- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലഹത്തിന്റെ നാനാർഥങ്ങൾ
നവമാർക്സിയൻ സാംസ്‌കാരികപഠനരംഗത്തെ ഏറ്റവും ഊർജ്ജസ്വലമായ മലയാളസാന്നിധ്യമാണ് സുനിൽ പി.ഇളയിടം. ഇടതുബുദ്ധിജീവിതത്തിനു സംഭവിച്ച നാനാതരം പ്രതിസന്ധികളിൽ പെട്ടുഴലുമ്പോഴും, ഇനിയും മോഹഭംഗം സംഭവിക്കാത്ത ചുരുക്കം ചില കേരളീയ മാർക്‌സിസ്റ്റുകളിലൊരാൾ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലം കേരളീയ പൊതുസമൂഹത്തിൽ ഒരേസമയം ഇത്രമേൽ വിചാരബദ്ധവും ലാവണ്യാത്മകവുമായി ഒഴുകിപ്പരന്ന മറ്റൊരു ശബ്ദസാന്നിധ്യമില്ല; അക്ഷരാനുഭവവും. രാഷ്ട്രീയം, കല, സാഹിത്യം, സാമൂഹ്യശാസ്ത്രം തുടങ്ങിയ രംഗങ്ങളിൽ ചരിത്രപരമായ ഉൾക്കാഴ്ചകളും നൈതികജാഗ്രതയുള്ള നിലപാടുകളും പുലർത്തുന്ന സൗന്ദര്യ-രാഷ്ട്രീയ ചിന്തകളവതരിപ്പിച്ചുകൊണ്ട് സുനിൽ സൃഷ്ടിക്കുന്ന ചലനം സമകാലകേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക പൊതുമണ്ഡലങ്ങളിൽ ഒരുപോലെ വിലമതിക്കപ്പെടുന്നു. രാഷ്ട്രീയത്തെ സാംസ്‌കാരികപ്രക്രിയയായും സംസ്‌കാരത്തെ രാഷ്ട്രീയപ്രക്രിയയായും കണ്ട്, കാറ്റും വെളിച്ചവും കടക്കാത്ത സംഘടനാചട്ടക്കൂടിനുള്ളിലേക്ക് തുറന്ന ചിന്തകളുടെ ജീവവായു കടത്തിവിടാൻ ശ്രമിക്കുന്ന, കരുതലുള്ള തിരുത്തൽശക്തികളിലൊന്നായി പ
നവമാർക്സിയൻ സാംസ്‌കാരികപഠനരംഗത്തെ ഏറ്റവും ഊർജ്ജസ്വലമായ മലയാളസാന്നിധ്യമാണ് സുനിൽ പി.ഇളയിടം. ഇടതുബുദ്ധിജീവിതത്തിനു സംഭവിച്ച നാനാതരം പ്രതിസന്ധികളിൽ പെട്ടുഴലുമ്പോഴും, ഇനിയും മോഹഭംഗം സംഭവിക്കാത്ത ചുരുക്കം ചില കേരളീയ മാർക്‌സിസ്റ്റുകളിലൊരാൾ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലം കേരളീയ പൊതുസമൂഹത്തിൽ ഒരേസമയം ഇത്രമേൽ വിചാരബദ്ധവും ലാവണ്യാത്മകവുമായി ഒഴുകിപ്പരന്ന മറ്റൊരു ശബ്ദസാന്നിധ്യമില്ല; അക്ഷരാനുഭവവും. രാഷ്ട്രീയം, കല, സാഹിത്യം, സാമൂഹ്യശാസ്ത്രം തുടങ്ങിയ രംഗങ്ങളിൽ ചരിത്രപരമായ ഉൾക്കാഴ്ചകളും നൈതികജാഗ്രതയുള്ള നിലപാടുകളും പുലർത്തുന്ന സൗന്ദര്യ-രാഷ്ട്രീയ ചിന്തകളവതരിപ്പിച്ചുകൊണ്ട് സുനിൽ സൃഷ്ടിക്കുന്ന ചലനം സമകാലകേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക പൊതുമണ്ഡലങ്ങളിൽ ഒരുപോലെ വിലമതിക്കപ്പെടുന്നു. രാഷ്ട്രീയത്തെ സാംസ്‌കാരികപ്രക്രിയയായും സംസ്‌കാരത്തെ രാഷ്ട്രീയപ്രക്രിയയായും കണ്ട്, കാറ്റും വെളിച്ചവും കടക്കാത്ത