ന്യൂജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം 19ന്  ന്യുജേഴ്‌സിയിലെ എഡിസൺ ഹോട്ടലിൽ  വർണ്ണാഭമായ പരിപാടികളുമായി ഫാമിലി നൈറ്റ്  സംഘടിപ്പിക്കുമെന്ന്  പ്രോഗ്രാം  കൺവീനർ  സജിത്  കുമാർ  അറിയിച്ചു. ഇതോടനുബന്ധിച്ച്  മാർച്ച് 19ന്  നടത്തുന്ന നാമം എക്‌സലൻസ് അവാർഡ് നൈറ്റിന്റെ ടിക്കറ്റ്  കിക്കോഫും  ഉണ്ടായിരിക്കും.

വൈകുന്നരം 6 മണിക്ക്  ആരംഭിക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അധ്യക്ഷത വഹിക്കും.  'എട്ടു വീട്ടിൽ പയ്യൻസ് ' ഡാൻസ്  ഗ്രൂപ്പിന്റെ പ്രത്യേക നൃത്തം, മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി തുടങ്ങിയവ ചടങ്ങിനു മാറ്റ് കൂട്ടും. കുട്ടികൾക്ക്   ക്രിസ്മസ്  സമ്മാനങ്ങളുമായി  സാന്റ  ക്ലൗസ് എത്തുന്നുണ്ട്.  നൃത്ത സംഗീത പരിപാടികൾക്കൊപ്പം  ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ആസ്വാദ്യകരമായ ഗെയിംസ് നടത്തുന്നുണ്ട് .

ചെന്നൈ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി  സഹായനിധി സ്വരൂപിക്കാനും ചടങ്ങിൽ ലക്ഷ്യമിടുന്നുണ്ട്. പ്രവാസി സമൂഹത്തിൽ വളരെ ശ്രദ്ധേയമായിക്കഴിഞ്ഞ നാമം  എക്‌സലൻസ് അവാർഡ് നൈറ്റ്   ന്യൂജേഴ്‌സിയിലെ എഡിസനിലുള്ള  റോയൽ ആൽബെർട്ട് സ്  പാലസിൽ  അടുത്ത  വർഷം മാർച്ച് 19നാണ്  സംഘടിപ്പിക്കുന്നത് . മലയാളികളെയും ഉത്തരേന്ത്യക്കാരെയും  ഒരുമിച്ച് അണിനിരത്തിക്കൊണ്ട് ,  വിവിധ മേഖലകളിൽ  ഉന്നത വിജയം കൈവരിക്കുകയും  സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന  പ്രഗത്ഭരെയാണ്  നാമം എക്‌സലൻസ്  അവാർഡുകൾ നല്കി ആദരിക്കുന്നത്.   

കുടുംബ സംഗമത്തിൽ  പങ്കു ചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി  നാമം ഭാരവാഹികൾ പറഞ്ഞു.