ലെന്നാണ്. എനിക്ക് അവരോട് ചോദിക്കാനുള്ളത് പിന്നെ എങ്ങനെയാണ് കൃത്യമായി ഓരോ വീടും ആക്രമിച്ചതെന്നാണ്. ഞങ്ങളെ അക്രമിച്ച് ഈ പരുവത്തിലാക്കിയെങ്കിലും ഇവിടെനിന്നും ഇല്ലാതാക്കാൻ പറ്റില്ല, ഇവിടെ കുടിൽ വച്ചിട്ടെങ്കിലും ഞങ്ങൾ താമസിക്കും.
ഗൾഫിൽ പോയി രാത്രി വരെ അദ്ധ്വാനിച്ചും ബാക്കിവരുന്ന സമയം മറ്റു കമ്പനികളിൽ അധികസമയം ജോലി ചെയ്തുമാണ് ഈ പരുവത്തിലേക്ക് എത്തിച്ചത്. പതിനായിരം രൂപയില്ലാതെ നാട്ടിൽ ഒരുമാസം ജീവിക്കാൻ പറ്റില്ല. ഇതിനിടയിൽ കുട്ടികളുടെ പഠിത്തവും ബാങ്ക് അടവും. എല്ലാ കഷ്ടതകൾ അനുഭവിച്ചാണ് എന്നെ പോലുള്ള നിരവധി പ്രവാസികൾ കഴിയുന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ വലിയ ഭാഗവും ഗൾഫിൽ തീർക്കുന്നു. ഇതിന്റെ പങ്ക് ഇവിടത്തെ എല്ലാ രാഷ്ട്രീയക്കാരും പറ്റുന്നുമുണ്ട്. എന്നിട്ട് ഞങ്ങൾക്ക് ബാക്കി കിട്ടിയത് ഈ നഷ്ടങ്ങളും ദുരിതങ്ങളും തന്നെയാണ്. ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുകയായിരുന്നു.
അപ്പോഴാണ് ഒറ്റ മണിക്കൂർ കൊണ്ട് എല്ലാം തരിപ്പണമാക്കിയത്. ഇപ്പോഴും മനസിൽ നിന്നും ആ വേദന വിട്ടുമാറുന്നില്ല. ഓരോ സാധനങ്ങളും നശിപ്പിച്ചതും ഓരോ അവയവം ഇല്ലാതാകുന്ന പ്രതീതി. കുടുംബങ്ങളെ ഒന്നടങ്കം ഇല്ലാതാക്കിയാൽ ഇതു കാണേണ്ടി വരില്ലായിരുന്നു. ഇനിയിപ്പോൾ ഒന്നു മുതൽ തുടങ്ങേണ്ട അവസ്ഥയാണ്. ഇത്തരത്തിൽ നിരപരാധികളുടെ മനസിൽ മുറിവേൽപിച്ചതിൽ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി മുതലുള്ള ആളുകൾക്ക് പങ്കുണ്ട്. വേറെ ആളുകൾ നുഴഞ്ഞുകയറിയതാണെങ്കിൽ ഇതിന്റെ പേരുദോഷം പാർട്ടിക്ക് വരുമെന്നു കരുതിയെങ്കിലും ഇവരുടെ നേതാക്കൾ ഇതിനെ തടയേണ്ടതായിരുന്നു.
സംഭവം നടന്നതിനു ശേഷം ജാത്യേരിയിലെ സുഹൃത്തിന്റെ വീട്ടിലാണ് ഞാനും കുടുംബവും താമസിക്കുന്നത്. ഇവിടത്തെ ഏറ്റവും വലിയ വീഴ്ച പൊലീസിന്റേതാണ് രാവിലെ മുതൽ അക്രമം തുടങ്ങിയിട്ടും വൈകിട്ട് ആറിനാണ് പൊലീസ് എത്തിയത്. എല്ലാ സജ്ജീകരണവുമുള്ള സ്റ്റേഷനാണ് നാദാപുരം. നൂറിലും നൂറ്റിഒന്നിലും വിളിച്ചു, ആരും ഇവിടെ എത്തിയില്ല. സ്ത്രീകൾ വിളിച്ചാൽ പറന്നും ചാടിയും വരുമെന്നു പറയുന്ന ഹെൽപ് ലൈൻ നമ്പറിലും സ്ത്രീകൾ വിളിച്ചു. എന്നിട്ടു പോലും പൊലീസ് എത്തിയില്ല.
പൊലീസിന് പേടിയാണെങ്കിൽ ആരും വാഹനത്തിന് പുറത്ത് ഇറങ്ങണമെന്നില്ലായിരുന്നു. അവർക്ക് തന്നെ ക്യാമറ ഉപയോഗിച്ച് വാഹനത്തിൽ നിന്നും ക്രിമിനലുകളെ പകർത്താമായിരുന്നു. ലോകത്ത് എവിടെയും നടക്കാത്ത സംഭവമാണിത്. പത്രക്കാരെ ആരെയും ഇവിടേക്ക് വിട്ടിരുന്നില്ല. ഒരു ചാനലും ഈ ദൃശ്യങ്ങൾ പുറത്തുവിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ചില മീഡിയകളിൽ വന്നുതുടങ്ങിയത്. ഇതിൽനിന്ന് മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ഇതിന്റെ യഥാർത്ഥ കാഴ്ച കാണാൻ സാധിക്കില്ല. ഈ കാഴ്ചകൾ കണ്ടതിനു ശേഷമേ ഇതിന്റെ നഷ്ടങ്ങളെപ്പറ്റിയുള്ള ഗൗരവം ബോധ്യമാകൂ. മനസ്സാക്ഷിയുള്ള ആരും കാണേണ്ട കാഴ്ചയാണിത്.