ന്യൂജഴ്സി: അസമത്വങ്ങളില്ലാതെ മലയാളി ഒന്നായി ജീവിച്ച, മാവേലി മന്നന്റെ കാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ടു വരുന്ന ഓണക്കാലത്തെ വരവേൽക്കാൻ നാമവും മഞ്ചും സംയുക്തമായി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ന്യൂജഴ്സിയിലെ അസോസിയേഷനുകളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ടു സംഘടനകൾ ഒരുമിച്ചു നിന്നു ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് നാമം രക്ഷാധികാരി മാധവൻ ബി നായർ പറഞ്ഞു.

ഒരുമയുടെ ഓണസന്ദേശം ‘ഒരുമ' മലയാളികൾക്ക് പകർന്നുകൊണ്ട് 2015 സെപ്റ്റംബർ 19-ന് എഡിസൺ ഹെർബെർട്ട് ഹൂവർ മിഡിൽ സ്കൂളിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് മഞ്ച് പ്രസിഡന്റ് ഷാജി വർഗീസ് അറിയിച്ചു.

ചരിത്രപരമായ തീരുമാനത്തിലൂടെ മഞ്ചും നാമവും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് പൂർണ്ണമായും നേതൃത്വം നൽകുന്നത് യുവതലമുറയാണെന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്നു എന്നു പറഞ്ഞ നാമം പ്രസിഡന്റ് ജിതേഷ് തമ്പി പരിപാടിയുടെ സുഗമമായ നടത്തിപ്പിനു സജിത് കുമാറിനെ കൺവീനറായും, സജിമോൻ ആന്റണി, അജിത് പ്രഭാകർ എന്നിവരെ കോ- കൺവീനറായും തെരഞ്ഞെടുത്തതായും അറിയിച്ചു.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണർത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേൽക്കുന്നതോടെ തുടങ്ങുന്ന പരിപാടികളിൽ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, കലാപരിപാടികളും തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ഉണ്ടായിരിക്കും. ഈ ആഘോഷപരിപാടികളിൽ പങ്കെടുത്ത് ഓണസദ്യയും ആസ്വദിക്കാൻ കൺവീനർ സജിത്ത് കുമാർ ഏവരേയും സ്വാഗതം ചെയ്തു. രാജശ്രീ പിന്റോ അറിയിച്ചതാണിത്.