ന്യൂജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമത്തിന്റെ അഞ്ചാം വാർഷികാഘോഷ പരിപാടികളുടെ അവസാന ഘട്ടമായി നടത്തുന്ന എക്‌സലൻസ് അവാർഡ് നൈറ്റിന്റെ  ഒരുക്കങ്ങൾ  പുരോഗമിക്കുന്നതായി പ്രസിഡന്റ്  മാധവൻ  ബി നായർ അറിയിച്ചു. ഡിസംബർ 13 ന് പിസ്‌കാറ്റവേയിലുള്ള ദീവാൻ  ബാൻകറ്റ് ഹാളിൽ നടത്തുന്ന അവാർഡ് നൈറ്റിൽ, തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന അഞ്ചു വ്യക്തികളെ  എക്‌സലൻസ് അവാർഡുകൾ നല്കി നാമം ആദരിക്കും.

ന്യൂയോർക്കിലെ ഡെപ്യൂട്ടി കൗൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ. മനോജ് കുമാർ മൊഹപത്ര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ  പുതുമ നിറഞ്ഞതും പകിട്ടാർന്നതുമായ പരിപാടികളാണ്  ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്ന് പ്രോഗ്രാം കൺവീനർ വിനീത നായർ പറഞ്ഞു. അനഖ് ഇ ഗബ്രൂ എന്ന പ്രശസ്ത നൃത്ത സംഘം അവതരിപ്പിക്കുന്ന വർണ്ണാഭമായ നൃത്ത പരിപാടി,  ന്യൂജേഴ്‌സിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക സുമ നായരുടെ  ഗാനങ്ങൾ, സൗപർണിക ഡാൻസ് അക്കാഡമിയുടെ നൃത്ത പരിപാടി, അവാർഡ് ജേതാക്കളെക്കുറിച്ചുള്ള  വീഡിയോ പ്രദർശനം, കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകർഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികൾക്ക്  വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങൾ  തുടങ്ങി ആസ്വാദ്യകരമായ പരിപാടികളാണ് ആനുവൽ ബാൻക്വറ്റിൽ  ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നാമത്തിന്റെ സുവനീർ പുറത്തിറക്കും.

സഞ്ജീവ് കുമാർ, ഡോ ഗീതേഷ് തമ്പി, ബിന്ദു സഞ്ജീവ്, സജിത്ത്  പരമേശ്വരൻ, അജിത് മേനോൻ, ഡോ ഗോപിനാഥൻ നായർ, രാജശ്രീ പിന്റോ, അപർണ  കണ്ണൻ , അരുൺ ശർമ , പ്രേം നാരായണൻ,  അനാമിക നായർ , ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാർ, ജയകൃഷ്ണൻ നായർ, ഡോ പത്മജ പ്രേം, മാലിനി നായർ,  വിദ്യ രാജേഷ്  തുടങ്ങിയവർ  വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി  പ്രവർത്തിക്കുന്നുണ്ട്.

ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഫിലാഡെൽഫിയ  തുടങ്ങിയ സ്ഥലങ്ങളിൽ  നിന്നും നൂറു കണക്കിന് കുടുംബങ്ങൾ  ചടങ്ങിൽ പങ്കെടുക്കാനെത്തുന്നുണ്ട്. വാർഷികാഘോഷ  പരിപാടികളിൽ പങ്കു ചേരാൻ  ഏവരെയും സ്വാഗതം ചെയ്യുന്നതായി നാമം ഭാരവാഹികൾ അറിയിച്ചു.