എഡിസൺ, ന്യൂജേഴ്‌സി: പത്രപ്രവർത്തന രംഗത്തും, ദൃശ്യമാദ്ധ്യമ രംഗത്തും സവ്യസാചിയായി മുന്നേറുമ്പോൾ തന്നെ വ്യത്യസ്ത മേഖലകളിൽ പാദമുദ്രകൾ പതിപ്പിച്ച കർമ്മകാണ്ഡങ്ങൾക്കുടമയായ ജോർജ് തുമ്പയിലിനെ നാമത്തിന്റേയും, മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടേയും (മഞ്ച്) ഓണാഘോഷത്തിൽ ആദരിച്ചത് വ്യത്യസ്താനുഭവമായി.

കാൽ നൂറ്റാണ്ടിലേറെയായി സാഹിത്യമാദ്ധ്യമ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോർജ് തുമ്പയിലിനെ ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അവാർഡ് ശിൽപം നൽകിക്കൊണ്ട് നാമം സ്ഥാപകൻ മാധവൻ ബി. നായരും, മഞ്ച് പ്രസിഡന്റ് ഷാജി വർഗീസും പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂർവ്വ വ്യക്തിത്വത്തിനുടമയായ തുമ്പയിൽ യാതൊരു പ്രതിഫലേച്ഛയുമില്ലാതെയാണ് അമേരിക്കൻ മലയാളി ജീവിതത്തിന്റെ തുടിപ്പുകൾ എഴുത്തിലും, ടി.വി പരിപാടികളിലും ചിത്രീകരിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ മഹത്വം വർധിപ്പിക്കുന്നു. എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ചുരുക്കം പേരിലൊരാളാണ് ജോർജ് തുമ്പയിൽ മാധവൻ നായർ ചൂണ്ടിക്കാട്ടി.

അഞ്ച് ഗ്രന്ഥങ്ങളുടെ രചയിതാവും വിവിധ സ്‌റ്റേജ് പ്രോഗ്രാമുകളുടെ അവതാരകനുമായ ജോർജ് തുമ്പയിൽ 'കൊച്ചാപ്പി' എന്ന പേരിൽ മലയാളം പത്രത്തിൽ എഴുതിക്കൊണ്ടിരിക്കുന്ന ആക്ഷേപ ഹാസ്യ പരമ്പര ഹരമായി മാറിയതും ചടങ്ങിൽ പരാമർശിക്കപ്പെട്ടു. സജിമോൻ ആന്റണി തുമ്പയിലിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.



അവാർഡ് സ്വീകരിച്ച് നടത്തിയ പ്രസംഗത്തിൽ സ്വന്തം നാട്ടിൽ തന്നെ ആദരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ജോർജ് തുമ്പയിൽ പറഞ്ഞു. നന്ദി, സ്‌നേഹം, കടപ്പാട് എന്നീ വാക്കുകൾക്ക് സമാനമായ പത്തുനൂറ് വാക്കുകളും പ്രയോഗങ്ങളും നമുക്ക് കാണാൻ കഴിയും. നാമവും മഞ്ചും ചേർന്ന് നൽകുന്ന ഈ സ്‌നേഹപൂർണമായ അംഗീകാരത്തിനു ഈ മൂന്നു വാക്കുകളാണ്  പകരമായി എനിക്ക് നൽകുവാനുള്ളത്. എന്നെക്കാൾ സീനിയേഴ്‌സും, ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരുമായവർ ഉണ്ടെന്നിരിക്കെ എന്നെ ഇങ്ങനെയൊരു ഉന്നത സ്ഥാനത്തിരുത്തുവാൻ നിങ്ങൾ കാണിച്ച ഹൃദയവായ്പിനു വളരെയധികം നന്ദിയും സ്‌നേഹവും കടപ്പാടുമുണ്ട്. അംഗീകാരത്തേക്കാൾ അതിനായി നിങ്ങൾ കാണിച്ച സന്മനസിനാണ് എന്റെ പ്രണാമം.


നാമം രക്ഷാധികാരി മാധവൻ നായർ, പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി, സെക്രട്ടറി അജിത് മേനോൻ, മഞ്ച് പ്രസിഡന്റ് ഷാജി വർഗീസ്, സെക്രട്ടറി ഉമ്മൻ ചാക്കോ, വൈസ് പ്രസിഡന്റ് സജിൻ ആന്റോ, ഓണാഘോഷ കൺവീനർ സജിത് പ്രഭാകർ, സജിമോൻ ആന്റണി, മറ്റ് കമ്മിറ്റി അംഗങ്ങൾക്കും, സദസ്യർക്കും നന്ദി പറഞ്ഞു.



ജോർജ് തുമ്പയിലിനെപ്പോലെയുള്ള ബഹുമുഖ പ്രതിഭയെ ആദരിക്കുകവഴി നാമവും മഞ്ചും കൂടി ആദരിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് മാദ്ധ്യമ പ്രവർത്തകനായ ജോർജ് ജോസഫ് ചൂണ്ടിക്കാട്ടി.
മാദ്ധ്യമങ്ങൾ ആളുകളെപ്പറ്റി നല്ലതുമാത്രം എഴുതുമ്പോൾ ആരും അവരെ ശ്രദ്ധിക്കില്ല. വിമർശനാത്മകമായി എഴുതുമ്പോൾ പത്രപ്രവർത്തനം ഒരു ആയുധമായി മാറുന്നു. കൊച്ചാപ്പി എന്ന പരമ്പരയും ഒരു പിച്ചാത്തി പോലെ തറച്ചുകയുന്നതായിരുന്നു.

