- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നോടു ക്ഷമിക്കണം... നിരപരാധിയാണെങ്കിൽ പിന്നെന്തിനു നിങ്ങൾ സോറി പറഞ്ഞു...? ഞാൻ ചോദിച്ചു. അവർ എന്നെ ഭീഷണിപ്പെടുത്തി... തല്ലി... അതുകൊണ്ട് എനിക്ക് അവരോട് നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കേണ്ടി വന്നു...; മറിയം റഷീദയെ നമ്പി നാരയാണൻ ആദ്യമായി കണ്ടത് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച്; നുണക്കഥയുടെ ചരിത്രം 'അവരാണ് യഥാർത്ഥ ചാരന്മാർ; കൂടെ അവളും'
തിരുവനന്തപുരം: ചാരക്കേസിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിച്ച് പോയാൽ ആരും ഇതുവരെ കാണാത്ത ഒരു അമേരിക്കൻ ചാരസുന്ദരിയും രാജ്യംകണ്ട വലിയ ചാരന്മാരും ഉറങ്ങിക്കിടക്കുന്നത് കാണാം. ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ കുതിപ്പിന്റെ മൂർച്ചകെടുത്തി ഐഎസ്ആർഒ എന്ന ഗവേഷണ കേന്ദ്രത്തെ നിലംപൊത്തിച്ച ചാരക്കേസിന്റെ പിന്നിൽ ഒളിച്ചിരിക്കുന്നത് കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാൻ ആസൂത്രണം ചെയ്ത അന്തർനാടകം മാത്രമല്ലെന്നും വിശദീകരിക്കുന്നത് നമ്പി നാരായണനാണ്. ചാരനെന്നു മുദ്രകുത്തപ്പെട്ട ഇന്ത്യൻ ക്രയോജനിക് എൻജിൻ വിദ്യയുടെ ഉപജ്ഞാതാവ് നമ്പി നാരായണൻ ഇന്ന് സന്തോഷവാനാണ്. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുന്നു. ഇതിനൊപ്പം നമ്പി നാരായണൻ ആത്മരോഷത്തോടെ തുറന്നെഴുതുന്ന 'ഓർമകളുടെ ഭ്രമണപഥം' എന്ന ആത്മകഥ വീണ്ടും ചർച്ചയാകുന്നത്. അവരാണ് യഥാർത്ഥ ചാരന്മാർ; കൂടെ അവളും എന്ന പുസ്തകത്തിലെ 38-ാം അധ്യായമാണ് വീണ്ടും ചർച്ചയാക്കുന്നത്. മാലിഭാഷ മാത്രമറിയുന്ന ഒരു സ്ത്രീയെ ഇന്ത്യയുടെ ഇല്ലാത്ത രഹസ്യങ്ങളുടെ കടത്തുകാരിയാക്കി ഫ്രെയിം ചെയ്ത പൊലീസുകാരും അവർക്ക് സ
തിരുവനന്തപുരം: ചാരക്കേസിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിച്ച് പോയാൽ ആരും ഇതുവരെ കാണാത്ത ഒരു അമേരിക്കൻ ചാരസുന്ദരിയും രാജ്യംകണ്ട വലിയ ചാരന്മാരും ഉറങ്ങിക്കിടക്കുന്നത് കാണാം. ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ കുതിപ്പിന്റെ മൂർച്ചകെടുത്തി ഐഎസ്ആർഒ എന്ന ഗവേഷണ കേന്ദ്രത്തെ നിലംപൊത്തിച്ച ചാരക്കേസിന്റെ പിന്നിൽ ഒളിച്ചിരിക്കുന്നത് കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാൻ ആസൂത്രണം ചെയ്ത അന്തർനാടകം മാത്രമല്ലെന്നും വിശദീകരിക്കുന്നത് നമ്പി നാരായണനാണ്. ചാരനെന്നു മുദ്രകുത്തപ്പെട്ട ഇന്ത്യൻ ക്രയോജനിക് എൻജിൻ വിദ്യയുടെ ഉപജ്ഞാതാവ് നമ്പി നാരായണൻ ഇന്ന് സന്തോഷവാനാണ്. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുന്നു. ഇതിനൊപ്പം നമ്പി നാരായണൻ ആത്മരോഷത്തോടെ തുറന്നെഴുതുന്ന 'ഓർമകളുടെ ഭ്രമണപഥം' എന്ന ആത്മകഥ വീണ്ടും ചർച്ചയാകുന്നത്.
അവരാണ് യഥാർത്ഥ ചാരന്മാർ; കൂടെ അവളും എന്ന പുസ്തകത്തിലെ 38-ാം അധ്യായമാണ് വീണ്ടും ചർച്ചയാക്കുന്നത്. മാലിഭാഷ മാത്രമറിയുന്ന ഒരു സ്ത്രീയെ ഇന്ത്യയുടെ ഇല്ലാത്ത രഹസ്യങ്ങളുടെ കടത്തുകാരിയാക്കി ഫ്രെയിം ചെയ്ത പൊലീസുകാരും അവർക്ക് സത്യത്തിന്റെ പകൽവെളിച്ചത്തിൽനിന്ന് സംരക്ഷണ കുട ചൂടിയ രാഷ്ട്രീയക്കാരും നുണക്കഥ പ്രചരിപ്പിക്കാൻ പേനയുന്തിയ പത്രപ്രവർത്തകരും സിഐ.എയുടെ ചാരപ്പണി അറിഞ്ഞോ അറിയാതെയോ ചെയ്യുകയായിരുന്നു. ചാരക്കേസിൽ മാധ്യമങ്ങൾ ആഘോഷിച്ച മറിയം റഷീദയോ അവരുടെ സുഹൃത്ത് ഫൗസിയ ഹസനോ പ്രതികളല്ലെന്നും യഥാർത്ഥ പ്രതികൾ ഐ.ബിയുടെ അന്നത്തെ ക്രാക്ക് കൗണ്ടർ മേധാവിയായിരുന്ന രത്തൻ സെഗാളും അമേരിക്കക്കാരിയായ യുവ സുന്ദരിയാണെന്നും പുതിയ വെളിപ്പെടുത്തലും അദ്ദേഹം നടത്തുന്നു. ഈ വെളിപ്പെടുത്തലുകൾ ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ.
1994 നവംബർ 30 നാണു നമ്പി നാരായണനെ ചാരക്കേസിൽ അറസ്റ്റു ചെയ്യുന്നത്. ഡിസംബർ ഒൻപതിന് തിരുവനന്തപുരം സി.ജെ.എം കോടതി പരിസരത്ത് പൊലീസ് വാനിലാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും താൻ ആദ്യമായി കാണുന്നതെന്നു നാരായണൻ തന്റെ ആത്മകഥയായ ''ഓർമ്മകളുടെ ഭ്രമണപഥ''ത്തിൽ പറയുന്നു. പിന്നീടു ചൈന്നെയിലെ മല്ലിഗൈയിൽ സിബിഐ കസ്റ്റഡിയിൽ ഇരിക്കെയാണ് രണ്ടുസ്ത്രീകളെയും താൻ അടുത്തു കാണുന്നത്. സിബിഐ. ഉദ്യോഗസ്ഥനായ എം.എൽ ശർമ്മ, തന്റെ മുന്നിലിരുന്ന് അവരോട് തന്നെ അറിയാമോയെന്നു ചോദിച്ചു. ജീവിതത്തിൽ ഒരിക്കലും ഇദ്ദേഹത്തെ നേരിട്ടു കണ്ടിട്ടില്ലെന്നും ഫോട്ടോ കാണിച്ച് കൂട്ടുപ്രതിയാണെന്നു പറയാൻ ഐ.ബി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും അവർ പറഞ്ഞു. 1994 ഡിസംബർ അവസാനം വിയ്യൂർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോഴാണു മറിയം റഷീദയുമായി ആദ്യമായി സംസാരിക്കുന്നതെന്നു നമ്പി നാരായണൻ വിശദീകരിച്ചിരുന്നു.
എന്നോടു ക്ഷമിക്കണം... ഇതായിരുന്നു മറിയം റഷീദയുടെ ആദ്യവാചകം. സംസാരത്തിനു താൽപര്യമില്ലാത്തതിനാൽ ഞാൻ മൗനം പാലിച്ചു. അവർ അത്ര വശമില്ലാത്ത ഇംഗ്ലീഷിൽ താൻ നിരപരാധിയാണെന്നും ഞാനും നിരപരാധിയാണെന്ന് അറിയാമെന്നും പറഞ്ഞു. നിരപരാധിയാണെങ്കിൽ പിന്നെന്തിനു നിങ്ങൾ സോറി പറഞ്ഞു...? ഞാൻ ചോദിച്ചു. അവർ എന്നെ ഭീഷണിപ്പെടുത്തി... തല്ലി... അതുകൊണ്ട് എനിക്ക് അവരോട് നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കേണ്ടി വന്നു... ഐ.ബി ഉദ്യോഗസ്ഥർ അവരെ ഭീഷണിപ്പെടുത്തി. അവസാനം മക്കളെ ദ്രോഹിക്കുമെന്നു ഭീഷണി മുഴക്കിയപ്പോഴാണു അവർ കീഴടങ്ങിയത്. പണത്തിനു വേണ്ടി റോക്കറ്റ് ഡ്രോയിങ്സ് അവർക്കു കൈമാറിയെന്ന് ഐ.ബി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി പറയിച്ചു. അതു വീഡിയോയിലും റിക്കോർഡു ചെയ്തു.
