- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗാലാൻഡ് വെടിവെപ്പ്; സംഘർഷത്തിൽ രണ്ട് മരണം; സൈനിക ക്യാമ്പിന് നേരെ ആക്രമണം; മോൺ ജില്ലയിൽ നിരോധനാജ്ഞ; കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും; വെടിവെപ്പ് അന്വേഷിക്കാൻ അഞ്ചംഗ സംഘം; കൊഹിമയിൽ നാളെ ഉന്നതതല യോഗം
കൊഹിമ: സുരക്ഷാസേനയുടെ വെടിവയ്പ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് മരണം. ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. നാഗാലാൻഡിൽ സംഘർഷം രൂക്ഷമായി തുടരുന്നു
സംഘർഷം നേരിടാൻ മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. ഇവിടെ ഭരണകൂടം നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. സംഘർഷം മറ്റ് മേഖലകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഘർഷമുണ്ടാക്കിയാൽ കർശന നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കാൻ തീരുമാനമായിട്ടുണ്ട്. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
അക്രമാസക്തരായ ജനക്കൂട്ടം സൈന്യത്തിന്റെ ക്യാമ്പ് ആക്രമിച്ചിരുന്നു. പ്രകോപിതരായ ജനക്കൂട്ടം നാഗാലാൻഡിലെ മോൺ ജില്ലയിൽ അസം റൈഫിൾസ് ക്യാമ്പും കൊന്യാക് യൂണിയന്റെ ഓഫീസും അടിച്ചുതകർത്തു. ചില വാഹനങ്ങൾ ഇവർ തീയിടുകയും ചെയ്തു. സംഭവം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
പ്രദേശവാസികൾ നടത്തിയ കല്ലേറിൽ ഒരു കമാൻഡോ കൊല്ലപ്പെടുകയും ഏഴ് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പിൽ ഉൾപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് അധികൃതർ നിരോധനം ഏർപ്പെടുത്തി.
അതിനിടെ നാഗാലാൻഡ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ സംഘർഷം ഇപ്പോഴും രൂക്ഷമാണ്. സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്തുകൊഹിമയിലെ ഹോൺബിൽ ഫെസ്റ്റിവലടക്കം റദ്ദാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന പള്ളിയിലും സംഘർഷം ഉണ്ടായി. ഇതേത്തുടർന്നാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് നാളെത്തേക്ക് മാറ്റിവച്ചത്.
ഗ്രാമീണർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പാണ് നാട്ടുകാർ ആക്രമിച്ചത്. ക്യാമ്പിന് തീയിടാൻ ശ്രമം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാൻ ആകാശത്തേക്ക് വെടിവെച്ചു.
മ്യാന്മറുമായി അതിർത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തിൽ സുരക്ഷസേന നടത്തിയ ഓപറേഷനിലാണ് ഗ്രാമീണർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ജനക്കൂട്ടം അക്രമാസക്തരാകുകയായിരുന്നു. സംഭവത്തിൽ നിരവധി ഗ്രാമീണർക്കും സുരക്ഷാ സേനയിലെ ചിലർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
നിരോധിത സംഘടനയായ എൻഎസ്സിഎൻ (കെ) യുങ് ഓങ് വിഭാഗത്തിന്റെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് ഓപ്പറേഷൻ നടത്തുകയായിരുന്ന ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണർക്കുനേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തിലാണ് 12 നാട്ടുകാരും ഒരു ജവാനും കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. കടകൾ തീയിട്ട് നശിപ്പിച്ചു. സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി.
ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. പ്രാദേശിക ഗോത്ര വിഭാഗത്തിൽപ്പെട്ട സാധാരണക്കാർ കൊല്ലപ്പെട്ടതിൽ തനിക്ക് വേദനയുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. സൈന്യത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസും,.തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.
ഡൽഹിയിലായിരുന്ന നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ സംസ്ഥാനത്ത് തിരിച്ചെത്തിയെന്നും മന്ത്രിസഭാ യോഗം ചേരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാളെ നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേരും.
ന്യൂസ് ഡെസ്ക്