ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്‌സിൽ രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെയും മക്കളുടെയും മരണം തത്സമയം കണ്ടിരിക്കാമെന്ന സംശയം ശക്തം. ഭാര്യ അറിയാതെ പൊലീസ് ക്വാർട്ടേഴ്‌സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ റെനീസിന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇതിലൂടെ ദൃശ്യങ്ങൾ തൽസമയം കാണാനുള്ള സാധ്യത ഏറെയാണ്. ഇത് മനസ്സിലാക്കാൻ ഫോൺ വിശദമായി പരിശോധിക്കും.

മെയ്‌ 10ന് സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ സക്കരിയ വാർഡ് നവാസ് മൻസിലിൽ റെനീസിന്റെ ഭാര്യ നജ്ല (27), മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല (ഒന്നര) എന്നിവർ മരിച്ച കേസിലാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടുന്നത്. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നജ്മയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റെനീസ് സിസിടിവി ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്. ക്വാർട്ടേഴ്സിന്റെ ഹാളിൽ സ്ഥാപിച്ച ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ റെനീസിന്റെ മൊബൈൽഫോണിൽ ലഭിക്കത്തക്ക വിധത്തിലായിരുന്നു സജ്ജീകരണം. ഇതിനിടെ റെനീസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി.

നജ്ലയെ മാനസികമായും ശാരീരികമായും റെനീസ് പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പിന്നീട് റിമാൻഡിലായ റെനീസിനെ സർവീസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി റെനീസിന്റെ സ്ത്രീ സുഹൃത്ത് ആലപ്പുഴ ലജ്‌നത്ത് വാർഡ് ഷാമിറ മൻസിലിൽ ഷഹാനയെ (24) യും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

റെനീസ് തന്നെ വിവാഹം കഴിക്കാൻ പോകുകയാണെന്നും നജ്ലയും കുട്ടികളും ഒഴിഞ്ഞു പോകണമെന്നും പറഞ്ഞ് ഷഹാന നജ്ലയെ ഭീഷണിപ്പെടുത്തിയിരുന്നു. നജ്ലയും കുട്ടികളും മരിച്ച ദിവസം രാവിലെയും ഷഹാന ക്വാർട്ടേഴ്‌സിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഷഹാന ക്വാർട്ടേഴ്‌സിലെത്തി വഴക്കുണ്ടാക്കിയതിനു പിന്നാലെയാണ് നജ്ല മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. റെനീസിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയാണ് അന്വേഷണം നജ്‌ലയുടെ അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. റിമാൻഡിലായിരിക്കെ പലിശയ്ക്ക് നൽകിയ പണം തിരിച്ചു നൽകാത്തതിനു പൊലീസുകാരുടെ ഫോണിൽകൂടി ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.

നജ്ലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇതിന്റെ രേഖകൾ കണ്ടെത്തിയത്. റെനീസിന്റെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണു മാതാവിന്റെ ആവശ്യം. പൊലീസുകാരിൽ നിന്നടക്കം കുറഞ്ഞ നിരക്കിൽ പണം വാങ്ങി കൂടിയ പലിശയ്ക്ക് നൽകിയിരുന്നതായും സൂചനയുണ്ട്. കേസിൽ അറസ്റ്റിലായി റെനീസ് റിമാൻഡിൽ കഴിയുമ്പോൾ ചില പൊലീസുകാരുടെ ഫോണിൽ നിന്ന് വിളിച്ച് പണം നൽകാനുള്ളവരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

പൊലീസുകാരുടെ സഹായത്തോടെ പലരെയും വിളിക്കുന്നതായും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റെനീസിനെ സേനയിൽനിന്ന് പിരിച്ചുവിടണമെന്നും പരാതിയിൽ പറയുന്നു. കേസിൽ വൈകാതെ കുറ്റപത്രം നൽകും.