- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കട്ടിൽ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്! ഒളിവിൽ കഴിഞ്ഞ ഇ.എം.എസിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ച ചെറുമാവിലയായി നള്ളക്കണ്ടി പൊക്കന്റെ വീട്ടിൽ; ഇഎംഎസിനെ സ്വത്തായി കരുതി സംരക്ഷിച്ചു പോന്ന കുടുംബത്തിന്റെ കഥ
കണ്ണൂർ: 1940-42 ഇ.എം.എസ് ഒളിവിൽ കഴിഞ്ഞ ചെറുമാവിലായി നള്ളക്കണ്ടി പൊക്കന്റെ വീട് ഇന്നും കമ്യൂണിസ്റ്റ് പാർട്ടിചരിത്രത്തിലെ ആവേശകരമായ അധ്യായങ്ങളിലൊന്നാണ്. 1939-ൽ പിണറായി പാറപ്രത്ത് കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയക്കാർ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതോടെ കമ്യൂണിസ്റ്റുകാർക്കെതിരെ ബ്രിട്ടീഷ് പൊലിസുകാരും അവരുടെ ചാരന്മാരും വേട്ടശക്തമാക്കിയിരുന്നു. വൈദേശിക ഭരണകൂടം ഓരോദിവസവും തലയ്ക്കു വിലകൂട്ടിയിരുന്ന നേതാക്കളിലൊരാളായിരുന്നു ഇ. എം. എസ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒളിവിൽ പാർപ്പിക്കുകയെന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി.
എന്നാൽ പി.കൃഷ്ണപിള്ള അന്ന് ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. പാറപ്രത്തിന് തൊട്ടടുത്ത പുഴകടന്ന വയലിലൂടെ നടന്ന് കശുവണ്ടി കാടുകൾ നിറഞ്ഞ കുന്നിന്മുകളിലുള്ള നള്ളക്കണ്ടി പൊക്കന്റെ കൊച്ചുകൂരയാണ് പി.കൃഷ്ണപിള്ള ഇം. എം. എസിനെ പാർപ്പിക്കാനായി തെരഞ്ഞെടുത്തത്. ജീവിതത്തിൽ കർക്കശക്കാരനും രഹസ്യങ്ങൾ സൂക്ഷിക്കാൻ മന:ക്കട്ടിയുമുള്ള പാർട്ടി അനുഭാവിമാത്രമായ നള്ളക്കണ്ടി പൊക്കനെന്ന കർഷകതൊഴിലാളിയെയാണ് കൃഷ്ണപിള്ള ആചുമതല ഏൽപ്പിച്ചത്.
പൊക്കനും ഭാര്യയും മക്കളുമുള്ള ആകൊച്ചുവീടിലെ തെക്കിലകമെന്ന മുറിയിലായിരുന്നു രണ്ടുവർഷക്കാലം ഇ. എം. എസിന്റെ ഒളിവു ജീവിതം. കത്തും സർക്കുലറും എഴുതുകയും വായിക്കുകയും ചെയ്ത ഇ. എം. എസിനെ രാത്രികാലങ്ങളിൽ മാത്രം തന്നെ കാണാനെത്തുന്ന പാർട്ടി നേതാക്കൾക്ക് മാത്രം അനുമതി നൽകി കൊണ്ടു നള്ളക്കണ്ടി പൊക്കാൻ കണ്ണിലെ കൃഷ്ണമണിയെപ്പോലെയാണ് നോക്കിയിരുന്നത്. തങ്ങളുടെ സ്വത്താണ് തന്റെ വീട്ടിൽ ഒളിവിൽ കഴിയുന്ന നേതാവെന്നായിരുന്നു പൊക്കൻ വിചാരിച്ചിരുന്നത്.
രാവിലെ പാടത്തുപോകുന്ന പൊക്കൻ സ്വന്തംമകൻ പത്മനാഭനെയാണ് ഇ. എം. എസിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചിരുന്നത്. അക്കാലങ്ങളിൽ അച്ഛാച്ചൻ വീട്ടിലാരെയും അടുപ്പിച്ചില്ലെന്ന് അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ടെന്ന് പത്മനാഭന്റെ മകൻ ഒ.സി സുനിൽകുമാർ പറഞ്ഞു.സ്‌കൂളിൽ പോകുന്ന അച്ഛനെ രഹസ്യങ്ങൾ ചോരുന്നത് പേടിച്ചു മറ്റുള്ള കുട്ടികളുമായി കൂട്ടുകൂടാനോ കളിക്കാനോ വിട്ടിരുന്നില്ല. ഇം. എം. എസിന് കഴിക്കാൻ മത്സ്യം വാങ്ങാൻ പോയിരുന്നത് പത്മനാഭനായിരുന്നു.
ആരെങ്കിലും കാണുന്നത് പേടിച്ചു കീശയിലിട്ടാണ് പത്മനാഭൻ മത്സ്യം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത്. അയൽവാസികളോ മറ്റുള്ളവരോ വീടുകളിൽ വന്നാൽ അടച്ചിട്ട തെക്കിലകത്തെ വാതിലിൽ പൊക്കൻ ഒരിക്കൽ മാത്രം മുട്ടും. ശബ്ദമുണ്ടാക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുതെന്നാണ് ആ സിഗ്നലിന്റെ അർത്ഥം. എന്നാൽ പാർട്ടി നേതാക്കൾ കാണാൻ വന്നാൽ രണ്ടുമുട്ടാണ് സിഗ്നൽ. അപ്പോൾ പുറത്തിറങ്ങി ഇറയത്ത് വരാം.തങ്ങളുടെ ജീവിതരീതിയുമായി പൂർണമായും പൊരുത്തപ്പെട്ട നേതാവായിരുന്നു ഇ. എം. എസെന്ന് അച്ഛൻ പറഞ്ഞിരുന്നതായി സുനിൽകുമാർ ഓർക്കുന്നു.
ഉണക്കമത്സ്യത്തിന്റെ കറി നള്ളക്കണ്ടി പൊക്കനു വലിയ ഇഷ്ടമായിരുന്നു. അതു പോലെ പുഴമീൻകറിയും വറുത്തതും അധികം വീട്ടിലുണ്ടാക്കിയിരുന്നു. എന്നാൽ അതൊക്കെ വല്യ ഇഷ്ടത്തോടെ കഴിക്കാൻ ഇ. എം. എസ് തയ്യാറായിരുന്നു. പിന്നീട് പൊക്കന്റെ ഭാര്യ ഒളിവിൽ കഴിയുന്നത് ഇ. എം. എസാണെ് അറിഞ്ഞപ്പോൾ അയ്യോ നിങ്ങൾ നമ്പൂതിരിയല്ലേ അതൊക്കെ തന്നുപോയല്ലോയെന്നു പറഞ്ഞപ്പോൾ ഞാൻ നിങ്ങൾ വിചാരിക്കുന്ന നമ്പൂതിരിയല്ലെന്നും നിങ്ങൾ തരുന്ന മീൻകറിയും വറുത്തതും തനിക്ക് വലിയ ഇഷ്ടമാണെന്നുമാണ് ഇ. എം. എസ് പറഞ്ഞത്. ഒളിവിൽ കഴിയുന്ന നേതാവിന്റെ സുഖവിവരങ്ങൾ പൊക്കനോട് അന്വേഷിക്കാൻ മറ്റു നേതാക്കൾ കോഡുഭാഷയാണ് ഉപയോഗിച്ചിരുന്നത്. സ്വത്ത് ഭദ്രമല്ലേയെന്നായിരുന്നു ആ കോഡുഭാഷ. ഭദ്രം തന്നെയെന്നായിരുന്നു പൊക്കന്റെ മറുപടി.
ചെറുമാവിലായിയിലുള്ള പൊതുജനവായനശാലയിൽ നിന്നുമാണ് ഇ. എം. എസിന് വായിക്കാൻ ഹിന്ദുവടക്കമുള്ള പത്രങ്ങൾ പ്രദേശത്തെ നേതാക്കൾ രഹസ്യമായി എത്തിച്ചിരുന്നത്. കെ.സി കുഞ്ഞിരാമനും സഹോദരൻ വി.കെ രാഘവനുമായിരുന്നു പാർട്ടി ചുമതല. ഇ. എം. എസ് കിടന്നിരുന്ന മരക്കട്ടിലും താമസിച്ചിരുന്ന തറവാട് വീടും ഇപ്പോഴും പൊക്കന്റെ പിൻഗാമികൾ വിലയേറിയ നിധി പോലെ സംരക്ഷിക്കുന്നുണ്ട്.
ലോകത്ത്ആദ്യമായി ബാലറ്റിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറുമ്പോൾ താന്മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഇ. എം. എസ് തിരുവനന്തപുരത്തേക്ക് വരാൻ നള്ളക്കണ്ടി പൊക്കനെയും കുടുംബത്തെയും ക്ഷണിച്ചിരുന്നുവെങ്കിലും അവർ പോയില്ല. 1960- കളിൽ നള്ളക്കണ്ടി പൊക്കൻ വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചപ്പോൾ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇ. എം. എസെത്തിയിരുന്നു.
പിന്നീട് ഇ. എം. എസിന്റെ മരണം നള്ളക്കണ്ടി പൊക്കന്റെ കുടുംബം ഞെട്ടലോടും വേദനയോടുകൂടിയാണ് കേട്ടതെന്നും അച്ഛൻതങ്ങളുടെ കുടുംബാംഗങ്ങളിലൊരാൾ മരിച്ചതുപോലെയുള്ള ദുഃഖമനുഭവിച്ചതായി പത്മനാഭന്റെ മകൻ സുനിൽകുമാർ ഓർക്കുന്നു.കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പിറന്നുവീണ പാറപ്രത്തിനടുത്തെ ചെറുമാവിലായി അക്കാലത്തെ പല നേതാക്കൾക്കും ഷെൽട്ടർ ഒരുക്കിയിട്ടുണ്ട്. കൃഷ്ണപിള്ള, പി.സുന്ദരയ്യ തുടങ്ങി ഒട്ടേറെ നേതാക്കൾ വിവിധ കാലങ്ങളിൽ ഇവിടെ ഒളിവിൽ കഴിഞ്ഞവരാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്