ഹൈദരാബാദ്: ഏറെ നാളായി പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇപ്പോഴിതാ വിവാഹമോചന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരവും നാഗചൈതന്യയുടെ അച്ഛനുമായ നാഗാർജുന അക്കിനേനി. ഇരുവർക്കും സംഭവിച്ചത് ദൗർഭാഗ്യകരമായ കാര്യമാണെന്നും സാം എന്നും പ്രിയപ്പെട്ടവൾ തന്നെയായിരിക്കുമെന്നും നാഗാർജുന പറഞ്ഞു.

'ഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാൻ ഇത് പറയട്ടെ! സാമന്തയ്ക്കും നാഗചൈതന്യയ്ക്കും സംഭവിച്ചത് ദൗർഭാഗ്യകരമായ കാര്യമാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള കാര്യങ്ങൾ എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്. സാമും ചായും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. സാമന്തയ്‌ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഞങ്ങളുടെ കുടുംബത്തിന് എന്നും പ്രിയപ്പെട്ടതായിരിക്കും. അവൾ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവൾ ആയിരിക്കും. ദൈവം ഇരുവർക്കും ശക്തി നൽകട്ടെ.' നാഗാർജുന ട്വീറ്റ് ചെയ്തു.

നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് നാഗചൈതന്യയും സാമന്തയും വേർപിരിയുന്നത്. നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് സാമന്ത നീക്കം ചെയ്തതോടെയാണ് വിവാഹമോചനം സംബന്ധിച്ച ഗോസിപ്പുകൾ ശക്തമായത്. ജീവിത പങ്കാളികൾ എന്ന നിലയിൽ വേർപിരിയുകയാണെന്നും പത്ത് വർഷത്തിലധികമായി തുടരുന്ന സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ ഇരുവരും പറഞ്ഞു.