ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ലണ്ടനിൽ താമസിക്കുന്ന മകളുടെ വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾക്കായി പരോൾ അനുവദിക്കണമെന്നാണ് ആവശ്യം. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് നളിനിയുടെ മകൾ ലണ്ടനിൽ കഴിയുന്നത്.

വെല്ലൂർ സെൻട്രൽ ജെയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് നളിനി. രണ്ട് വർഷത്തിലൊരിക്കൽ പരോൾ അനുവദിച്ചിട്ടുള്ള നളിനി കഴിഞ്ഞ 26 വർഷത്തിനിടയിൽ ഒരിക്കൽ പോലും ജയിലിനു പുറത്തിറങ്ങിയിട്ടില്ല. അതിനാൽ തനിക്ക് ആറുമാസം പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. നളിനിയുടെ ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും. ജെയിൽ ഐജി, തമിഴ്‌നാട് മുഖ്യമന്ത്രി എന്നിവർക്ക് അപേക്ഷ നൽകിയിട്ടും മാസങ്ങളായി തീരുമാനമൊന്നും ആകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ നളിനി തീരുമാനിച്ചത്.

1991 ലാണ് നളിനി ഉൾപ്പെടുന്ന എൽടിടിഇ സംഘം ചാവേറാക്രമണത്തിലൂടെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത്. തുടർന്ന് നളിനി ഉൾപ്പെടെ അഞ്ചുപേർക്ക് വധശിക്ഷ വിധിച്ചു. എന്നാൽ നളിനിയുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി.