തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകൾ എന്ന നിലയ്ക്കാണ് മി ടൂ (#metoo) എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയാ ക്യാംപെയ്ൻ ആരംഭിച്ചത്. ഹോളിവുഡിലെ പ്രമുഖ നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ അലിസാ മിലാനോ എന്ന സൂപ്പർ താരമാണ് മീ ടു ക്യാമ്പയിന് തുടക്കം കുറിച്ചത്.

പിന്നീട് നിർമ്മാതാവിനെതിരെ കൂടുതൽ സ്ത്രീകൾ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ സോഷ്യൽ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. തുടർന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ പല തൊഴിൽ മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾ, പ്രത്യേകിച്ചും വിനോദ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർ മീ ടൂ ഹാഷ് ടാഗിൽ ആരോപണങ്ങളുമായി രംഗത്തെത്തി.

പിന്നീട് മീടു ക്യാമ്പയിന് ബോളിവുഡിൽ തുടക്കം കുറിച്ചത് രാധിക ആപ്തയെന്ന ബോൾഡ് നടിയാണ്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്‌തെ ബോളിവുഡിൽ ഉയർത്തി വിട്ട വിവാദക്കാറ്റ് പെട്ടെന്ന് അടങ്ങിയതുമില്ല. ഒരു തെലുങ്ക് ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഒരു തെന്നിന്ത്യൻ താരം തന്നോട് അപമര്യാദയായി പെരുമാറിയെന്നും ആ സൂപ്പർതാരത്തിന്റെ മുഖത്തടിച്ചുവെന്നും രാധിക ആപ്‌തെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിക്കിനിയെടുത്ത് ബീച്ചിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് സദാചാരാവാദികളുടെ ആക്രമണം ഉണ്ടായപ്പോഴും രാധിക ആപ്‌തെയുടെ മറുപടി ശ്രദ്ധനേടിയിരുന്നു.


എന്നാൽ ഇന്ത്യയിൽ ഈ ക്യാംപെയ്ൻ ചലനങ്ങൾ സൃഷ്ടിക്കുവാൻ ഒരു വർഷത്തോളം എടുത്തു. മുൻപും അപൂർവ്വം ചില നടിമാർ അവസരങ്ങൾക്കായി തങ്ങൾ നേരിടേണ്ടിവന്ന ചൂഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അവയൊക്കെ ഒറ്റപ്പെട്ടവയും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയവയുമായിരുന്നു. മീ ടൂ ക്യാംപെയ്ൻ ആരംഭിച്ചതിന് ശേഷം വന്ന ആദ്യത്തെ വലിയ ആരോപണം നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലായിരുന്നു. മീ ടൂ ക്യാംപെയ്‌നിൽ ഇന്ത്യയിൽ ഇതുവരെ ആരോപണവിധേയരായ പ്രശസ്തരുടെ ലിസ്റ്റാണ് ഇത്. നാനാ പടേക്കർ മുതൽ മുകേഷ് വരെ..

നാനാ പടേക്കർ

പത്ത് വർഷങ്ങൾക്ക് മുൻപ് ഹോൺ ഓകെ പ്ലീസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നാനാ പടേക്കർ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ. ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കർ തന്റെ കൈയിൽ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. അഭിനയം പൂർത്തിയാക്കുംമുൻപ് പിന്മാറിയ ചിത്രത്തിന് വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുത്തതിന് പിന്നാലെ രാജ് താക്കറെയുടെ എംഎൻഎസ് പാർട്ടിയിൽ നിന്നുള്ള ഗുണ്ടകളെ വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചിരുന്നു. നാന പടേക്കർ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ സ്വന്തം മോശം പ്രവർത്തികൾക്ക് മറയാക്കാൻ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചു. പടേക്കറിനെതിരേ കേസും ഫയൽ ചെയ്തിട്ടുണ്ട് തനുശ്രീ ദത്ത.

വിവേക് അഗ്‌നിഹോത്രി

2005ൽ ചോക്കളേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി മോശമായി പെരുമാറിയെന്ന് ആരോപിച്ചത് തനുശ്രീ ദത്ത തന്നെയാണ്. തുണിയഴിച്ച് നൃത്തം ചെയ്യാൻ അഗ്‌നിഹോത്രി ആവശ്യപ്പെട്ടെന്നും ആ സമയത്ത് നടന്മാരായ സുനിൽ ഷെട്ടിയും ഇൻഫാൻ ഖാനുമാണ് തനിക്ക് പിന്തുണ നൽകിയതെന്നും തനുശ്രീയുടെ വെളിപ്പെടുത്തൽ.

വികാസ് ബാൽ

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന 2014ലെ ബോളിവുഡ് ചിത്രം ക്വീനിലെ നായിക കങ്കണ റണൗത്താണ് തിന്റെ സംവിധായകൻ വികാസ് ബാലിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ക്വീൻ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ വികാസ് കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്നെന്നും കഴുത്തിലും മുടിയിലും മുഖമമർത്താറുണ്ടായിരുന്നുവെന്നും കങ്കണയുടെ വെളിപ്പെടുത്തൽ. ബലം പ്രയോഗിച്ചുള്ള ആലിംഗനത്തിൽ നിന്ന് രക്ഷപെടാൻ തനിക്ക് ബലം പ്രയോഗിക്കേണ്ടി വന്നിരുന്നെന്നും.

അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ബോംബെ വെൽവെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി ആരോപിച്ചതിന് പിന്നാലെയായിരുന്നു കങ്കണയുടെയും തുറന്നുപറച്ചിൽ. വികാസ് ബാൽ, അനുരാഗ് കാശ്യപ്, വിക്രമാദിത്യ മോട്‌വാനെ എന്നീ സംവിധായകരും മധു മണ്ടേന എന്ന നിർമ്മാതാവും ചേർന്ന് 2011ൽ ആരംഭിച്ച നിർമ്മാണക്കമ്പനി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. വികാസ് ബാലിനെതിരായ മീ ടൂ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു കമ്പനി പിരിച്ചുവിടാനുള്ള തീരുമാനം.

ഉത്സവ് ചക്രവർത്തി

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാന്റ് അപ് കൊമേഡിയൻ ഉത്‌ലവ് ചക്രവർത്തിക്കെതിരായ ക്യാംപെയ്ൻ ട്വിറ്ററിലാണ് ആരംഭിച്ചത്. ടോപ്‌ലെസ് ചിത്രങ്ങൾ അയച്ചുതരാൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോടടക്കം ആവശ്യപ്പെട്ടുവെന്ന് നിരവധി പേർ ആരോപണവുമായെത്തി. ഒപ്പം നിരന്തരം ഇയാളിൽ നിന്ന് ചാറ്റ് ബോക്‌സുകളിലൂടെ അശ്ലീല സന്ദേശങ്ങൾ വന്നിരുന്നുവെന്നും. തുടക്കത്തിൽ ആരോപണങ്ങളെ നിഷേധിച്ച ഉത്സവ് അവസാനം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: 'ഈ ചെകുത്താനെ നേരിടാനാണ് ഇക്കാലമത്രയുമുള്ള ജീവിതത്തിൽ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.'

ചേതൻ ഭഗത്

ഫൈവ് പോയിന്റ് സംവൺ, വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ തുടങ്ങിയ നോവലുകളിലൂടെ ഇന്ത്യൻ യുവത്വത്തെ ആരാധകരാക്കിയ എഴുത്തുകാരൻ. ചേതൻ ഭഗത്തുമായുള്ള വാട്‌സ് ആപ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളുമായാണ് ഒരു യുവതി ആരോപണവുമായി എത്തിയത്. ചേതൻ ഭഗത് വിവാങാഭ്യർഥന നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ചേതൻ രംഗത്തെത്തി. സംഭവം ശരിയാണെന്ന് സ്ഥിരീകരിച്ച് യുവതിയോടും സ്വന്തം ഭാര്യയോടും ചേതൻ ഭഗത് ക്ഷമാപണം നടത്തി.

രജത് കപൂർ

ഒരു മാധ്യമപ്രവർത്തകയടക്കം രണ്ട് സ്ത്രീകളാണ് നടൻ രജത് കപൂറിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. രജത് കപൂറുമായി നടത്തിയ ഒരു ടെലിഫോൺ അഭിമുഖത്തിൽ നേരിട്ട മോശം അനുഭവമാണ് മാധ്യമപ്രവർത്തക പങ്കുവച്ചത്. ശബ്ദം കേൾക്കുന്നതുപോലെ സെക്‌സി ആണോ എന്നും തന്റെ ഉടലളവുകളും ആരാഞ്ഞെന്നായിരുന്നു മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ. എന്നാൽ രജത് കപൂർ പിന്നീട് ക്ഷമാപണം നടത്തി. തന്റെ നടപടി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നുവെന്നും ജീവിതത്തിൽ ഇനി കൂടുതൽ നല്ല മനുഷ്യനാവാൻ ശ്രമിക്കുമെന്നുമായിരുന്നു ട്വീറ്റ്.

കൈലാഷ് ഖേർ

ഗായകനും സംഗീത സംവിധായകനുമായ കൈലാഷിനെതിരേ ഒരു മാധ്യമപ്രവർത്തകയാണ് ആരോപണവുമായെത്തിയത്. അനവസരത്തിൽ തന്റെ തുടയിൽ അയാൾ കൈവച്ചു എന്നായിരുന്നു ആരോപണം. എന്നാൽ ഇത് നിഷേധിക്കുകയായിരുന്നു കൈലാഷ് ഖേർ. മനുഷ്യരെ, വിശേഷിച്ച് സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നയാളാണ് ഞാനെന്ന് എന്നെ പരിചയമുള്ളവർക്ക് അറിയാം. കൈലാഷ് ഐഎഎൻഎസിനോട് പ്രതികരിച്ചു.

അലോക് നാഥ്

ടി.വി അവതാരകയും, എഴുത്തുകാരിയും, സംവിധായികയുമായ വിന്റ നന്ദയാണ് അലോക് നാഥിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. 1990ൽ ഇറങ്ങിയിരുന്ന 'താര' എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെയാണ് വിന്റ ശ്രദ്ധേയയായത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പേര് പരാമർശിക്കാതെയാണ് ആദ്യം വിന്റ കാര്യങ്ങൾ തുറന്നുപറഞ്ഞത്. എന്നാൽ പിന്നീട് വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് അലോക് നാഥാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇവർ തുറന്നുപറയുകയായിരുന്നു.

20 വർഷം മുമ്പ് നടന്ന ഒരു പാർട്ടിക്കിടെയാണ് സംഭവം. പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ അലോക് തനിക്ക് ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി, തുടർന്ന് ബോധം നഷ്ടപ്പെട്ടപ്പെടാൻ തുടങ്ങിയ തന്നെ കാറിൽ ലിഫ്റ്റ് നൽകാമെന്നേറ്റ് കയറ്റി. പിറ്റേന്ന് ഉണർന്നപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത്- നടി പറയുന്നു. സുഹൃത്തുക്കളിൽ പലരോടും നേരത്തേ ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും അവരെല്ലാം അത് വിട്ടുകളയാനാണ് ഉപദേശിച്ചിരുന്നതെന്നും വിന്റ പറയുന്നു.

വൈരമുത്തു

പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും ലൈംഗികാരോപണം. മാധ്യമപ്രവർത്തക സന്ധ്യ മേനോനുമായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതി പങ്കുവെച്ച സംഭവങ്ങളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. സംവിധായകൻ സിഎസ് അമുദൻ, ഗായിക ചിന്മയി എന്നിവർ ഇതിന് പിന്തുണയുമായി രംഗത്തെത്തി.

അയാൾ എന്നെ വന്ന് കെട്ടിപ്പിടിച്ചു, ചുംബിച്ചു, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ ഓർമ ശരിയാണെങ്കിൽ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്.വൈരമുത്തു ഒരു വേട്ടക്കാരനാണെന്നും സിനിമാ ഇൻഡട്രിയിലെ പരസ്യമായ ഒരു രഹസ്യമാണിതെന്നും ഇവർ ആരോപിക്കുന്നു. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങൾ ശക്തമായതിനാൽ ആരും പരാതിപ്പെടാൻ മുതിരില്ലെന്നും അവർ വ്യക്തമാക്കുന്നു.

മുകേഷ്

മി ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ഒരു മലയാളിക്കെതിരേ ഉയർന്ന ആദ്യ ആരോപണം. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടയിൽ പത്തൊൻപത് വർഷം മുൻപ് നടന്ന സംഭവം ടെസ് ജോസഫ് ആണ് വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയിൽ നടൻ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാൻ നിർബന്ധിച്ചെന്നാണ് ടെലിവിഷൻ പരിപാടിയുടെ സാങ്കേതിക പ്രവർത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്. കൊൽക്കത്ത സ്വദേശിയായ ടെസ് ഇപ്പോൾ കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിക്കുകയാണ്.

'ചെന്നൈയിലാണ് സംഭവം നടന്നത്, അന്ന് കോടീശ്വരൻ എന്ന ക്വിസ് പരിപാടിയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. പരിപാടിയുടെ മലയാളം അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറുവാൻ നിർബന്ധിച്ചു. അതിൽ പ്രയാസം അന്നത്തെ തന്റെ മേധാവി ഡെറിക്ക് ഓബ്രയാനെ അറിയിച്ചു. അദ്ദേഹവുമായി ഒരു മണിക്കൂറോളം സംസാരിച്ചു. അദ്ദേഹം അന്നു തന്നെ തന്നെ അവിടെ നിന്നും മാറ്റി. അതിന് ഡെറിക്കിനോട് നന്ദി അറിയിക്കുന്നു. അന്ന് എനിക്ക് 20 വയസായിരുന്നു, ഇപ്പോൾ 19 കൊല്ലം കഴിയുന്നു', ടെസ് ജോസഫ് ട്വിറ്ററിൽ കുറിച്ചു.