അവർ എന്റെ ഫോട്ടോ കാണിച്ചപ്പോൾ ആരാണെന്നു പോലും തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ലെന്ന് മറിയം പറഞ്ഞു. അവർ നിങ്ങളുടെ പേരു പറഞ്ഞുതന്നിട്ട് അതുപോലെ പറയാൻ പറഞ്ഞു. പക്ഷെ എനിക്കത് ശരിയായി ഉച്ചരിക്കാൻ കഴിഞ്ഞില്ല. ഒരുപാടു തവണ എന്നെക്കൊണ്ട് പേരു പറയിക്കാൻ ശ്രമിച്ചു. അതു നേരാംവണ്ണം ഉച്ചരിക്കാൻ എൻെ്റ നാവു വഴങ്ങിയില്ല. അവരിൽ ഒരാൾ നിങ്ങളുടെ പേര് ഒരു പേപ്പറിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിട്ട് വീഡിയോ ക്യാമറക്കു പിന്നിൽ പിടിച്ചു. അതിൽ എഴുതിയിരുന്നത് വായിക്കാൻ എന്നോട് ആജ്ഞാപിച്ചു. ഇതു മറിയം സിബിഐയോടും പറഞ്ഞിരുന്നു. അവർ പറഞ്ഞത് സത്യമാണോ എന്നറിയാൻ സിബിഐ വീഡിയോ ക്യാമറ പലതവണ പരിശോധിച്ചു. മറിയം എന്റെ പേരു പറയുമ്പോഴൊക്കെ അവരുടെ കണ്ണുകൾ ക്യാമറ ലെൻസിനു മുകളിലേക്കു നീളുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. മറിയം റഷീദയുടെ മൊഴിയും അതിനു സമാനമായ ഫൗസിയയുടെ മൊഴിയും സിബിഐയും പിന്നീടു കോടതിയും നിരസിച്ചു. കേരള പൊലീസിൽ നിന്നും ഐ.ബിയിൽ നിന്നും അനുഭവിക്കേണ്ടിവന്ന യാതനകളെക്കുറിച്ച് വിവരിക്കുമ്പോൾ മറിയം തേങ്ങിക്കരയുകയായിരുന്നു... ആദ്യമായി എനിക്ക് അവരോട് സഹതാപം തോന്നി.
കെട്ടുകഥകൾ കൊണ്ടു കെട്ടിപ്പൊക്കിയ ചാരക്കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന മാലി സ്വദേശികളായ മറിയം റഷീദയെയും ഫൗസിയ ഹസനെയും കേസിലുൾപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയായിരുന്നു. നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണു പേരു പറയിച്ചതെന്നും കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസന്റെ പിന്നീടുള്ള വെളിപ്പെടുത്തൽ നമ്പി നാരായണന്റെ ആത്മകഥയിൽ പറഞ്ഞതെല്ലാം ശരിവയ്ക്കുന്നതായി.
അവരാണ് യഥാർഥ ചാരന്മാർ; കൂടെ അവളും
മാലി സ്വദേശിയായ മറിയം റഷീദ എന്ന യുവസുന്ദരി ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ പാക്കിസ്ഥാന് കടത്താൻവേണ്ടി ചാരപ്പണിചെയ്തു. ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞരെ അതിനായി അവർ വശത്താക്കി. ഇതനുരിച്ച് ഇന്ത്യൻ ഔദ്യോഗിക രഹസ്യനിയമത്തിന്റെ 3, 4, 5, വകുപ്പുകൾപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നെ, പത്രങ്ങളുടെ വായിലേയ്ക്ക് വാർത്തകൾ എറിഞ്ഞുകൊടുത്തു. 1994 ഒക്ടോബർ 14 ന് തിരുവനന്തപുരത്തെ പൊലീസ് കമ്മിഷണർ ഓഫീസിൽ തന്റെ വിസ കാലാവധി കഴിഞ്ഞു എന്നറിയിച്ച് എത്തിയതായിരുന്നു മറിയം റഷീദ. ഒരു രാജ്യത്തെ ചാരവനിത സ്വന്തം പാസ്പോർട്ടുമായി ഒരിക്കലും ഈ പണിക്കിറങ്ങില്ല എന്ന സമാന്യധാരണപോലും ഇല്ലാതിരുന്ന പൊലീസുകാർ അവരെ നിരീക്ഷണത്തിൽവെച്ചു. സ്വന്തം വിസ കാലാവധി തീർന്നു എന്നുപറഞ്ഞ് പാസ്പോർട്ടും പൊക്കിപ്പിടിച്ച് ഒരു തീവ്രവാദിയോ ചാരനോ പൊലീസ് സ്റ്റേഷനിൽ വരുമോ? ഇതൊന്നും തിരക്കാൻ അവർക്ക് സമയം കൊടുത്തില്ലെന്നും പറയാം.
സംഭവം പത്രമാധ്യമങ്ങൾ കാര്യമായി ആഘോഷിച്ചു. മാലിയിലും ഡൽഹിയിലും തിരുവനന്തപുരത്തും പത്രപ്രവർത്തകർ അപസർപ്പകഥകൾ മെനഞ്ഞു. അധികാരമില്ലാത്ത സംഭവത്തിൽ പൊലീസ് വലിഞ്ഞു കയറി കേസെടുത്തു. അതീവരഹസ്യസ്വഭാവമുള്ള അന്വേഷണം ഐ.ബി. ചന്തപ്പാട്ടാക്കി. മുതലെടുപ്പു രാഷ്ട്രീയക്കാർക്ക് കഥകൾ പടച്ചുകൊടുത്തു. ഇവിടെയൊന്നും സിഐ.എയുടെ സാന്നിധ്യം നമുക്കു ബോധ്യമാവില്ല. അതിൽ അവർ ഇപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സിഐ.എയാണ് ഐഎസ്ആർഒ ചാരക്കേസ് ഉണ്ടാക്കിയെടുത്തത് എന്നുപറഞ്ഞാൽ അതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടാകും. എന്നാൽ സിഐ.എ. ചെയ്തത് എന്ന അനുമാനത്തിൽ എത്താവുന്ന കുറേ സംഭവങ്ങൾ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
350 കോടി ഡോളറിനു വിദേശരാജ്യങ്ങൾക്ക് ക്രയോജനിക് റോക്കറ്റിന്റെ സേവനം വിറ്റു കാശുണ്ടാക്കാൻ നാസ പദ്ധതിയിടുന്ന കാലത്താണ് ഇതേ സാങ്കേതികവിദ്യയ്ക്കായി ഇന്ത്യ റഷ്യയുമായി കരാറിൽ ഏർപ്പെടുന്നത്. അന്ന് ഫ്രാൻസും ഇതൊരു കച്ചവടമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇന്ത്യാ-റഷ്യ കരാർ തങ്ങളുടെ കച്ചവട താൽപര്യത്തിനേറ്റ വലിയ ക്ഷീണമായി കരുതിയ അമേരിക്കൻ കരാർ തകർക്കാൻ നേരിട്ടുതന്നെ ഇടപെട്ടു. ക്രയോജനിക് ടെക്നോളജി ഡയറക്ടറായ ഞാനും റഷ്യൻ ഗ്ലവ്കോസ്മോസിലെ ക്രയോജനിക് മേധാവി പ്രഫ. ദുനൈവും ഒപ്പുവെച്ച കരാർ മണത്തറിഞ്ഞ അമേരിക്ക, ഉടമ്പടി മരവിപ്പിക്കാൻ ഔദ്യോഗികമായിത്തന്നെ അറിയിപ്പു നൽകി. അമേരിക്കയെ ഭയന്നു കരാർ മരവിപ്പിക്കാൻ റഷ്യ തീരുമാനിച്ചു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ മരവിപ്പിക്കൽ പ്രാബല്യത്തിലാകും മുമ്പേ ക്രയോജനിക് ഹാർഡ് വെയറുകൾ നൽകാൻ റഷ്യ സമ്മതിച്ചു.
