തിരുവനന്തപുരം: ചാരക്കേസിൽ കുടുങ്ങിയ ശേഷം നമ്പി നാരായണൻ എന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനോട് നമ്മുടെ രാജ്യം എത്രകണ്ട് നീതി കാണിച്ചു എന്ന ചോദ്യം സജീവമായി ചർച്ച ചെയ്യുന്ന സമയമാണ് ഇപ്പോൾ. കേസിൽ കുടുങ്ങി കരിയർ നശിച്ച ശാസ്ത്രജ്ഞന് ഒടുവിൽ വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതിയിൽ നിന്നും നീതി കിട്ടിയത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയ അന്വേഷണ സംഘത്തിൽ നിന്നും അമ്പത് ലക്ഷം രൂപ പിഴയായി ഈടാക്കണമെന്നാണ് കോടതി നിർദ്ദേശം വന്നിരിക്കുന്നത്. ഇതോടെ ഇനി ഈ കേസിൽ നിയമപോരാട്ടത്തിനില്ലെന്ന് നമ്പി നാരായണൻ പറഞ്ഞു കഴിഞ്ഞു.

ഒരു സംഘം ആസൂത്രണം ചെയ്ത കഥകൾ വിശ്വസിച്ച് വലിയൊരു വിഭാഗം മലയാളികൾ രാജ്യത്തെ ഒറ്റുകൊടുത്തവനാണ് നമ്പി നാരായണൻ എന്ന വിശ്വാസിച്ചിരുന്നു. അങ്ങനെ വിശ്വസിച്ചതിന് പശ്ചാത്തപിക്കുന്നവരാണ് ഇന്ന്. സൈബർ ലോകത്തു കൂടി പലരും നമ്പി നാരായണനോട് മാപ്പു പറഞ്ഞു കഴിഞ്ഞു. ഇങ്ങനെ പശ്ചാത്തപിക്കുന്നവർ ആത്മർത്ഥയുണ്ടെങ്കിൽ ഒരു കാലത്ത് നിങ്ങൾ ഈ പാവം മനുഷ്യനെ കുറിച്ച് തെറ്റായി ചിന്തിച്ചിരുന്നതിന് പ്രായശ്ചിത്തമായി ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുമുണ്ട്. കേസിൽ കുടുങ്ങിയ ശേഷം അവഗണന മാത്രം നേരിട്ട് നമ്പി നാരായണന് രാഷ്ട്രത്തിന്റെ പുരസ്‌ക്കാരം നേടാൻ സഹായിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം.

രാജ്യം കണ്ട മികച്ച ശാസ്ത്രജ്ഞന്മാരിൽ ഒരാൾ കൂടിയായ നമ്പി നാരായണനെ പത്മ പുരസ്‌ക്കാരത്തിന്റെ ശുപാർശ ചെയ്യണമെന്ന ആവശ്യം ഇതിനോടകം സൈബർ ലോകത്ത് ഉയർന്നു കഴിഞ്ഞു. ഈ ആവശ്യം കൂടുതൽ ശക്തമാക്കാനാണ് നീക്കം. കേന്ദ്രസർക്കാറിന്റെ നയം അനുസരിച്ച് പൊതുജനങ്ങൾക്കും ആർക്ക് പുരസ്‌ക്കാരം കൊടുക്കണം എന്ന നിർദ്ദേശം വെക്കാവുന്നതാണ്. ഈ അവസരം മുതലെടുത്ത് നമ്പി നാരായണനെ പത്മ പുരസ്‌ക്കാരത്തിനായി ശുപാർശ ചെയ്യണെന്ന ആവശ്യമാണ് സൈബർ ലോകത്ത് ഉയർന്നിരിക്കുന്നത്. രഞ്ജിത്ത് എബ്രഹാം തോമസ് എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച ചർച്ചകൾക്ക് സൈബർ ലോകത്ത് തുടക്കമിട്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് രഞ്ജിത്ത് ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പട്ടത് ഇങ്ങനെയാണ്: അടുത്ത വർഷത്തെ പത്മ പുരസ്‌ക്കാരങ്ങൾക്ക് പേരുകൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ വിഞ്ജാപനം ഇറക്കുമ്പോൾ മലയാളികൾ ഒന്നായി നമ്പി നാരായണന്റെ പേര് സമർപ്പിക്കണം. അതിന് വേണ്ടി ശക്തമായ സോഷ്യൽ മീഡിയ ക്യാംപയിനിങ് തുടങ്ങണം. മഹാനായ ആ ശാസ്ത്രജ്ഞനെ രാജ്യം ആദരിക്കണം. ജീവിതത്തിന്റെ അവസാന സായാഹ്നങ്ങളിലാണ് ആ വയോധികൻ. ആനന്ദ കണ്ണീരോടെ അദ്ദേഹം ഈ ലോകത്തോട് യാത്ര പറയണം...

