- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിന്റെ മുന്തിരിത്തോപ്പ്! പത്മരാജന്റെ ക്ലാസിക് പ്രണയ ചിത്രത്തെക്കുറിച്ച് ഒരു കുറിപ്പ്
മലയാളസിനിമയിലെ ഏറ്റവും മികച്ച പ്രണയകാവ്യങ്ങൾ സൃഷ്ടിച്ച പത്മരാജന്റെ ഇരുപത്തഞ്ചാം ചരമവാർഷികവേളയിൽ അദ്ദേഹത്തിന്റെ ക്ലാസിക് പ്രണയചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പ്. നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളുടെ മുപ്പതാം വാർഷികവുമാണിത്. ''നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്ത
മലയാളസിനിമയിലെ ഏറ്റവും മികച്ച പ്രണയകാവ്യങ്ങൾ സൃഷ്ടിച്ച പത്മരാജന്റെ ഇരുപത്തഞ്ചാം ചരമവാർഷികവേളയിൽ അദ്ദേഹത്തിന്റെ ക്ലാസിക് പ്രണയചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പ്. നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളുടെ മുപ്പതാം വാർഷികവുമാണിത്.
''നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം
അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം
പൂക്കുകയും ചെയ്തുവോ എന്നും നോക്കാം
അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമംതരും''
പ്രണയിനിയുടെ തിരുരൂപത്തിനു മുമ്പിൽ പ്രേമവിവശനായ സോളമന്റെ ഉത്തമഗീതം കെട്ടഴിഞ്ഞുപരന്നൊഴുകി. പരിപാവനമായ ദൈവാനുഭവത്തിനു മുകളിൽ അനുരാഗവായ്പിന്റെ മധുരഗീതങ്ങൾ ആലപിച്ചുകൊണ്ട് വേദപുസ്തകം കാമനകളുടെ കള്ളക്കടത്തു നടത്തി. ലോകത്തിലാരും തന്നെ മേൽപറഞ്ഞ വരികൾ ഭക്ത്യാദരം മാത്രം ഉരുവിട്ട് ദൈവസന്നിധിയിൽ നിൽക്കാറില്ല. അവർക്കറിയാം ആഗ്രഹങ്ങളുടെ മുന്തിരിവള്ളികൾ പടർന്നുകയറിയ വേദപുസ്തകത്തിന്റെ അബോധമനസ്സിനെ.
കെ.കെ.സുധാകരന്റെ 'നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം' എന്ന നോവലിന്റെ സിനിമാഭാഷ്യമാണ് പത്മരാജൻ സംവിധാനം ചെയ്ത 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ'. സാഹിതീയത തുളുമ്പുന്ന സംഭാഷണങ്ങളും അങ്ങേയറ്റം സിനിമാറ്റിക്കായ ദൃശ്യഭംഗിയും പാകത്തിനുചേർന്ന മലയാള സിനിമ. സോഫിയയുടെയും സോളമന്റെയും പ്രണയമാണ് കഥാതന്തു. അതിസാധാരണമെന്നു തോന്നാവുന്ന കഥയെ കലയുടെ വിധ്വംസകശേഷികൊണ്ട് മോടിപിടിപ്പിക്കുന്ന സർഗശേഷി ഈ ചിത്രത്തിലുണ്ട്.
താൻ മോഹിച്ച പെൺകുട്ടിയെ വിധിക്കും സാമൂഹികകോയ്മകൾക്കും അടിയറവയ്ക്കാതെ പ്രണയംകൊണ്ട് മോചിപ്പിക്കുന്ന സോളമനെപോലൊരു അനുരാഗി മലയാളസിനിമയിലെ അപൂർവ്വതകളിലൊന്നാണ്. സാമൂഹ്യപദവിയിൽ സോഫിയയുടെ അരക്ഷിതാവസ്ഥയോ രണ്ടാനച്ഛൻ അവളിൽ ചൊരിഞ്ഞ ക്രൂരതയോ സോളമന്റെ പ്രണയത്തെ ഉലച്ചതേയില്ല. ജീവിതത്തിന്റെ കൊടിപ്പടം താഴ്ന്നുപോകാതിരിക്കാൻ അയാൾ പൂർവ്വാധികം ശക്തിയോടെ സോഫിയയെ ആഗ്രഹിച്ചു. സോഫിയ തിരിച്ചും. ആഗ്രഹങ്ങൾ കൊണ്ടാണ് മനുഷ്യർ ജീവിക്കുന്നത്, അതിജീവിക്കുന്നത്. മോഹങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പാകംതെറ്റാതെ വിളിവെടുക്കുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്.
കല സമൂഹത്തിൽ ചെയ്യുന്നതെന്താണ്? കാലം അരക്കിട്ടുറപ്പിച്ച പദവിബന്ധങ്ങളെയും മൂല്യങ്ങളെയും അതിന്റെ മുഴുവൻ സംഘർഷങ്ങളോടെയും തുറന്നുവയ്ക്കുക; അവയുടെ ഏകസ്വരതയെ പരമാവധി അഴിച്ചുവിടുക എന്നതെല്ലാമാണ് കലയുടെ പ്രധാനദൗത്യങ്ങളിലൊന്ന്. അതുവരെയുള്ള ക്രമങ്ങളെ അതേപോലെ നിലനിർത്തുകയല്ല കല ചെയ്യുന്നത്. യാഥാർത്ഥ്യത്തിന്റെ ഒരു കശക്കൽ നടക്കുന്നുണ്ട്. ഭക്തിയുടെയും ആത്മസംയമനത്തിന്റെയും ദൈവഭയത്തിന്റെയും പാഠപുസ്തകമായിട്ടാണ് സമൂഹം വേദപുസ്തകത്തെ ആചരിച്ചുവരുന്നത്. ഈ സിനിമയിലാകട്ടെ സോളമന്റെയും സോഫിയയുടെയും ആഗ്രഹചിന്തകളുടെ മാദ്ധ്യസ്ഥമാണ് ഇതിനുള്ളത്. ആത്മസംയമനത്തിന്റെ വേദപുസ്തകത്തെ കാമനകളുടെ ജീവിതപുസ്തകമാക്കിമാറ്റുന്നതിലാണ് ഈ സിനിമയുടെ കല വിപ്ലവാത്മകമാകുന്നത്.
വേദപുസ്തകം അന്നുവരെ ജീവിച്ചലോകത്തിന്റെ വിരുദ്ധരാശികളിലാണ് സിനിമ അതിനെ ജീവിക്കാൻ നിയോഗിക്കുന്നത്. സോഫിയ വേദപുസ്തകത്തെ ചുംബിക്കുന്ന അതിമനോഹരമായ ഒരു സീനുണ്ട് സിനിമയിൽ. വേദപുസ്തകം ചുംബിക്കുമ്പോൾ ദൈവാനുഭവത്തെ പ്രാപിക്കുവാനല്ല; രക്തവും മാംസവുമുള്ള മനുഷ്യാനുഭവത്തെ പ്രാപിക്കുവാനാണ് അവൾ ആഗ്രഹിക്കുന്നത്.
മനുഷ്യന്റെ അഭിലാഷലോകങ്ങളിലൂടെ വേദപുസ്തകത്തെ വ്യക്തിയുടെ ജീവിതപ്രയോഗങ്ങൾക്കും ആശാപൂരണങ്ങൾക്കുമുള്ള ഉപാധിയായി മാറ്റുകയാണിതിൽ. പഴയ സോളമന്റെ ദൈവകേന്ദ്രീകൃതമായ അനുഭവങ്ങളല്ല പുതിയ സോളമന്റെ ലക്ഷ്യം. തന്റെ ആശയ്ക്കും അതിന്റെ നിർവ്വഹണത്തിനും വേണ്ടി, ആവിധം മനുഷ്യകേന്ദ്രീകൃതമായ അനുഭവങ്ങൾക്കു വേണ്ടിയുള്ള ലോകമാണ് പുതിയ സോളമന്റേത്. വേദപുസ്തകത്തെ ദൈവസന്നിധിയിൽ നിന്നും മോചിപ്പിച്ച് മനുഷ്യഭാവങ്ങൾ ഊതിനിറയ്ക്കുന്ന കലയുടെ വിധ്വംസകശേഷിയാണ് 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന സിനിമയുടെ വന്യസൗന്ദര്യം.
''യരുശലേം പുത്രിമാരേ
നിങ്ങളെന്റെ പ്രിയനെ കണ്ടെങ്കിൽ
ഞാൻ പ്രേമപരവശയായിരിക്കുന്നു എന്ന്
അവനോടറിയിക്കേണം എന്ന് ഞാൻ നിങ്ങളോടാണയിടുന്നു''
എന്ന വാചകത്തിനു ഇരുതലയ്ക്കലും രണ്ട് മനുഷ്യർ വരുമ്പോൾ വീഞ്ഞ് രക്തമാകുന്നു, അപ്പം മാംസമാകുന്നു.