ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ ബിജെപി എംപി രാജിവച്ചു. മഹാരാഷ്ട്രയിലെ ഭണ്ഡാര - ഗോണ്ടിയയിൽ നിന്നുള്ള എംപിയായ നാന പട്ടോളെയാണ് രാജിവച്ചത്. എംപി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് പട്ടോളെ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന് കൈമാറി. ബിജെപിയിൽ നിന്നും രാജിവയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ നാന പട്ടോളെ രാജിവെച്ചത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജന് അയച്ച കത്തിൽ തന്റെ രാജിയുമായി ബന്ധപ്പെട്ട 14 കാര്യങ്ങൾ പട്ടോളെ സൂചിപ്പിച്ചിരുന്നു. കർഷകരുമായും സാമ്പത്തിക പദ്ധതികളുമായും ബന്ധപ്പെട്ട് താൻ നിരവധി കാര്യങ്ങൾ പ്രധാനമന്ത്രിയുടെ മുന്നിൽ വെച്ചിരുന്നുവെങ്കിലും ഇതിനൊന്നും പരിഹാരം കാണാനായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ എംപിയായി തുടരുന്നതിൽ അർത്ഥമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പട്ടോളെയുടെ രാജി.

കോൺഗ്രസ് നേതാവായിരുന്ന പട്ടോളെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായാണ് ബിജെപിയിലെത്തിയത്. എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ പരാജയപ്പെടുത്തിയാണ് ഭണ്ഡാര - ഗോണ്ടിയയിൽ നിന്ന് ലോക്‌സഭയിലെത്തിയത്. ഏറെ വൈകാതെ മോദിയുടെ വിമർശകനായ അദ്ദേഹം പലതവണ മോദിയുടെ നയങ്ങളെ പരസ്യമായി വിമർശിച്ചിരുന്നു.

ഈ വർഷം സെപ്റ്റംബറിൽ മോദിയെ രൂക്ഷമായി വിമർശിച്ച് പട്ടോളെ രംഗത്തുവന്നിരുന്നു. എംപിമാരുടെ യോഗം ചേരുമ്‌ബോൾ ആരും തന്നോട് ചോദ്യം ചോദിക്കുന്നത് മോദി ഇഷ്ടപ്പെടുന്നില്ലെന്നും ചോദ്യം ചോദിക്കുന്നവരെ വിമർശിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നുമായിരുന്നു പട്ടോളെയുടെ ആരോപണം.

പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നു. പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന എംപിമാരുടെ യോഗത്തിൽ ആരെയും സംസാരിക്കാൻ അദ്ദേഹം അനുവദിക്കില്ല. ഒരിക്കൽ എംപിമാരുടെ യോഗത്തിൽ കർഷക ആത്മഹത്യയുമായും ഒബിസി മന്ത്രാലയവുമായും ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി തന്നോട് ദേഷ്യപ്പെട്ടുവെന്നും പട്ടോളെ വ്യക്തമാക്കിയിരുന്നു. യോഗത്തിൽ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കുമ്‌ബോൾ നിങ്ങൾ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സർക്കാർ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് ചോദിച്ച് എംപിമാരോട് അദ്ദേഹം ദേഷ്യപ്പെടുകയാണ് ചെയ്യുന്നതെന്നായിരുന്നു പട്ടോളെയുടെ വിമർശനം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കടുത്ത വിമർശകനായിരുന്നു പട്ടോളെ. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പാർലമെന്റിൽ എംപിമാർ വഴി അവതരിപ്പിക്കാൻ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചുചേർക്കാൻ ഫഡ്‌നാവിസ് തയാറാകുന്നില്ലെന്നായിരുന്നു നേരത്തെ ഫഡ്‌നാവിസിനെതിരെ പട്ടോളെയുടെ വിമർശനം.