ന്യൂജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ  നാമം, ഡിസംബർ 13 ന് നടത്തുന്ന  എക്‌സ്സെലെൻസ് അവാർഡ് നൈറ്റിന്റെ ടിക്കറ്റ് കിക്ക് ഓഫ്  പിസ്‌കാറ്റവേയിലുള്ള ദീവാൻ  ബാൻകറ്റ്  ഹാളിൽ നടത്തി. നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവൻ  ബി നായർ, മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ പ്രസിഡന്റ് ഷാജി വർഗീസിന് ആദ്യ ടിക്കറ്റുകൾ  നൽകിക്കൊണ്ട് കിക്ക് ഓഫ്  ചടങ്ങിന് തുടക്കമിട്ടു. നാമത്തിന്റെ അഞ്ചാം വാർഷികാഘോഷ പരിപാടികളുടെ അവസാനഘട്ടമായി നടത്തുന്ന എക്‌സ്സെലെൻസ് അവാർഡ് നൈറ്റ്  പ്രൗഢോജ്ജ്വലമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി  മാധവൻ  ബി നായർ പറഞ്ഞു.

തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന അഞ്ചു വ്യക്തികളെ വർണ്ണാഭമായ വാർഷിക സമ്മേളനത്തിൽ വച്ച്  എക്‌സ്സെലെൻസ് അവാർഡുകൾ നല്കി നാമം ആദരിക്കും. ഈ ചടങ്ങിന്റെ കൺവീനർ ആയി മാദ്ധ്യമ പ്രവർത്തകയായ വിനീത നായരെ തിരഞ്ഞെടുത്തതായി അദ്ദേഹം അറിയിച്ചു. നാമവുമായി ഒത്തു ചേർന്നു  പ്രവർത്തിക്കുന്നതിൽ  മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിക്ക് സന്തോഷമുണ്ടെന്ന്  മഞ്ച്  പ്രസിഡന്റ് ഷാജി വർഗീസ്  പറഞ്ഞു. ചടങ്ങിൽ മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റീസ് മെമ്പർ ഗിരീഷ് നായരും പങ്കെടുത്തു.

നാമം ആനുവൽ ബാൻക്വറ്റിന്റെ വിശദാംശങ്ങൾ വിനീത നായർ  പങ്കുവച്ചു.  പുതുമ നിറഞ്ഞതും പകിട്ടാർന്നതുമായ പരിപാടികളാണ് ബാൻക്വറ്റിൽ  ഉൾക്കൊള്ളിച്ചിട്ടുള്ളത്.  മലയാളികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് പ്രവാസി ഇന്ത്യൻ സമൂഹങ്ങളിൽ ഉള്ളവരെ നാമത്തിന്റെ  പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും ചടങ്ങുകളിൽ ആദരിക്കുകയും ചെയ്യുന്നതായിരിക്കും.  അവാർഡ് ജേതാക്കളെക്കുറിച്ചുള്ള  വീഡിയോ പ്രദർശനം, പ്രശസ്തർ നയിക്കുന്ന കലാവിരുന്ന്, കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകർഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികൾക്ക്  വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങൾ, വിഭവ സമൃദ്ധമായ ഡിന്നർ  തുടങ്ങിയവ കൊണ്ട് അതീവ  ഹൃദ്യമായിരിക്കും അവാർഡ് നൈറ്റ് . വാർഷികാഘോഷ പരിപാടികളിൽ സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ പങ്കെടുക്കുമെന്നും വിനീത പറഞ്ഞു.

എക്‌സ്സെലെൻസ് അവാർഡ്  നൈറ്റിന്റെ നടത്തിപ്പിനായി കമ്മിറ്റികൾ രൂപീകരിച്ചു. സഞ്ജീവ് കുമാർ, ഡോ ഗീതേഷ് തമ്പി, ബിന്ദു സഞ്ജീവ്, സജിത്ത്  പരമേശ്വരൻ, അജിത് മേനോൻ, ഡോ ഗോപിനാഥൻ നായർ, രാജശ്രീ പിന്റോ, അപർണ  കണ്ണൻ , അരുൺ ശർമ , പ്രേം നാരായണൻ,  അനാമിക നായർ , ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാർ, ജയകൃഷ്ണൻ നായർ, ഡോ പത്മജ പ്രേം, മാലിനി നായർ, മായ മേനോൻ, വിദ്യ രാജേഷ് , സജി നമ്പ്യാർ,  പാർവതി കാർത്തിക് , ബിനു നായർ തുടങ്ങിയർ  വിവിധ കമ്മിറ്റികളിലായി പ്രവർത്തിക്കും.

നാമം എക്‌സ്സെലെൻസ് അവാർഡിന്  അപേക്ഷിക്കാൻ താത്പര്യമുള്ളവരും  അവാർഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും, namamnj@namam.org എന്ന ഇമെയിലിൽ ബന്ധപ്പെട്ട്  അപേക്ഷാഫോം പൂരിപ്പിക്കേണ്ടതാണ് . http://namam.org/ എന്ന വെബ്‌സൈറ്റിലും വിശദാംശങ്ങൾ ലഭ്യമാണ് .  നവംബർ 15  ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി.