വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'ക്ക് എംപി. പോൾ നൽകിയ വിശേഷണം ഷെമിയുടെ 'നടവഴിയിലെ നേരുകൾ'ക്കും ചേരും - 'ജീവിതത്തിൽനിന്നു വലിച്ചുചീന്തിയ, വക്കിൽ ചോരപൊടിയുന്ന ഏട്'. മരണത്തെക്കാൾ വലിയ ദുരന്തങ്ങൾ ജീവിതത്തിലെമ്പാടുമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്ന നോവൽ. ഭാവനയെ തോല്പിക്കുന്ന യാഥാർഥ്യങ്ങളുടെ വഴിയടയാളങ്ങൾ. അവിശ്വസനീയവും അസാധാരണമാംവിധം ദാരിദ്ര്യത്തിൽ മുങ്ങിയ ഒരു മുസ്ലിം കുടുംബത്തിന്റെ അങ്ങേയറ്റം നിസ്വവും നിരാലംബവുമായ ജീവിതാവസ്ഥകളുടെ ദൈനംദിനമെന്നോണമുള്ള അനുഭവരേഖകൾ.

സ്വന്തമായി ഭൂമിയോ വീടോ തൊഴിലോ വരുമാനമോ ഇല്ലാത്ത കുടുംബം. ഉപ്പയും ഉമ്മയും ഒരു ഡസനോളം മക്കളുമടങ്ങുന്ന പട്ടിണിപ്പട. അൻവർ, ഷുക്കൂർ, ജബ്ബാർ, തൗസർ, മുനീർ, റാഫി, ഹാജറ, റംല, സൗറ... ചെറിയൊരു പണിയുള്ള മൂത്തമകൻ അൻവറിന്റെ കരുണയിൽ അവന്റെ വാടകവീട്ടിൽ അവനെക്കൂടി ആശ്രയിച്ചുകഴിയുകയാണവർ. രോഗിയും ക്ഷീണിതനുമായ ഉപ്പ. പല പണികളും ചെയ്ത് ഭർത്താവിനെയും ആറാൺമക്കളെയും നാലു പെൺമക്കളെയും പോറ്റുന്ന ഉമ്മ. പെരുന്നാൾ കാലത്തുപോലും നല്ല ഭക്ഷണമോ വസ്ത്രമോ കിട്ടാത്ത കുഞ്ഞുങ്ങൾ. പള്ളിക്കൂടത്തിൽപോയും പോകാതെയും അവർ മനുഷ്യരൂപത്തിൽ വളർന്നു. ഓരോയിടത്തായി വീട്ടുവേല ചെയ്ത് പെൺമക്കളും കൂലിപ്പണിയെടുത്ത് ആൺമക്കളും ജീവൻ നിലനിർത്തി. ആൺമക്കളൊന്നൊഴിയാതെ വഴിപിഴച്ചുപോയി. മദ്യവും മയക്കുമരുന്നും മോഷണവും ഭവനഭേദനവും മുതൽ എന്തും ഏതും അവരുടെ ലഹരിയായി. ഇരന്നും കരഞ്ഞും മക്കളെപ്പോറ്റിയ ഉമ്മയും ബാപ്പയും ആൺമക്കളുടെ തൊഴിയും തെറിയുമേറ്റു തളർന്നു. വീട്ടിനുള്ളിലും പുറത്തും അവർ ഉമ്മയെയും ബാപ്പയെയും സഹോദരിമാരെയും അപമാനിച്ചുകൊണ്ടേയിരുന്നു. വിശപ്പടങ്ങാതെയും ആത്മാഭിമാനമെന്തെന്നറിയാതെയും അവർ നരകിച്ചു. ആൺമക്കളിൽ ചിലർ നാടുവിട്ടു. ചിലർ ചത്തൊടുങ്ങി. ചിലർ പെണ്ണുകെട്ടി, ആ കുടുംബത്തെക്കൂടി വഴിയാധാരമാക്കി. ഉപ്പ മരിക്കുവോളം ഒരാൺതുണയുണ്ടായിരുന്നു, ഉമ്മാക്കും പെൺമക്കൾക്കും. പിന്നീട് അതുമില്ലാതായി. മുതിർന്ന പെൺകുട്ടികളെ പലരും പ്രേമിച്ചു. അവരും പലരെയും പ്രേമിച്ചു. ഓരോരുത്തരും അവരവരുടെ വഴിക്കുപോയി. സൗന്ദര്യവും ആരോഗ്യവുമില്ലാത്ത നായിക വീട്ടിലും നാട്ടിലും ആർക്കും വേണ്ടാത്തവളായി വളർന്നു. പൊരിഞ്ഞ പട്ടിണിക്കിടയിലും അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. പല വീടുകളിൽ മാറിമാറി പണിയെടുത്തിട്ടും അവൾ പഠനം നിർത്തിയില്ല. മുതിർന്നവരിൽ നിന്നുണ്ടായ ലൈംഗികചൂഷണങ്ങൾ, സഹോദരന്മാരിൽ നിന്നുണ്ടായ ദേഹോപദ്രവങ്ങൾ, പണിക്കുപോയ വീടുകളിൽ നിന്നുണ്ടായ അവഹേളനങ്ങൾ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ... പെൺകുട്ടികൾ മുതിർന്നതോടെ പ്രശ്‌നങ്ങളും പെരുകി. താമസിക്കാൻ വീടില്ലാതായി. ആണ്മക്കളുടെ സ്വഭാവദൂഷ്യം കൊണ്ട് നാട്ടിലാരും വീട് വാടകയ്ക്കുപോലും തരാതായി. വഴിവക്കിലും കടത്തിണ്ണയിലും പണിയെടുക്കുന്ന വീടുകളിലും ധർമാശുപത്രികളിലും അന്തിയുറങ്ങി മടുത്തപ്പോൾ, വീടിനു പുറത്തും നരകമുണ്ട് എന്ന് ആ പെൺകുട്ടികൾ പഠിച്ചു. മതലഹളകൾ, കാമവെറികൾ, യത്തീംഖാനകളിൽ മുസലിയാർമാരുടെയും മുതിർന്നവരുടെയും കയ്യേറ്റങ്ങൾ, അനാഥാലയങ്ങളിലെ മൃഗീയമായ പെരുമാറ്റങ്ങൾ...

സ്‌കൂൾ പഠനം കഴിഞ്ഞതോടെ പല സ്ഥാപനങ്ങളിൽ പണിയെടുക്കാൻ പോയി. അവിടങ്ങളിലെ അനുഭവവും ഭിന്നമായിരുന്നില്ല. ജീവിതത്തിൽ കയ്പും ചവർപ്പും മാത്രമേയുള്ളു എന്ന് അവർ പഠിച്ചു. ഒടുവിൽ എങ്ങനെയൊക്കെയോ നഴ്‌സിങ് പഠനത്തിന്റെ വഴിയിലെത്തി. അവിടെയുമുണ്ടായി വീട്ടുകാരുടെയും നാട്ടുകാരുടെയും കടന്നുകയറ്റങ്ങളും അപമാനശ്രമങ്ങളും. അതിസുന്ദരിയായിരുന്നു ഹാജിറ. അവളെ മോഹിച്ച് പലരുമെത്തിയെങ്കിലും വിധി ഒരു കൂലിപ്പണിക്കാരന്റെ ഭാര്യയാകാനായിരുന്നു. റംലയും അങ്ങനെതന്നെ. സൗറ രോഗിയും അവശയുമായിരുന്നു. ആർക്കും വേണ്ടാത്തവൾ. ഇളയ സഹോദരന്മാർ മുനീറും റാഫിയും മൂത്തവരെ പിന്തുടർന്ന് കൊള്ളരുതാത്തവന്മാരായി. ഇതിനിടെ, വിവാഹമോചനം മുൻകൂട്ടി ഉറപ്പിച്ച് നാലുദിവസം ഒരു  ഭാര്യയായി. പിന്നെ ആർസലുമായുള്ള പ്രണയവും വിവാഹവും. അപ്പോഴും ജീവിതം വഴിമുട്ടിനിന്നു. കുഞ്ഞുണ്ടായാൽ പോറ്റാനാവില്ലെന്നു തിരിച്ചറിഞ്ഞ് ഗർഭമലസിപ്പിക്കാൻ നടത്തിയ നെട്ടോട്ടം. ആർസൽ ഗൾഫിലേക്കു പോയതോടെ വീണ്ടും ഒറ്റയ്ക്കുള്ള ജീവിതം. ആർസൽ അയച്ചുകൊടുത്ത വിസയിൽ കുഞ്ഞുമൊത്ത് ഗൾഫിൽ വിമാനമിറങ്ങിയപ്പോൾ അയാൾ അവിടെയില്ല. തുടർന്നുള്ള ജീവിതവും അതിന്റെ കഥകളും മറ്റൊരു നോവലിന് ബാക്കിവച്ച് 'നടവഴിയിലെ വേരുകൾ' ഷെമി അവസാനിപ്പിക്കുന്നു.

കുട്ടിക്കാലം മുതൽ കൗമാരവും യൗവനവും വരെയുള്ള രണ്ടു പതിറ്റാണ്ടിന്റെ പനിപിടിച്ച ഓർമ്മകളും തീപോലെ പൊള്ളുന്ന അനുഭവങ്ങളും ഒന്നൊന്നായി വീണ്ടെടുത്ത് തന്റെ ജീവിതം പറയുകയാണ് ഷെമി. മറ്റൊരു മലയാള നോവലിലുമില്ല, ഒരു പെണ്ണിന്റെ ഇത്രമേൽ ദുഃഖഭരിതവും ഏകാന്തഭീതിദവുമായ ആത്മകഥ. നിഷ്ഠൂരമാംവിധം വിധി ചവിട്ടിക്കുഴച്ച മർത്യാനുഭവങ്ങളെ ഒരു മലബാർ മുസ്ലിമിന്റെ കുടുംബചരിത്രം പോലെ ആവിഷ്‌ക്കരിക്കുന്നു, 'നടവഴി'. ബാല്യത്തിന്റെ നിഷ്‌കളങ്കതയും കൗമാരത്തിന്റെ ഭയപ്പാടുകളും യൗവനത്തിന്റെ തീപ്പൊള്ളലുകളും നിറഞ്ഞ ജീവിതം. കണ്ണീരിനിടയിലും ചിരിയുടെ വെള്ളിമീൻചാട്ടങ്ങൾ. ഒറ്റമനുഷ്യരുടെയും പറ്റമനുഷ്യരുടെയും സങ്കടകാവ്യങ്ങൾ.

ഇങ്ങനെയും മർത്യായുസ്സുകൾ കരുപ്പിടിപ്പിക്കപ്പെടുന്നുണ്ട് എന്ന് വായനക്കാരെ അമ്പരപ്പിക്കുംവിധം നഗ്നവും വന്യവും യഥാതഥവുമാണ് 'നടവഴിയിലെ നേരുകൾ'. ഉപ്പ മരിച്ചതുകൊണ്ടുമാത്രം ഒരു രാത്രി അയൽവീട്ടിലെ വൃത്തിയുള്ള മുറിയിൽ ഉറങ്ങാൻ കഴിയുന്ന കുഞ്ഞുങ്ങളുടെ ദൈന്യം മുതൽ വീട്ടിലെ ആണുങ്ങളുടെ മുഴുവൻ ചവിട്ടും തൊഴിയും തെറിയും ഉച്ഛിഷ്ടവും മാത്രം ബാക്കികിട്ടുന്ന പെണ്ണുങ്ങളുടെ അവസ്ഥവരെ ഓരോന്നും നടവഴിയിലെ നേരുകളായി വായനയെ പൊള്ളിക്കുന്നു. പെരുകിപ്പെരുകി വരുന്ന ദുരന്തങ്ങളുടെയും കഷ്ടതകളുടെയും നടുവിൽ അന്തംവിട്ടു നിൽക്കുന്ന ഒരുപറ്റം കുഞ്ഞുങ്ങളുടെയും അവരുടെ ഉമ്മയുടെയും കൊടുങ്കാറ്റടിക്കുന്ന ജീവിതമാകുന്നു ഈ നോവൽ; നെറിയും നേരും കെട്ട ആണുങ്ങളുടെ സമുദായചരിത്രവും. അത്രമേൽ അനുഭവസമ്പന്നവും ദുഃഖസാന്ദ്രവുമായതുകൊണ്ടാകാം സൗന്ദര്യാത്മകമായ അച്ചടക്കത്തിലോ ആഖ്യാനപരമായ കെട്ടുറപ്പിലോ അല്ല പച്ച ജീവിതങ്ങളുടെ കെട്ടഴിച്ചുവിടലിലാണ് ഷെമിയുടെ ഊന്നൽ. എഡിറ്റുചെയ്യാത്ത ജീവിതവും എഴുത്തുമാണ് 'നടവഴിയിലെ നേരുകൾ'. ഒരുഭാഗം നോക്കുക: 'റംല അലക്കും തുടയ്ക്കലുമെല്ലാം കഴിഞ്ഞു വന്നപ്പോൾ നാലുമണിയായി. അന്നത്തെ കൂലി ഹാജരാനെ ഏല്പിച്ച് അപ്പോൾതന്നെ തിരിച്ചുപോയി. രാത്രിയവിടെ വിരുന്നുകാർ ഉള്ളതിനാൽ അവളോട് വീണ്ടും ചെല്ലാൻ പറഞ്ഞിരിക്കുന്നു.

'ഇത് തടിവെക്കാൻ വൈദ്യനോട് പറഞ്ഞ് വാങ്ങിയെംന്ന്, നാളമുതല് കഴിക്കാൻ തൊടങ്ങാം...' കൊണ്ടുവന്ന ലേഹ്യം അടുക്കളയിൽ സൂക്ഷ്മതയോടെ കൊണ്ടുവച്ചാണ് റംല ഇറങ്ങിയത്.

സൗന്ദര്യരക്ഷ തുടങ്ങിയതിന് കാരണമുണ്ട്. പണിക്കൂലിയിൽനിന്ന് പാതികൊണ്ടവൾ ടൈപ്പ്‌റൈറ്റിങ് പഠിക്കാൻ പോകുന്നുണ്ട്. പോകുന്ന വഴിക്ക് വിവാഹ അഭ്യർത്ഥനയുമായി പിന്നാലെ കൂടി യുവാവിന്റെ കുടുംബവും സമ്മതിച്ചിട്ടുണ്ട്.

വാങ്ങിയ അരക്കിലോ അരി അടുപ്പത്തും, അഞ്ച് രൂപയുടെ മത്തി മുളക് തേച്ച് കറിവയ്ക്കാനും ഹാജറ ഒരുക്കിനിർത്തി. വെന്തുകൊണ്ടിരിക്കുന്ന ചോറിലേക്കും വേവാനൊരുങ്ങിയ മീനിലേക്കും ആർത്തിപൂണ്ട് നില്പാണ് ഞാൻ. രാവിലെയും ഉച്ചയ്ക്കും ആഹാരമായി ഓരോ ഗ്ലാസ്സ് കിണറുവെള്ളം കുടിച്ചിട്ടുണ്ട്. രാത്രിയിൽ കഴിക്കാൻ പോകുന്നതിനെ കുറിച്ച് കൊതിമൂത്ത് മറ്റൊന്നിനും കഴിയാത്ത കോലത്തിൽ നില്ക്കുമ്പോഴതാ പാതിബോധത്തിൽ പുലഭ്യവുമായി തൗസർഭായി കയറിവരുന്നു...!

'ചോറ് വെളമ്പണെ നാ... മോളെ'. അരക്കെട്ടിന്റെ ഊക്കിന്' ഇരുവശവും കെട്ടിവച്ച കണക്കുള്ള കള്ളുകുപ്പികൾ പുറത്തെടുത്തയാൾ അലറി!

'അടുപ്പത്താന്ന്' ഹാജറ പതുക്കെ അറിയിച്ചു. അയാളുടൻ നടുതണാലിൽ ഇരുന്ന് കുടിക്കാൻ തുടങ്ങി.

'ഏടാണെ കൂ... മോളെ ചോറ്...?' കുറച്ചുകഴിഞ്ഞതും അയാളെണീറ്റുവന്ന് ബക്കറ്റ് വെള്ളമെടുത്ത് ചോറ് വാർത്തുവച്ച ചെമ്പിനു മുകളിൽ കമ്‌ഴ്‌ത്തി! ചോറുകലം ചളുങ്ങി നിലത്തു വീണ് ചെരിഞ്ഞു കിടന്നു! വെളുത്ത ചോറുമണികൾ വെള്ളത്തിൽ കുതിർന്ന് പുകയായി ചൂടു വിട്ടൊഴിയുന്നത് നോക്കിനില്‌ക്കേണ്ടി വന്നു! അതയാളിൽ ആവേശവും ശക്തിയും പകർന്നത് പോലെയായി പിന്നീടുള്ള പരാക്രമങ്ങൾ... തിളച്ചുകൊണ്ടിരുന്ന കറി ഒറ്റകൈയിൽ എടുത്തതും ചട്ടിചെരിഞ്ഞ് മുഴുവൻ അടുപ്പിൻ കുണ്ടിലേക്കുതന്നെ മറിഞ്ഞു. പാതിവെന്ത നാലഞ്ച് കുഞ്ഞുമത്തി വെണ്ണീറിൽ പൊതിഞ്ഞ് രൂപം മാറി!

'ന്ങ്ങം എന്തായീ കാണിക്ക്‌ന്നെ? ആ പെണ്ണ് ആരാന്റെ ചട്ടീം കലോം കഴീറ്റ് ക്ട്ടിയ പൈസക്ക് വാങ്ങിയതാ'.

ലഹരിബാധയിൽ അയാൾ വീടകം അലങ്കോലമാക്കിക്കൊണ്ടിരുന്നു...! ചൂലിന്റെ കെട്ട് പൊട്ടിച്ച് ഈർക്കിലുകൾ വിതറിയിട്ടു. നമുക്കാകെയുള്ള വസ്ത്രങ്ങളെടുത്ത് തറയിലൊഴുകിക്കിടന്ന വെള്ളത്തിലിട്ടു. ഹാജരാക്ക് നേരെ രണ്ടടി വച്ചതും കാലുവേച്ച് തറയിലേക്ക് വീണു. വീണ്ടും അലറി!

'പിടിച്ചെണീപ്പിക്കണേ...' പിടിച്ചെഴുന്നേല്പിക്കുമ്പോൾ മദ്യത്തിന്റെ മടുപ്പുഗന്ധത്തിനൊപ്പം മറ്റൊരു നാറ്റം കൂടി കുടിലിനുള്ളിൽ കിടന്ന് ദുഷിപ്പിച്ചു! വീണ കിടപ്പിൽ മൂത്രമൊഴിച്ചതാണ്! എണീറ്റുടൻ നനഞ്ഞ ഉടുതുണി വലിച്ചുരിഞ്ഞ് ഹാജരാന്റെ അടിപ്പാവാട എടുത്തിച്ച് ബഹളം പുനരാരംഭിച്ചു.

'വെശക്ക്ന്നണെ, ചോറ് വെളമ്പ് തെണ്ടികളേ....'


തടാകത്തിൽ വീണ് കുളിച്ചെഴുന്നേറ്റതല്ലെ, അകത്തും പുറത്തും വെള്ളം തട്ടി കുളിർന്നപ്പോൾ വിശപ്പ് മൂർച്ചിച്ച് കാണും.

'ചോറും കറീം എട്ത്ത് മറിച്ച്റ്റ് ഞങ്ങളേം കൂടി പട്ടിണിക്കാക്കീറ്റ് ഇപ്പം ഭക്ഷണം വേണംന്ന് പറഞ്ഞാല് ഏട്ന്ന് എട്‌ത്തേരും....?' ശല്യം അസഹ്യമായപ്പോൾ ഹാജറയും ഒച്ചകൂട്ടി. വിശപ്പുമൂത്ത അയാൾ അവിടമാകെ തപ്പിനടക്കുമ്പോഴാണ് ലേഹ്യം കണ്ടത്! എത്ര തടഞ്ഞിട്ടും മുഖവിലയ്‌ക്കെടുക്കാതെ കഴിച്ചു!'അഞ്ചുമിനിറ്റ് കഴിഞ്ഞില്ല തൗസർഭായി കാട്ടിക്കൂട്ടിയ കോലംതുള്ള് കണ്ട് മിഴിച്ചുപോയി!

'എന്താണെ... വയറ് കത്ത്ന്നണെ... എട്‌ന്നെങ്ക്‌ലും ഭക്ഷണം കൊണ്ട്‌വാണെ...' അട്ടഹാസവും ആക്രോശവും വീടിന്റെ മോന്തായവും കടന്ന് നിർഗളിച്ചു!

'എന്താ... എന്താന്ന് ഈട പ്രശ്‌നം...?' ചോദ്യത്തോടൊപ്പം ഇരുവാതിലിലും തട്ടുവീണു! തുറക്കേണ്ടിവന്നു. കൂട്ടത്തോടെ ജനം വാതിൽപ്പടിയിൽ തിങ്ങിഞെരുങ്ങി. മീശയും താടിയും തലമുടിയെക്കാൾ പെരുത്ത ഭായി, അടിപ്പാവാടയുമുടുത്ത് നില്ക്കുന്ന കാഴ്ചകണ്ട്, പിൻഭാഗത്ത് തിക്കിത്തിരക്കി ഏന്തിവലിഞ്ഞു നോക്കുന്ന പെൺപട മുട്ടി മുട്ടി ചിരിച്ചു! അടഞ്ഞുകിടന്ന ഗുഹയിലെ അദ്ഭുതം കാണാൻ അവസരം കിട്ടിയ ആവേശമാണ് ആണായിപിറന്നവരുടെ മുഖത്ത്!

'ഇത് ഈടെ പറ്റൂലാ, നമ്മള ഈ നാട്ടിന് ഒരന്തസ്സ്ണ്ട്... ഈ പ്‌ള്ളറ് മാത്രം ഈട കയ്യുമ്പം ഒരനക്കോം ഇല്ലായ്‌ന്. ന്ങ്ങള് കൊറേ ഗുസ്തിക്കാറ് എടക്കടെ കുട്ച്ച് വന്ന് കുത്ത്‌റാത്തീബ് കഴിക്കാനാങ്ക്ൽ എല്ലാരും വീട് ഒഴ്ഞ്ഞ് ഈ നാട്ട്‌ന്നെംന്നെ കാലിയായിക്കോണം'. മുന്നിൽനിന്ന പ്രമാണി ഉത്തരവിട്ടു!

'വയറ് കത്തിച്ചാൽ കാണ്ന്നതല്ലം വാരി കഴിക്കും, അപ്പം ദേഹം പുഷ്ടിപ്പെടും, പേര് 'വെശപ്പ്' കൂട്ടാനെന്നല്ല, തടി കൂട്ടാന്‌ള്ള മരുന്നെന്ന്'.

ലേഹ്യത്തിന്റെ ഗുട്ടൻസിലായിരുന്നു എന്റെ ചിന്ത!

ആഖ്യാനത്തിലെ സാങ്കേതികപരീക്ഷണങ്ങളോ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളോ ലാവണ്യശാസ്ത്രപരമായ അക്കാദമിക സ്വഭാവങ്ങളോ ചരിത്രത്തിന്റെ കേവുഭാരങ്ങളോ അല്ല 'നടവഴി'യുടെ സാധ്യത. മറിച്ച്, നോവലിന്റെ കലയിൽ തുടക്കം മുതൽ നിലനിൽക്കുന്ന മൂന്നു വിനിമയരീതികളെ സമകാല വായനയിൽ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയാണ് ഷെമി ചെയ്യുന്നത്. രൂപതലത്തിൽ, നോവലിന്റെ ആത്മകഥാപരതയാണ് ഒന്ന്. ഘടനാതലത്തിൽ, അനുഭവങ്ങളുടെ ആവിഷ്‌ക്കാരം എന്നതാണ് രണ്ടാമത്തേത്. ഭാവതലത്തിൽ സ്ത്രീയുടെ ജീവിതാഖ്യാനം എന്നത് മൂന്നാമത്തേതും.

നിശ്ചയമായും ഭാവനയിലും എഴുത്തിലും നടവഴിക്ക് നിരവധി പരിമിതികളും ദൗർബ്ബല്യങ്ങളുമുണ്ട്. പക്ഷെ അവയ്ക്കുള്ളിലും അസാധാരണമാംവിധം വായനാപരതയുള്ള ഒരു രചനയായിത്തീരാൻ ഈ നോവലിനു കഴിയുന്നത് മേല്പറഞ്ഞ മൂന്നു ഘടകങ്ങളുടെയും സമൃദ്ധമായ കൂടിച്ചേരൽ മൂലമാണ്. ജനപ്രിയനോവലിന്റെ കഥനകലയിലേക്ക് 'അനുഭവസാഹിത്യ'ത്തിനുണ്ടായ പരകായ പ്രവേശം എന്ന നിലയിൽ 'നടവഴിയിലെ നേരുകൾ' മലയാളത്തിൽ വേറിട്ട എഴുത്തും കലയുമായി മാറുന്നുണ്ടെന്ന് നിസംശയം പറയാം.

യൂറോപ്പിലെന്നപോലെ ഇന്ത്യയിലും തുടക്കം തൊട്ടുതന്നെ ആത്മകഥയെന്ന ആഖ്യാനഗണത്തോട് നോവലിനുള്ള ബന്ധവും സമാനതയും വിഖ്യാതമാണ്. സാഹിത്യത്തിന്റെ ചരിത്രത്തിൽ കർത്താവിന്റെ കർതൃത്വവും ആത്മകഥാത്വവും കലാത്മകവും സൗന്ദര്യാത്മകവുമായി ഇടം നേടിയ ആദ്യ മാതൃകയായി നോവൽ മാറി. ഒരേസമയം യാഥാർഥ്യത്തോടും ഭാവനയോടും ചരിത്രത്തോടും വസ്തുതയോടും നോവൽ പുലർത്തിയ ബന്ധങ്ങളുടെ ഭാഗമായിരുന്നു, ഇത്. മറ്റൊരു സാഹിത്യരൂപത്തിനുമില്ലാതിരുന്ന അതിനിശിതമായ മതേതര-മനുഷ്യസ്വഭാവം നോവലിന്റെ സാമൂഹ്യനിഷ്ഠവും വ്യക്തിപരവുമായ ആത്മാവിഷ്‌ക്കാര സാധ്യതകളെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. ആത്മകഥാപരതയെ ആഖ്യാനത്തിൽ സാക്ഷാത്കരിക്കുന്ന നിരവധി ഘടകങ്ങളിലൊന്നാണ് അനുഭവാത്മകത. ആഖ്യാതാവിന്റെ അനുഭവമെന്ന നിലയിൽ എഴുത്തിന്റെ ഭാഷണകല രൂപപ്പെടുത്തുന്ന രീതിയാണിത്. കഥയല്ല, ജീവിതം തന്നെയാണ് താൻ പരാവർത്തനം ചെയ്യുന്നത് എന്ന പ്രഖ്യാപനത്തിന്റെ അബോധമായി ഈ അനുഭവപരത നോവലിനെ ലാവണ്യവൽക്കരിക്കുന്നു. മലയാളത്തിലാകട്ടെ, സമീപകാലത്ത് ഏറെ എഴുതപ്പെടുന്നതും വായിക്കപ്പെടുന്നതുമായ ഒരു സ്വതന്ത്രസാഹിത്യരൂപമായിത്തന്നെ 'അനുഭവം' മാറിയിട്ടുമുണ്ട്. നോവലിനോടും ആത്മകഥയോടുമുള്ള അടുപ്പവും ആഭിമുഖ്യവും മറ്റൊരു രൂപത്തോടും അനുഭവങ്ങൾക്കില്ലല്ലോ. സ്ത്രീയുടെ കർതൃത്വം, എഴുത്തും വായനയുമായി നിർവഹണശേഷി കൈവരിച്ച ചരിത്രത്തിലെ ആദ്യ സാഹിത്യരൂപവും നോവലാണ്. യൂറോപ്പ് മുതൽ കേരളം വരെ ഇതിങ്ങനെ തന്നെയായിരുന്നു. മിസിസ് കൊളിൻസ് എന്ന മിഷനറിയായിരുന്നു, 1859-ൽ മലയാളിയുടെ ജീവിതം നടാടെ നോവലിൽ ആവിഷ്‌ക്കരിക്കുന്നത്. അതിന്റെ ആഖ്യാനകർതൃത്വമാകട്ടെ, സ്വയം നിർവഹണശേഷി കൈവരിച്ച ഒരു പെണ്ണിന്റെ ആത്മത്തെയാണ് കേന്ദ്രമാക്കിയത്. തുടർന്നിങ്ങോട്ട് മലയാളത്തിലെഴുതപ്പെട്ട മിക്കവാറും നോവലുകൾക്കുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പൊതുസ്വഭാവവും അവയിൽ പ്രാമുഖ്യം നേടിയ സ്‌ത്രൈണ കർതൃത്വം തന്നെയായിരുന്നു. 1950കളിൽ നിലവിൽവന്ന ജനപ്രിയനോവൽപ്രസ്ഥാനമാകട്ടെ ഈ കർതൃത്വസാധ്യതകളെ അപൂർവമാംവിധം സാമൂഹ്യവൽക്കരിക്കുകയും ചെയ്തു.

ഷെമിയുടെ നോവൽ ഈയൊരു പാരമ്പര്യത്തെ സമർഥമായി പിന്തുടരുക മാത്രമല്ല, സമകാല മലയാളസാഹിത്യം പൊതുവിലും നോവൽ വിശേഷിച്ചും പ്രകടിപ്പിക്കുന്ന രണ്ടു ഭാവുകത്വ സ്വഭാവങ്ങളെ പല നിലകളിൽ അഭിസംബോധന ചെയ്യുന്നുമുണ്ട്. വരേണ്യ-ജനപ്രിയ വിഭജനത്തിന്റെ നിരാകരണവും ജീവിതത്തിന്റെ തുറന്നെഴുത്തിൽ സ്ത്രീ കൈവരിച്ച ധീരതയുമാണ് അവ. ലളിതാംബിക അന്തർജനവും ദേവകിനിലയങ്ങോടുമല്ല, നളിനിജമീല മുതൽ ഭാഗ്യലക്ഷ്മി വരെയുള്ളവർ പൊള്ളുന്ന വാക്കുകൾ കൊണ്ടെഴുതിയ പെണ്ണിന്റെ ജീവിതകഥകളാണ് ഷെമിക്കു മാതൃക. ബഷീറിൽ തുടങ്ങി ഖദീജാ മുംതാസിലെത്തിനിൽക്കുന്ന മലയാള നോവലിലെ സവിശേഷമായ ഒരു സാംസ്‌കാരിക രാഷ്ട്രീയം ഉടലെടുത്ത സാമൂഹ്യഘടനയുടെ തായ്‌വേരിൽ പൊട്ടിമുളച്ചതുമാണ് ഈ തന്റേടവും ധീരതയും എന്നുകൂടി പറയാതെ വയ്യ.

നടവഴിയിലെ നേരുകൾ (നോവൽ)
ഷെമി, ഡി.സി. ബുക്‌സ്, 2015
വില : 495 രൂപ

പുസ്തകത്തിൽനിന്ന്:-

മൂന്നാം ദിവസം വൈകുന്നേരമായപ്പോൾ ഉപ്പ വളരെയേറെ വിവശനായി കാണപ്പെട്ടു. മൂടിക്കെട്ടിയ മൗനം ഉപ്പാനെ കുറെക്കൂടി രോഗിയാക്കി ചിത്രം വരച്ചു.

മഴ ശക്തിയായപ്പോഴാണ് കുളിച്ചുതോർത്തി ഞാനകത്തേക്ക് കേറിയത്. നല്ല തണുപ്പ്. എന്നിട്ടും ഉപ്പാന്റെ കൈയില്ലാത്ത ബനിയനെടുത്തിട്ടു. അരിപ്പദ്വാരമുള്ള രണ്ട് ബനിയനേ ഉപ്പായ്ക്കുള്ളൂ. ആയതിനാൽ ഷെഫ് കംദോബിയായ ഹാജറ എന്റെമേൽ ചാടി! ഞാനുടൻ അവൾക്കു മുമ്പാകെ ഉപ്പാന്റെ സമ്മതമെടുത്ത് ഊരാൻ കൂട്ടാക്കാതെ ഞെളിഞ്ഞുനിന്നു.

'കാക്ക്‌ലോ അരീം, അയിമ്പ വെള്‌ച്ചെണ്ണേം നൂറ് ഒണക്കമുള്ളനും ഒരഞ്ച് പപ്പടോം മാങ്ങീറ്റും ബാ... പെര്ന്നാക്ക് ബിരിയാണി വേണോന്നും പറഞ്ഞ് പ്‌ള്ളറപോലെ കരഞ്ഞ മന്ശ്യന് പ്ന്നിന്നേരായ്റ്റും നേരാംവണ്ണം ഒന്നും ത്ന്നാൻ ക്ട്ടീറ്റ്ല്ല. ഒര് പൊടി കഞ്ഞിയെങ്ക്‌ലും വായ്ക്ക് രുചിയോടെ കുടിച്ചോട്ട്'. കോന്തല അഴിക്കുമ്പോൾ ഉമ്മ മൊഴിഞ്ഞു.

ഞാനിറങ്ങാൻ നേരം ഉപ്പാന്റെ ചെരിപ്പെടുത്തിട്ടു. പൊക്കമുള്ള ഉപ്പാന്റെ പാദരക്ഷ ഇട്ടുള്ള നടപ്പ് പ്രയാസപ്പെടുത്തി. ചുവടുകൾക്ക് പിൻഗാമിയായി ചെളിവെള്ളം തെറിച്ച് വെളുത്ത ബനിയനിൽ മോഡേൺ ആർട്ട് പണിയുന്നു.

'ഉപ്പാക്ക് സുഖംല്ലാത്തത് നന്നായി..., അതുകൊണ്ട് ഉപ്പാന്റെ പേരിൽ കുശാലായി ഉണക്കമുള്ളനും പപ്പടോം കൂട്ടി കഞ്ഞികുടിക്കാല.....' ആത്മവിചാരത്തിൽ തെളിഞ്ഞ തിരി മഴച്ചാറ് തട്ടി നനയുകയോ കുളിൽക്കാറ്റേറ്റ് അണയുകയോ ചെയ്തില്ല!

തിരിച്ചെത്തിയപ്പോൾ ഉപ്പ തറയിൽ കുന്തിച്ചിരിക്കുന്നതാണ് കണ്ടത്! റംല ഉപ്പാന്റെ തലയിൽ പേൻ പരതുന്നു. ഉമ്മ മുറുക്കാനൊരുക്കുന്നു.

'ഈ സുഖംല്ലാത്താള എന്ത്‌നാ ഈട കൊണ്ട്ന്ന് ഇര്ത്തീന്...?' കയറിവന്ന തൗസർഭായി ദേഷ്യപ്പെട്ടു.

'അയ്‌ന് നമ്മളാരും കൊണ്ടംന്ന് ഇര്ത്തി എല്ല; കക്കൂസിപ്പോണംന്ന് പറഞ്ഞെണീറ്റും വന്നതാ... ഈട എത്തിനോക്കുമ്പം ഓറ ചെര്പ്പ്ല്ല, ഈ കാന്താരി എട്ത്ത്ട്ട്റ്റും പോയീന്ന് റാഫി ചെക്കൻ പറഞ്ഞ്. തലകറങ്ങ്ന്ന പോലെ ക്ഷീണാകുംന്ന്ന്ന് പറഞ്ഞ് നിന്നട്ത്തന്നെ ഓറ് ഇരിക്കേയ്‌ന്...'

ഹാജറ വന്ന് തട്ടിപ്പറിക്കുംപോലെ എന്റടുത്തുന്ന് സാധനങ്ങൾ വാങ്ങി അടുക്കളയിലേക്കു പോയി.

'ഇതാ ഉപ്പാ ചെര്പ്പ്'. ചെരിപ്പൂരി ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിൽ കാണിച്ച് കഴുകി അരികിൽ വച്ചുകൊടുത്തു. എന്നാൽ പൂർണ്ണമായി കുനിഞ്ഞിരിപ്പുള്ള ഉപ്പ തലയുയർത്തിയില്ല!

'ഉപ്പാ ഇതാ ചെര്പ്പ്...' ഞാൻ ശബ്ദം കൂട്ടി.

എന്നിട്ടും മറുപടിയില്ല.

'ചെല്ലപ്പ കക്കൂസ്‌ല് പോണങ്കി ബേം നോക്കീറ്റ് വന്ന് കെടക്കമ്മ പോയി കെടക്ക്. ഈ നെലത്ത്‌ര്ന്ന് കുളുപ്പം തട്ടീറ്റ് ഇനി വേറ അസുഖം പിടിക്കണ്ട...' ഉമ്മ ഉപദേശിച്ചു.

'ഉപ്പാന്റെ തലയില് കൊറെ ഈര്ണ്ട്...' റംല ഒരീരിനെ വലിച്ചെടുത്ത് നഖത്തിലിട്ട് പൊട്ടിച്ചു.

'ഇന്റേല്ലം കൂടല്ലെ സഖവാസം, ഈരല്ല, തലേല് പാമ്പന്നെ നെറയും'. ഉമ്മ പറഞ്ഞു.

'ഉപ്പാ.... ഉപ്പാ...' റംല കുനിഞ്ഞ് തല ചെരിച്ച് ഉപ്പാനെ വിളിച്ചു.

'ഉപ്പാ...' ഞാനും അതുപോലെ ചെയ്തു.

ഉപ്പയിൽനിന്ന് ഭയപ്പെടുത്തുന്ന നിശ്ശബ്ദതമാത്രം മറുപടിയായി!!

റംല ഉപ്പാന്റെ മുഖം പിടിച്ചുയർത്തി. കനമില്ലാത്ത റബർ പന്തുപോലെ താഴോട്ട് ക്ഷണത്തിൽ വീണു! കൂടെ, കൊഴുപ്പില്ലാത്ത വെളുത്ത ദ്രാവകം ഇടതുവശത്തൂടെ വായിൽനിന്നും ഒലിച്ചിറങ്ങി. റംല ചാടിയെണീറ്റ് അലറിവിളിച്ചുകൊണ്ട് പുറത്തേക്കോടി. എന്താണ് കാര്യമെന്ന് പിടികിട്ടാഞ്ഞിട്ടും ഞാനും അവൾക്കുപിന്നാലെ ഇറങ്ങിയോടി.... ഞങ്ങൾ രണ്ടുപേരും ഓടുന്നത് കണ്ടിട്ടാവണം, മൂലയിലൊരിടത്ത് കുട്ടീംകോലും ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരുന്ന റാഫിയും അതെല്ലാം വലിച്ചെറിഞ്ഞ് നിലവിളിച്ചുകൊണ്ട് ഞങ്ങൾക്കു പിന്നാലെ ഓടിയത്. റംല എവിടേക്കാണെന്ന് എനിക്കും ഞങ്ങൾ എങ്ങോട്ടേക്കാണെന്ന് റാഫിക്കും ഒരു രൂപവുമുണ്ടായിരുന്നില്ല.

ശക്തിയായ മഴയും കൂടെ ഇടിമുഴക്കവും മിന്നലും! അതിന്റെ വെട്ടത്തിൽ മുന്നിലോടുന്ന റംലയെ കാണാൻ കഴിഞ്ഞത് വഴിതെറ്റിച്ചില്ല! പിന്നിൽ തിരിഞ്ഞുനോക്കുമ്പോഴെല്ലാം കുടുക്കുപൊട്ടി ഊർന്നുവീഴുന്ന ട്രൗസർ വലിച്ചിട്ടു പിടിച്ച് ഷർട്ടില്ലാത്ത മേനിയുമായി റാഫിയെയും കാണാമായിരുന്നു. ആ ഓട്ടമത്സരത്തിൽ എനിക്ക് റംലയെയും റാഫിക്ക് എന്നെയും തോല്പിക്കാനായില്ല. മഴമുഴക്കത്തിലും അവർ കരയുകയാണെന്ന് എന്റെ തേങ്ങലുകൾക്കൊപ്പം എനിക്ക് തോന്നി.

ആ വീടിന്റെ വ്രാന്തയിൽ നിന്ന് റംല ഏങ്ങലടിക്കുമ്പോൾ മാത്രമേ അവിടേക്കായിരുന്നു അവൾ പ്രയാണലക്ഷ്യം കണ്ടിരുന്നതെന്ന് ബോധ്യമായുള്ളൂ.... ഞങ്ങൾ മൂന്നാളുടെയും കുതിർന്ന കുപ്പായങ്ങളിലൂടെ മഴനീര് തറയിലേക്കിറങ്ങി നനച്ചു...

റുങ്കിയാണ് വാതിൽ തുറന്നത്. നനഞ്ഞു കുതിർന്ന് വിറയ്ക്കുന്നതിനൊപ്പം ഏങ്ങലടിക്കുന്നതും കണ്ടപ്പോൾ പന്തികേട് മണത്താവും ഇത്തവണ പരിഹസിച്ചില്ല. പെട്ടെന്ന് മുനീർനെ വിളിച്ചറിയിച്ചു.

അവനും പരിഭ്രാന്തഭാവം ഞങ്ങളെ മാറി മാറി നോക്കി!

'ഉപ്പ.... ഉപ്പ വ്‌ള്ച്ച്ട്ടനങ്ങ്ന്ന്ല്ല'. റംല കരഞ്ഞും പറഞ്ഞും മുഴുമിപ്പിച്ചു. അപ്പോഴാ വീട്ടിലെ മറ്റംഗങ്ങളും ഓരോരുത്തരായി അവിടേക്കു വന്നു.

'സാരംല്ല. ഒന്നുംണ്ടാക്ല്ല. ഞാനിപ്പംതന്നെ ഡോക്ടറെം കൂട്ടീറ്റ് വരാം ന്ങ്ങള് പോയ്‌ക്കോ...' സാന്ത്വനിപ്പിക്കാൻ അറിയാത്തവൻ താലോലിക്കും പോലെ വികൃതമായിപ്പോയിരുന്നു ശബ്ദസ്വരം!

വന്നതുപോലെ തിരിച്ചോടി. വേഗത കുറഞ്ഞുവെന്ന് മാത്രം... അതുകൊണ്ട് വഴിനീളെ മഴച്ചോർപ്പിന്റെ ശക്തിയും തവളകളുടെ മറയത്തിരുന്നുള്ള തണ്ടുവിളിയും ചീവിടുകളുടെ ചപ്ലാച്ചിച്ചിലപ്പും കൃത്യമായറിയാൻ കഴിഞ്ഞു.

തിരിച്ചെത്തിയപ്പോൾ വീടിനു ചുറ്റും കുടയും ചൂടി ആളുകൾ കൂടിയിരിക്കുന്നു. ഞങ്ങളെ അകത്തേക്ക് കയറാൻ സമ്മതിക്കാതെ പിടിച്ചുകൊണ്ടുപോയി നിസാമ്ക്കാന്റെ വീട്ടിലാക്കി. അവിടെ ഹാജറയെയും സൗറയെയും കണ്ടു. ട്യൂബ്‌ലൈറ്റിൽ ആ വീട് പ്രകാശിക്കുന്നു. എന്റെ വീട്ടിൽ വോൾട്ടേജ് കുറഞ്ഞ നാല്പത് വോൾട്ട് ബൾബാണ്. അത് ബില്ലടയ്ക്കാൻ പാങ്ങില്ലാത്തവർക്കായിട്ടിറക്കുന്നതാണെന്നാണ് ഉമ്മന്റെ കണ്ടെത്തൽ.

മങ്ങിയ വെട്ടവും ദാരിദ്ര്യവും കൂടിക്കലരുമ്പോൾ അതെന്തുമാത്രം ദുഃസ്സഹമായ അന്തരീക്ഷമാണെന്ന് ട്യൂബ് പ്രകാശത്തിലാണ് തിരിച്ചറിവുണ്ടായത്. നല്ല ഷീറ്റ് വിരിച്ച മെത്തയും കട്ടിലും. പ്രാണികൾ മൂളിപ്പാറാത്ത പരിസരം. മൈക്രോബാക്ടീരിയോ ട്യൂബർകുലോസിസ് നിറയാത്ത ഉഛ്വാസവായു. കലഹങ്ങളുടെ പ്രകമ്പനമില്ലാത്ത, ആർത്തലപ്പിന്റെയും പിരാക്കുകളുടെയും കുത്തലില്ലാതെ കർണ്ണപുടത്തിന്റെ ശാന്തത. ഉപ്പ മരിച്ചതുകൊണ്ട് അങ്ങനൊരു അന്തരീക്ഷത്തിൽ കിടക്കുവാനവസരം ലഭിച്ചു. എന്നിട്ടും ഉറങ്ങാനായില്ല.