രഞ്ജിത്തിന്റെ അഭിപ്രായത്തിന് വലിയ പ്രതികരണമാണ് സൈബർ ലോകത്തു നിന്നും ലഭിച്ചത്. നിരവധി ആളുകൾ രഞ്ജിത്തിന്റെ അഭിപ്രായത്തോട് യോജിപ്പ് രേഖപ്പെടുത്തി. ചാരക്കേസിൽ കുടുങ്ങിയ വ്യക്തി എന്നതിന് അപ്പുറം നമ്പി നാരായണൻ ഐഎസ്ആർഒക്ക് നൽകിയ സംഭാവനകളെ കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ, നാസയിലേക്ക് ക്ഷണിക്കപ്പെടും വിധം മിടുക്കനായ ശാസ്ത്രജ്ഞനായിരുന്നു നമ്പി നാരായണൻ. നമ്പി നാരായയണന്റെ ഭാവി തകർത്തത് ചാരക്കേസ് അന്വേഷിച്ച മുൻ ഡി.ജി.പി. സിബി മാത്യൂസ്, മുൻ എസ്‌പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവരാണെങ്കിലും ഇതിന് പിന്നാൽ അമേരിക്കൻ ഗൂഢാലോചനയുണ്ടെന്ന വാദവും ശക്തമായിരുന്നു.

ലോകം മുഴുവൻ ശ്രദ്ധിച്ച കേസിന് പിന്നിൽ ഇന്ത്യൻ ബഹിരാകാശ രംഗത്തെ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി അമേരിക്കൻ ചാര സംഘടനയായ സിഐഎ സൃഷ്ടിച്ചതാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. അമേരിക്കൻ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ട് തന്നെ കുടുക്കിയതെന്നാണ് നമ്പി നാരായണൻ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. സങ്കീർണമായ സാങ്കേതിക വിദ്യയിൽ തനിക്ക് അറിവുണ്ടായിരുന്നു. അതുകൊണ്ടാണ് അമേരിക്ക തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തതെന്നാണ് നമ്പി നാരായണൻ വ്യക്തമാക്കുന്നത്. ഇതാണ് കോടതി അംഗീകരിച്ചതും. കേസ് തുടങ്ങുന്നത് 1994 നവംബറിലാണ്. ഐഎസ്ആർഒയിൽ നിന്നു ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങൾ ചോർന്നുവെന്നു ചൂണ്ടിക്കാണിച്ച് തിരുവനന്തപുരത്ത് സർക്കിൾ ഇൻസ്‌പെക്ടർ എസ്.വിജയൻ രജിസ്റ്റർ ചെയ്യുന്ന കേസിലൂടെ. ശാസ്ത്രജ്ഞനായ നമ്പി നാരായണനും പ്രതിയാകുകയായിരുന്നു. അദ്ദേഹത്തിനൊപ്പം എസ്.ശശികുമാർ കൂട്ടുപ്രതിയായി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീകളും അറസ്റ്റിലായി.

