ശോയുടെ അന്ത്യപ്രഭാഷണത്തിന്റെ അവസാന ഭാഗത്തുള്ള പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഈശോ ഐക്യത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ്: ''പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നപോലെ അവരും നമ്മിൽ ആയിരിക്കുന്നതിന്...'' (യോ 17:21).

ശിഷ്യരുടെയും മനുഷ്യകുലത്തിന്റെയും ഐക്യത്തിന്റെ അടിസ്ഥാനമായിട്ടും മാതൃകയായിട്ടും ഈശോ പറയുന്നത് ഈശോയും പിതാവും തമ്മിലുള്ള ബന്ധമാണ് - ''അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നപോലെ.'' ആതായത് പിതാവിനെ ഈശോ കണ്ടുമുട്ടുന്നതും പിതൃസാന്നിധ്യം ഈശോ അനുഭവിക്കുന്നതും അവന്റെ ഉള്ളിലാണ്, പുറത്തല്ല എന്നു സാരം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എവിടെയാണ് ഈശോ ദൈവത്തെ കണ്ടുമുട്ടുന്നത്? തിരിച്ചറിയുന്നത്? ''പിതാവേ അങ്ങ് എന്നിൽ ആയിരിക്കുന്നപോലെ'' (17: 21) പുറത്തല്ല മറിച്ച് അവന്റെ ഉള്ളിലാണ് ഈശോ, തമ്പുരാനെ കണ്ടെത്തുന്നതും അനുഭവിക്കുന്നതും.

ഈശോയുടെ ജീവത കഥ ആദ്യമായി പറയുന്ന മർക്കോസ് ഇത് വ്യക്തമായി അവതരിപ്പക്കുന്നുണ്ട്. ''അവൻ അതിരാവിലെ എഴുന്നേറ്റ് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ പ്രാർത്ഥിച്ചു കൊണ്ടിരിന്നു'' (മർക്കോ 1:35). ഈശോ പ്രാർത്ഥിക്കാൻ പോകുന്നത് വിജന സ്ഥലത്തേക്കാണ്. ദൈവത്തെ കാണാനും അവനുമായി സംസാരിക്കാനും ഈശോ പോകുന്നത്, ഏകാന്തതയിലേക്കും മൗനത്തിലേക്കുമാണ് എന്ന് സാരം.

ഇതേ രീതി തന്നെയാണ് ഈശോ വീണ്ടും ആവർത്തിക്കുന്നത്: ''ആളുകളോട് യാത്ര പറഞ്ഞ ശേഷം അവൻ പ്രാർത്ഥിക്കാൻ മലയിലേക്ക് പോയി'' (മർക്കോ 6:46). പിന്നീട് ഗദ്സമനിയിലും പ്രാർത്ഥിക്കാനുമായി ഒറ്റക്കാകുന്ന പതിവ് ഈശോ ആവർത്തിക്കുന്നുണ്ട്. മൂന്നു ശിഷ്യരെ കൂടെ കൂട്ടിയതിനുശേഷം, അവരെയും വിട്ട് ഈശോ ഒറ്റക്കാകുന്നു: ''അവൻ അൽപ്പ ദൂരം മുന്നോട്ട് ചെന്ന്, നിലത്തു വീണ്, സാധ്യമെങ്കിൽ ആ മണിക്കൂർ തന്നെ കടന്നു പോകട്ടെ എന്ന് പ്രാർത്ഥിച്ചു'' (മർക്കോ 14:35).

ഒരുവൻ ഏറ്റവും കൂടുതൽ ഒറ്റക്കാകുന്നത് അവന്റെ മരണത്തിലാണ്. മരക്കുരിശിലെ കടുത്ത ഏകാന്തതയുടെ നടുവിലും ഈശോ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കുന്നുണ്ട് (മർക്കോ 15:34). ചുരുക്കത്തിൽ ദൈവത്തെ കണ്ടുമുട്ടാനും അവനുമായി സംസാരിക്കാനും ഈശോ ആശ്രയിക്കുന്നത് ഏകാന്തതയേയും നിശബ്ദതയേമാണെന്നു വരുന്നു. തത്ഫലമായിട്ടാണ് തന്റെ ഉള്ളിൽ പിതൃസാന്നിധ്യം അനുഭവിക്കാൻ അവന് സാധിച്ചത് - 'പിതാവേ, അങ്ങ് എന്നിൽ ആയിരിക്കുന്നപോലെ' (യോഹ 17:21).

