- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിവുള്ള യുവാക്കൾക്ക് കേരളത്തിൽ ജോലി കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാർ അവസരമൊരുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദഗ്ദ്ധ്യമുള്ള യുവാക്കൾക്ക് നാട്ടിൽത്തന്നെ ജോലി കണ്ടെത്തുന്നതിന് സർക്കാർ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്തെ കുട്ടികളെല്ലാം കഴിവുള്ളവരാണ്. അവർക്ക് അവസരങ്ങൾ ലഭ്യമാക്കണം. അവസരങ്ങൾ കിട്ടിയാൽ ഇവർ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് വളരും. അദ്ദേഹം പറഞ്ഞു. സംസ്ഥാന തൊഴിൽ-നൈപുണ്യ വകുപ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദഗ്ദ്ധ്യമുള്ള യുവാക്കൾക്ക് നാട്ടിൽത്തന്നെ ജോലി കണ്ടെത്തുന്നതിന് സർക്കാർ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്തെ കുട്ടികളെല്ലാം കഴിവുള്ളവരാണ്. അവർക്ക് അവസരങ്ങൾ ലഭ്യമാക്കണം. അവസരങ്ങൾ കിട്ടിയാൽ ഇവർ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് വളരും. അദ്ദേഹം പറഞ്ഞു. സംസ്ഥാന തൊഴിൽ-നൈപുണ്യ വകുപ്പ് സംഘടിപ്പിക്കുന്ന നൈപുണ്യ അന്താരാഷ്ട്ര സ്‌കിൽ ഫീയസ്റ്റ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കിൽ ഫീയസ്റ്റയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് പുറമെ ബാക്കിയുള്ള 46 മത്സരാർത്ഥികൾക്കും 10,000 രൂപ വീതം സമ്മാനം നൽകുമെന്നും ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
തൊഴിൽ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന നൈപുണ്യ സ്‌കിൽ ഡവലപ്‌മെന്റ് ആൻഡ് സ്‌കിൽ ഫീയസ്റ്റ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽത്തന്നെ ആദ്യത്തെ സംരംഭമാണെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ഈ പുതിയ സംരംഭം കേരളത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. അവസരങ്ങൾ കിട്ടാത്തതാണ് കേരളത്തിലെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കഴിവുള്ളവർക്ക് അത് വളർത്തിയെടുക്കുവാനുള്ള സാഹചര്യം സർക്കാർ ഒരുക്കിക്കൊടുക്കും. ഇത്തരക്കാർക്ക് വേണ്ട എല്ലാ സഹായവും ചെയ്യും. യുവാക്കൾ വിസയെടുക്കാതെ കേരളത്തിൽ തന്നെ തൊഴിലെടുത്ത് വിജയിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഐടിഐകൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 2012 സെപ്റ്റംബർ 12 ന് കൊച്ചിയിൽ നടന്ന എമർജിങ് കേരളയിൽ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങിന്റെ സാന്നിധ്യത്തിലാണ് സ്റ്റുഡന്റ്‌സ് എന്റർപ്രണർഷിപ്പ് പ്രഖ്യാപിച്ചത്. അതിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് യുവാക്കളിൽ നിന്ന് ലഭിച്ചത്. സ്റ്റാർട്ട് അപ് വില്ലേജുകൾ, പോളിസികൾ എന്നിവ സംസഥാന സർക്കാർ തുടങ്ങി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കേന്ദ്രസർക്കാർ തുടങ്ങിയത്. സ്റ്റാർട്ട് അപ് വില്ലേജുകൾ സന്ദർശിച്ചപ്പോൾ വളരെ വലിയ സന്തോഷമാണ് തോന്നിയത്. യുവാക്കളുടെ ഭാവന അവരുടെ നേട്ടങ്ങൾ എന്നിവ അത്ഭുതപ്പെടുത്തുന്നതായിരുന്നു, മുഖ്യമന്ത്രി പറഞ്ഞു.
സ്‌കിൽ ഫിയസ്റ്റയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സമ്മാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്. നേരത്തെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമാണ് സമ്മാനങ്ങൾ നിശ്ചയിച്ചിരുന്നത്. വേദിയിൽ വച്ച് ഇതറിഞ്ഞ താൻ മന്ത്രി ഷിബു ബേബിജോണുമായി സംസാരിച്ചെന്നും തുടർന്ന് ബാക്കിയുള്ളവർക്കും ഒരു ടോക്കൺ ഗിഫ്റ്റ് എന്ന നിലയിൽ പതിനായിരം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിൽ വകുപ്പ് മന്ത്രി ഷിബു ബേബിജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേദിയിൽ ഘടിപ്പിച്ച മണി മുഴക്കിയാണ് മുഖ്യമന്ത്രി സ്‌കിൽ ഫീയസ്റ്റയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചത്. ഫീയസ്റ്റയിൽ പങ്കെടുക്കുന്ന 12 ടീമുകളുടേയും പരേഡ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ സ്‌കിൽ എക്‌സിബിഷന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടി മഞ്ജു വാര്യർ നിർവ്വഹിച്ചു.
കേരളത്തിൽ ഇന്ന് വൈറ്റ് കോളർ ജോലികളോടുള്ള താത്പര്യമാണ് നിലനിൽക്കുന്നതെന്നും അതിന് മാറ്റം വരുത്തണമെന്നും ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ തൊഴിൽ-നൈപുണ്യ വകുപ്പ് മന്ത്രി ഷിബു ബേബിജോൺ അഭിപ്രായപ്പെട്ടു. സ്‌കിൽ ക്യാപ്റ്റൽ ഓഫ് ഇന്ത്യ എന്ന പേരിലാണ് കേരളം അറിയപ്പെടുന്നത്. കേരള ജനത തൊഴിലിനോട് വച്ചുപുലർത്തുന്ന ദുരഭിമാനം കളയണമെന്നും മന്ത്രി പറഞ്ഞു. സ്‌കിൽ ഫീയസ്റ്റയിൽ വിജയികളാകുന്നവർക്ക് സമ്മാനങ്ങൾക്ക് പുറമെ പ്രമുഖ കമ്പനികളുടെ ജോലി വാഗ്ദാനവും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഓട്ടോമൊബൈൽ വിഭാഗത്തിലെ വിജയികൾക്ക് ടൊയോട്ടയും ഫിറ്റർ വിഭാഗത്തിലെ വിജയികൾക്ക് കാർബറണ്ടെ യൂണിവേഴ്‌സലും ബേക്കറി ആൻഡ് കൺഫെക്ഷനറി, കാറ്ററിങ് ആൻഡ് റെസ്റ്റോറന്റ് സർവ്വീസ് വിഭാഗത്തിൽ താജ് വിവാന്റയുമാണ് ജോലി വാഗ്ദാനവുമായി വന്നിരിക്കുന്നത്. മറ്റു ട്രേഡുകളിലെ വിജയികൾക്കും മറ്റു പല കമ്പനികളും ജോലി വാഗ്ദാനം നൽകിയിട്ടുണ്ട്.
കേരളത്തിൽ നടക്കുന്ന ഈ വ്യത്യസ്തമാർന്ന സംരംഭം ഇന്ത്യയിൽത്തന്നെ ആദ്യത്തേതാണന്നും അതിനാൽ ഇതി കേരളത്തിന് അഭിമാന ദിനമാണെന്നും സ്വാഗത പ്രസംഗം നടത്തിയ തൊഴിൽ-നൈപുണ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ യുവാക്കൾക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസരമാണ് സ്‌കിൽ ഫീയസ്റ്റയെന്നും ഇന്നത്തെ യുവാക്കളാണ് നാളത്തെ ഇന്ത്യയെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മതിയായ നൈപുണ്യം ഇല്ലാത്തത് ഒരു ബാധ്യതയാവുകയാണ്. അത് മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്രസീലിൽ നടന്ന വേൾഡ് ഫീയസ്റ്റ കോംപറ്റീഷനിൽ മന്ത്രി ഷിബു ബേബിജോണിന്റെ നേതൃത്വത്തിലുള്ള കേരളസംഘം പങ്കെടുത്തിരുന്നെന്നും ഇതാണ് ഇത്തരമൊരു പരിപാടിക്ക് പ്രചോദനമായതെന്നും ടോം ജോസ് ചൂണ്ടിക്കാട്ടി.
ജോലിയുടെ വലിപ്പത്തിന്റെ പേരിലുള്ള വേർതിരിവ് നമ്മുടെ രാജ്യത്ത് മാത്രമാണ് നിലനിൽക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്രതാരം മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. സ്‌കിൽ ഫീയസ്റ്റയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന സ്‌കിൽ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മഞ്ജു. വിദേശങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ കഴിവിനാണ് വില. അല്ലാതെ എന്ത് ജോലി ചെയ്യുന്നു എന്നതിനല്ല. നമ്മൾ ഓരോരുത്തർക്കും ഓരോ കഴിവുകൾ നൽകിയിട്ടുൺ്. എന്നാൽ ഉള്ളിലുള്ള ആ കഴിവുകൾ വേൺവിധം തിരിച്ചറിയപ്പെടുന്നില്ല. കേരളത്തിലെ യുവജനതയ്ക്ക് വൈറ്റ് കോളർ ജോബ് എന്ന സങ്കൽപ്പത്തോട് വിധേയത്വമാണെന്നും മഞ്ജു പറഞ്ഞു.
തൊഴിൽ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന നൈപുണ്യ സ്‌കിൽ ഫീയസ്റ്റ ഇന്ത്യയിൽത്തന്നെ ആദ്യ സംരംഭമാണെന്നും ഇതിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നതായും മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ അഭിപ്രായപ്പെട്ടു. കഴിവില്ലായ്മയാണ് സംസ്ഥാനത്തെ വിവധ മേഖലകൾ നേരിടുന്ന ഏറ്റവും വലിയ വിഷയമെന്ന് ചില അനുഭവങ്ങൾ വിശദീകരിച്ച് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ കെ. ബിജു ഐഎഎസ്, കേരളാ അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെഎഎസ്ഇ) മാനേജിങ് ഡയറക്ടർ രാഹുൽ ആർ. ഐആർഎസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഇന്ന് സംസ്ഥാന ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യുന്ന നൈപുണ്യം അന്താരാഷ്ട്ര സ്‌കിൽ സമ്മിറ്റ് നാളെ അവസാനിക്കും. അവിദഗ്ദ്ധ തൊഴിൽ സമൂഹത്തെ ബാധ്യതയിൽ നിന്നും ഒരു സ്വത്താക്കി മാറ്റിയെടുക്കുവാനുള്ള ശ്രമമാണ് നൈപുണ്യം ഇന്റർനാഷണൽ സ്‌കിൽ സമ്മിറ്റ് & സ്‌കിൽ ഫീയസ്റ്റ 2016. കേരള സർക്കാരിന്റെ ഒരു ഉദ്യമം ആണെങ്കിൽക്കൂടി ഇതിന് ദേശീയമായ പ്രാധാന്യവും പ്രഭാവവും ഉണ്ടായിരിക്കും.