സംഘടനാചട്ടക്കൂടിനുള്ളിലേക്ക് തുറന്ന ചിന്തകളുടെ ജീവവായു കടത്തിവിടാൻ ശ്രമിക്കുന്ന, കരുതലുള്ള തിരുത്തൽശക്തികളിലൊന്നായി പ്രവർത്തിക്കുന്നതുകൊണ്ടാണ് കീഴാളത, പരിസ്ഥിതി, സ്ത്രീ, വികസനം, ആസൂത്രണം, സാഹിത്യം, കല, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ ഏതു മണ്ഡലത്തിലും വേറിട്ട കാഴ്ചകളവതരിപ്പിക്കാൻ സുനിലിനു കഴിയുന്നത്. എഴുത്ത്, പ്രഭാഷണം എന്നീ ആധുനികതയുടെ സംവാദരൂപങ്ങൾ രണ്ടിലും കൈവരിച്ച അസാധാരണമായ വിജയമാണ് സുനിലിന്റെ ഇടപെടലുകളെ കാലികപ്രസക്തമാക്കുന്നത്. നിസംശയം പറയാം, തന്റെ തലമുറയിലെ ഏറ്റവും മികച്ച രാഷ്ട്രീയ, സാംസ്‌കാരിക പ്രഭാഷകനും എഴുത്തുകാരനുമാണ് സുനിൽ. പ്രത്യയശാസ്ത്രബദ്ധമായ രാഷ്ട്രീയബോധവും ചരിത്രനിർഭരമായ സാംസ്‌കാരികവിചാരങ്ങളും കൊണ്ട് സമൃദ്ധവും സമ്പന്നവും സാർഥകവുമാണ് സുനിലിന്റെ സമീപനങ്ങൾ.
സമൂഹവിചാരങ്ങൾ, സാഹിത്യപഠനങ്ങൾ, കലാചിന്തകൾ, സംസ്‌കാരചർച്ചകൾ എന്നിങ്ങനെ നാലുഭാഗങ്ങളായി അവതരിപ്പിക്കുന്ന മുപ്പത്തൊൻപതു ലേഖനങ്ങളുടെ സമാഹാരമാണ് 'നാനാർഥങ്ങൾ'. ചരിത്രബദ്ധമായ സാംസ്‌കാരിക ജീവിതത്തിന്റെ രാഷ്ട്രീയനിർഭരമായ സൂക്ഷ്മവിചാരങ്ങളാണ് ഈ രചനകൾ ഒന്നടങ്കം. സാംസ്‌കാരിക സ്വാതന്ത്ര്യമാഗ്രഹിക്കുന്ന മാർക്‌സിസ്റ്റുകൾ ഏറ്റവുമധികം കലഹിക്കേണ്ടിവരുന്നത് രാഷ്ട്രീയാധികാരം കയ്യടക്കിവച്ചിട്ടുള്ള മാർക്‌സിസ്റ്റുകളോടാണ് എന്ന ചരിത്രപരമായ വൈരുധ്യത്തിന്റെ പാഠരൂപങ്ങൾ.
'സമൂഹവിചാരങ്ങൾ' നോക്കുക: കേരളീയ നവോത്ഥാനവും അതിന്റെ വിപര്യയങ്ങളുമാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഈ ഭാഗത്തെ പതിമൂന്നു രചനകളുടെയും താൽപര്യം. വ്യക്തികളെയും ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും സംവാദാത്മകവും സമതുലിതവുമായവതരിപ്പിക്കുന്ന രാഷ്ട്രീയാന്വേഷണങ്ങളായി ഇവ മാറുന്നു. നാരായണഗുരു, കേസരി ബാലകൃഷ്ണപിള്ള, കണ്ടത്തിൽ വർഗീസ്മാപ്പിള, കെ. ദാമോദരൻ തുടങ്ങിയവരിലൂടെ കേരളീയ നവോത്ഥാനത്തിന്റെ ചരിത്രസന്ദർഭങ്ങൾ മറനീക്കിയും മതേതരത്വം, ദേശീയത, കീഴാളത, ധാർമികത, വൈജ്ഞാനികത എന്നിങ്ങനെയുള്ള ആശയമണ്ഡലങ്ങൾ വിശദീകരിച്ചും ജാതിനിർമ്മാർജ്ജനപ്രസ്ഥാനം മുതൽ മാതൃഭാഷാവാദം വരെയും സദാചാരപ്പൊലീസിങ് മുതൽ പരിസ്ഥിതിരാഷ്ട്രീയം വരെയുമുള്ളവ സൃഷ്ടിച്ച സാമൂഹ്യാനുഭവങ്ങൾ വിശകലനം ചെയ്തും മുന്നേറുന്നു, ഇവ.
കലങ്ങാത്തചിന്തകൾ, കണിശതയുള്ള കാഴ്ചപ്പാടുകൾ, തികഞ്ഞ ചരിത്രധാരണ, സുഭദ്രമായ ആഖ്യാനഘടന, സൂക്ഷ്മമായ രാഷ്ട്രീയബോധം, കാവ്യാത്മകമായ ഭാഷ....സുനിലിന്റെ ഓരോ ലേഖനവും അക്കാദമികപാണ്ഡിത്യത്തിന്റെയും ബൗദ്ധിക തീക്ഷ്ണതയുടെയും നിലപാടുപരമായ ആർജ്ജവത്തിന്റെയും മികച്ച മാതൃകയാണ്.
വർത്തമാനകാലത്തിനുവേണ്ടി ഭൂതകാലത്തെ വ്യാഖ്യാനിക്കുന്ന ഒന്നാന്തരം രാഷ്ട്രീയതത്വവിചാരങ്ങളാണ് ഈ ഭാഗത്തെ മിക്ക രചനകളും. നാരായണഗുരുവിന്റെ മതദർശനം വിശകലനം ചെയ്യുന്ന ആദ്യ ലേഖനംതന്നെ നോക്കുക. സുനിൽ എഴുതുന്നു: 'ക്ഷേത്രങ്ങളെയും വിഗ്രഹപ്രതിഷ്ഠയെയും മുൻനിർത്തി ഗുരുവിനെ ഹൈന്ദവ വൽക്കരിക്കാൻ ശ്രമിക്കുന്നവർ താൻ സ്ഥാപിച്ച ക്ഷേത്രങ്ങളെക്കുറിച്ചു തന്നെ അദ്ദേഹം വിമർശനാത്മകമായി സംസാരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. താൻ സ്ഥാപിച്ച ക്ഷേത്രങ്ങൾ തന്നെ ഭാവികേരളത്തിന് ആവശ്യമില്ലാതായിത്തീർന്നേക്കാമെന്നും, അനാവശ്യമായി ക്ഷേത്രങ്ങൾ സ്ഥാപിച്ചയാൾ എന്ന് തന്നെ ആളുകൾ കുറ്റപ്പെടുത്തിയേക്കാമെന്നും ഗുരു പറയുന്നുണ്ട്. ഇതിനു സമാധാനമായി അദ്ദേഹം പറയുന്നത് ''ക്ഷേത്രങ്ങളെല്ലാം കെട്ടിടങ്ങൾ ആണല്ലൊ''-എന്നാണ്. ''ആഹാരം പോലെതന്നെ കെട്ടിടങ്ങളും ആവശ്യമുള്ളവതന്നെ. വിദ്യാഭ്യാസ സ്ഥാപനങ്ങളായോ കച്ചവടശാലകളോ അത് മാറ്റി ഉപയോഗിക്കാമല്ലൊ'' എന്നും ഗുരു ഉപഹാസപൂർവ്വം അഭിപ്രായപ്പെടുന്നു.
ഇങ്ങനെ മതത്തെ അതിന്റെ ആചാരപരവും സ്ഥാപനപരവുമായ ഉള്ളടക്കത്തിൽ നിന്നും പുറത്തുകൊണ്ടുവന്ന് മതം വാഗ്ദാനം ചെയ്യുന്ന സാർവ്വലൗകികവും നൈതികവുമായ അനുഭൂതിസാരത്തിലേക്ക് പരാവർത്തനം ചെയ്യുന്ന നിരന്തരവും സുദീർഘവുമായ ഒരു സഞ്ചാരപഥത്തിലൂടെയാണ് ഗുരു സഞ്ചരിച്ചത്. ഈ യാത്രയിൽ സാമൂഹികജീവിതത്തിന് അടിത്തറയൊരുക്കുന്ന ഭൗതികപരിഷ്‌കൃതിയുടെ ലോകത്തേയും മനുഷ്യവംശത്തിന്റെ സാമൂഹിക ജീവിതസ്വരൂപങ്ങളേയും, അവരുടെ ആത്മീയാനുഭൂതികളേയും ഒരുപോലെ അഭിസംബോധന ചെയ്യുകയും അവയെതമ്മിൽ കൂട്ടിയിണക്കുന്ന ഒരു സമഗ്രാനുഭവലോകം അദ്ദേഹം ലക്ഷ്യം വയ്ക്കുകയും ചെയ്തു. പരമ്പരാഗതസ്വഭാവമുള്ള സന്യാസിമാരിൽ നിന്നും കേവല അധ്യാത്മവാദികളിൽ നിന്നും ആധുനികരായ ഇതര പരിഷ്‌കരണ നായകന്മാരിൽ നിന്നുമെല്ലാം ഗുരുവിനെ വേറിട്ടു നിർത്തുന്ന അടിസ്ഥാനഘടകം ഇതാണ്. അദ്വൈതാനുഭൂതി എന്നത് ഗുരുവിനെ സംബന്ധിച്ചിടത്തോളം മതഭേദങ്ങളെയുംജാതിവ്യത്യാസങ്ങളെയും മറികടക്കാൻ മാത്രമല്ല ഉപയുക്തമായത്. ഉൺമയുടെ ആധാരസ്വരൂപത്തെ പലതായി പിളർത്തുന്ന എല്ലാത്തരം പ്രമാണങ്ങളെയും അധ്യാത്മചിന്തയിലും പൊതുജീവിതത്തിലും ഗുരു ഒരുപോലെ മറികടന്നു'.
കേസരി ബാലകൃഷ്ണപിള്ളയുടെ ചിന്തകൾ എങ്ങനെ കാലത്തെ കവിഞ്ഞൊഴുകി എന്നന്വേഷിക്കുന്നു, രണ്ടാമത്തെ ലേഖനം. കണ്ടത്തിൽ വർഗീസ്മാപ്പിളയെക്കുറിച്ചുള്ള ശ്രദ്ധേയമായൊരു പഠനവും കെ. ദാമോദരനെക്കുറിച്ചുള്ള വിഷാദനിർഭരമായ ഒരനുസ്മരണവും ഈ ഭാഗത്തുണ്ട്. (ഇ.എം.എസ്, മലയാളമനോരമപത്രാധിപന്മാരെയും ദാമോദരനെയും കുറിച്ചെഴുതിയ വാക്കുകളുമായി ഇവ താരതമ്യം ചെയ്തുനോക്കുക രസകരമായിരിക്കും.) തുടർന്ന്, ചുംബനസമരം മുതൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് വരെയും മലയാളഭാഷാ'-മൗലികവാദം' മുതൽ കപടലൈംഗികത മേൽക്കോയ്മനേടിയ മലയാളിയുടെ സദാചാരജീവിതം വരെയും സൃഷ്ടിക്കുന്ന കേരളീയസാമൂഹ്യാനുഭവങ്ങൾ വിശകലനം ചെയ്യുന്നു, സുനിൽ. ഇടതുപക്ഷത്തിനുള്ളിൽ നടക്കുന്ന വാക്കുകളുടെ വർഗസമരമായി അവയിൽ പലതും മാറുകയും ചെയ്യുന്നു. വിശേഷിച്ചും ചുംബനസമരം, ഗാഡ്ഗിൽ റിപ്പോർട്ട് തുടങ്ങിയവയെക്കുറിച്ചുള്ളവ.
'സാഹിത്യപഠനങ്ങൾ' എന്ന രണ്ടാംഭാഗം, യാന്ത്രികമാർക്‌സിസ്റ്റുകൾ തിരസ്‌കരിച്ചും വെട്ടിനിരത്തിയും റദ്ദാക്കിയ സാഹിതീയാധുനികതയുടെ പുനർവായനകളാണ്. ഒന്നും രണ്ടും നിര എഴുത്തുകാർ വിട്ടുപേക്ഷിച്ചുപോയ പുരോഗമനസാഹിത്യപ്രസ്ഥാനവും ഇ.എം.എസ്. തുടക്കമിട്ട ക്ലാസിക്കൽ മാർക്‌സിസ്റ്റ് വിമർശനസമീപനവുമാണ് കേരളത്തിൽ നവമാർക്‌സിസ്റ്റുകൾക്കു പകർന്നുകിട്ടിയ ഏറ്റവും വലിയ ദുർമേദസ്. സാഹിത്യ, കലാമണ്ഡലങ്ങളിൽ പുലർത്തിപ്പോന്ന ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ് വരട്ടുവാദങ്ങളെ മറികടക്കാൻ കഴിഞ്ഞ ഇവരുടെ രണ്ടാം തലമുറയിലാണ് സുനിലിന്റെ സ്ഥാനം. സ്വാഭാവികമായും ഈ ഖണ്ഡത്തിലെ പല രചനകളും ഇതിനു തെളിവായി മാറുകയും ചെയ്യുന്നു.
