ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര സെക്രട്ടറിയുമായിരുന്ന സി.വി. ആനന്ദബോസിന്റെ മകളും അമേരിക്കയിലെ ഇന്ത്യൻ എംബസി കോൺസൽ ഡോ. വിധു പി. നായർ ഐഎഫ്എസിന്റെ ഭാര്യയുമായ നന്ദിത ബോസ് (34) നിര്യാതയായി. ന്യൂയോർക്കിലെ മെമോറിയൽ സ്ലോവൻ കെറ്ററിങ് ആശുപത്രിയിൽ ലുക്കേമിയ അർബുദ രോഗ ചികിൽസയിലായിരുന്ന നന്ദിത.

സംസ്‌കാരം മൃതദേഹം നാട്ടിലെത്തിച്ച ശേഷം പിന്നീട് തിരുവനന്തപുരത്ത് നടത്തും. അമ്മ: ല്ക്ഷമി. ഏകമകൻ അദ്വൈത് ന്യൂയോർക്കിലെ മാൻഹട്ടണിൽ സ്‌കൂൾ വിദ്യാർത്ഥിയാണ്. ഏക സഹോദരൻ വസുദേവ ബോസ് ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി. മരണസമയത്ത് പിതാവ് ആനന്ദ ബോസ്, അമ്മ ലക്ഷ്മി, ഭർത്താവ് വിധു തുടങ്ങിയവർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. ലുക്കേമിയ ബാധ കണ്ടെത്തിയതിനെ തുടർന്നു ഏതാനും മാസങ്ങളായി ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മികച്ച നർത്തകിയായിരുന്ന നന്ദിത കലാമണ്ഡലം വിമല മേനോന്റെ ശിഷ്യയായിരുന്നു. വിദേശ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളുടെ സാംസ്‌കാരിക വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. ചിത്രകാരി, എഴുത്തുകാരി, യാത്രിക എന്നീ നിലകളിലും നയതന്ത്ര വൃത്തങ്ങളിൽ നന്ദിക അംഗീകാരം നേടിയിട്ടുണ്ട്.