കോഴിക്കോട്: നാദാപുരം പഞ്ചായത്തിലെ കല്ലാച്ചി പാലാഞ്ചോല കുന്നിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ അജ്ഞാതർ തീയിട്ട സംഭവത്തിൽ സമരക്കാരെ കള്ള കേസിൽ കുടുക്കാൻ പഞ്ചായത്ത് അധികൃതരുടെ നീക്കം. സംഭവത്തിനു പിന്നിൽ അട്ടിമറിയാണെന്നും പ്ലാന്റ് ഇല്ലാതാക്കുന്നതിനായി ബോധപൂർവ്വമായ ശ്രമം നടന്നതായും ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് അധികൃതർ പരാതിക്കൊരുങ്ങുന്നത്. എന്നാൽ പ്ലാന്റിലെ ജീവനക്കാർ മാലിന്യം തീയി്ട്ടുകൊണ്ടിരിക്കെ പ്ലാന്റിന് തീപടർന്നു പിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

തീവെപ്പിനു പിന്നിൽ സമീപവാസികളാണെന്നും സമരക്കാരായ പരിസരവാസികൾക്കെതിരെ പരാതി നൽകുമെന്നും പഞ്ചായത്ത് ഭരണ സമിതി ഇന്നലെ പറഞ്ഞിരുന്നു. സമരക്കാരെ ഇല്ലാതാക്കുന്നതിനു പിന്നിലെ പഞ്ചായത്തിന്റെ തന്ത്രമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പഞ്ചായത്ത് റോഡ് ഉപരോധിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. വർഷങ്ങളായി നിലനിൽക്കുന്ന മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്‌നം നാട്ടിലെ ക്രമസമാധാന വിഷയമായി മാറിയിരിക്കുകയാണ്. പഞ്ചായത്തിലെ മാലിന്യ പ്രശ്‌നം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് പല തവണ പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടന്നെങ്കിലും ഒടുവിൽ തീവെപ്പിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു.

26 ലക്ഷം രൂപ ചെലവിട്ട് ആറ് വർഷം മുമ്പ് നിർമ്മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റാണ് സമീപവാസികൾക്ക് ദുരിതം വിതയ്ക്കുന്നത്. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച പ്ലാന്റിൽ മാലിന്യ സംസ്‌കരണം നടക്കുന്നില്ലെന്നു മാത്രമല്ല, മാലിന്യം കുമിഞ്ഞു കൂടി ദൈനംദിന ജീവിതത്തെ ദിസ്സഹമാക്കുകയും ചെയ്തിരിക്കുകയാണ്. പഞ്ചായത്തിനെതിരെ നാട്ടുകാർ സംഘടിച്ച് കർമ്മസമിതി രൂപവൽക്കരിച്ച് ഏറെ നാളായി സമരം നടന്നു വരികയാണ്. മുസ്ലിംലീഗ് ഭരണം കയ്യാളുന്ന നാദാപുരം പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ ചെറുവിരലനക്കാൻ തയ്യാറായിരുന്നില്ല. പഞ്ചായത്ത് അധികൃതർ ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.

കല്ലാച്ചി പാലാഞ്ചോലകുന്നിന്റെ മീറ്ററുകൾക്കകലെ നിന്നും മൂക്കുപൊത്താതാ ഇതുവഴി ഒരാൾക്കും നടക്കാൻ സാധിക്കില്ല. വിവാഹമോ മറ്റു ചടങ്ങുകളോ പരിസരത്ത് നടത്താൻ സാധ്യമാകാത്ത അവസ്ഥയായിരുന്നു. കുടിവെള്ളക്കിണറുകളിലും കലരുന്ന വിധം മാലിന്യം വമിച്ചു കഴിഞ്ഞിട്ടുണ്ടിവിടെ. നിത്യരോഗവും പ്രയാസങ്ങളുമാണ് മാലിന്യങ്ങൾക്കു നടുവിലെ ഇവരുടെ ജീവിതം. ശുദ്ധവായുവും ശുദ്ധജലവും അനുഭവിച്ച് ജീവിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങൾക്കു നേരെയാണ് ഇവിടെ പഞ്ചായത്ത് ഭരണസമിതി തന്നെ കത്തിവച്ചിരിക്കുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയും ചട്ടം അനുശാസിക്കുന്ന നിയമങ്ങൾ പാലിച്ചിരിക്കണം എന്നാണ് നിയമം എന്നിരിക്കെ ഇതെല്ലാം കാറ്റിൽ പറത്തിയാണ് നനാദാപുരം പഞ്ചായത്ത് ഭരണസമിതി മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നടത്തിയത്.