'ഖസാക്കും' ഒ.വി. വിജയനും കേട്ട കമ്യൂണിസ്റ്റ് വിമർശകരുടെ തെറിവിളികൾക്കു പ്രായശ്ചിത്തമാണ് സുനിലിന്റെ ഖസാക്ക്പഠനം. കേസരി, ചങ്ങമ്പുഴ തുടങ്ങിയവരെ അധിക്ഷേപിച്ചും കാല്പനികത, ആധുനികതാവാദം തുടങ്ങിയവയെ നിരാകരിച്ചും ഒരുകാലത്ത് മലയാളസാഹിത്യമണ്ഡലം അടക്കിവാണ ഒന്നും രണ്ടും തലമുറ യാന്ത്രികമാർക്‌സിസ്റ്റുകളുടെ സമീപനങ്ങൾ ഒന്നടങ്കം സുനിൽ തിരുത്തിയെഴുതുന്നു. എംഗൽസിനെയും മാർക്‌സിനെയും പുനർവായിച്ചും അൽത്തൂസറും ഗ്രാംഷിയും ജയിംസണും മുതൽ വില്യംസും ഈഗിൾടണും വരെയുള്ളവർ അവതരിപ്പിച്ച മാർക്‌സിയൻ സാംസ്‌കാരിക വിമർശനത്തിലെ വഴിമാറ്റങ്ങൾ തിരിച്ചറിഞ്ഞുമാണ് സുനിലിന്റെ ഈ തിരുത്തിയെഴുത്തും വായനയും നടക്കുന്നത്.
ആധുനികതാവാദത്തെ തള്ളിക്കളയാൻ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ വക്താക്കൾ കാണിച്ച ആവേശത്തിന്റെ അന്തസ്സാരശൂന്യതയെക്കുറിച്ച് സുനിൽ എഴുതുന്നു : 'മനുഷ്യചരിത്രത്തിലെ ഭാവുകത്വപരമായ മഹാവിപ്ലവങ്ങളിലൊന്നായി ആധുനികതാപ്രസ്ഥാനത്തെ (modernism) വിലയിരുത്തുമ്പോൾ റെയ്മണ്ട് വില്ല്യംസ്, അതിന്റെ ചരിത്രപരമായ അടിസ്ഥാനങ്ങളെയും പ്രഭവങ്ങളെയും മുൻനിർത്തി പരസ്പരവിരുദ്ധമായ രണ്ട് പ്രവണതകൾ അതിൽ പ്രാബല്യം നേടിയത് വളരെ മുൻപേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യഥാർഥത്തിൽ ആധുനികത (modernity) യുടെ ആന്തരവൈരുധ്യങ്ങളിൽ വേരോടിപ്പടർന്നതും ആ വൈരുധ്യങ്ങളുടെ അനുഭവലോകങ്ങളായി നിലകൊണ്ടതുമായ കലാപ്രസ്ഥാനങ്ങളും പ്രവണതകളുമാണ് ആധുനികതാവാദമായി നിലനിന്നത്. മലയാളത്തിലെ ആധുനികതാവാദനിരൂപണം അതിന്റെ നിലനില്പിന്റെ ചരിത്രപരവും സാമൂഹികവുമായ ഇത്തരം അടിസ്ഥാനങ്ങളെയൊന്നും കാര്യമായി അഭിസംബോധന ചെയ്തില്ല എന്നതാണ് വാസ്തവം.
ആധുനികലോകചരിത്രത്തിലെ നിർണായക പ്രതിസന്ധികൾക്കൊപ്പം രൂപപ്പെട്ട ഭാവുകത്വവിപ്ലവവും വിച്ഛേദവുമായിരുന്നു ആധുനികതാ പ്രസ്ഥാനം. ഇതൊന്നും കണക്കിലെടുക്കാതെ കലാപ്രവണതകളെ ലക്ഷണം വിവരിച്ച് മനസ്സിലാക്കുന്ന അക്കാദമിക- ലിബറൽ വിമർശത്തിന്റെ താവഴിയിലൂടെ അതിനെ വിശദീകരിക്കാനാണ് പുരോഗമന സാഹിത്യപ്രസ്ഥാനം പൊതുവെ ശ്രമിച്ചത്. ഇതിന്റെ ഫലമായി ആധുനികതാവാദകല ചരിത്രേതരമായ അതിഭൗതികതകളുടെ കളിക്കളമാണെന്ന ലിബറൽ വിമർശബോധമാണ് ഇവിടെ വേരുപിടിച്ചത്. മലയാളിയുടെ ജീവിതചരിത്രത്തിലും അനുഭൂതിചരിത്രത്തിലും നിന്ന് പറിച്ചു മാറ്റപ്പെട്ട ഒന്നായി ആധുനികതാവാദം അവതരിപ്പിക്കപ്പെടുന്നതിന് ഇത് കാരണമായി. മനുഷ്യചരിത്രം അനുഭൂതികളുടെകൂടി ചരിത്രമാണെന്നും