പൊലീസ് പരിശോധനയ്ക്കിടെ വീസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. അന്വേഷണം ബെംഗളൂരുവിലുണ്ടായിരുന്ന ഫൗസിയ ഹസനിൽ എത്തുന്നു. ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവർ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതാണു കേസിന്റെ പ്രാഥമിക രൂപം. ഇവിടെ നിന്നും പിന്നീട് നിറം പിടിപ്പിച്ച ചാരക്കഥകൾ പ്രവഹിക്കുകയായിരുന്നു. ഫൗസിയയും മറിയം റഷീദയും പാക്ക് ചാരസംഘടനയിലെ അംഗങ്ങളാണെന്ന സൂചനകൾ പുറത്തുവന്നതോടെ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. നമ്പി നാരായണനെയും ശശികുമാറിനെയും ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്ന വെളിപ്പെടുത്തലുമുണ്ടായി.

രമൺ ശ്രീവാസ്തവ ശശികുമാറിനും നമ്പി നാരായണനും അനുകൂലമായി നിലപാട് എടുത്തുവെന്ന പേരിൽ കുറ്റാരോപിതനായി. ശ്രീവാസ്തവയെ സംരക്ഷിക്കുന്ന തരത്തിൽ കെ.കരുണാകരൻ നിയമസഭയിൽ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിനു തിരിച്ചടിയായി. ഹൈക്കോടതി പരാമർശം വന്നതോടെ അദ്ദേഹം രാജിവച്ചു. കേസ് പിന്നീട് ഇന്റലിജൻസ് ബ്യൂറോ ഐജി ആയിരുന്ന സിബി മാത്യൂസ് ഏറ്റെടുത്തു. ആർ.ബി.ശ്രീകുമാർ, മാത്യു ജോൺ എന്നീ ഡയറക്ടർമാരും അന്വേഷണ സംഘത്തിൽ. രാജ്യത്തിനു ഹിതകരമല്ലാത്ത രീതിയിൽ ശാസ്ത്രജ്ഞന്മാർ പ്രവർത്തിച്ചു എന്നായിരുന്നു ഇവരുടെ കുറ്റപത്രം. പക്ഷേ പിന്നീട് ഹൈക്കോടതി കുറ്റപത്രം തള്ളിക്കളഞ്ഞു. രഹസ്യങ്ങൾ ചോർന്നതിനു തെളിവില്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

ഇത് വലിയൊരു നിയമപ്പോരാട്ടത്തിലേക്കും നയിച്ചു. കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകരിൽ ഒരാളും പ്രഗൽഭനായ ഉദ്യോഗസ്ഥൻ എന്നു പേരു കേൾപ്പിച്ചയാളുമായ സിബി മാത്യൂസും നമ്പി നാരായണനുമായിരുന്നു ഇരുവശങ്ങളിലായി. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വാദൗത്യമായ 'മംഗൾയാൻ' വിജയിപ്പിച്ച രാജ്യമെന്ന നേട്ടത്തിൽ ഇന്ത്യ എത്തിനിൽക്കുമ്പോൾ അതിനുപയോഗിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ പിഎസ്എൽവി പദ്ധതിയിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരുടെ സംഭാവന വിസ്മരിക്കപ്പെടുകയായിരുന്നു. കോളിളക്കം സൃഷ്ടിച്ച ഈ കേസ് സൃഷ്ടിച്ചതിൽ അമേരിക്കാൻ ചാരസംഘടനക്ക് പങ്കുണ്ടോ എന്ന സംശയം തുടക്കം മുതൽ തന്നെ സജീവമായി. ഇതിലേക്കാണ് അന്വേഷണം എത്തുന്നത്.

