മലപ്പുറം: മഖ്ബറ( പുണ്യാത്മാക്കളുടെ കെട്ടി പൊക്കിയ ഖബർ)പൊളിക്കൽ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്)ന്റെ നിലപാട് തന്നെ. ജാറവും അമ്പലവും പൊളിക്കാൻ കാസർകോട് നിന്ന് പോയ മലയാളി ഐ.എസ് നേതാവ് അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ആഹ്വാനം. അഫ്ഗാനിസ്ഥനിലെ ഖുറാസാനിൽ നിന്നും റാഷിദ് അയച്ച 23ാമത് ഓഡിയോ ക്ലിപ്പിലാണ് അതി തീവ്രവും വർഗീയ വിഷം പരത്തുന്നതുമായ ശബ്ദ സന്ദേശം.

2017 സെപ്റ്റംബറിൽ നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിലെ ജാറം തകർക്കപ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് തീവ്ര സലഫി ആശയക്കാർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യു.എ.ഇയിലേക്ക് കടന്ന കേസിലെ പ്രധാന പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഈ സംഭവം നടക്കുന്നതിനു മുമ്പാണ് അബ്ദുൽ റാഷിദ് അബ്ദുള്ള മലയാളികൾ അടങ്ങുന്ന ടെലഗ്രാം ഗ്രൂപ്പിലേക്ക് ജാറങ്ങളും ക്ഷേത്രങ്ങളും തകർക്കണമെന്ന് പറയുന്ന ശബ്ദസന്ദേശം അയച്ചിട്ടുള്ളത്.

'ഇന്ത്യയിൽ ബഹുദൈവാരാധന(ശിർക്ക്) വ്യാപകമാണ്. ഇത് തടയണം മുസ്ലീങ്ങൾ മുന്നോട്ടു വരുന്നില്ല. മുസ്ലിംങ്ങളിൽ തന്നെ ജാറത്തിൽ പോകുന്ന നിരവധി പേരുണ്ട്. ഇതിനെതിരെ തടയാൻ പറ്റുമോ.. മലപ്പുറം കുറ്റിപ്പുറം ഹൈവേയിൽ ഒരു റെഡ് കളറുള്ള ഒരു ജാറമുണ്ട്. ഇതിനെതിരെ ഏതെങ്കിലും മുസ്ലിംമിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ...ദാറുൽ കുഫ്റിലെ അവസ്ഥയിതാണ്.'- അൂബ്ദുൽ റാഷിദ് പറയുന്നു. കെട്ടി പൊക്കിയ ഖബറുകൾ തകർക്കണമെന്ന് ഹദീസിലുണ്ടെന്നും ഇത് പിന്തുടരുകയാണ് തങ്ങൾ ചെയ്യുന്നതെന്നുമാണ് റാഷിദിന്റെ വാദം.

ഇസ്ലാമിൽ ഏറ്റവും വലിയ തെറ്റാണ് ശിർക്ക് എന്നത്. ഇത് ഇന്ത്യയിൽ യഥേഷ്ടം നടക്കുന്നുണ്ടെന്നും ഇതിനെതിരെ കൈകൊണ്ടു പോലും എതിർക്കാൻ പറ്റാത്ത അവസ്ഥയാണെന്നും റാഷിദ് പറയുന്നു. എന്നാൽ ദൗലത്തുൽ ഇസ്ലാമിൽ (ഐ.എസ്) ഒരു മഖ്ബറ പോലും ഇല്ലെന്നും എല്ലാം തകർത്ത് തരിപ്പണമാക്കിയതായും റാഷിദ് ശബ്ദ സന്ദേശത്തിൽ പറയുന്നു.

പതിനേഴാം നൂറ്റാണ്ടിൽ സൗദിഅറേബ്യയിൽ വേരുന്നിയ തീവ്രസലഫി ആശയക്കാരായിരുന്നു വാഹാബിസം.മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലും കെട്ടിപൊക്കിയ ഖബറുകളും ജാറങ്ങളും വ്യാപകമായി തകർത്തിരുന്നു. വഹാബിസത്തിന്റെ പിന്തുടർച്ചയെന്നോണം ഇസ്ലാമിക് സ്റ്റേറ്റും ഇതേ ആശയങ്ങളാണ് നടപ്പിലാക്കുത്. ഇറാഖിലും സിറിയയിലുമെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് ജാറങ്ങളെല്ലാം തകർക്കുന്ന വീഡിയോകളും പുറത്ത് വിട്ടിരുന്നു. ജാറങ്ങൾ തകർക്കുക എന്നത് ഒരു മുസ്ലീമിന് നിർബന്ധമുള്ള കാര്യമാണെന്നും എന്നിട്ടും ഇത് നാട്ടിലെവിടെയും ചെയ്യുന്നില്ലെന്നും റാഷിദ് പറയുന്നു.

കേരളത്തിലെ ആദ്യത്തെ ജാറം തകർക്കൽ സംഭവമായിരുന്നു നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിൽ ഉണ്ടായത്. ജാറം തകർക്കാൻ ഐ.എസിൽ നിന്നുള്ള മലയാളി നേതാവിന്റെ ആഹ്വാനം ഉണ്ടെന്നതും ഏറെ ദുരൂഹത വർധിപ്പിക്കുന്നു. ആഗോള തീവ്രവാദ ആശയങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടായിട്ടും കേസ് ഗൗരവത്തോടെ അന്വേഷിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സംഭവം നടന്ന് മൂന്ന് മാസം പിന്നിടുമ്പോഴും കൂടുതൽ പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്നത്തിലേക്ക് ജാറം തകർക്കൽ സംഭവം എത്തിയിരുന്നു. കേരളത്തിലെ മുജാഹിദ്, സലഫി ആശയക്കാർ ജാറത്തിൽ സന്ദർശിക്കുന്നതിന് എതിരാണ്.

എന്നാൽ ജാറങ്ങൾ തകർക്കാനോ മറ്റ് അക്രമങ്ങൾ നടത്തുന്നതിനോ കേരളത്തിലെ മുജാഹിദുകൾ ഇതുവരെ ആഹ്വാനം ചെയ്തിട്ടില്ല. തീവ്രസലഫി ആശയക്കാരാണ് സംഭവത്തിൽ കേസെടുത്ത ഇരുവരും. ഇവർ ഐ.എസ് ആശയത്തിൽ ആകൃഷ്ടരായതായാണ് കരുതപ്പെടുന്നത്. വഴിക്കടവ് -മാമാങ്കര സ്വദേശി അത്തിമണ്ണിൽ ഷാജഹാൻ ( 24 ) സംഭവത്തിനു ശേഷം ഒക്ടോബർ 9 ന് ദുബായിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഷാജഹാനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാൾ ഐ.എസ് സ്വാധീന മേഖലയിലേക്കോ മറ്റ് അറബ് രാജ്യങ്ങളിലേക്കോ കടന്നതായി പൊലീസ് സംശയിക്കുന്നു. ഷാജഹാനെ ലഭിച്ചാൽ മാത്രമേ കൂടുതൽ പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അനീഷ് ജാറം തകർക്കാൻ സഹായിച്ചയാളാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഷാജഹാന്റെ നേതൃത്വത്തിലാണ് ജാറം പൊളിക്കൽ നടന്നത്. ഷാജഹാനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തീവ്രവാദ ബന്ധം കണ്ടെത്താൻ കഴിയുമെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. അതേസമയം റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി അനീഷ് ജാമ്യം ലഭിച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പേരും മുമ്പി മുജാഹിദ് വിസിഡം വിഭാഗത്തിൽ പ്രവർത്തിച്ചവരാണെന്നാണ് പൊലീസിൽ പറഞ്ഞത്. ഷാജഹാന് പിടികൂടുന്നതിനായി യു.എ.ഇ എംബസി മുഖേന ഇടപെടൽ നടത്തുന്നതായി എടക്കര സി.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.

(അബ്ദുൽ റാഷിദ് അബ്ദുള്ള മലയാളികൾ അടങ്ങുന്ന ടെലഗ്രാം ഗ്രൂപ്പിലേക്ക് ജാറങ്ങളും ക്ഷേത്രങ്ങളും തകർക്കണമെന്ന് പറയുന്ന ശബ്ദസന്ദേശം മറുനാടന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാതിരിക്കാനാണ് പ്രസ്തുത സന്ദേശം വാർത്തയ്‌ക്കൊപ്പം നൽകാത്തത്)