എന്നാൽ, നമ്മുടെ ക്രയോജനിക്ക് സ്വപ്നങ്ങൾ അമേരിക്ക തന്ത്രങ്ങൾ മെനഞ്ഞു. അങ്ങനെ അവർ നമ്മുടെ ഓർഗനൈസേഷനെ കളങ്കപ്പെടുത്താമെന്ന ചിന്തയിൽ എത്തിചേർന്നുകാണും. എങ്കിലും തദ്ദേശീയ ക്രയോജനിക് എന്ന ആശയവുമായി നാം മുന്നോട്ടുപോയി. ഈ സമയത്താണ് മറിയം റഷീദ അറസ്റ്റിലാവുന്നത്. സാധാരണ കേസായി രജിസറ്റർ ചെയ്ത സംഭവത്തിനു രഹസ്യചോർച്ചയുടെ മാനം നൽകിയത് ഐ.ബിയുടെ ഇടപെടലാണ്. അന്വേഷണ വേളയിൽ ഐ.ബി ഉദ്യോഗസ്ഥരും കേരള പൊലീസും നൂലിൽ കെട്ടിയിറക്കിയ കള്ളകഥകളാണ് യഥാർത്ഥത്തിൽ ചാരക്കേസ്. ഐ.ബിയുടെ നാടകത്തിനു പിന്നിലെ ശക്തികേന്ദ്രം ആരെന്നു തിരിച്ചറിഞ്ഞാലേ അമേരിക്കൻ ഇടപെടലിന്റെ വഴിയും സ്വഭാവവും വ്യക്തമാകൂ. 1996 നവംബർ 17 ന് ഐ.ബിയുടെ ക്രാക് കൗണ്ടർ വിഭാഗം മേധാവി രത്തൻ സെഗാളിനെ ഡയറക്ടർ അരുൺ ഭഗത് വിളിച്ചുവരുത്തി. അമേരിക്കക്കാരിയായ സിഐ.എ. ഏജന്റിനൊപ്പം സെഗാൾ യാത്ര ചെയ്തതിന്റെയും കൂടിക്കാഴ്ചകളുടെയും വീഡിയോ ടേപ്പുകൾ കാണിക്കാനായിരുന്നു അരുൺ ഭഗത് വിളിച്ചുവരുത്തിയത്. കിടപ്പുമുറിയിലെ ട്യൂണയെന്നു മറിയം റഷീദയെ കുറിച്ചെഴുതിയ വാർത്തകൾ പത്രക്കാർക്ക് എത്തിച്ചുകൊടുത്ത അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു അന്നു സെഗാൾ. ഏതാനും വർഷം പിന്നാലെ നടന്നു പകർത്തിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ സെഗാൾ സിഐ.എ. ചാരനാണെന്നു ഐ.ബിക്ക് ബോധ്യമായതായി അരുൺ ഭഗത് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ സർവീസ് ബാക്കി നിൽക്കെ സ്വയംവിരമിച്ചുപോകാൻ അറിയിച്ചു.
ഒരു ഷോകോസുപോലും നൽകാതെ 27 വർഷത്തെ സർവീസുള്ള ഉയർന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ആരും ചോദ്യംചെയ്തില്ല. പുറത്തുപറയാൻ കഴിയാത്തത്രെയും രഹസ്യങ്ങളുടെ താവളമായിരുന്ന സെഗാളിനെ പിരിച്ചുവിട്ടതിലൂടെ ആഭ്യന്തരവകുപ്പ് വലിയൊരു തലവേദന ഒഴിവാക്കുകയായിരുന്നു. ഐ.ബിയുടെ അടുത്ത ഡയറക്ടർ ആകേണ്ട വ്യക്തി ചാരവൃത്തിക്ക് അറസ്റ്റിലായാൽ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമാവുമെന്ന ഭയം ആഭ്യന്തര വകുപ്പിനുണ്ടായിരുന്നു. സ്വയം വിരമിച്ചുപോവുക, അല്ലെങ്കിൽ നാഷണൽ സെക്യൂരിറ്റി ആക്ട് (എൻ.എസ്.എ) പ്രകാരം അറസ്റ്റു വരിക്കുക. ഈ രണ്ടു സാധ്യതകളാണു സെഗാളിനു മുന്നിൽ വെച്ചത്. എന്നാൽ, അദ്ദേഹം സ്വമേധയാ വിരമിക്കാൻ സന്നദ്ധത കാട്ടിയെന്നാണു പത്രവാർത്തകളിൽ കണ്ടത്. അമേരിക്കയുമായുള്ള നയതന്ത്രബന്ധം തകരാതിരിക്കാൻ സിഐ.എ. ഏജന്റായ സ്ത്രീയെ അറസ്റ്റുചെയ്യുകയോ അവരുടെ പേരിൽ കേസെടുക്കുകയോ ചെയ്തില്ല.
ഐഎസ്ആർഒ ചാരക്കേസ് നടക്കുന്ന 1994 കാലഘട്ടത്തിൽ സെഗാൾ ഐ.ബിയുടെ തലപ്പത്തുണ്ടായിരുന്നു എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്മാർ പറഞ്ഞതനുസരിച്ചാണ് ഇവിടെ അനധികൃതമായി അറസ്റ്റും വാർത്തകളും ഉണ്ടായത്. ഐ.ബി ജോയിന്റ് ഡയറക്ടർ ആകേണ്ട എം.കെ. ധർ ഐഎസ്ആർഒ ചാരക്കേസ് അന്വേഷണം നടക്കുമ്പോൾ കേരളത്തിൽ വന്നുപോയിട്ടുണ്ട്. ആ കാലത്ത് ഐ.എസ്‌ഐ. ഏജന്റ് എന്നു മുദ്രകുത്തി ഉത്തർപ്രദേശിൽനിന്ന് ഒരു മൗലവിയെ അറസ്റ്റു ചെയ്ത് വൻവാർത്ത സൃഷ്ടിച്ചതിന്റെ സൂത്രധാരനായിരുന്നു ധർ. പിന്നീടു നടത്തിയ അന്വേഷണത്തിൽ മൗലവി നിരപരാധിയാണെന്ന് ബോധ്യമായതോടെ വിട്ടയച്ചു. മൗലവി അറസ്റ്റുമായി ബന്ധപ്പെട്ട് വർഗീയത അഴിച്ചുവിടാൻ ശ്രമം നടത്തി എന്ന ആരോപണം ഉണ്ടായതിനെ തുടർന്ന് നടപടി വരുമെന്ന ഘട്ടത്തിലാണ് ധർ കേരളത്തിലേക്ക് വന്നത്.
ആദ്യയാത്രയിൽ ചാരക്കേസില്ലെന്നു പറഞ്ഞ ധർ, ഡൽഹിയിൽ പോയി മടങ്ങിയെത്തിയപ്പോൾ നിലപാട് മാറ്റി. ഇതിലെ യുക്തി പരിശോധിച്ചാലും മനസിലാകും ധറിന്റെയും സെഗാളിന്റെയും കണക്ഷനുകൾ. ഇതും കൂട്ടിവായിക്കേണ്ട തെളിവാണ്. വിരമിക്കൽ അടുത്ത സാഹചര്യത്തിൽ ഒരു എക്സ്റ്റൻഷൻ ആഗ്രഹിച്ച ധർ, കാട്ടിക്കൂട്ടിയതായിരുന്നു മൗലവിയുടെ അറസ്റ്റ്. എന്നാൽ, അതു നടക്കാതെ വന്നപ്പോൾ അദ്ദേഹം ചെയ്തത് ചാരക്കേസിൽ ഒരു കൈ നോക്കാമെന്നാണ്. എന്നാൽ, ചാരക്കേസിലേക്ക് താൻ എത്തിയ വഴി ധർന്റെ 'ഓപ്പൺ സീക്രട്ട്സ്' എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രി നിരസിംഹ റാവുവിന്റെ മകൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്, ഇത് ആദ്യം ഐ.ബി. വഴി റാവുവിനെ അറിയിച്ചു. എന്നിട്ട് എക്സ്റ്റൻഷൻ നൽകിയാൽ താൻ ഇടപെട്ട് രക്ഷിക്കാമെന്ന് ഉറപ്പുകൊടുക്കുന്നു. പക്ഷേ റാവു അിതനെ ചെവിക്കൊണ്ടില്ല.
സെഗാൾ സിഐ.എക്കുവേണ്ടി വർഷങ്ങളായി പ്രവർത്തിച്ചു എന്ന സത്യം ഐ.ബി തന്നെ തുറന്നുപറയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തതിലൂടെ, അയാളുടെ അന്വേഷണവഴികളും പരിശോധിക്കേണ്ടതായിരുന്നു. ഐ.ബിയിലെ അന്നത്തെ ഉദ്യോഗസ്ഥർ നേരിട്ട് സംവദിച്ച പൊലീസിലെ സിംഹങ്ങളെക്കൂടി ചോദ്യം ചെയ്താൽ സിഐ.എയും സെഗാളും ധറും ഒരുമിച്ചിരുന്ന് സംവിധാനം ചെയ്തതാണ് ഐഎസ്ആർഒ ചാരക്കേസെന്നു നിസംശയം തെളിയും. ഐ.ബി. നിർദ്ദേശമനുസരിച്ചാണ് ഞാനടക്കമുള്ളവരെ അറസ്റ്റു ചെയ്യുന്നത്. തെളിവുകളില്ലാതെ ചെയ്ത കുറ്റമെന്തെന്നറിയാതെ പ്രതികളെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ സിഐ.എയുടെ ചാരപ്പണിയുടെ നേരിട്ടുള്ള ഇടപാടുകാരായിരിക്കണം. പത്രങ്ങൾക്ക് വാർത്ത പടച്ചുനൽകിയ അന്നത്തെ രാഷ്ട്രീയ നേതാക്കളിലും സംഘടനാനേതാക്കളിലും ആരോ ഒരാൾ അറിഞ്ഞോ അറിയാതെയോ സിഐ.എയുടെ ഏജന്റായിരുന്നിരിക്കണം.