ഈ സീസണിലെ ഏറ്റവും പങ്കാളിത്തമുള്ള ഓണം കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി ആണ് സംഘടിപ്പിച്ചതെങ്കിൽ ഏറ്റവും രുചികരമായ ഓണസദ്യയൊരുക്കിയതിനുള്ള ബഹുമതി നാമത്തിനും മഞ്ചിനുമാണ്. ഇരു സംഘടനകളുടേയും ഐക്യവും എല്ലാവർക്കും മാതൃക പകരുന്നു.

നേരത്തെ ഓണസന്ദേശം നൽകിയ ഫൊക്കാനാ ജനറൽ സെക്രട്ടറി വിനോദ് കെയാർകെ നാട്ടിലേയും ഇവിടുത്തേയും ഓണം താരതമ്യപ്പെടുത്തി. നാട്ടിൽ ഇപ്പോൾ പുലികളിയും, അത്തപ്പൂക്കളവുമെല്ലാം അന്യം നിന്നു. പഴയ ഐക്യത്തിനു പകരം ഭിന്നതകൾ വർധിക്കുന്നു. പക്ഷെ ജാതിമത ഭിന്നതകളൊന്നുമില്ലാതെ യഥാർത്ഥ കേരളീയരായി നാം ഒത്തുകൂടുന്നുവെന്നതിൽ അഭിമാനം കൊള്ളുന്നു.


ഈശ്വരകൃപകൊണ്ട് നമുക്ക് ഈ രാജ്യത്ത് സമൃദ്ധിയിൽ ജീവിക്കാൻ കഴിയുന്നു. അതേസമയം, ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ നമ്മുടെ നാട്ടിൽ കഴിയുന്നവരെ സഹായിക്കാനും നമുക്ക് കടമയുണ്ട്. അടുത്തവർഷം ടൊറന്റോയിൽ നടക്കുന്ന ഫൊക്കാനാ കൺവൻഷനിലേക്കും അദ്ദേഹം എല്ലാവരേയും ക്ഷണിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലാണ് രജിസ്‌ട്രേഷൻ. 850 ഡോളർ മാത്രം.

നാമം സ്ഥാപകൻ മാധവൻ ബി. നായരുടെ പ്രസംഗത്തിൽ നന്മ ചെയ്യേണ്ടതിന്റെ ആവശ്യകതയും അത് എത്രയും വേഗം ചെയ്യേണ്ടതിന്റെ പ്രധാന്യത്തേയും രാമായണ കഥ  ഉദ്ധരിച്ച് സമർത്ഥിച്ചു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം സിമി റോസ്‌ബെൽ ജോണിന്റെ പ്രസംഗത്തിൽ ഈ സീസണിലെ നാലാമത്തെ ഓണമാണ് ഇതെന്ന് പറഞ്ഞു. ആഘോഷം അത്യന്തം മനോഹരമായി. ഇത്രയും സുഭഗസുന്ദരനായ മാവേലിയേയും ഇതിനു മുമ്പ് കണ്ടിട്ടില്ല.

പുലികളിയും ചെണ്ടമേളവും താലപ്പൊലിയുമായി മാവേലി മന്നനെ എതിരേറ്റതോടെ ഓണാഘോഷത്തിനു തുടക്കമായി. ആഘോഷ കമ്മിറ്റി കൺവീനർ സജിത് കുമാർ ആമുഖ പ്രസംഗം നടത്തി. പ്രശസ്ത മാദ്ധ്യമ പ്രവർത്തക വിനീത നായരായിരുന്നു എം.സി. നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി സ്വാഗതം പറഞ്ഞു. സുജ ജോസ്, ആശ എന്നിവർ  കലാപരിപാടികൾക്ക് നേതൃത്വം നൽകി.



മാലിനി നായരുടെ നേതൃത്വത്തിലുള്ള തിരുവാതിരകളി ഹൃദയഹാരിയായി. എട്ടുവീട്ടിൽ പയ്യൻസ് അവതരിപ്പിച്ച തിരുവാതിര കളിയും ഈ രംഗത്ത് സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കും ശോഭിക്കാവുന്നതാണെന്നു തെളിയിച്ചു. തികച്ചും വ്യത്യസ്താനുഭവവുമായി അത്. പ്രേം നാരായണൻ, സഞ്ജീവ് കുമാർ, സജി ആനന്ദ്, കാർത്തിക ശ്രീധർ, മനോജ് കൈപ്പള്ളി , അജിത് കണ്ണൻ, സുനിൽ രവീന്ദ്രൻ എന്നിവരായിരുന്നു എട്ടുവീടന്മാർ.

പായസ മത്സരം ഇത്തവണ മധുരമുള്ള മത്സരമായി. പായസ മത്സരത്തിൽസുധാ നരായണൻ, സ്മിതാ പ്രശാന്ത്, മിലി രാധൻ എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.  വടംവലി തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറി.

ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർ പോൾ കറുകപ്പിള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ജോയി ഇട്ടൻ, ജോ. സെക്രട്ടറി ജോസഫ് കുര്യപ്പുറം, മുൻ ജനറൽ സെക്രട്ടറി ടെറൻസൺ തോമസ്, വനിതാ വിഭാഗം നേതാവ് ലീല മാരേട്ട്, ഫോമാ പി.ആർ.ഒ ജോസ് ഏബ്രഹാം, മാദ്ധ്യമ പ്രവർത്തകരായ സുനിൽ െ്രെടസ്റ്റാർ, ഫ്രാൻസീസ് തടത്തിൽ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനയുടെ മുതിർന്ന നേതാവ് ടി.എസ് ചാക്കോ, ജോസ് തോമസ്, നടി സജിനി സക്കറിയ, കാൻജ് പ്രസിഡന്റ് ജയപ്രകാശ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.