കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ശിശുദിനാശംസകൾ നേർന്ന് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ് വിവാ​ദമായതോടെ പിൻവലിച്ചു. ബിനീഷ് കോടിയേരിയുടെ ചിത്രത്തോടൊപ്പമാണ് നജീബ് കാന്തപുരം ഫേസ്‌ബുക്കിൽ ശിശുദിനാശംസ നേർന്നത്. പൊളിറ്റിക്കൽ ട്രോൾ എന്ന നിലയിലാണ് ശിശുദിനാശംസകൾ എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവെച്ചതെന്ന് നജീബ് കാന്തപുരം പറഞ്ഞു.

നമ്മുടെ രാജ്യത്തിന് എന്നും അഭിമാനം കൊള്ളാൻ കഴിയുന്ന മഹാനായ ചാച്ചാജിയുടെ ഓർമകളെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കളുടെ മക്കൾ എത്തിപ്പെട്ട അപചയത്തെ തുറന്നു കാണിക്കുക എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാൽ ആക്ഷേപ ഹാസ്യത്തിന് വേണ്ടിയാണെങ്കിൽ പോലും ചില ചേർത്തുവെക്കലുകൾ മഹാന്മാരുടെ ഓർമകൾക്ക് കളങ്കമാകുമെന്ന് ചൂണ്ടികാണിക്കപ്പെട്ടത് അംഗീകരിക്കുന്നു. നെഹ്‌റുജിയുടെ ജന്മദിനത്തിൽ ഇത്തരമൊരു ട്രൊൾ തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായത്തെ മാനിക്കുന്നു. നല്ല ഉപദേശങ്ങൾ സ്വീകരിക്കാനും തിരുത്താനും സന്തോഷമേയുള്ളൂ. സ്‌നേഹത്തോടെ തിരുത്തിയ എല്ലാവർക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നെന്നും നജീബ് കാന്തപുരം ഫേസ്‌ബുക്കിൽ എഴുതി.