അമേരിക്കൻ പൗരത്വം നൽകി തനിക്ക് നാസയിൽ നിയമനവും വാഗദാനം ചെയ്തിരുന്നു അമേരിക്കയെന്നും ഇത് നിഷേധിച്ചതിന്റെ പ്രതികാരമായാണ് കൃത്യമായ കരുനീക്കങ്ങളിലൂടെ ചാരക്കേസ് സൃഷ്ടിച്ചതെന്നും ആണ് നമ്പിനാരായണൻ ആരോപിച്ചിരുന്നത്്. എന്തായാലും മിടുക്കനായി ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മ പുരസ്‌ക്കാരം ലഭിക്കാൻ അവസരം ഒരുക്കിയാൽ തന്നെ അദ്ദേഹത്തോട് മലയാളി സമൂഹത്തിന് ചെയ്യാൻ കഴിയുന്ന വലിയ കാര്യമായിരിക്കും.

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരായ വിക്രംസാരാഭായിയുടെയും സതീഷ് ധവാന്റെയും പ്രിയ ശിഷ്യൻ കൂടിയായിരുന്നു നമ്പി നാരായണൻ. തുടക്കത്തിൽ റഷ്യയായിരുന്നു ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയും ഉപദേഷ്ടാവും സഹായിയും. റഷ്യയുടെ സഹായത്തോടെ ബഹിരാകാശ സാങ്കേതികവിദ്യകളും റോക്കറ്റ് വിക്ഷേപണ പദ്ധതികളും തദ്ദേശീയമായി വികസിപ്പിച്ചെടുക്കാൻ നേതൃത്വം നൽകിയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് അദ്ദേഹം. 1966 മുതൽ1994 വരെയുള്ള 28 വർഷക്കാലം ഐ എസ് ആർ ഒയിൽ പ്രവർത്തിച്ച് ലോകശാസ്ത്രലോകത്തെ പ്രധാന ബഹിരാകാശ ശാസ്ത്രജ്ഞനായി മാറി.

1970കളിൽ റോക്കറ്റുകൾക്കായി ദ്രാവകഇന്ധനസാങ്കേതികവിദ്യയും ഖരഇന്ധന സാങ്കേതികവിദ്യയും ഐ.എസ്.ആർ.ഒ വികസിപ്പിക്കുന്നുണ്ടായിരുന്നു. ഇതിൽ ദ്രാവക ഇന്ധനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തവരിൽ പ്രധാനിയായിരുന്നു നമ്പി നാരായണൻ. അതിശീതീകൃത ദ്രവഇന്ധനങ്ങളും അവക്ക് വേണ്ട എഞ്ചിനുകളും വികസിപ്പിക്കുന്നതിലും മിടുക്കൻ. ഈ മിടുക്കുതന്നെയാണ് മംഗൾയാനുമായി പോയ പി.എസ്.എൽ.വിയേയും നയിച്ചത്.

ഇന്ത്യൻ ശാസ്ത്രലോകത്തെ അഭിമാന നെറുകയിലെത്തിച്ച മുൻ രാഷ്ട്രപതി കൂടിയായ അബ്ദുൽ കലാമിന് ഖര ഇന്ധന സങ്കേതികവിദ്യയിലായിരുന്നു താത്പര്യം. നമ്പി നാരായണന്റെ മേഖല ദ്രവ ഇന്ധനമായിരുന്നു. ഫ്രാൻസിന്റെ സഹകരണത്തോടെ ദ്രവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഒരു റോക്കറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള ശ്രമത്തിൽ ഈ മലയാളിയും പങ്കാളിയായി. അതാണ് വികാസ് എഞ്ചിൻ. പിന്നീട് പി എസ് എൽ വിയിൽ ഈ എഞ്ചിൻ ഒരു പ്രധാന ഘടകമായി മാറി. 22 വിക്ഷേപണങ്ങളിൽ ഇത് വിജയകരമായി ഉപയോഗിച്ചു. പിന്നീട് ക്രയോജെനിക്കിലായി നമ്പി നാരായണന്റെ ശ്രദ്ധ. ക്രയോജെനിക് സങ്കേതിക വിദ്യ കൈവരിച്ചാൽ മാത്രമേ ഭൂതല ഉപഗ്രഹം വിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. ഇത് തകർക്കാനുള്ള കള്ളക്കളികളാണ് നമ്പീ നാരായണനെ ജയിൽ എത്തിച്ചത്.