അനുഭൂതികളും ആശയരൂപങ്ങളും ഉൾപ്പെട്ട ലോകമാണ് മാനുഷികതയുടെ ആധാരസാമഗ്രിയായിരിക്കുന്നതെന്നുമുള്ള യാഥാർഥ്യത്തെ പരിഗണിക്കാതെ പോയ ഈ വിമർശസമീക്ഷ പ്രമേയതലത്തിൽ തപ്പിത്തടഞ്ഞ് മലയാളിയുടെ ഭാവനാലോകത്തെ പുതുക്കിപ്പണിഞ്ഞ വളരെയേറെ രചനകളെ ബൂർഷ്വാ ജീർണതയും മറ്റുമായി പുറന്തള്ളി. (ഖസാക്കിന്റെ ഇതിഹാസം മാംസവില്പനയുടെ പ്രത്യയശാസ്ത്രമാണെന്നൊക്കെ 'ഇടതുപക്ഷ നിരൂപണം' 2010- ലും പറയുന്നുണ്ട്!) എന്നാൽ നമ്മുടെ അനുഭൂതിചരിത്രത്തിൽ ആഴത്തിൽ വേരോട്ടമുള്ളതിനാൽ ഈ കൃതികൾ മലയാളിയുടെ ഭാവുകത്വത്തെ പൊളിച്ചെഴുതുകയും പുനർനിർവചിക്കുകയും ചെയ്തു. ഇങ്ങനെ മലയാളിയുടെയും കേരളത്തിന്റെയും ജീവിതചരിത്രത്തിലെ നിർണായക സന്ദർഭങ്ങളിലൊന്ന് അഭിസംബോധന ചെയ്യാനാവാത്ത നിലയിലേക്കാണ് പുരോഗമനവിമർശം എത്തിപ്പെട്ടത്. ബൂർഷ്വാ ജീർണതയെന്നും മറ്റുമുള്ള അത്യന്തം ലളിതവത്ക്കൃതമായ ധാരണകളെ മുൻനിർത്തി ആധുനികതാവാദത്തെയപ്പാടെ വിലയിരുത്തുന്നതിലേക്കും ഒട്ടുമിക്കവാറും തള്ളിപ്പറയുന്നതിലേക്കും ഇടതുപക്ഷവിമർശം ചെന്നുചേർന്നതങ്ങനെയാണ്. കെ. പി. അപ്പനും കൂട്ടുകാരും ചേർന്ന് കുഴിച്ച അതിഭൗതികത്തിന്റെ വലിയ കുഴികളിൽ ആധുനികതാപ്രസ്ഥാനത്തോടൊപ്പം അതിന്റെ മിക്ക വിമർശകരും വീണുപോയി. അവിടെ വച്ചാണ് അവർ തങ്ങളുടെ യുദ്ധം നടത്തിയത്. ചരിത്രം പക്ഷേ, പുറത്തായിരുന്നു!'
പുരോഗമനകലാസാഹിത്യപ്രസ്ഥാനം ചിലപ്പോഴെങ്കിലും ഒരു അധോഗമന കലാസാഹിത്യപ്രസ്ഥാനം മാത്രമായിരുന്നു എന്ന് അടിവരയിട്ടുതെളിയിക്കുന്ന രചന.
'കലാചിന്തകൾ' എന്ന മൂന്നാം ഭാഗത്തുള്ളത് പാരമ്പര്യത്തെയും ആധുനികതയെയും കലാനിഷ്ഠമായി ചരിത്രവൽക്കരിക്കുന്ന രചനകളാണ്. സുനിലിന്റെ രചനകളിൽ ഏറ്റവും കലാപരതയുള്ളവയും കലയെക്കുറിച്ചുള്ള ചിന്തകളാണ്. ചിത്രകല, നൃത്തകല, സംഗീതകല എന്നിവയെക്കുറിച്ചുള്ള സുനിലിന്റെ പ്രശസ്തമായ പഠനങ്ങൾ ഓരോന്നും ഇതിനുദാഹരണമാണ്. ഈ നിരയിലെ ഒന്നാംകിട രചനകളൊന്നും ഈ പുസ്തകത്തിലില്ലെങ്കിലും, ദേശീയ, മതാത്മക, ബ്രാഹ്മണ, പുരുഷാധീശ പാരമ്പര്യങ്ങളെ സമർഥമായി അപനിർമ്മിച്ചും കലയുടെ സാംസ്‌കാരിക രാഷ്ട്രീയ മാനങ്ങൾ ഒന്നൊന്നായി അടർത്തിനീർത്തിയും മലയാളത്തിലെ കലാചിന്തകളുടെ ഏറ്റവും പ്രസാദനിർഭരമായ ചില മാതൃകകൾ അവതരിപ്പിക്കാൻ സുനിലിന് ഈ പുസ്തകത്തിലും കഴിയുന്നുണ്ട്. വിശേഷിച്ചും, സ്ത്രീവിരുദ്ധത, ജാതിചിന്ത തുടങ്ങിയവയ്ക്ക് കലാമണ്ഡലങ്ങളിൽ ലഭിക്കുന്ന സ്വീകാര്യതകളെ വിമർശിച്ചും ചിത്തപ്രസാദിനെപ്പോലൊരു കലാകാരന്റെ രാഷ്ട്രീയജീവിതം പുനരാവിഷ്‌ക്കരിച്ചും രചിക്കുന്ന ലേഖനങ്ങളിൽ. ബ്രാഹ്മണ്യ-ജാതിക്കോയ്മകൾ വെല്ലുവിളിച്ച് ഭരതനാട്യത്തെ ആധുനിക കലാചരിത്രത്തിന്റെ ഭാഗമാക്കിയ രുക്മിണീ അരുണ്ഡേലിന്റെ സംഭാവനകൾ സുനിൽ ക്രോഡീകരിക്കുന്നതു നോക്കൂ: 'രുഗ്മിണീദേവി അരുന്ധേലിന്റെ നേതൃത്വത്തിൽ നടന്ന ഭരതനാട്യ പരിഷ്‌കരണത്തിന്റെ ചരിത്രം പരിശോധിച്ചാൽ രണ്ട് കാര്യങ്ങളാണ് അതിൽ പ്രധാനമായിരുന്നത് എന്ന് വ്യക്തമാവും. ഒന്നാമതായി പഴയ ദേവദാസികളിൽനിന്നും അവരുടെ പിൽക്കാല പരമ്പരയിൽനിന്നും മോചിപ്പിച്ച് സവർണ-അഭിജാത വിഭാഗങ്ങളുടെ കൈകാര്യകർതൃത്വത്തിലേക്ക് ഭരതനാട്യത്തെ കൊണ്ടുവന്നെത്തിക്കുക. അതോടൊപ്പം സദിരാട്ടത്തിലെ ശൃംഗാരാത്മകവും വിലാസലോലുപവുമായ അനുഭവലോകങ്ങളെ കഴിയുന്നത്ര നിഷ്‌കാസനം ചെയ്ത് ഭക്തിയുടെയും ആധ്യാത്മികതയുടെയം അനുഭവലോകങ്ങളെ പ്രധാനസ്ഥാനങ്ങളായി ഉയർത്തുക. ക്ഷേത്രജ്ഞന്റെ പദങ്ങളെയും ജാവളികളെയും ഭരതനാട്യക്കച്ചേരിയിൽനിന്നും ഒഴിവാക്കിക്കൊണ്ട് ഒരുഭാഗത്തും, കൃഷ്ണ, മുരുക കീർത്തനങ്ങളേക്കാൾ രാമഭക്തി കീർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് മറുഭാഗത്തും രുഗ്മിണീദേവി നടപ്പിലാക്കിയത് ഇതാണ്. വി. രാഘവനെയും ഇ. കൃഷ്ണയ്യരെയും പിൻപറ്റിക്കൊണ്ട് അവർ ഭരതനാട്യം എന്ന ദേശീയ ധ്വനികളുള്ള പേര് സ്വീകരിക്കുകയും പഴയ സദിരിന്റെ അടവുകളും ചുവടുകളും പുതിയ ഭക്തിഭാവത്തിന് ഉപയുക്തമാവുന്ന വിധത്തിൽ സ്വീകരിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെയാണ് പരിഷ്‌കരിക്കപ്പെട്ട ഭരതനാട്യവേദിയിൽ ഒരു ഭാഗത്ത് ഗുരുവായ നട്ടുവനെയും മറുഭാഗത്ത് നാട്യദേവനായ നടരാജനെയും രുഗ്മിണീദേവി പ്രതിഷ്ഠിച്ചത്. വിശാലമായൊരർഥത്തിൽ നാട്യവേദിയെ ക്ഷേത്രവേദിയാക്കിക്കൊണ്ട്, ഗുരുവും ദൈവവും എല്ലാം നിറയുന്ന ഒരു ലോകത്തിലെ ഭക്തിയുടെ ആവിഷ്‌കാരമെന്ന നിലയിലാണ് ദേശീയ ക്ലാസിക്കൽ കല എന്ന നിലയിൽ ഭരതനാട്യം 1950 -കളോടെ വികസിച്ചുവന്നത്. ദേവദാസി പാരമ്പര്യത്തിൽനിന്നും ഉയർന്നുവന്ന മഹാനർത്തകിയായ ബാലസരസ്വതി ഈ അധ്യാത്മവത്ക്കരണത്തെ വിമർശിക്കുകയും പ്രകടമായിത്തന്നെ എതിർക്കുകയും ചെയ്‌തെങ്കിലും ഭരതനാട്യത്തിന്റെ പിൽക്കാല ജീവിതം ഏറെക്കുറെ സംസ്‌കൃതീകരണത്തിന്റെയും ബ്രാഹ്മണീകരണത്തിന്റെയും വഴിയിലൂടെയാണ് നീങ്ങിയത്. പത്മാ സുബ്രഹ്മണ്യത്തെപ്പോലുള്ള ഒരു നർത്തകി എഴുതിയ ഭരതനാട്യ ചരിത്രത്തിൽ ദേശി പാരമ്പര്യങ്ങൾ ഭരതനാട്യത്തിന് മേലെ ചെലുത്തുന്ന സ്വാധീനത്തെ 'വിനാശകരം' എന്നു വിലയിരുത്തുന്ന നിലയിലേക്കുവരെ പിൽക്കാലത്ത് ഇത് വളർന്നെത്തുകയും ചെയ്തു'.
