ന്യൂഡൽഹി: എൻഎസ്എസിനെ മരുക്കാൻ തന്ത്രങ്ങളുമായി ബിജെപിയുടെ ദേശീയ നേതൃത്വം രംഗത്തുവരുന്നു. മോഹൻലാലും സുരേഷ് ഗോപിയും പ്രിയദർശനും മേജർ രവിയും അടക്കമുള്ളവരെ മുൻനിർത്തിയാണ് തന്ത്രമൊരുക്കൽ. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഗ്ലോബൽ എൻഎസ്എസ് സമ്മേളനം. പേരിൽ എൻഎസ്എസ് എന്നുണ്ടെങ്കിലും ചങ്ങനാശ്ശേരിയിലെ ജി സുകുമാരൻ നായരുടെ നേതൃത്വത്തെ അംഗീകരിക്കാത്തവരുടെ കൂട്ടായ്മയായിരുന്നു അത്. ഫലത്തിൽ എൻഎസ്എസിന് ബദൽ സാധ്യതയാണ് ഡൽഹിയിൽ തേടിയതും. ബിജെപിയുമായി അടുത്തു നിൽക്കുന്ന സുരേഷ് ഗോപിയായിരുന്നു മുഖ്യതാരം. മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ഉദ്ഘാടകനുമായി.,

നായന്മാർ സംവരണമാവശ്യപ്പെടുന്നതിനു പകരം സ്വയംശാക്തീകരിക്കുകയാണു വേണ്ടതെന്ന് നടൻ സുരേഷ് ഗോപി പറഞ്ഞത് ചില സൂചനകളാണ നൽകുന്നത്.. ഇതിന് 'നായർ ബാങ്ക്' എന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. ഗ്ലോബൽ എൻ.എസ്.എസ്. സമ്മേളനത്തിൽ സുരേഷ് ഗോപി മുന്നോട്ട് വച്ചത്. മോഹൻലാലും പ്രിയദർശനും പിന്തുണയ്ക്കുമെന്നും പറഞ്ഞു. വ്യക്തമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രസംഗമെന്നാണ് സൂചന. മന്നത്തു പത്മനാഭൻ വിഭാവനംചെയ്ത 'എല്ലാവർക്കും തുല്യത' എന്ന തത്ത്വം നിറവേറണമെങ്കിൽ നായന്മാർ സ്വന്തമായ സംവരണതത്ത്വം ആവിഷ്‌കരിക്കണമെന്ന് സുരേഷ് ഗോപി പറയുന്നു.

ഇതിനുള്ള ഒരു വഴിയാണ് നൂറോ ഇരുനൂറോ കോടി ആസ്തിയുള്ള നായർ ബാങ്ക്. ജോലിചെയ്തു കിട്ടുന്നതിലെ ഒരംശം നായർ ബാങ്കിനു വിഹിതമായി നൽകും. ഞാൻ ഒരുകോടി കൊടുത്താൽ രണ്ടുകോടി നൽകാമെന്നാണ് മോഹൻലാലിന്റെ വാഗ്ദാനം. പ്രിയദർശനടക്കമുള്ളവർ സഹകരിക്കാമെന്നേറ്റു. ലോകമെമ്പാടുമുള്ള നായന്മാരുടെ സാമ്പത്തികസംഗമം ഇതിന്റെ ഭാഗമായി സംഘടിപ്പിക്കണം. ആരും ചങ്ങനാശ്ശേരിയെ ചോദ്യംചെയ്യേണ്ട. അവർക്കു കഴിയാതെപോവുന്നത് എന്തെങ്കിലുമുണ്ടെങ്കിൽ അവിടേക്കു പാഞ്ഞെത്താൻ ഗ്ലോബൽ എൻ.എസ്.എസ്സുകാർക്കു കഴിയണം. സംവരണം സാമ്പത്തികാടിസ്ഥാനത്തിൽ വേണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. നായന്മാരുടേതു മാത്രമായ സംവരണമുണ്ടാക്കിയെടുക്കണം. ഇതിന് സ്വയംശാക്തീകരിക്കണം. നായന്മാർക്ക് സംവരണം വേണ്ട, സമ്പ്രദായം മതി എന്ന നിലപാടെടുക്കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ഫലത്തിൽ ചങ്ങനാശ്ശേരിയെ കുറ്റപ്പെടുത്താതെ എല്ലം പറയുകയായിരുന്നു സുരേഷ് ഗോപി. നായന്മാർക്ക് പെരുന്നയിൽ നിന്ന് ഒരു സാഹായവും കിട്ടുന്നില്ലെന്ന പരാതി സജീവമാണ്. ഈ സാഹചര്യത്തിലാണ് സിനിമാ താരങ്ങളുടെ സഹയാത്രികരുടെ സഹായത്താൽ ബാങ്കെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. മന്നം ജയന്തി ദിനത്തിൽ മുഖ്യാതിഥിയായി എത്തിയ മോഹൻലാലും തനിക്കൊപ്പമുണ്ടെന്ന് സുരേഷ് ഗോപി പറയുന്നതും ശ്രദ്ധേയമാണ്. പെരുന്നയിൽ നിന്ന് ഇറക്കി വിട്ട സുരേഷ് ഗോപിയിലൂടെ എൻഎസ്എസിന്റെ സംഘടനാ സംവിധാനത്തെ വെല്ലുവിളിക്കാനുള്ള പരോക്ഷ വഴി തേടുന്ന ബിജെപിക്ക് പുതിയ ആയുധമാകും ബാങ്ക്. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ഇത് സാധിച്ചെടുക്കാനാകുമെന്നാണ് സുരേഷ് ഗോപിയുടേയും പ്രതീക്ഷ. എസ്എൻഡിപിയിൽ വെള്ളാപ്പള്ളി നടേശൻ ആധിപത്യം നേടിയത് മൈക്രോ ഫിനാൻസ് സംഘത്തിലൂടെയായിരുന്നു. അതിന്റെ പുതു മാതൃകയാകും നായർ ബാങ്കും.

ഡൽഹിയിൽ നടന്ന ഗ്ലോബൽ എൻഎസ്എസ് സമ്മേളനത്തിൽ കോൺഗ്രസിൽ നിന്ന് അതിഥിയായെത്തിയത് ശശി തരൂരായിരുന്നു. ജാതിക്കും മതത്തിനുമൊക്കെ അതീതമായി വാതിൽ തുറന്നിട്ട സംഘടനയാണ് എൻ.എസ്.എസ്സെന്ന് ശശി തരൂർ എംപി. പറഞ്ഞു. ചിലർ ഗുരുവിനെ ഒരു ജാതിയിലേക്കുമാത്രം ചുരുക്കുന്ന ഇക്കാലത്ത് ജാതിക്കും മതത്തിനുമൊക്കെ അതീതമായ പ്രവർത്തനമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ, രാഷ്ട്രപതിയുടെ മാദ്ധ്യമസെക്രട്ടറി വേണു രാജാമണി, സംവിധായകൻ മേജർ രവി, ഗ്ലോബൽ എൻ.എസ്.എസ്. പ്രസിഡന്റ് വിശ്വനാഥൻ വെണ്ണിയിൽ, സെക്രട്ടറി ജനറൽ എം.കെ.ജി.പിള്ള തുടങ്ങിയവരും സംസാരിച്ചു.