തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാരനായ സഹപ്രവർത്തകനെ യുവതി ആക്രമിച്ചത് വീട്ടിൽ വിളിച്ച് വരുത്തിയതിന് ശേഷം.സൗഹൃദത്തിന്റെ പേരിൽ സഹപ്രവർത്തകനെ വിളിച്ചുവരുത്തി മുഖത്തു മുളകുപൊടി എറിഞ്ഞു ദേഹത്തു തിളച്ച വെള്ളമൊഴിച്ചു പൊള്ളലേൽപിച്ചതായിട്ടാണ് കേസ്.

ശരീരത്തിന്റെ 50 ശതമാനത്തോളം പൊള്ളലേറ്റ തിരുവല്ലം സ്വദേശിയായ ബാബു ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. മിനഞ്ഞാന്ന് വൈകുന്നേരത്തേടെയാണ് കോവളം സ്വദേശിനിയായ നാദിറ എന്ന യുവതി ബാബുവിനെ അക്രമിച്ചത്. ഭർത്താവില്ലാത്ത സമയത്താണ് യുവതി ബാബുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്നും കോവളം എസ്ഐ അജിത് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സാമ്പത്തികമായ ചില ഇടപാടുകളെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച സന്ധ്യക്കാണ് സംഭവം നടന്നത്. കോവളത്തെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. ഹോട്ടലിലെ ബാർ ജീവനക്കാരനാണ് ബാബു. ഒരു വർഷം മുൻപാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയും ചെയ്തു. യുവതിയുടെ ഭർത്താവ് കൊല്ലത്താണ് ജോലി ചെയ്യുന്നത്. പെയിന്റിങ് ജോലിക്കാരനായ ഭർത്താവ് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് വീട്ടിൽ വന്ന് പോയിരുന്നത്. ഈ വീട്ടിൽ ബാബു ഇടയ്ക്ക് വന്ന് പോയിരുന്നുവെന്നാണ് നാട്ടുകാരും പൊലീസിനോട് പറഞ്ഞു.

യുവാവിന് ചില സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഇത് തീർക്കുന്നതിനായി യുവതിയിൽ നിന്നും പണം വാങ്ങിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ചാണ് തർക്കമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കേറ്റത്തിലെത്തുകയും ചെയ്തു. സംഭവ സമയത്ത് വീട്ടിൽ വേറെ ആരും ഉണ്ടായിരുന്നില്ല. ഭർത്താവില്ലാത്ത സമയത്ത് വീട്ടിലൈത്തിയ ശേഷം പിന്നീട് അടുക്കളയിൽ നിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ചെന്ന ശേഷവും ഇരുവരും വീണ്ടും വഴക്ക് കൂടുകയും യുവതിയെ മർദ്ദിക്കാനൊരുങ്ങിയപ്പോൾ അവർ പെട്ടെന്ന് കൈയിൽ കിട്ടിയ മുളക്പൊടി മുഖത്തേക്ക് വിതറിയ ശേഷം അടുപ്പിലിരുന്ന ചൂടുവെള്ളം യുവാവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

അക്രമമേറ്റ യുവാവ് ഉടൻ തന്നെ ഹോട്ടലിൽ തിരിച്ചെത്തി പൊള്ളലേറ്റ ഭാഗങ്ങളിൽ ഐസ് പാക് വയ്ക്കുന്നത് കണ്ട ഹോട്ടലിലെ തന്നെ ചില ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസിനോട് വിവരങ്ങൾ പറഞ്ഞതനുസരിച്ച് പൊലീസ് വാഹനത്തിൽ തന്നെയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇവിടെ വെച്ച് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തിൽ ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി വാക്കേറ്റം നടത്തിയതിനെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ മൊഴി. ഇവർക്കെതിരെ ഐപിസി 307, 324 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ കൊലപാതക ശ്രമത്തിനു കേസെടുത്തുവെന്നും അന്വേഷണ പുരോഗതിയനുസരിച്ച് അറസ്റ്റ് ഉണ്ടാകുമെന്നും ഫോർട്ട് അസി. കമ്മിഷണർ ജെ.കെ.ദിനിൽ, വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എൻ.ഷിബു എന്നിവർ അറിയിച്ചു.യുവാവിൽനിന്നു നേരത്തേ ഉപദ്രവമുണ്ടായിട്ടുണ്ടെന്ന യുവതിയുടെ പരാതിയുമുണ്ടെന്നു പൊലീസ് പറഞ്ഞു.എന്നാൽ സ്ത്രീ വിളിച്ച് വരുത്തിയതനുസരിച്ച് അവരുടെ വീട്ടിലേക്ക് ചെന്നതിനാൽ ബാബുവിനെതിരെ കേസൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.