കണ്ണൂർ: കാഞ്ഞിരോട് നഹർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി അൻഷാദിനെ റാഗിങിന്റെ പേരിൽ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി മട്ടന്നൂർ നടുവ നാട് സ്വദേശി എൻ.കെ മുഹമ്മദ് അൻഷിഫ് അറസ്റ്റിലായി, ചക്കരക്കൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ ഏഴ് പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

കാഞ്ഞിരോട് നെഹർ കോളജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി തയിനേര ഡ്രീം പാലസിൽ പി.അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ആറുസീനിയർ വിദ്യാർത്ഥികളെ പൊലിസ് അറസ്റ്റു ചെയ്ത്. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാൻ എന്നിവരെയാണ് വീടുകളിൽ കയറി പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെയുടെയും വീടുകളിൽ റെയ്ഡു നടത്തിയത്. പ്രതികൾക്കെതിരേ റാഗിങ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ആന്റി റാഗിങ് നിയമം കൂടി ചേർത്തതോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ലെന്നു കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റാഗിങ് നടന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ പി.അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു മർദ്ദനം. മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം മർദ്ദനകേസായി രജിസ്റ്റർ ചെയ്ത ചക്കരക്കൽ പൊലീസ് പിന്നീടാണ് റാഗിങ് നടന്നതായി പരാതിയെ തുടർന്ന് കേസ് അന്വേഷണം ശക്തമാക്കിയത്. നേരത്തെ പിടികൂടിയ പ്രതികളെ തലശേരി കോടതിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.