ഹൈദരാബാദ്: നാലു വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് 2021 ഒക്ടോബറിലാണ് സിനിമാതാരങ്ങളായ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വേരിപിരിയൽ പ്രഖ്യാപിച്ചത്. ഒന്നിച്ചുപോകാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ട് വഴികൾ തേടുന്നു എന്നായിരുന്നു വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും പറഞ്ഞത്.

തെന്നിന്ത്യയിലെ ഇഷ്ടജോഡികളുടെ വേർപിരിയൽ കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. വിവാഹമോചനത്തിനുള്ള കാരണം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇരുവരുടേയും വേർപിരിയലിന് കാരണമായി പലരും പല കഥകളും മെനഞ്ഞിരുന്നു. എന്നാൽ ഇതിനോടൊന്നും കാര്യമായി പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. തങ്ങൾക്കിടയിലുണ്ടായ പ്രശ്നങ്ങൾ മാധ്യമങ്ങൾക്ക് മുൻപിലേക്ക് വലിച്ചിഴക്കാൻ ഇവർ താത്പര്യപ്പെട്ടിരുന്നുമില്ല.

എന്നാൽ വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണ് എന്ന് പറയുകയാണ് നാഗചൈതന്യയുടെ അച്ഛനും നടനുമായ നാഗാർജുന. സാമന്തയും നാഗ ചൈതന്യയും തങ്ങളുടെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ തന്നെ അവരുടെ വിവാഹമോചനത്തിലേക്ക് നയിച്ചിരിക്കാവുന്ന കാര്യങ്ങളെക്കുറിച്ചാണ് നാഗാർജുന പറയുന്നത്.

സാമന്തയുടെ തീരുമാനത്തോടൊപ്പം നിൽക്കുകയാണ് നാഗചൈതന്യ ചെയ്തതെന്നും തന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ഓർത്തു വിഷമമുണ്ടായിരുന്നു എന്നും നാഗാർജുന പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

''നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാൽ അദ്ദേഹത്തിന് എന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വർഷം ഒരുമിച്ച് ജീവിച്ചവരാണവർ. നല്ല അടുപ്പമായിരുന്നു. 2021 ൽ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവർ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല''- നാഗാർജുന പറഞ്ഞു

''ഞാൻ വിഷമിക്കുമെന്ന് കരുതി അവൻ എന്നെ വളരെയധികം ആശ്വസിപ്പിച്ചു. ദാമ്പത്യ ജീവിതത്തിൽ നാല് വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു. അങ്ങനെ ഒരു പ്രശ്‌നവും അവർക്കിടയിൽ ഉണ്ടായിട്ടില്ല. രണ്ടുപേരും വളരെ അടുപ്പത്തിലായിരുന്നു, എങ്ങനെ ഈ തീരുമാനത്തിലേക്ക് വന്നുവെന്ന് എനിക്കറിയില്ല. 2021ലെ പുതുവർഷവും അവർ ഒരുമിച്ച് ആഘോഷിച്ചു, അതിന് ശേഷമാണ് പ്രശ്‌നങ്ങൾ ഉടലെടുത്തതെന്ന് തോന്നുന്നു,' നാഗാർജുന കൂട്ടിച്ചേർത്തു.

ബോൾഡായ വേഷങ്ങൾ ചെയ്യാനുള്ള സാമന്തയുടെ തീരുമാനത്തിൽ നാഗ ചൈതന്യയ്ക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു.വിവാഹശേഷം തന്റെ സിനിമകളിൽ ബോൾഡ് സീനുകളും ഐറ്റം നമ്പറുകളും ചെയ്യുന്നത് തുടരാനുള്ള സാമന്തയുടെ തീരുമാനത്തിൽ നാഗചൈതന്യയുടെ കുടുംബത്തിനും എതിർപ്പുണ്ടായിരുന്നതായിട്ടായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദീകരണമൊന്നും നാഗാർജുന അഭിമുഖത്തിൽ നൽകിയിട്ടില്ല.

2021 ഒക്ടോബർ 2നായിരുന്നു ഒരു സംയുക്ത പ്രസ്താവനയിലൂടെ സാമന്തയും നാഗചൈതന്യയും തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സാമന്തയെ കുറ്റക്കാരിയാക്കി ചിലർ രംഗത്തെത്തുകയും ഇതിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

2017ലായിരുന്നു സാമന്ത- നാഗചൈതന്യ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകൾക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നാഗ ചൈതന്യയും നേരത്തേ അഭ്യർത്ഥിച്ചിരുന്നു.

വിവാഹ മോചനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ട്രോളുകൾക്ക് ഇരയായിരുന്നു സാമന്ത. സാമന്തയുടെ വസ്ത്ര ധാരണമാണ് വിവാഹ മോചനത്തിന് കാരണമായത്, സാമന്തയ്ക്ക് മറ്റ് പ്രണയ ബന്ധങ്ങളുണ്ടായിരുന്നു, ഗർഭം ധരിക്കാൻ സാമന്ത തയ്യാറല്ലായിരുന്നു എന്നൊക്കെയായിരുന്നു ഗോസിപ്പുകൾ. ഇതിനെതിരെ പ്രതികരണവുമായി സാമന്ത രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം, വേർപിരിയൽ പോസ്റ്റ് കഴിഞ്ഞ ദിവസം സാമന്ത ഡിലീറ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. പിന്നാലെ നാഗചൈതന്യയുമായി ഒരു അനുരഞ്ജനം നടത്താനുള്ളതിന്റെ മുന്നൊരുക്കമാണോ താരമെന്ന രീതിയിൽ ആരാധകർക്കിടയിൽ ചർച്ച നടന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു വിധ സ്ഥിരീകരണവുമുണ്ടായിട്ടില്ല