ഉള്ളിലാണ് ഈശോ ദൈവത്തെ കണ്ടുമുട്ടുന്നത്, ദൈവസാന്നിധ്യം അനുഭവിക്കുന്നതെന്നർത്ഥം. ആ ഈശോയാണ് മലയിലെ പ്രസംഗത്തിൽ സമാനമായ രീതിയിൽ പ്രാർത്ഥിക്കാൻ നമ്മളോട് നിർദ്ദേശിക്കുന്നത്:

''നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, അദൃശ്യനായ നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക'' (മത്തായ 6:6). അദൃശ്യനായ ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത്. അതിനാൽ തന്നെ പഞ്ചേന്ദ്രിയങ്ങളിലൂടെ അദൃശ്യനായ ദൈവത്തെ അനുഭവിക്കാനാവില്ല. കാരണം പദാർത്ഥമാണ് പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയം. ദൈവം പദാർത്ഥമല്ല, അരൂപിയാണ്. അരൂപിയായ അഥവാ അദൃശ്യനായ ദൈവത്തെ കാണാനും അനുഭവിക്കാനും, നിന്റെ മുറിയിൽ കടന്ന് നീ കതകടക്കണം. അതായത് നിന്റെ പഞ്ചേന്ദ്രിയങ്ങളെ പിൻവലിക്കണം എന്നു സാരം. പഞ്ചേന്ദ്രിയങ്ങൾ പുറത്തേക്ക് തുറന്നാണ് ഇരിക്കുന്നത്. അവയെ പിൻവിലിക്കുക, കതകടക്കുക. അതായത്, നിന്റെ ഉള്ളിലേക്ക് പിൻതിരിയുക എന്നർത്ഥം. എങ്കിൽ മാത്രമേ, അദൃശ്യനായ ദൈവത്തെ നിനക്ക് കാണാനാവൂ. അപ്പോൾ മാത്രമേ അവന്റെ സ്വരം നിനക്ക് കേൾക്കാനാകു.

''പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നപോലെ'' (യോഹ 17:21). ഖലീൽ ജിബ്രാനാണ് ഇത് മനോഹരമായി അവതരിപ്പക്കുന്നത് - ''നീ സ്നേഹിക്കുമ്പോൾ ദൈവം നിന്റെ ഹൃദയത്തിലാണെന്നല്ല പറയേണ്ടത്, മറിച്ച് നീ ദൈവത്തിന്റെ ഹൃദയത്തിലാണ്'.' ഇത് രണ്ടും പരസ്പര പൂരകങ്ങളാണെന്നർത്ഥം - പിതാവ് എന്നിലും, ഞാൻ പിതാവിലും ആകുന്ന അവസ്ഥ.

ഈശോയുടെ പ്രാർത്ഥനയുടെ വളർച്ച ശ്രദ്ധക്കണം - ''അവർ പൂർണ്ണമായും ഒന്നാകേണ്ടതിന് ഞാൻ അവരിലും അവിടുന്ന് നിന്നിലും ആയിരിക്കുന്നു'' (യോഹ 17:23). ദൈവത്തെ തന്റെ ഉള്ളിൽ അനുഭവിക്കുന്ന ഈശോ, അടുത്ത ഘട്ടത്തിൽ ശിഷ്യരുടെ ഉള്ളിൽ, തന്നെയും പിതാവിനെയും കാണുന്നു (17:23). ഇത് വലിയൊരു കാഴ്ചയാണ്.

തന്റെ ഉള്ളിൽ ദൈവസാന്നിധ്യം തിരിച്ചറിയുന്നവൻ, കണ്ണു തുറക്കുമ്പോൾ കാണുന്നവരിലൊക്കെ ഈ ദൈവൈസാന്നിധ്യത്തെ കാണ്ടെത്തുന്നു, അനുഭവിക്കുന്നു. ഫലമോ, അത് പരസ്പരമുള്ള ബന്ധത്തിന്റെയും ഒന്നാകലിന്റെയും അടിസ്ഥാനമായിത്തിരുന്നു. അതിനാൽ, നിന്റെ ഉള്ളിലെ ദൈവസാന്നിധ്യത്തെ അനുഭവിക്കുക. അതിന്റെ നിറവിൽ ജീവിക്കുക. അപ്പോൾ, നിന്റെ ചുറ്റുമുള്ളവരിലെല്ലാം ദൈവസാന്നിധ്യവും ദൈവമുഖവും തിരിച്ചറിയാൻ നിനക്കാവും. അതിലൂടെ അവരുമായൊക്കെ ആത്മ ബന്ധത്തിലാകാനാകും.

ദേശിയ സിനിമ പുരസ്‌കാരം വാങ്ങാൻ പോയ പ്രശസ്ത താരം സെൽഫിയെടുത്ത യുവാവിന്റെ ഫോൺ വാങ്ങി, ഫോട്ടോ ഡിലീറ്റ് ചെയ്ത സംഭവം. ആ വീഡോയോയുടെ ചുവട്ടിൽ ഒരാൾ അടിക്കുറിപ്പെഴുതി - അദ്ദേഹത്തെ നമ്മുടെ മനസ്സിൽ നിന്ന് ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്. (ഓഡിയോ കേൾക്കുക).

തന്റെ ഉള്ളിൽ ദൈവസാന്നിധ്യം അനുഭവിക്കുന്നവന് മറ്റുള്ളരിലും ദൈവമുഖം ദർശിക്കാനാവും. ഉള്ളിൽ അത് അനുഭവിക്കാത്തവനെ സംബന്ധിച്ചടുത്തോളം മറ്റുള്ളവരിലെ ദൈവികഛായ ഡിലീറ്റ് ചെയ്യപ്പെട്ട അവസ്ഥയിലായിരിക്കും; അവന് അത് കാണാനാവില്ല.

പരസ്പരമുള്ള ബന്ധത്തിൽ നിന്നും വളർന്നു വരുന്ന ഐക്യവും ഒന്നാകലും എങ്ങനെയാണ് സംഭവിക്കുന്നതെന്നാണ് ഈശോ പഠിപ്പിക്കുന്നത്. നിന്റെ ഉള്ളിലെ ദൈവസാന്നിധ്യത്തെ തിരിച്ചറിയുക. നിന്റെ ശരീരത്തിനും മനസ്സിനും പിറകിലുമുള്ള നിന്നിലെ ജീവൻ, ദൈവമാകുന്ന ജീവന്റെ ഒരു കണികയാണന്ന് അനുഭവിക്കുക. അങ്ങനെ ഉള്ളിൽ ദൈവത്തെ കണ്ടുമുട്ടന്നവന്, കണ്ണുതുറക്കുമ്പോൾ, കാണുന്നവരിലൊക്കെ ആ ദൈവസാന്നിധ്യം തിരിച്ചറിയാനാവും. അവരുമായിട്ടൊക്കെ ആത്മബന്ധത്തിലാകാനും സാധിക്കും. അതിലൂടെയാണ് യഥാർത്ഥത്തിലുള്ള സ്നേഹവും ഐക്യവും ഒന്നാകലും രൂപപ്പെടുന്നത്.

ഫ്രാൻസിസ് പാപ്പായുടെ ഏറ്റവും ഒടുവിലത്തെ അപ്പസ്‌തോലിക പ്രബോധനമാണ് 'ആനന്ദിക്കുവിൻ, ആഹ്ലാദിക്കുവിൻ.' അതിൽ പാപ്പാ പറയുന്ന ഒരു സംഭവം ശ്‌റദ്ധിക്കുക (ഓഡിയോ കേൾക്കുക).