- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) ആർഎസ്എസ് ആവുന്നു; ലീഗ് എസ്ഡിപിഐയും! കേരളവും വർഗീയകലാപത്തിന് സജ്ജമാവുന്നോ? കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി, നാണവും മാനവുമില്ലാതെ കോൺഗ്രസ്; നാദാപുരം നൽകുന്ന ചില വിപൽ സൂചനകൾ
ഈ കൊച്ചുകേരളത്തെക്കുറിച്ച് നമ്മുടെയൊക്കെ അഭിമാനം എന്തൊക്കെയായിരുന്നു. ചില്ലറ അപവാദങ്ങൾ ഉണ്ടെങ്കിലും വർഗീയതയും, ജാതിഭ്രാന്തും, ദുരഭിമാനഹത്യയും ഒന്നുമില്ലാത്ത മതിനിരപേക്ഷ നാട്. തമിഴനും, ബംഗാളിക്കുമെന്നപോലെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും ഒരുപോലെ ജീവിച്ചുപോകാൻ കഴിയുന്ന നാട്. എന്നാൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തെ തൂണേരി
ഈ കൊച്ചുകേരളത്തെക്കുറിച്ച് നമ്മുടെയൊക്കെ അഭിമാനം എന്തൊക്കെയായിരുന്നു. ചില്ലറ അപവാദങ്ങൾ ഉണ്ടെങ്കിലും വർഗീയതയും, ജാതിഭ്രാന്തും, ദുരഭിമാനഹത്യയും ഒന്നുമില്ലാത്ത മതിനിരപേക്ഷ നാട്. തമിഴനും, ബംഗാളിക്കുമെന്നപോലെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും ഒരുപോലെ ജീവിച്ചുപോകാൻ കഴിയുന്ന നാട്. എന്നാൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തെ തൂണേരിയിലേക്ക് ഒന്നു വന്നാൽ നിങ്ങളുടെ മതനിരപേക്ഷ രക്തം സിരകളിൽ ഉറഞ്ഞുപോവും. സിപിഐ(എം) ലീഗ് സംഘർഷം, സിപിഐ(എം) ബിജെപി സംഘർഷം, ലീഗ് ബിജെപി സംഘർഷം എന്നിങ്ങനെയൊക്കെ വിവിധ രാഷ്ട്രീയ ബാനറുകളിൽ ഇടക്കിടെയുണ്ടാവുന്ന വെട്ടും കുത്തും ബോംബേറും ഇപ്പോൾ നേരിട്ട് വർഗീയമായിരിക്കുന്നുവെന്നത് ഞെട്ടലോടെയാണ് കാണാനായത്. ഷിബിൻ എന്ന ചെറുപ്പക്കാരനെ മുസ്ലിംലീഗ് ക്രമിനലുകൾ അരിഞ്ഞുതള്ളിയതിനെ തുടർന്ന് സമാനതകളില്ലാത്ത അക്രമണമാണ് നാദാപുരം തൂണേരിയിൽ അരങ്ങേറിയത്. നൂറോളം വീടുകൾ രാക്കുരാമാനം ആക്രമിക്കപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും മോഷണവും വ്യാപകം. സർട്ടിഫിക്കേറ്റുകളും കളിപ്പാട്ടങ്ങളും വരെ ചാമ്പലായി. എതാണ്ട് 500 പവൻ സ്വർണം മോഷണംപോയെന്നാണ് അനൗദ്യോഗിക വിവരം. മൊത്തം മുപ്പത് കോടിയോളം രൂപയുടെ നഷ്ടം! ഇത് കേരളമാണെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയുമോ ?
ആർഎസ്എസ് ആകുന്ന സിപിഐ(എം)
സി.പി.എമ്മിന് അതിന്റെ മതേതര മുഖം നഷ്ടമാകുകയാണെന്ന ആശങ്ക വിറയലോടെ മാത്രമേ, മതനിരപേക്ഷ രാഷ്ട്രീയത്തെ എക്കാലവും പിന്തുണക്കുന്ന ഈ ലേഖകനെപ്പോലുള്ളവർക്ക് കേൾക്കാൻ കഴിയുന്നുള്ളൂ. അങ്ങേയറ്റം അപലപനീയമാണ് ഷിബിൻ വധം എന്നത് കാണാതിരിക്കാനാവില്ല. പി.ജയരാജൻ ചൂണ്ടിക്കാട്ടിയപോലെ മരിച്ചത് ഒരു മാർക്‌സിസ്റ്റുകാരൻ ആയതുകൊണ്ട് മുത്തശ്ശി പത്രങ്ങൾ കണ്ണീർവാർക്കുകയും ആസ്ഥാനകവികൾ കവിത എഴുതുകയും ചെയ്യുന്നില്ലെന്ന് മാത്രം. പക്ഷേ അതേതുടർന്നുണ്ടായ അക്രമവും കലാപവും സിപിഐ(എം) ഉയർത്തിപ്പിടിക്കുന്ന മത നിരപേക്ഷ രാഷ്ട്രീയത്തിന് തീരാക്കളങ്കമാണ്.
സാധാരണ ടാർജറ്റഡ് ആയ തിരച്ചടികളാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറുള്ളത്. എന്നാൽ ഇത് ഇത്തവണ നേരിട്ട് ഹിന്ദു-മുസ്ലിം ലഹളയിലേക്ക് കാര്യങ്ങൾ ആയിപ്പോയി. മുസ്ലിം പേരുള്ളവരുടെയെല്ലാം വീടുകൾ തൂണേരിയിൽ ആക്രമിക്കപ്പെട്ടു. സിപിഐ(എം) അനുഭാവികളും , ഒരുപാർട്ടിയിലും ഇല്ലാത്ത നിഷ്പക്ഷരും ഇതിൽ ഉൾപ്പെടും. മാറാട് ഒക്കെ നടന്നതുപോലുള്ള സാമുദായിക അടിസ്ഥാനത്തിലുള്ള കലാപങ്ങൾ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നത് ചിന്തിക്കാൻ കഴിയുന്നില്ല. പാർട്ടിയുടെ മുതിർന്ന ജില്ലാ കമ്മറ്റിയംഗം തന്നെ പറഞ്ഞത് കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി എന്നാണ്.
മുസ്ലിംലീഗിന്റെ അഹങ്കാരത്തിലും അക്രമ രാഷ്ട്രീയത്തിലും മനം മടുത്ത ഒരു വിഭാഗം (അതിൽ കോൺഗ്രസുകാർ ഉൾപ്പെടുയുള്ളവർ ഉണ്ട്) നടത്തിയ അക്രമമാണിതെന്നാണ് സിപിഐ(എം) നേതൃത്വം ഇപ്പോൾ രഹസ്യമായി പറയുന്നത്. കൊള്ളയും കൊള്ളിവെപ്പുമായി സാമൂഹിക വിരുദ്ധർ അത് നന്നായി മുതലെടുത്ത്. അക്രമം തടയണമെന്ന് സിപിഐ(എം) സംസ്ഥാന നേതൃത്വം അടിയന്തിരമായി നിർദ്ദേശിച്ചെങ്കിലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം തടയാൻ ആർക്കുമായില്ല. അണികൾക്ക്‌മേൽ പാർട്ടിക്ക് സ്വാധീനം കുറയുകയാണെന്ന് പകൽ പോലെ വ്യക്തം. മാത്രമല്ല, ആർഎസ്എസ് പോലുള്ള പരിവാര സംഘടനകൾ ദീർഘകാലമായി ആഗ്രഹിക്കുന്ന സാമുദായിക ധ്രുവീകരണമാണിത്. സിപിഐ(എം) ലീഗ് അല്ലെങ്കിൽ സിപിഐ(എം) എസ്.ഡി.പി.ഐ എന്ന രീതിയിൽ വരുന്ന രാഷ്ട്രീയ സംഘർഷങ്ങളെ ഹിന്ദുമുസ്ലിം എന്ന രീതിയിൽ മാറുന്നുണ്ടെങ്കിൽ അവിടെ വിജയിക്കുന്നത് സംഘപരിവാറിന്റെ അജണ്ടകൾ തന്നെയാണ്. അമിത് ഷാ യു.പിയിലൊക്കെ ഫലപ്രദമായി ഉപയോഗിച്ച ഈ തന്ത്രത്തിന് അറിഞ്ഞോ അറിയാതെയോ, സ്വയം നിന്നുകൊടുക്കയാണ് സിപിഐ(എം).[BLURB#1-H]
തീക്കൊള്ളിക്കൊണ്ട് തലചൊറിയുന്ന മുസ്ലിംലീഗ്
ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിത്തീർത്തതിൽ നിഷ്പക്ഷമതികൾ ഒരുപോലെ പഴിക്കുന്നത് മുസ്ലിംലീഗിനെയാണ്. കുറ്റം പറയരുതല്ലോ, സത്യത്തിൽ, കേരളാ കോൺഗ്രസു പോലെ വർഗീയത തീരേ തീണ്ടാത്ത കക്ഷിയാണ് ലീഗും. അധികാരത്തിൽ വരാൻ അവർ ആരുമായും കൂടും, എന്തും ചെയ്യും. (മുമ്പത്തെ കോ-ലീ-ബി സഖ്യങ്ങൾ ഓർത്തുനോക്കുക) ഭരണത്തിലെത്തുക എന്നിട്ട് പരമാവധി സുഖിക്കുക, അതാണ് ലീഗിന്റെ പൊതുമിനിമം പരിപാടി. അല്ലാതെ അവർ സുഡാപ്പികളെപ്പോലെ രാവിലെ മുതൽ ഇന്ന് എന്ത് ഇന്ത്യാവിരുദ്ധ പോസ്റ്റുകളാണ് ഫേസ്‌ബുക്കിലിടുക എന്ന് ആലോചിച്ച് നേരം കളയുന്നവരല്ല. കള്ളക്കടത്തായാലും കരിഞ്ചന്തയായാലും നാട്ടിൽ 'വികസനം' വന്നാൽ മതി. ബാക്കിയൊക്കെ എങ്ങനെ ഇസ്‌ക്കിയുണ്ടാക്കണമെന്ന് ലീഗുകാരെ ആരും പഠിപ്പിക്കേണ്ട. അതുകൊണ്ടുതന്നെ ഒരുപാട് വാണിജ്യ വ്യാപാര താൽപ്പര്യങ്ങളുള്ള ഏതൊരു സംഘടനയെയും പോലെ നാടിന്റെ സമാധാനം കെടുത്താൻ ഒരിക്കലും ലീഗ് ശ്രമിക്കാറില്ല. നഷ്ടപ്പെടുവാൻ തങ്ങൾക്ക് ഒരുപാടുണ്ട് എന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു അടവു നയമാണെന്നും വേണെമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ബാബറി മസ്ജിദ് തകർന്ന സമയത്തൊക്കെ മത സൗഹാർദത്തിന് ലീഗ് മുൻകൈയെടുത്തത് ഈ ഒരു വീക്ഷണകോണിൽ നിന്നുകൂടി നോക്കിക്കാണണം.
എന്നാൽ കഴിഞ്ഞ കുറെക്കാലമായി ലീഗിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്. എൻ.ഡി.എഫുകാർ പാർട്ടിയിൽ നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നെന്ന് ആ പാർട്ടിക്ക് അകത്തുനിന്നുതന്നെ പരാതിയുണ്ട്. എസ്.ഡി.പി.ഐ പോലുള്ള വിഷവിത്തുകളെ കെ.എൻ.ഷാജി എംഎൽഎയെപ്പോലുള്ള ലീഗ് നേതാക്കൾ അതിനിശിതമായി വിമർശിക്കുമ്പോഴും മുതിർന്ന ഒരു വിഭാഗം നേതാക്കൾ ഇവരോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. എന്തിനധികം പീഡനവീരനെന്ന് ജനം പരിഹസിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിപോലും മത മൗലികവാദികളെ തള്ളിപ്പറയുന്നതിൽ പിശുക്കുകാട്ടാറില്ല. എന്നാൽ തീവ്രവാദികളോട് മൃദുസമീപനം പുലർത്തുന്നവരുടെ പട്ടികയിൽ കെ.പി.എ മജീദും, ഇ.ടി മുഹമ്മദ് ബഷീറും വരെയുണ്ടെന്ന് കേൾക്കുമ്പോൾ സുഡാപ്പിവല എത്രവലുതാണെന്ന് സന്ദേഹിച്ചുപോവും.
സുഡാപ്പികളെ തള്ളിപ്പറഞ്ഞുകൊണ്ട് തങ്ങൾക്ക് അവരോട് സ്‌ഫോറ്റ് കോർണറില്ലെന്ന് വരുത്തി തീർക്കാൻ ഈ നേതാക്കൾ ശ്രമിക്കുന്നുമില്ല. അങ്ങനെ പാതി ലീഗും പാതി സുഡാപ്പിയുമായി നിൽക്കുന്ന കുറെ ക്രിമിനലുകളാണ് നാദാപുരത്ത് അക്രമം തുടങ്ങിയത്. (സ്വന്തം പിതാവിനെപ്പോലും ചവിട്ടിക്കൂട്ടിയ തനി മ്ലേച്ചന്മാരാണിവർ) ഇത്തരം ഭ്രാന്തന്മാരെ നിലക്കുനിർത്തിയില്ലെങ്കിൽ കേരളം കൂടുതൽ കൂടുതൽ വർഗീയവത്ക്കരിക്കപ്പെടുമെന്ന് ലീഗ് തിരിച്ചറിയണം. താൽക്കാലിക നേട്ടങ്ങൾക്കായും സിപിഎമ്മിന്റെ കായികശേഷിക്കുമുന്നിൽ പിടിച്ചു നിൽക്കാനും എസ്.ഡി.പി.ഐ പോലുള്ള സാധനങ്ങളെ പ്രോൽസാഹിപ്പിച്ചാലുണ്ടാവുന്ന വിപത്ത് ഈ അനുഭവത്തിന്റെ വെളിച്ചത്തിലെങ്കിലും ലീഗിന്റെ മനസ്സിലേക്ക് എത്തണം.
ഒരു വ്യാജ ബലാൽസംഗത്തിന്റെ വില
രാഷ്ട്രീയ അസ്വസ്ഥതകൾക്ക് സാമുദായിക നിറം വരുന്നത് നാദാപുരത്ത് ഇത് ആദ്യമല്ല. വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്‌ന ഭൂമികയാണിവിടം. രഞ്ജിത്തിന്റെ 'പാലേരി മാണിക്യം' സിനിമയിൽ പ്രതിപാദിക്കുന്നപോലെ അതിശക്തമായ ഇസ്ലാമിക ഫ്യൂഡലിസം നിലനിന്ന പ്രദേശമാണിത്. ഈ ജന്മിമാർക്കും മാടമ്പിമാർക്കുമെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റുപാർട്ടി ഈ മേഖലയിൽ വളർന്നുവന്നത്. പ്രദേശത്തെ ഈഴവരെ 'ചെക്കാ' എന്നും 'പെണ്ണെ'യെന്നും വിളിക്കുന്നതുവരെ നിർത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സമരം നടത്തേണ്ടി വന്നിട്ടുണ്ട്. ചെക്കാപെണ്ണ് വിളിയെച്ചൊല്ലി സംഘർഷവും ഒരു കൊലപാതകവും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. മുസ്ലിം പ്രമാണിമാരുടെ മൂന്നും നാലും പെണ്ണുകെട്ടിയുണ്ടാക്കിയ പ്രശ്‌നങ്ങൾപോലും കത്തിപ്പടർന്ന മുൻകാല അനുഭവം ഉണ്ട്. മുൻ എംഎൽഎയും നാദാപുരത്തെ സിപിഎമ്മിന്റെ തീപ്പൊരിയുമായിരുന്ന എ.കണാരന്റെ നേതൃത്വത്തിൽ നടന്ന വിവാദമായ 'മക്കൾ സമരമൊക്കെ' ഓർത്തുനോക്കുക. അപ്പോഴൊക്കെ മുസ്ലീ പ്രമാണിമാരും മുസ്ലീങ്ങളിലെതന്നെ പാവപ്പെട്ടവരും എന്ന രീതിയിലുള്ള വർഗപരമായ സമവാക്യം തന്നെയാണ് സിപിഐ(എം) ഉപയോഗിച്ചത്. എന്നാൽ ഈ കലാഘടത്തിൽ അത് ഹിന്ദുമുസ്ലിം എന്ന രീതിയിൽ എങ്ങനെ മാറിയെന്നും മുസ്ലീങ്ങളിലെ അടിസ്ഥാന വർഗം എങ്ങനെയാണ് തങ്ങളുടെ പൊതു അജണ്ടക്കകത്തുനിന്ന് പുറത്തായതെന്നും വിശദീകരിക്കാനുള്ള ബാധ്യത സിപിഐ(എം) നേതൃത്വത്തിനുണ്ട്.[BLURB#2-VL]
നുണക്കഥകൾ പറഞ്ഞുപരത്തി ആടിനെ പട്ടിയാക്കുന്ന രീതി നാദാപുരത്ത് പണ്ടേയുണ്ട്. 2001ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഉണ്ടായ കിരാതമായ ബിനു വധം അതിന് ഉത്തമ ഉദാഹരണമാണ്. നാദാപുരം തെരുവൻപറമ്പിലെ നബീസു എന്ന വീട്ടമ്മയെ ബിനു അടക്കമുള്ള സിപിഎമ്മുകാർ ബലാൽസംഗം ചെയ്തുവെന്ന വ്യാജ ആരോപണമാണ് ലീഗ് പറഞ്ഞു പരത്തിയത്. സത്യത്തിൽ ഇരു വീട്ടുകാരും തമ്മിൽ ചെറിയ അതിർത്തി പ്രശ്‌നം മാത്രമാണ് നിലനിന്നിരുന്നത്. ബലാൽസംഗ വാർത്ത മുത്തശ്ശി പത്രങ്ങൾ ആഘോഷമാക്കി. വൈകാതെ ബിനു അതിക്രൂരമായി കൊലചെയ്യപ്പെട്ടു. അയാളുടെ വൃഷണം വെട്ടിയെടുത്ത് വായിൽ തിരുകിയെന്നുവരെ അക്കാലത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാലം അൽപ്പം കഴിഞ്ഞതോടെ സത്യം പുറത്തായി. കുറ്റബോധം താങ്ങാനാവതെ നബീസു തന്നെ സത്യം പറഞ്ഞു. തന്നെ ആരും ബലാൽസംഗം ചെയ്തിട്ടില്ലെന്നും അതിർത്തി പ്രശ്‌നം മുതലെടുത്ത് ലീഗ് നേതാക്കൾ പറഞ്ഞുതന്ന കുതന്ത്രത്തിൽ താൻ പെട്ടുപോയതാണെന്നും! ബിനു മരിച്ചതോടെ അയാളുടെ അമ്മക്ക് മാനസികരോഗം ബാധിച്ചു. വഴിയിൽ ഇറങ്ങി നിന്ന് അവർ കാണുന്നവരോടെക്കെ എന്റെ മകനെ കണ്ടോ എന്ന് അന്വേഷിക്കുന്ന കരളലിയിപ്പിക്കുന്ന രംഗമാണത്രേ, നബീസുവിന്റെ മനസ്സുമാറ്റിയത്!
ഇപ്പോഴിതാ സമാനമായ കുപ്രചാരണങ്ങളുമായി ലീഗ് വീണ്ടും രംഗത്തിറങ്ങിയിരിക്കയാണ്. അക്രമികൾ ഖുറാൻ തിരഞ്ഞുപിടിച്ച് കത്തിച്ചെന്നും ഇങ്ങനെ ചെയ്തവർ പിന്നീട് അപടകത്തിൽപെട്ട് ആശുപത്രിയിലായെന്നുമാണ് അവർ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. തീക്കൊള്ളികൊണ്ട് തലചൊറിയരുതെന്ന് ആര് പറഞ്ഞുകൊടുത്താലും ലീഗ് മാത്രം മനസ്സിലാക്കുന്നില്ല. മേഖലയിലെ സാമ്പത്തിക സ്ഥിതികൂടി ഈ ഘട്ടത്തിൽ പറയേണ്ടതുണ്ട്. ഗൾഫ് പണം സൃഷ്ടിച്ച മാറ്റം പലേടത്തും പ്രകടമാണെങ്കിലും അടുത്തകാലത്തായി അതിനുമപ്പുറം എന്തൊക്കെയോ സംഭവിക്കുന്നു. പണം എവിടെ നിന്നൊക്കെയാണ് ഇങ്ങോട്ട് ഒഴുകിയത്തെുന്നതെന്ന് ആർക്കുമറിയില്ല. മണൽ മാഫിയയും, റിയൽ എസ്റ്റേറ്റ് മാഫിയയുമൊക്കെയായി എവിടെയും പണത്തിന്റെ കുത്തൊഴുക്ക്. ഈ മാഫിയകളെ ഒന്ന് ഒതുക്കിയാൽതന്നെ ഇവിടുത്തെ പ്രശ്‌നം പകുതി തീരും.
കലക്കവെള്ളത്തിൽ മീൻ പടിച്ച് സുഡാപ്പികളും സംഘികളും
മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനൊരുങ്ങിയ കുറുക്കന്റെ കൗശലമാണ് ഈ വിഷയത്തിൽ സുഡാപ്പികളുടേത്. ഇപ്പോഴവർ പറയുന്നത് നോക്കുക, ഇത് സിപിഐ(എം) ലീഗ് സംഘർഷമാണ്. പാവം ഞങ്ങളെന്ത് പിഴച്ചു. ലീഗിലെ ക്രിമിനലുകൾക്ക് ആളും അർഥവും കൊടുത്ത് സഹായിച്ചത് ആരാണെന്നും പിന്നീട് ആരാണ് ഒളിത്താവളം ഒരുക്കിയതെന്നും നാദാപുരത്തെ നിഷ്പക്ഷരായ ആളുകൾക്ക് അറിയാം. പാവം ചെറുക്കന്മാരെ ഇന്ത്യാവിരുദ്ധതയും വർഗീയതയും പറഞ്ഞ് പിരികേറ്റിച്ച് ഭ്രാന്തൻ നായ്ക്കളെപ്പോലെ ഇറക്കിവിട്ട് ഇവർ പിന്നിൽ നിന്ന് ചിരിക്കയാണ്. ഒരുപാവം ചെറുപ്പക്കാരനെ വെട്ടിനുറുക്കിയത് മഹത്തായ ജിഹാദിന്റെകൂടി ഭാഗമാണുപോലും! എന്നിട്ട് ഈ ജിഹാദികളുടെ ധൈര്യമൊക്കെ എവിടെപ്പോയി. ഷിബിൻ വധത്തിനുശേഷം പരിക്കേറ്റവരെല്ലാം ഓടിയൊളിച്ചു. തല്ലുകിട്ടിയത് നിരപരാധികൾക്ക്. തങ്ങൾകൊടുത്ത തീപ്പോരി ആളിക്കത്തി സകലതും ചാമ്പലാക്കിയതോടെ ഇപ്പോൾ വീണ്ടും കാമ്പയിനുമായി രംഗത്തിറങ്ങിയിരക്കയാണ്. നാദാപുരത്ത് 40 കോടിയുടെ നഷ്ടമാന്നെന്നും മുസ്ലിം സമുദായത്തിന് ആ നാട്ടിൽ രക്ഷയില്ലെന്നും. എന്തുപറയാൻ കുറെക്കാലം പിരിവിടാനുള്ള വകുപ്പായി! ഈ ഭ്രാന്തൻ പരിപാടികളെല്ലാം ഫലത്തിൽ അപ്പുറത്ത് ഹിന്ദു എകീകരണത്തിനും അതുവഴി മോദിയുടെ കരങ്ങൾക്ക് ശക്തി കിട്ടാനുമാണ് ഫലത്തിൽ ഗുണംചെയ്യുകയെന്ന അടിസ്ഥാന രാഷ്ട്രീയം അവർ മനസ്സിലാക്കുന്നുമില്ല.
ഇതേ രീതിയിൽ തന്നെയാണ് സംഘികളും ആളെക്കൂട്ടുന്നത്. നാദാപുരത്ത് കോയമാരുടെ കൈയിൽനിന്ന് അടിവാങ്ങാനുള്ള യോഗമേ ഹിന്ദുസമൂഹത്തിനുള്ളൂവെന്ന് ഒരു വനിതാ നേതാവ് ഈയിടെ പച്ചക്ക് പ്രസംഗിക്കുന്നത് കേട്ടു. നിറംപടിപ്പിച്ച നുണക്കഥകൾ മെനെഞ്ഞെടുത്തുകൊണ്ട് അവർ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വെറിയിലേക്ക് ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകർപോലും മാനസികമായി ആകൃഷ്ടരാവുന്നു. സിപിഐ(എം) ബിജെപിയെന്ന രാഷ്ട്രീയ ഐഡന്റിറ്റിയിൽ നിന്ന് മാറി, ഹിന്ദു മുസ്ലിം എന്ന രീതിയിൽ ജനം വിഭജിക്കപ്പെടണം എന്നത് സംഘപരിവാറിന്റെ ദീർഘകാല ആവശ്യമാണ്. അറിഞ്ഞൊ അറിയാതെയൊ അതിൽ തലവച്ച് കൊടുത്തിരിക്കായാണ് സിപിഐ(എം).
