നാദാപുരം: നാദാപുരത്ത് സിപിഐ(എം)-ലീഗ് നേതാക്കളുടെ ഒത്തുകളി അവസാനിപ്പിക്കുക, കൊള്ളമുതൽ തിരിച്ചുപിടിക്കുക, മതിയായ നഷ്ടപരിഹാരം സർക്കാർ നൽകുക, നഷ്ടപരിഹാരം നൽകാൻ ജനങ്ങളിൽ നിന്ന് പിരിവെടുക്കുന്നത് അവസാനിപ്പിക്കുക, സിപിഐ(എം) ക്രിമിനലുകൾക്ക് വീടുകൾ കൊള്ളയടിക്കാൻ അവസരമൊരുക്കിയ പൊലീസ് ഗൂഢാലോചന അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് എസ്ഡിപിഐ പ്രക്ഷോഭത്തിനിറങ്ങുകയാണ്. ഇതിനു മുന്നോടിയായി വ്യാപകമായ അക്രമങ്ങൾക്കും കൊള്ളയ്ക്കും വിധേയരായ തൂണേരിയിലെ ഇരകാളക്കപ്പെട്ട ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 27ന് വെള്ളിയാഴ്ച നാദാപുരം ഐക്യദാഢ്യദിനമായി ആചരിക്കുകയാണ്. അന്ന് സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും സിഡി പ്രദർശനവും നടക്കും.
വൈകുന്നേരം 4.30ന് കോഴിക്കോട്ട് മുതലളക്കുളത്ത് ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും. വിവിധ മത-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കൾ റാലിയെ അഭിസംബോധന ചെയ്യും. പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചരണപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഈ മാസം 23, 24, 25 തീയതികളിലായി മണ്ഡലം തല വാഹനജാഥകൾ സംഘടിപ്പിച്ചിട്ടുണ്ട്.

40 കോടിക്കും 50 കോടിക്കുമിടയിൽ നഷ്ടം കണക്കാക്കുന്ന ആസൂത്രിതവും വ്യാപകവുമായ കവർച്ചയിൽ 70 ലേറെ വീടുകൾ പൂർണമായും തകർക്കപ്പെട്ടു. 750 പവനിൽ കൂടുതൽ സ്വർണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. വിലപിടിപ്പുള്ള നിരവധി ഗൃഹോപകരണങ്ങളും വാഹനങ്ങളും അടിച്ചുതകർത്ത് അഗ്നിക്കിരയാക്കുകയുമുണ്ടായി. മേഖലയിൽ സിപിഐ(എം)-ലീഗ് മേധാവിത്വം നിലനിർത്തുന്നതിനും അധികാരത്തിലെത്തുന്നതിനും വൃത്തികെട്ട വർഗീയ-ക്രിമിനൽ രാഷ്ട്രീയം തരംപോലെ ഉപയോഗിക്കുന്നതിന്റെ ദുരന്തഫലമാണ് നാദാപുരത്ത് ആവർത്തിക്കപ്പെടുന്നത്.

ഒരു മതവിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ തിരഞ്ഞുപിടിച്ച് നടത്തിയ ഈ കൊള്ള സിപിഎമ്മിന്റെ വർഗീയമനോഭാവമാണ് വെളിപ്പെടുത്തുന്നത്. സിപിഐ(എം) പ്രവർത്തകർ വർഗീയവൽക്കരിക്കപ്പെടുന്നതിനെ സിപിഐ(എം) നേതൃത്വവും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിസ്സംഗതയോടെ നോക്കിക്കാണുന്നത് അപകടമാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ ഒരു മത വിഭാഗത്തിന്റെ വീടുകൾ കൊള്ളയടിക്കുന്നതിനോട് ഭരണകൂടം സ്വീകരിക്കുന്ന മൃദുസമീപനം ഭയപ്പെടുത്തുന്നതാണ്. അക്രമകാരികളെ നേരിടാനോ, കൊള്ള മുതൽ തിരിച്ചുപിടിക്കാനോ കാര്യക്ഷമമായ ഇടപെടലൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുമാത്രമല്ല, അക്രമികൾക്കും അതിനു നേതൃത്വം നൽകുന്നവർക്കും പ്രോത്സാഹജനകമായ സമീപനങ്ങളുമുണ്ടാകുന്നു.

സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിനു വേണ്ടി, സ്‌നേഹത്തിലും സൗഹൃദത്തിലും താമസിക്കുന്ന ഒരു പ്രദേശത്തെ ജനങ്ങളിൽ വർഗീയത ഉദ്ദീപിപ്പിച്ചു മുതലെടുപ്പ് നടത്തുന്നതിൽ നിന്ന് സിപിഐ(എം)-ലീഗ് നേതൃത്വങ്ങൾ പിന്തിരിയണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഭരണകൂടം തയ്യാറാവണം. പൊലീസിനെ നിഷ്പക്ഷമായി ഉത്തരവാദിത്വ നിർവഹണത്തിന് അനുവദിക്കണം. കൊലയ്ക്കും കൊള്ളയ്ക്കുപിന്നിലും പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് പൊതുസമൂഹം അടിയന്തിരമായി ഇടപെടണം. അപ്പോൾ മാത്രമേ നാദാപുരത്ത് ശാശ്വത സമാധാനം കൈവരികയുള്ളൂവെന്നും എസ്ഡിപിഐ നേതാക്കളായ പി അബ്ദുൽ ഹമീദ് (സംസ്ഥാന ജനറൽ സെക്രട്ടറി), വിടി ഇക്‌റാമുൽ ഹഖ് (സംസ്ഥാന സെക്രട്ടറിയേറ്റംഗം, എസ് നജീബ് (കോഴിക്കോട് ജില്ലാ സെക്രട്ടറി) എന്നിവർ വ്യക്തമാക്കി.