ഗ്‌നതയാണെന്റെ പ്രാചീന വസ്ത്രം
നഗ്‌നമാണെൻ നൂറ്റാണ്ടിൻ ചരിത്രം
വസ്ത്രമുരിയുമ്പോൾ മറവുകൾ നീങ്ങുന്നു.
അകലങ്ങൾ തീർക്കുന്ന ദേവാലയ തിരശീല കീറുന്നു.

എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന വെളിച്ചം വരുന്നു.
ശിശുവായ് പുനർജന്മത്തിൽ മറുകര പൂകുന്നു.
ശ്രീകോവിലിലെ ആരാധകനും പൂജാരിയുമാകുന്നു.
'നൂൽബന്ധങ്ങൾ' ഇല്ലാത്ത ലയനത്തിലാകുന്നു.

അഹം മരിക്കുന്നു.
ലജ്ജ മരിക്കുന്നു.
ഞാൻ 'ഞാന'ല്ലാതാകുന്നു.
വസ്ത്രം കാപട്യമാണ്.
ലജ്ജ അടിമത്വമാണ്.

ഞാൻ പൂർണ്ണ വസ്ത്രധാരിയാണ്,
ലജ്ജിതനാണ്,
അടിമയാണ്.
എനിക്ക് 'എന്നെ' ഭയമാണ്.

കൊണ്ടുവരൂ ഇനിയും ഉടയാടകൾ
പൊതിയൂ എന്നെ ആപാദചൂഡം.
ആകാശത്തിനും ഭൂമിക്കും മദ്ധ്യേ നഗ്‌നനായ് തൂങ്ങുന്ന നിൻ മുന്നിൽ
കാപട്യത്തിന്റെ അടിവസ്ത്രങ്ങൾ, മേൽവസ്ത്രങ്ങൾ, കൊത്തീനകൾ, കാപ്പകൾ...

എൻ ചുമലിൽ ഞാനൊരു ഭാരമായി തൂങ്ങുന്നു.
ഭയം എന്നിൽ നിന്ന് വിയർത്തൊഴുകുന്നു.
'നഗ്‌നനായ് വന്നു ഞാൻ; നഗ്‌നനായ് മടങ്ങട്ടെ'-
എന്നുചൊല്ലിയ വ്യാകുലതകളുടെ വലിയ മനുഷ്യാ...
നീയായിരുന്നു 'ആദ്യക്രിസ്തു'.
പട്ടിലും പൊന്നിലും പൊതിഞ്ഞ
ഈ ഞാനാണ് 'അന്ത്യക്രിസ്തു'.