നാണവും മാനവുമില്ലാതെ കോൺഗ്രസ് നേതൃത്വം
ഇതിനിടയിൽപെട്ട് അന്തം വിട്ട് നാണവും മാനവും പോയി നിൽക്കുന്ന ഒരു വിഭാഗമുണ്ട്. നാദാപുരത്തെ കോൺഗ്രസുകാർ. കോൺഗ്രസുകാർ വി എം സുധീരനോട് പരാതി പറയുന്ന വൈറലായ വീഡിയോ നോക്കുക. ലീഗുകാരാണ് എല്ലാ പ്രശ്‌നവും ഉണ്ടാക്കിയതെന്നും, അവർ തങ്ങളെ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും, ഇതിനെതിരെ ശക്തമായ നടപടി വേണമെന്നെല്ലാം പറഞ്ഞിട്ടും ആദർശധീരൻ ഒരക്ഷരം മിണ്ടാതെ പാറ പൊലീരിക്കയാണ്. ആക്രമണത്തിൽ പരിക്കേറ്റവർക്ക് സാമ്പത്തിക സഹായം ചെയ്യണമെന്ന് പറഞ്ഞതും സുധീരൻ കേട്ടഭാവം നടിക്കുന്നില്ല. പിണറായി വിജയനോടാണ് അദ്ദേഹത്തിന്റെ പാർട്ടിപ്രവർത്തകർ ഇങ്ങനെ പറഞ്ഞതെങ്കിലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. അതാണ് കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അടിസ്ഥാന വ്യത്യാസവും.
കോൺഗ്രസ് നേതാക്കൾക്ക് തങ്ങളുടെ ഇമേജാണ് വലുത്. അല്ലാതെ പ്രവർത്തകരുടെ ആത്മാഭിമാനമല്ല. ഭരണം വീഴാതിരിക്കാൻ നാളെ ലീഗ് മുട്ടിലിഴയാനും ഏത്തമിടാനും പറഞ്ഞാലും അവർ കേൾക്കും! ഇവനെയൊക്കെ വിശ്വസിച്ച് ഖദറിട്ട് നടക്കുന്ന ചെറുപ്പക്കാരെയാണ് ആദ്യം ചവിട്ടേണ്ടത്. ഇനി നാദാപുരത്തെ പൊലീസിന്റെ കളിയാണ് വിചിത്രം. ചെന്നിത്തലയുടെ പൊലീസ് അൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കലാപം ഒതുക്കാമായിരുന്നു. അക്രമികളോട് പൊലീസ് കാണിക്കുന്ന മൃദു സമീപനം, ഗുജറാത്ത് മോഡലിലൊക്കെ നമ്മുടെ പൊലീസ് സേനയും സാമുദായിക വത്ക്കരിക്കുന്നുണ്ടോ എന്ന ആശങ്ക ഉയർത്തുന്നു.
എതായാലും ഈ കലാപത്തോടെ ഒരു കാര്യം ഉറപ്പായി. അതിദ്രുത വർഗീയവത്ക്കരിച്ചുകൊണ്ടിരിക്കയാണ് കേരളത്തിന്റെ പൊതുബോധം. അത് മാറ്റിയെടുക്കാനുള്ള ബോധപൂർവമായ ഇടപെടലാണ് ഉണ്ടാവേണ്ടത്. ഇക്കാര്യത്തിൽ ഏറ്റവും അധിക പരിക്കുപറ്റിയ സിപിഎമ്മും തന്നെയാണ് ഇതിനായി മുൻകൈയെുടക്കേണ്ടത്. മനുഷ്യനെ മനുഷ്യനായി കാണുകയെന്ന അടിസ്ഥാന മാനവിക ബോധത്തിൽനിന്ന് മതേതര പാർട്ടികൾ പിന്തിരിഞ്ഞാൽ, കേരളവും മറ്റൊരു ഗുജറാത്താവുമെന്ന് സംശയമില്ല.