കൊച്ചി: അമിത വേഗത ചോദ്യം ചെയ്ത കാർ ഡ്രൈവറെ കുത്തിപരിക്കേൽപ്പിക്കുകയും ഇതു കണ്ട പിതാവ് കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നർമദാ ബസ് തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെത്. ഇയാളുടെ ഭാര്യ ഷാഹിനയുടെയുടെ പേരിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി ബസുകളാണ് ആറ്റുപറമ്പത്ത്കാർക്കുള്ളത്.

ദേശീയ പാത 17 ൽ ഗുണ്ടായിസമാണ് ഇവർ നടത്തുന്നത്. തൃശൂർ എംപി ടി.എൻ പ്രതാപനുമായുള്ള ബന്ധം ഉപയോഗിച്ച് പല കേസുകളിൽ നിന്നും തടിയൂരിപോവുകയാണ് ചെയ്യുന്നത്. പൊലീസുമായും മോട്ടോർ വാഹന വകുപ്പ് ജീവനകാകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും ഇവരെ ചോദ്യം ചെയ്യാൻ ആരുമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചു.

യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാർ എന്നും നാട്ടുകാർക്ക് തലവേദയായിരുന്നു. അമിത വേഗതയിൽ നിരവധി പേരെയാണ് ഇവർ ഇടിച്ചു തെറിപ്പിച്ചിട്ടുള്ളത്. ജീവൻ വരെ നഷ്ടപ്പെട്ട സംഭവങ്ങളുണ്ട്. 5 വർഷം മുൻപ് ഇടപ്പള്ളിയിൽ വച്ച് റോഡിന്റെ വശത്തുകൂടി പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു കൊലപ്പെടുത്തിയിരുന്നു. അന്ന് നാട്ടുകാർ ബസ് തടഞ്ഞെങ്കിലും പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചു. പക്ഷേ നാട്ടുകാർ ദേശീയ പാത ഉപരോധിച്ചതോടെയാണ് പൊലീസ് അന്ന് ബസ് കസ്റ്റഡിയിലെടുക്കാൻ തയ്യാറായത്. നാളുകാളായി നാട്ടുകാർക്ക് തലവേദനയായി തീർന്ന ബസുകളിൽ യാത്രക്കാർ കയറാതായതോടെ ബസുകളുടെ പേരുകൾ മാറ്റി നിരത്തിലിറക്കുകയായിരുന്നു.

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ വ്യാഴാഴ്ച രാത്രിയാണ് സ്വകാര്യ ബസ് ജീവനക്കാരായ പ്രതികൾ കാറോടിച്ചിരുന്ന ഫർഹാനെ ആക്രമിച്ചത്. ബസ് കാറിൽ മുട്ടിയത് ചോദ്യം ചെയ്തതോടെ പ്രതികൾ കത്തി വീശുകയായിരുന്നുവെന്നാണ് പരുക്കേറ്റ ഫർഹാന്റെ മൊഴി. ആക്രമണത്തിന് പിന്നാലെ രക്ഷപെട്ട ഡ്രൈവർ ടിന്റുവിനെയും, മിഥുനെയും ബസുമായി വൈറ്റിലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മകനെ കുത്തി പരുക്കേൽപ്പിച്ചത് കണ്ട് കുഴഞ്ഞു വീണ് മരിച്ച ഫസലുദ്ദീന്റെ കബറടക്കം ഇന്ന് നടക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നർമദ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് പ്രതികളായ ടിന്റുവും മിഥുനും. വൈകിട്ട് നാലിന് വൈദ്യപരിശോധനയ്ക്ക് ശേഷം പറവൂർ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരെയും ആലുവ സബ് ജയിലിലേക്ക് മാറ്റി.

ബസ് പരിശോധിച്ച നോർത്ത് പറവൂർ ജോ.ആർ.ടി.ഓ ഗുരുതരമായി വീഴ്ചകൾ കണ്ടെത്തി. ബസിന് ആവശ്യത്തിന് ക്ലച്ച് ഇല്ല, എയർ ബ്രേക്കുകൾക്ക് തകരാർ വാഹനത്തിന് മുന്നിൽ നിയമ വിരുദ്ധമായി ചവിട്ടുപടികൾ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഇത് സംബന്ധിച്ച് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകും.