- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാരുടെ വിവാഹ നിർബന്ധത്തിൽ ഒരുമിച്ച് ആത്മഹത്യ പ്ലാൻ ചെയ്ത് എത്തി; ചാടാൻ വിസമ്മതിച്ചപ്പോൾ പിടിച്ചു തള്ളിയെന്ന് പ്ലസ് ടുക്കാരിയുടെ മൊഴി; അതിന് ശേഷം ജീൻസിൽ കെട്ടി തൂങ്ങലും; പെൺകുട്ടിയുടെ അച്ഛൻ റിട്ട എസ് ഐ; കൊന്നു കളയുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് അലക്സിന്റെ സഹോദരി; നാടുകാണിയിലെ മരണത്തിൽ സർവ്വത്ര ദുരൂഹത
കുളമാവ്: നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പരിക്കേറ്റും യുവാവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയതിൽ അന്വേഷണം പുരോഗമിക്കുന്നു. വാക്കുതർക്കത്തിനിടെ യുവാവ് പിടിച്ചുതള്ളുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്. ഇതിനിടെ, അലക്സിനെ കൊന്നതാണെന്ന് ആരോപിച്ച് സഹോദരി ഡിവൈ.എസ്‌പിക്ക് പരാതി നൽകി. ഇതും സംഭവങ്ങളുടെ ദുരൂഹത കൂട്ടുന്നു.
കുളമാവ് നാടുകാണി പവിലിയന് താഴെ പാറക്കെട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പ്ലസ് ടു വിദ്യാർത്ഥിനിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തിൽ ഇനിയും കാര്യങ്ങൾ വ്യക്തമായിട്ടില്ല. ശനിയാഴ്ച വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വാക്തർക്കത്തിനിടെ യുവാവ് പിടിച്ചു തള്ളുകയായിരുന്നെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്കാണ് നാടുകാണി പവിലിയന് താഴെ പാറക്കെട്ടിലെ മരത്തിൽ മേലുകാവ് ഇല്ലിക്കൽ (മുരിക്കുങ്കൽ) അലക്സിനെ(23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാറക്കെട്ടിൽനിന്ന് വീണ് പരിക്കേറ്റ നിലയിൽ പെൺകുട്ടിയെയും കണ്ടെത്തി.
അ്‌ലക്‌സിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരി മേലുകാവ് മുരിക്കുങ്കൽ ലീജാമോൾ എം. ജോസഫാണ് തൊടുപുഴ ഡിവൈ.എസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവ് റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണെന്നും ഇയാൾ അലക്സിനെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അലക്സിന്റെ ശരീരത്ത് മുറിപ്പാടുകളുള്ളതായും സഹോദരി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പെൺകുട്ടിയെ വിളിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വശത്താക്കാൻ ശ്രമിച്ചതാണന്നും അതിന് വഴങ്ങാതിരുന്ന പെൺകുട്ടിയുടെ ഫോൺ പിടിച്ച് വാങ്ങി എറിഞ്ഞ് കളഞ്ഞെന്നും അതിന് ശേഷം കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതാണന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ഇരുവരെയും വ്യാഴാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് അലക്സും പെൺകുട്ടിയും നാടുകാണിയിൽ എത്തിയത്. വീട്ടുകാർ വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി ഇത് വിസമ്മതിച്ചതോടെ തർക്കമായി. ഇതിനിടെ, തള്ളി താഴെയിടുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്ന് പാറക്കെട്ടിന് താഴെ എത്തിയ അലക്സ് പെൺകുട്ടി അനക്കമറ്റ് കിടക്കുന്നതാണ് കണ്ടത്. മരിച്ചെന്ന് കരുതി സമീപത്തെ മരത്തിൽ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെൺകുട്ടി പിറ്റേ ദിവസം പൊലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു.
തർക്കത്തിനിടെ തന്നെ തള്ളി താഴെയിട്ടെന്ന് പെൺകുട്ടി അർധബോധാവസ്ഥയിൽ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് താഴെയിറങ്ങിവന്ന അലക്സ്, പെൺകുട്ടി മരിച്ചെന്നുകരുതി അടുത്തുള്ള മരത്തിൽ സ്വന്തം പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നും പൊലീസ് പറയുന്നു. ഇപ്പോൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്സ്, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതിയുടെ ബന്ധുക്കളും ആരോപിക്കുന്നു. അതുകൊണ്ട് തന്നെ അവശനിലയിൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ വിശദ മൊഴിയെടുത്തെങ്കിലേ സംഭവം സംബന്ധിച്ച പൂർണവിവരം ലഭിക്കൂവെന്ന് പൊലീസ് പറയുന്നു.
പോസ്റ്റ്‌മോർട്ടത്തിനുശേഷം അലക്‌സിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം മേലുകാവ് സി.എസ്‌ഐ ക്രൈസ്റ്റ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി.
മറുനാടന് മലയാളി ബ്യൂറോ