പഞ്ചായത്തിൽ മാലിന്യ പ്ലാന്റ് സംസ്‌കരണ പ്ലാന്റ് തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് വേണമെന്നിരിക്കെ ഇതൊന്നും കരസ്ഥമാക്കാതെ വ്യക്തി താൽപര്യങ്ങൾക്കു വേണ്ടി മാത്രം ദൃതി പിടിച്ച് പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു.വിഷയം ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണബോർഡിൽ പരാതി ലഭിച്ചതോടെ പഞ്ചായത്ത് സെക്രട്ടറിക്ക് ബോർഡ് നോട്ടീസ് അയച്ചിരുന്നു. ഒരുവിധ മലിനീകരണ നിയന്ത്രണ ഉപാധികളും ഏർപ്പെടുത്താതെയാണ് പ്ലാന്റിനുള്ളിൽ ഖരമാലിന്യ സംസ്‌കരിക്കുന്നതെന്നും ഇതിന് മുൻകൂട്ടി അനുമതി വങ്ങിയിലെലന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നു. ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. പ്ലാന്റിനു സമീപത്തെ ഏതാനും ലീഗ് കുടുംബങ്ങളെ കയ്യിലെടുത്തായിരുന്നു പഞ്ചായത്ത് ഇവിടെ പ്ലാന്റ് സ്ഥാപിച്ചിരുന്നത്. പരിസരവാസികൾക്ക് യാതൊരു ബുദ്ധിമുട്ടോ ദുർഗന്ധമോ ഉണ്ടോവില്ലെന്ന് നേരത്തെ ലീഗ് നേതാക്കൾ ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പ്ലാന്റ് സ്ഥാപിതമായത്.

എന്നാൽ വർഷം പിന്നിടുന്തോറും സമീപിവാസികൾക്ക് ദുരിതം അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ ലീഗുൾപ്പടെയുള്ള സമീപവാസികളായ വിവിധ പാർട്ടിക്കാരും ഒന്നിച്ച് പഞ്ചായത്തിനെതിരെ സമരം നടത്താൻ തുടങ്ങി. സമരത്തിന് മാദ്ധ്യമ ശ്രദ്ധലഭിച്ചതോടെ സമര സമിതിയുടെ ഉപാധികൾ അംഗീകരിക്കാൻ പഞ്ചായത്ത് തയ്യാറായിരന്നു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഇവിടെ നിന്നും മാറ്റാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. മുപ്പതോളം ലോഡ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാറ്റിയ ശേഷമായിരുന്നു തീപിടിത്തവും തുടർന്ന് സംഘർഷവുമുണ്ടായത്. തീപിടിത്തത്തിന്റെ പേരിൽ സമരക്കാർക്കെതിരെ കള്ളകേസ് ചമക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ രാവിലെ ആരംഭിച്ച റോഡ് ഉപരോധം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും നല്ല ഭരണം കാഴ്ച വെക്കുകയും ഇതിന് അവാർഡ് ലഭിക്കുകയും വരെ ചെയ്ത നാദാപുരം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വിറളിപൂണ്ട രാഷ്ട്രീയ എതിരാളികളാണ് സംഭവത്തിനു പിന്നിലെന്നും മാലിന്യം മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലെ തീപിടിത്തം ദുരൂഹത ഉണ്ടാക്കുന്നതായും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.