തിരുവനന്തപുരം: എസ്എം വിജയാനന്ദനെ ഇറിക്ക് നളിനി നെറ്റോയുടെ ചീഫ് സെക്രട്ടറി പദത്തിലേക്കുള്ള യാത്ര വൈകിപ്പിച്ചത് ചില ഉദ്യോഗസ്ഥരാണെന്നാണ് ആക്ഷേപം. എന്നാൽ ഈ കൂട്ടുകെട്ട് ഇപ്പോൾ ഭയചികിതരാണ്. കഴിഞ്ഞ ആഴ്ച ഇറങ്ങിയ സ്ഥലമാറ്റ-അഴിച്ചുപണിയിലെല്ലാം പ്രതിഫലിച്ചത് നളിനി നെറ്റോയുടെ തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ തീരുമാനങ്ങളിലും നളിനി നെറ്റോയുടെ ഭരണപരമായ പരിചയത്തിന് മുൻതൂക്കം നൽകുന്നുണ്ട്. ഭരണത്തിന്റെ തുടക്കത്തിൽ ചെറുവീഴ്ച പോലും മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ടാകാതിരിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. ഡിജിപി സ്ഥാനത്ത് നിന്ന് ടിപി സെൻകുമാറിനെ മാറ്റാൻ ബുദ്ധിപൂർവ്വമായി അച്ചടക്ക നടപടിയുടെ പരാമർശം കൊണ്ടു വന്നത് ഇതിന് തെളിവായിരുന്നു. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിലും നളിനി നെറ്റോയുടെ കൈയൊപ്പം വ്യക്തമാണ്.

സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോഴും നളിനി നെറ്റോയെ വേദിയിലിരുത്തി. സാധാരണ ചീഫ് സെക്രട്ടറിയും മന്ത്രിമാരുമാകും ഇത്തരം പരിപാടികളിൽ മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉയർത്തിക്കാട്ടുക. എന്നാൽ മന്ത്രിമാരെ ഒഴിവാക്കിയ എത്തിയ പിണറായി നളിനി നെറ്റോയ്ക്ക വേദിയിൽ അർഹമായ സ്ഥാനം ഉറപ്പുവരുത്തി. ഇതിലൂടെ എത്രമാത്രം കടുകട്ടിയോടെയാകും കാര്യങ്ങൾ നീക്കുകയെന്ന സന്ദേശം നൽകുകയായിരുന്നുവെന്ന് ഇടത് സംഘടനാ നേതാക്കൾ പോലും സമ്മതിക്കുന്നു. വാർത്തയ്ക്ക് പുറകേ പോയി വാർത്ത താരമാവുകയെന്നതിൽ അപ്പുറം പ്രവർത്തനങ്ങളിലൂടെ ജനകീയനാവുകയാണ് ലക്ഷ്യം. അതുകൊണ്ട് കൂടിയാണ് നളിനി നെറ്റോയെ പോലൊരു ഉദ്യോഗസ്ഥയ്ക്ക് മുഖ്യമന്ത്രി കൂടുതൽ പ്രാധാന്യം നൽകുന്നത്.

ദിവസം 14 മണിക്കൂർവരെ ജോലിചെയ്യുന്ന നളിനി നെറ്റോ സർക്കാരിന്റെ പുതിയ പൊലീസ് നയം തയാറാക്കുന്ന തിരക്കിലാണ്. 14നു മുഖ്യമന്ത്രി പിണറായി പൊലീസ് ആസ്ഥാനത്തെത്തുമ്പോൾ പ്രഖ്യാപിക്കത്തക്കവിധമാണു നയരൂപീകരണം. രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കുന്നതും പാതിരാത്രിപോലും സ്ത്രീകൾക്കു സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതുമായ പൊലീസ് നയമാണു നളിനിയുടെ നേതൃത്വത്തിൽ തയാറാകുന്നത്. എക്‌സൈസ് കമ്മിഷണറായി ആരെ നിയമിക്കണമെന്ന പിണറായിയുടെ ചോദ്യത്തിനു ഋഷിരാജ്‌സിങ്ങിന്റെ പേരു നിർദ്ദേശിച്ചതും നളിനിയായിരുന്നു. ഐഎഎസുകാരുടെ തസ്തികയിൽ ഐപിഎസുകാരെ നിയമിച്ച നയമാറ്റത്തിന് വ്യാപക കൈയടി കിട്ടി. യൂണിഫോം സർവ്വീസായ എക്‌സൈസിനെ നയിക്കേണ്ടത് ഐപിഎസുകാർ ആകുന്നതാണ് നല്ലതെന്ന തീരുമാനത്തിന് പിണറായിക്കും അഭിനന്ദനം എത്തി.

സ്‌കൂളുകളും കലാലയങ്ങളും ലഹരിവിമുക്തമാക്കുന്നതിനൊപ്പം ബാർ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജമദ്യമയക്കുമരുന്ന് വ്യാപനം തടയുകയെന്ന ലക്ഷ്യവും ഈ നീക്കത്തിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഐ.എ.എസുകാരുടെ കുത്തകയായ എക്‌സൈസ് കമ്മിഷണർ തസ്തികയിൽ ഐ.പി.എസ്. പുലിയായ ഋഷിരാജിനെ നിയോഗിച്ചത്. പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനവും നളിനി നെറ്റോയുടേത് തന്നെ. ഐഎഎസുകാരുടെ അഴിച്ചു പണിയിലും നളിനി നെറ്റോയുടെ കൈയൊപ്പുണ്ട്. അഴിമതിക്കാരല്ലാത്തവരെ നിർണ്ണായക പദവികളിൽ സർക്കാർ നിയമിച്ചു. ഇതും ഭരണ നിർവ്വഹണത്തിന്റെ കാര്യക്ഷമത കൂട്ടുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. ശുപാർശക്കാരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അകറ്റി നിർത്താനും കഴിയുമെന്ന് വിലയിരുത്തി.

അമ്പത്തൊമ്പതുകാരിയായ നളിനി നെറ്റോ എന്ന ഉരുക്കുവനിതയെ മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി തസ്തികയിൽ നിയമിച്ചതിലൂടെ പിണറായി ലക്ഷ്യമിട്ടത് അഴിമതിരഹിത ബ്യൂറോക്രസികൂടിയാണ്. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനു മുമ്പുതന്നെ തന്റെ ഓഫീസിലെ നിർണായകപദവി വഹിക്കേണ്ടതു നളിനി നെറ്റോയാകണമെന്നു പിണറായി നിശ്ചയിച്ചുറപ്പിച്ചിരുന്നു. നളിനി നെറ്റോയുടെ അതേ ബാച്ചുകാരനാണ് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും. ഇരുവരും 1981 ബാച്ചിൽപെട്ടവരാണ്. ഈ സൗഹൃദവും ഭരണം കാര്യക്ഷമമാക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

യു.ഡി.എഫ്. സർക്കാരിന്റെ തുടക്കത്തിൽ തീർത്തും അപ്രധാനതസ്തികയിലായിരുന്നു നളിനി നെറ്റോ. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ വിരമിക്കുന്നതിനു മുമ്പു തന്നെ നളിനിയെ ഒതുക്കാൻ മുൻസർക്കാരിലെ ഉന്നതർ കള്ളക്കളി നടത്തിയിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജിജിക്കു കാലാവധി നീട്ടിക്കൊടുക്കാനുള്ള ആ നീക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടതോടെ പൊളിഞ്ഞു. തുടർന്ന് രണ്ടുമാസത്തേക്കു പി.കെ. മൊഹന്തി ചീഫ് സെക്രട്ടറിയായി. മൊഹന്തി വിരമിക്കുമ്പോൾ നളിനിക്കായിരുന്നു ചീഫ് സെക്രട്ടറി പദവി ലഭിക്കേണ്ടിയിരുന്നത്. എന്നാൽ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന വിജയാന്ദനെ എത്തിച്ച് നീക്കം ചിലർ പൊളിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പർ അധികാര കേന്ദ്രമായതോടെ ഇത് പൊളിയുകയായിരുന്നു.

സാധാരണ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാകുന്ന ഐഎഎസുകാർ മറ്റ് വകുപ്പുകളൊന്നും ഭരിക്കാറില്ല. എന്നാൽ ഇവിടെ അതും മാറി. വിജയാനന്ദൻ വിമരിച്ച ശേഷം നളിനി നെറ്റോ ചീഫ് സെക്രട്ടറിയായാലും അഞ്ച് മാസമേ അവർക്ക് സർവ്വീസ് കാലാവധിയുള്ളൂ. അതുകൊണ്ട് തന്നെ കാബിനെറ്റിൽ നളിനി നെറ്റോയുടെ സാന്നിധ്യം കുറയുമെന്നായിരുന്നു കണക്ക് കൂട്ടൽ. ചീഫ് സെ്ക്രട്ടറിയായാൽ കാബിനെറ്റിലെത്തുന്ന ഫയലുകളെല്ലാം അവർ കാണും. നിയമവിധേയമായതെല്ലാം ചീഫ് സെക്രട്ടറി അംഗീകരിക്കില്ല. ഇതോടെ മന്ത്രിസഭയെ തെറ്റിധരിപ്പിച്ച് മാഫിയകൾക്കായി ഉത്തരവുകൾ ഉണ്ടാക്കിയെടുക്കാനുള്ള നീക്കങ്ങൾ പൊളിയും. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥ ലോബിയാണ് വിജയാനന്ദനെ കേരളത്തിലെത്തിച്ച് നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യത പൊളിച്ചത്.

അടുത്ത വർഷം മാർച്ചിലാണ് ചീഫ് സെക്രട്ടറിയയാ വിജയാനന്ദ് വിരമിക്കുക. സ്വാഭാവികമായും നളിനി നെറ്റോയ്ക്ക ചീഫ് സെക്രട്ടറി പദത്തിലെത്താം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തയാണെങ്കിൽ ഈ പദവി ഏറ്റെടുക്കേണ്ടതില്ലെന്നാണ് നളിനി നെറ്റോയുടെ തീരുമാനം. അഥവാ ചുമതല ഏറ്റെടുത്താലും കുറച്ചുകാലം അവിടെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെക്ക് തിരിച്ചെത്താനാണ് തീരുമാനം. 2017 ഓഗസ്റ്റിലാണ് നളിനി നെറ്റോയുടെ വിരമിക്കൽ തീയതി. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായതിനാൽ ഈ സുപ്രധാന തസ്തികയിൽ വിരമിച്ച ശേഷവും നളിനി നെറ്റോയ്ക്ക് തുടരുകയും ചെയ്യാം. അങ്ങനെ എല്ലാ അർത്ഥത്തിലും അടുത്ത അഞ്ചു വർഷം പിണറായി മന്ത്രിസഭയുടെ സുപ്രധാന തീരുമാനങ്ങളുടെ അണിയറക്കാരിയായി നളിനി നെറ്റോ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതുകൊണ്ടാണ് നളിനി നെറ്റോയെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ഐഎഎസുകാരിൽ ഭൂരിഭാഗത്തിനും തിരിച്ചടിയാകുന്നത്. ആരൊക്കെയാണ് ഈ കളിക്ക് നേതൃത്വം നൽകിയതെന്ന് വ്യക്തമായി നളിനി നെറ്റോയ്ക്ക് അറിയാം. അവരുടെ മേൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാം നമ്പർ ഉദ്യോഗസ്ഥ കണ്ണ് വയ്ക്കുമ്പോൾ ഏത് സമയത്തും പിടിവീഴുമെന്ന് അവർക്ക് കണക്ക് കൂട്ടുന്നു.