തിരുവനന്തപുരം:  വിദ്യാസമ്പന്നരായ യുവതയ്ക്ക് തങ്ങളുടെ നൈപുണ്യം വികസിപ്പിക്കുന്നതിനുള്ള ആഗോള കേന്ദ്രമായി സംസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുയാണെന്നും  നൈപുണ്യം ഇന്റർനാഷണൽ സ്‌കിൽ സമ്മിറ്റ് ആൻഡ് സ്‌കിൽ ഫീയസ്റ്റ 2016 സംഘടിപ്പിച്ചതിലൂടെ രാജ്യത്തിന് തന്നെ പിന്തുടരാവുന്ന ഒരു മാതൃകയാണ് കേരളം സൃഷ്ടിച്ചിരിക്കുന്നതെന്നും സംസ്ഥാന തൊഴിൽ-നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പ് സംഘടിപ്പിച്ച നൈപുണ്യം ഇൻർനാഷണൽ സ്‌കിൽ സമ്മിറ്റ് ആൻഡ് സ്‌കിൽ ഫീയസ്റ്റ 2016 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ സഞ്ചാരപാത ഇപ്പോൾ തയ്യാറായിരിക്കുകയാണ്, പക്ഷെ ചില തടസ്സങ്ങൾ നമ്മൾക്ക് മുന്നിലുണ്ട്. തൊഴിലിന്റെ മഹത്വം നമ്മൾ മനസിലാക്കുന്നില്ല എന്നത് വളരെ ദുഃഖകരമായ ഒന്നാണ്. കുട്ടികളുടെ കഴിവ് എങ്ങനെ കണ്ടെത്താം എന്നതിൽ മാതാപിതാക്കൾക്ക് വ്യക്തമായ ധാരണയില്ല. ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോൾ പല ദുരഭിമാനങ്ങളും നമ്മളെ ബാധിക്കാറുണ്ട്. ജനങ്ങൾ പ്രായോഗികമല്ലാത്ത ഒരു ലോകത്ത് ജീവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിന് മാറ്റം ഉണ്ടാകേണ്ടതുണ്ട്. അപ്പോൾ മാത്രമേ നൈപുണ്യ വികസനം എന്നത് പൂർണമായ അർത്ഥത്തിലെത്തു. മന്ത്രി അഭിപ്രായപ്പെട്ടു.

തൊഴിൽ മേഖലയിൽ മതിയായ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾ ഇല്ലാത്തതാണ് നേരിടുന്ന മറ്റൊരു വിഷയം. വൈദഗ്ദ്ധ്യമുള്ള തൊഴിൽ സമൂഹത്തെ സൃഷ്ടിക്കുവാൻ വ്യവസായ മേഖല ഒന്നും തന്നെ ചെയ്യുന്നില്ല. മന്ത്രി ചൂണ്ടിക്കാട്ടി. തടസ്സങ്ങൾ മറികടക്കുന്നതിലൂടെ കേരളത്തിന് നൈപുണ്യ വികസനത്തിന്റെ ആഗോള കേന്ദ്രമായി മാറാൻ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിവാദങ്ങളുടെ നാട് എന്ന വിശേഷണം മാറ്റി പ്രതീക്ഷകളുടെ നാടായി കേരളം സ്വയം മാറേണ്ടിയിരിക്കുന്നു.മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ കെ ബിജു ഐഎഎസ് ചടങ്ങിൽ സ്വാഗതം  പറഞ്ഞു. കെഎഎസ്ഇ മാനേജിങ് ഡയറക്ടർ രാഹുൽ ആർ ഐആർഎസ്, സ്‌കൈനെറ്റ് അംഗവും എസ്എംഎസ്#ാ 80 ഫൗണ്ടേഷൻ പ്രസിഡന്റുമായ ഡോ. രമേഷ് ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡയറക്ടറേറ്റ് ഓഫ് ട്രെയിനിങ് അഡീഷണൽ ഡയറക്ടർ  ശ്രീകുമാർ ബി നന്ദി പ്രകാശിപ്പിച്ചു.

സ്‌കിൽ ഫീയസ്റ്റയിലെ മൊബൈൽ റോബോട്ടിക്‌സ് മത്സരത്തിലൂടെ ഏവരുടേയും മനംകവർന്ന +2 വിദ്യാർത്ഥി അലക്‌സ് ജോളിയെ സ്‌കിൽ ഐക്കൺ ഓഫ് ദി ഇയർ പുരസ്‌കാരം കരസ്ഥമാക്കി. ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും ചടങ്ങിൽ മന്ത്രി ഷിബു ബേബിജോൺ സമ്മാനിച്ചു.