ഗ്ലവ്കോസ്മോസിലെ ക്രയോജനിക് വിഭാഗം മേധാവി അലക്സ് സി.വാസിൻ, പ്രോജക്ട് ഡയറക്ടറായ ഞാൻ, ഡെപ്യൂട്ടി. ഡയറക്ടർ ശശികുമാരൻ, ഗ്ലവ്കോസ്മോസിന്റെ ഏജന്റ് ചന്ദ്രശേഖർ, എം ടി.എ.ആർ. രവീന്ദ്ര റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് ക്രയോജനിക് ടെക്നോളജിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ. റഷ്യയുടെ പക്കൽ മാത്രമുള്ള, അമേരിക്കയ്ക്ക് അറിയുന്ന ഈ ലിസ്റ്റ് എങ്ങനെ പൊലീസിന് ലഭിച്ചു എന്ന് അന്വേഷിച്ചാൽ ബോധ്യമാവും ചാരക്കേസ് ആര്, ആർക്കുവേണ്ടി ഫ്രെയിം ചെയ്തതാണെന്ന്. ഇന്ത്യ-റഷ്യാ ക്രയോജനിക് ടെക്നോളജി ട്രാൻസ്ഫർ കരാർ ഒപ്പിട്ട കാലയളവിൽ, അതായത് 1992 മേയിൽ, ബുഷ് ഭരണകൂടം ഐ.എസ്.ആർ.ഒ, ഗ്ലവ്കോസ്മോസ് എന്നിവയുടെ മേൽ രണ്ടു വർഷത്തേക്ക് ഉപരോധം ഏർപ്പെടുത്തി. ഇതോടെ ക്രയോജനിക് ഇടപാട് പ്രതിസന്ധിയിലായി. ഇക്കാലയളവിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേയ്ക്കുള്ള യാത്ര സംബന്ധിച്ച കരാർ അമേരിക്കയും റഷ്യയും ചർച്ചചെയ്യുന്നത്.
ഇന്ത്യയുമായുള്ള കരാർ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകണമെന്നു റഷ്യ, അമേരിക്കയോട് ആവശ്യപ്പെട്ടു. മിർ ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ഏഴു ബഹിരാകാശ യാത്രകൾക്ക് അമേരിക്ക 400 മില്ല്യൻ ഡോളർ റഷ്യക്ക് നൽകി. ഈ തുകയിൽ റഷ്യയ്ക്കുണ്ടായ ഇന്ത്യ - റഷ്യ കരാറിന്റെ നഷ്ടവും പരിഹരിക്കപ്പെട്ടതായി വിഖ്യാത ശാസ്ത്രജ്ഞൻ ബ്രയാൻ ഹാർവി തന്റെ ' Russia in Space :The Failed Frontier ? എന്ന പുസ്തകത്തിൽ പറയുന്നു. ആ പുസ്തകത്തിന്റെ വരികൾക്കിടയിൽ പറയാതെയും പറഞ്ഞും പോകുന്നത് വായിച്ചാൽ ചാരക്കേസ് സങ്കീർണമാക്കിയതിലെ അമേരിക്കൻ കൈകൾ മനസിലാകും. ചാരക്കേസിന്റെ ചരിത്രമെഴുതുമ്പോൾ കേസിൽ നേരിട്ട് ബന്ധമില്ലാത്തവരുടെ തെറ്റായ ഇടപെടലുകൾ പലതും വേദന നൽകിയിട്ടുണ്ട്. വി എസ്. അച്യുതാനന്ദനെ എനിക്ക് വലിയ ബഹുമാനമായിരുന്നു. അദ്ദേഹം നേരിനൊപ്പം എല്ലാ കാലത്തും നിലനിൽക്കുന്ന ഒരാളായി ഞാൻ കരുതിയിരുന്നു. എന്നാൽ ചാരക്കേസിന്റെ പല ഘട്ടങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്റെ മനസിലെ വിഗ്രഹം ഉടച്ചു.
ചാരക്കേസിന്റെ അന്വേഷണത്തിനായി പൊലീസ് നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസുമായി കുറച്ചുനാൾ മുമ്പൊരു കൂടിക്കാഴ്ച നടന്നു. എന്റെയൊരു സുഹൃത്ത് നിർബന്ധിച്ചിട്ട് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. അവിടെ സിബി മാത്യൂസും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ കാണാൻ വന്ന നിൽപ്പുണ്ടായിരുന്നു. എനിക്ക് കൂടിക്കാഴ്ചയിൽ വലിയ താൽപര്യം ഉണ്ടായിരുന്നില്ല. കാരണം എന്നെ അറസ്റ്റുചെയ്ത സമയത്തും ചോദ്യം ചെയ്യൽ വേളയിലും ഞാനദ്ദേഹത്തെ കാണാനും സംസാരിക്കാനും നിരപരാധിത്വം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷേ അന്ന് അദ്ദേഹം കേവലം രണ്ടര മിനിറ്റ് മാത്രമാണ് എന്നെ ചോദ്യം ചെയ്യാൻ ചെലവിട്ടത്.
താൻ ഈ കേസിൽ അറിയാതെ പെട്ടതാണെന്നും അന്നത്തെ ഡി.ജി.പി. മധുസൂദനൻ ബോധപൂർവ്വം കേസ് അന്വേഷണ ചുമതല തന്റെ തലയിൽ കെട്ടിവെച്ചതാണെന്നും സിബി മാത്യൂസ് എന്നോട് പറഞ്ഞു. അദ്ദേഹം എന്നെ ദ്രോഹിക്കാൻ ബോധപൂർവ്വം ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു. ഞാൻ പ്രതികരിച്ചില്ല. ഏറെനേരത്തെ മൗനത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ എന്നോട് സംസാരിച്ചു. എന്റെ ഭാര്യ മീന പതിവായി അമ്പലങ്ങളിൽ പോകുന്ന കാര്യം അവർക്കറിവുണ്ട്. മീന അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിരുന്നതിനാൽ സിബി മാത്യൂസിനും കുടുംബത്തിനും ദോഷങ്ങൾ ഉണ്ടാകും എന്നിവർ ഭയക്കുന്നു. അവർ കടുത്ത ദൈവ ഭയത്തിലാണെന്നും അവരോട് ഞാൻ ക്ഷമിക്കണമെന്നും അവർ പറഞ്ഞു. ക്ഷമിക്കണോ എന്നു തീരുമാനിക്കാൻ എനിക്കിപ്പോഴാകില്ല. മാപ്പു തരാൻ ഞാൻ ദൈവവുമല്ല. അവൾ എന്നും അമ്പലത്തിൽ പോകാറുണ്ട്, പ്രാർത്ഥിക്കാറുണ്ട്. പക്ഷേ ആരും നശിച്ചുപോകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കാറില്ല. അവർ മറുപടി ഒന്നും പറഞ്ഞില്ല.
പക്ഷേ ഞാൻ അധികം സംസാരങ്ങൾക്ക് നിൽക്കാതെ കൂടിക്കാഴ്ക്ക് വേദിയൊരുക്കിയ സുഹൃത്തിന് നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി. പൂജപ്പുര ലാക്റ്റ്സ് ഗസ്റ്റ് ഹൗസിൽനിന്നും എന്നെ രണ്ടര മിനിറ്റ് മാത്രം ചോദ്യംചെയ്തു പുറത്തുപോയ ഉദ്യോഗസ്ഥനെപ്പോലെയല്ല, രണ്ടര മണിക്കൂർ അദ്ദേഹത്തിന് പറയാനുള്ളത് കേട്ടശേഷമാണ് ഞാൻ മടങ്ങിയത്. അന്ന് എന്നെ ചോദ്യംചെയ്യുമ്പോൾ പൊലീസും ഐ.ബിക്കാരും വിചാരിച്ചില്ല ഞാൻ പുറത്തുവരുമെന്ന്. അവർ നൽകുന്ന കള്ള തെളിവുകൾ സ്വീകരിച്ച് കോടതി എന്നെ ശിക്ഷിക്കും. ആ ശിക്ഷയോടെ ഞാനും എന്റെ ലോകവും അവസാനിക്കും എന്നിവർ തെറ്റിദ്ധരിച്ചിരുന്നിരിക്കണം. പക്ഷേ സത്യത്തിന് ഒരുനാൾ പുറത്തുവരാതെ സാധിക്കില്ലല്ലോ? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും.