- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജെപി നദ്ദയുടെയും അസദുദ്ദീൻ ഒവൈസിയുടെയും റാലികൾക്ക് വിലക്കുമായി ബംഗാൾ പൊലീസ്; പശ്ചിമ ബംഗാളിൽ അധികാരം നിലനിർത്താൻ മമതയുടെ തന്ത്രങ്ങൾ ഇങ്ങനെ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണത്തെ ഉപയോഗിച്ച് എതിരാളികളെ നിഷ്പ്രഭമാക്കാനുള്ള ശ്രമവുമായി മമത ബാനർജി. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെയും റാലികൾക്ക് പശ്ചിമ ബംഗാൾ പൊലീസ് ഇന്ന് അനുമതി നിഷേധിച്ചു. എ്ന്നാൽ ഇതുകൊണ്ടെന്നും ബംഗാളിലെ ബിജെപിയുടെ മുന്നേറ്റത്തെ തടയാനാകില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. കോടതിയെ സമീപിച്ച് പരിവർത്തൻ യാത്രക്ക് അനുമതി നേടാനാണ് ബിജെപി നീക്കം.
ബംഗാളിൽ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രക്കാണ് പൊലീസ് ഇന്ന് അനുമതി നിഷേധിച്ചത്. ബരാക്ക്പൊരയിലൂടെ ആയിരുന്നു ഇന്നത്തെ പരിവർത്തൻ യാത്ര. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ജെപി നദ്ദ പങ്കെടുക്കുന്ന ഇന്നത്തെ യാത്ര ബിജെപി റദ്ദാക്കി. അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ നദ്ദ രംഗത്തെത്തി. ബംഗാളിൽ രഥയാത്ര നടത്തുക തന്നെ ചെയ്യുമെന്ന് നദ്ദ വെല്ലുവിളിച്ചു. ബിജെപി മുന്നേറ്റം മമതയെ വിറളി പിടിപ്പിക്കുന്നു. ബംഗാളിൽ താമര വിരിയിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുമെന്നും ജെപി നദ്ദ പറഞ്ഞു.
ഒവൈസിയുടെ ഇന്ന് നടക്കേണ്ട കൊൽക്കത്ത റാലിയും പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കി. 10 ദിവസം മുമ്പ് അനുമതി നൽകാൻ അപേക്ഷ നൽകിയെങ്കിലും അവസാന നിമിഷം അനുമതി നൽകിയില്ലെന്നും എഐഎംഐഎം നേതാക്കൾ ആരോപിച്ചു. മെതിയാബ്രുസ് ഏരിയയിലായിരുന്നു ഒവൈസി റാലി നിശ്ചയിച്ചിരുന്നത്.