കാസർഗോഡ്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി കേസ് നടക്കവേ സ്നേഹം നടിച്ച് പാനീയം നൽകി വധിക്കാൻ ശ്രമിച്ചു. കേരളാ-കർണാടക അതിർത്തി ഗ്രാമമായ പൂത്തൂരിനടുത്ത കൗക്രാസിയിലാണ് സംഭവം.

മൂന്ന് വർഷം മുമ്പ് ബന്ധുവായ പെൺകുട്ടിയെ ബദിയടുക്ക വീട്ടിൽ നാഗേഷ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കേസ് നിലനിൽക്കവേയാണ് യുവതിയായ പരാതിക്കാരിയെ പാനീയം നൽകി വധിക്കാൻ ശ്രമിച്ചത്. ഇപ്പോൾ 20 വയസ്സുകാരിയായ യുവതിയെ 2014 ലാണ് നാഗേഷ് പീഡനത്തിന് ഇരയാക്കിയത്. പ്രായപൂർത്തിയാകും മുമ്പ് ഒരു കുഞ്ഞിന് ജന്മം നൽകിയതോടെയാണ് പീഡന വിവരം പുറത്തായത്. അതോടെ നാഗേഷിനെതിരെ അന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

കേസിൽ നിന്നും രക്ഷപ്പെടാൻ യുവതിയോട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നാഗേഷ് ഒപ്പം കൂടുകയായിരുന്നു. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ ബന്ധുക്കളുമായും യുവതിയുമായും സംസാരിച്ച് പ്രശ്ന പരിഹാരത്തിനുള്ള ധാരണയായി. അതോടെ നാഗേഷ് യുവതിയുടെ വിശ്വാസം ആർജ്ജിക്കുകയും ചെയ്തു. ഇതോടെ നാഗേഷുമായുള്ള വിവാഹം മോഹിച്ചു കഴിയുകയായിരുന്നു യുവതി. അതിനിടെ യുവതിയുമായി ബന്ധപ്പെട്ട മാനഭംഗകേസ,് പിൻവലിക്കണമെന്നും പിൻവലിച്ചാലുടൻ വിവാഹം കഴിക്കാമെന്നും പറഞ്ഞ് നാഗേഷ് അടുത്തു കൂടി. എന്നാൽ യുവതി വിവാഹശേഷം കേസ് പിൻവലിക്കാമെന്ന നിലപാടിൽ ഉറച്ചു നിന്നു. വീണ്ടും പൊലീസ് സാന്നിധ്യത്തിൽ പ്രശ്നം ചർച്ച ചെയ്യാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രത്തിൽ നാഗേഷ് ഉപ്പിനങ്ങാടിയിൽ വിളിച്ചു വരുത്തി.

പതിവിലേറെ സ്നേഹം പ്രകടിപ്പിച്ച് യുവതിയുമായി അടുത്തു കൂടിയ നാഗേഷ് കേസ് പിൻവലിക്കണമെന്ന ആവശ്യം ആവർത്തിച്ചു. എന്നാൽ യുവതി അതിന് വഴങ്ങിയില്ല. സംസാരമധ്യേ നാഗേഷിന്റെ കയ്യിലുണ്ടായിരുന്ന പാനീയം യുവതിക്ക് കുടിക്കാൻ നൽകുകയും ചെയ്തു. ശേഷം ഇരുവരും അവിടെ നിന്നും പിരിഞ്ഞു. എന്നാൽ തിരികേ ജോലിസ്ഥലത്തെത്തിയ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ പാനീയത്തിൽ എന്തോ കലർത്തിയെന്ന സംശയം ബലപ്പെട്ടു.

പുത്തൂർ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതോടെ മംഗളൂരു വെന്റ്ലോക്ക് ആശുപ്ത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞതോടെ യുവതി തീർത്തും അബോധാവസ്ഥയിലായിരിക്കയാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ നാഗേഷിനെതിരെ വധ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.