കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി പൾസർ സുനി ഉപയോഗിച്ച മൊബൈൽ ഫോണിനെ സംബന്ധിച്ചു പൊലീസിനു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം. ഫോൺ നശിപ്പിച്ചുവെന്ന് അന്വേഷണ സംഘം കരുതുന്നില്ല. എന്നാൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ നാദിർഷായ്ക്ക് അറിയാമെന്ന് തന്നെയാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നാദിർഷായെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആവശ്യമായി വന്നാൽ പൾസർ സുനിയേയും വീണ്ടും ചോദ്യം ചെയ്യും.

ഈ ഫോൺ നടൻ ദിലീപിനു കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏൽപിച്ചതായി സുനി മൊഴി നൽകിയിരുന്നു. പ്രതീഷ് ചാക്കോയും സഹ അഭിഭാഷകൻ രാജു ജോസഫും കേസിൽ അറസ്റ്റിനു വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയിൽ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാത്ത നീക്കം ഇവർ നടത്തിയതു സംശയത്തോടെയാണു പൊലീസ് വീക്ഷിക്കുന്നത്. തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചു പിടിക്കാനുള്ള നീക്കമാണിതെന്നാണ് അവരുടെ വിലയിരുത്തൽ. മൊബൈൽ ഫോൺ നശിപ്പിച്ചതായുള്ള മൊഴികൾ വ്യാജമാണെന്നാണു പൊലീസിന്റെ നിഗമനം. നാദിർഷായുടെ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ നാദിർ,ായെ അറസ്റ്റ് ചെയ്യുന്നതിനെ കോടതി തടഞ്ഞിട്ടുമില്ല. 13നാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. അതിന് മുമ്പ് നാദിർഷായെ അറസ്റ്റ് ചെയ്യണമെന്ന വാദം സജീവമാണ്. ഇക്കാര്യത്തിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകൾ മറച്ചുവയ്ക്കാൻ നാദിർഷാ ശ്രമിച്ചിട്ടുണ്ട് എന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതു ഫലത്തിൽ അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിർഷായെ പ്രതിചേർത്തേക്കുമെന്ന സൂചനകളാണ് പൊലീസ് നൽകുന്നത്. കാവ്യാ മാധവനേയും ദിലീപിനെ സഹായിച്ചതിന് പ്രതിയാക്കും. മാനേജർ അപ്പുണ്ണിയും സംശയ നിഴലിലാണ്. അപ്പുണ്ണിയോടും മാപ്പു സാക്ഷിയാകുന്നതിന്റെ സാധ്യതകൾ പൊലീസ് തേടിയിട്ടുണ്ട്. ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രത്യക്ഷ തെളിവുകൾ കിട്ടുക അസാധാരണമാണ്. അതുകൊണ്ട് തന്നെ മാപ്പുസാക്ഷിയെ കിട്ടിയാൽ കേസ് കൂടുതൽ ശക്തമാകും. ഈ സാഹചര്യത്തിലാണ് അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത പൊലീസ് തേടുന്നത്.

ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത സുഹൃത്തായ നാദിർഷായും മറ്റു ബന്ധുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേസിൽ അവശേഷിക്കുന്ന തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തു. ഇതിൽ ചില തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനമെന്നാണു പൊലീസ് നിലപാട്. അറസ്റ്റ് ഭയന്ന് ചികിൽസ തേടി കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാദിർഷ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. കേസ് അന്വേഷണം നീട്ടികൊണ്ട് പോകാനുള്ള തന്ത്രമായി ഇതിനെ വ്യാഖ്യാനിക്കുന്നു.

അതിനിടെ മുൻകൂർ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തതിനൊപ്പം തന്നെയാണു നാദിർഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമവും തുടങ്ങി. എന്നാൽ ഹർജി 13ലേക്ക് മാറ്റി. അറസ്റ്റ് ഒഴിവാക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന ആവശ്യം കോടതി നിഷേധിക്കുകയും ചെയ്തു.

ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് സമ്മർദം ചെലുത്തിയെന്ന് നാദിർഷ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നുവെന്നും നാദിർഷ പറഞ്ഞു.ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂർത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാൽ നാദിർഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്നും ഹൈക്കോടതിയെ അറിയിക്കും. എന്നാൽ താൻ നിരപരാധിയാണെന്നും നേരത്തെ ചോദ്യം ചെയ്തപ്പോൾ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞു കഴിഞ്ഞുവെന്നുമാണു നാദിർഷാ ജാമ്യാപേക്ഷയിൽ ബോധിപ്പിക്കുന്നത്.

ഇനിയും അന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാൻ തയാറാണെന്നും ജാമ്യം അനുവദിച്ചാലും പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയാറാണെന്നും പറയുന്നു. എന്നാൽ അറസ്റ്റ് തടയില്ലെന്നു കോടതി വ്യക്തമാക്കി. ഇതോടെ നടൻ ദിലീപിനു പിന്നാലെ അടുത്ത വമ്പനും നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ അറസ്റ്റിലേക്കെന്നു സൂചന. നാദിർഷയെ അറസ്റ്റ് ചെയ്യാനാവശ്യമായ എല്ലാ തെളിവുമുണ്ടെന്ന ഉറച്ചനിലപാടിലാണ് അന്വേഷണസംഘം. കേസിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ നാദിർഷയെ ചോദ്യം ചെയ്തേ പറ്റൂവെന്നും പൊലീസ് പറയുന്നു.

താൻ മനസാ വാചാ അറിയാത്ത കാര്യങ്ങൾ പോലും സമ്മതിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് നാദിർഷ ആരോപിക്കുന്നു. അടുത്ത ബന്ധുക്കളെപ്പോലും വിളിച്ചു വരുത്തി പൊലീസ് നിർബന്ധിക്കുന്നു. ഇതു തനിക്കു മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടികൾ ഉണ്ടാക്കുന്നു. അസിഡിറ്റി പോലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതി ചേർക്കുമെന്ന് മാധ്യമങ്ങളിലൂടേയും മറ്റും പൊലീസ് ഭീഷണി-പ്പെടുത്തുകയാണ്. സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പലവട്ടം ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും നാദിർഷ ഹർജിയിൽ ഉന്നയിക്കുന്നു.
നാദിർഷ സഹകരിച്ചാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു വിട്ടയക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. അറസ്റ്റൊഴിവാക്കാൻ സാക്ഷിയാക്കുന്നതും പരിഗണിച്ചിരുന്നു.

കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്നു ഫോൺ ചെയ്ത വിവരം നാദിർഷ മറച്ചുവച്ചെന്നും കൈമാറിയ ഫോൺ സംഭാഷണം റെക്കോഡ് ചെയ്തതു പൂർണമല്ലെന്നും എഡിറ്റ് ചെയ്തെന്നുമാണു അന്വേഷണസംഘം പറയുന്നത്. കേസന്വേഷിക്കുന്ന സിഐ ബൈജു പൗലോസ് കഴിഞ്ഞ ചൊവ്വാഴ്ച നാദിർഷയെ വിളിച്ചു പിറ്റേന്നു വൈകിട്ട് നാലരയ്ക്ക് ആലുവ പൊലീസ് ക്ലബിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ആദ്യത്തെ മൊഴിയും പിന്നീടു ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും വിശദീകരണം അറിയാനാണു വിളിപ്പിക്കുന്നതെന്നും സിഐ അറിയിച്ചിരുന്നു.