സാംസ്‌കാരികപഠനങ്ങളുടെ പലമയും ഗരിമയും വെളിപ്പെടുന്ന ബൗദ്ധികവിചാരങ്ങളുടെ മഴവിൽകാഴ്ചയാണ് നാലാം ഭാഗത്തുള്ളത്. സമൂഹം, സാഹിത്യം, കല തുടങ്ങിയ വിഷയങ്ങളിലല്ല ഇവിടെ ഊന്നുന്നത്. കലണ്ടറുകൾ, സ്വവർഗരതി, അർഥശാസ്ത്രം, ഭക്തിഭാവന, ശാസ്ത്രത്തിന്റെ ചരിത്രവൽക്കരണം, വധശിക്ഷയുടെ നൈതികത, ഹിന്ദുത്വം എന്നിവതൊട്ട് പോപ്പ് ഫ്രാൻസിസിന്റെ വിമോചന-ദൈവശാസ്ത്ര പശ്ചാത്തലം വരെയുള്ളവ ഇവിടെ ചർച്ചചെയ്യപ്പെടുന്നു. ബഹുസ്വരമായ പഠനപദ്ധതികളുടെ, സാംസ്‌കാരിക ജനാധിപത്യത്തിന്റെ ശ്രദ്ധേയമായ മലയാളമാതൃക. അങ്ങേയറ്റം കൗതുകകരമാണ് ഈ ഭാഗത്തെ പല പഠനങ്ങളും. അർഥശാസ്ത്രത്തിലെ ഗണികകളെക്കുറിച്ചുള്ള രചനയിൽ നിന്നൊരുഭാഗം ശ്രദ്ധിക്കൂ: 'അർഥശാസ്ത്രത്തിലെ ഗണികാവിചാരം 'ഗണിക' എന്ന പദവിയെക്കുറിച്ച് രണ്ട് സുപ്രധാനവസ്തുതകൾ പുറത്തുകൊണ്ടുവരുന്നുണ്ട്. ഒന്നാമത്തേത്, മേല്പറഞ്ഞ ചർച്ചകളിൽ പ്രകടമാകുന്നതുപോലെ ഗണികയും ഗണികാവൃത്തിയും അർഥശാസ്ത്രസമൂഹത്തിൽ ഒരുഭരണകൂടസ്ഥാപനമായി നിലനിന്നുപോന്നു എന്ന വസ്തുതയാണ്. ഭരണകൂടത്തിന്റെ വിഭവസമാഹരണോപാധി എന്ന നിലയിൽ ഭരണകൂടത്താൽ സ്ഥാപിക്കപ്പെട്ടതും പരിപാലിക്കപ്പെടുന്നതുമായ ഒന്നാണത്. വേശ്യ എന്നും വേശ്യാവൃത്തി എന്നുമുള്ള സമകാലിക വിവക്ഷകളിൽനിന്നും തീർത്തും ഭിന്നമായ സാമൂഹ്യപദവിയാണ് അവിടെ അവയ്ക്കുള്ളത് രണ്ടാമത്തെ വസ്തുത ലൈംഗികതയേയും അതിനെ മുൻനിർത്തുന്ന സദാചാരസംഹിതകളേയും കുറിച്ചുള്ള വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിന്റെ സാന്നിധ്യമാണ്. ഗണിക എന്ന പദവി വെറുതെ കൈവരുന്ന ഒന്നല്ല: അഭ്യസിതമായ ഒന്നാണ് ഗീത. വാദ്യ, നൃത്ത, നാട്യ, ഗന്ധ, മാല്യ സമ്മോഹനങ്ങൾ വരെ പരിശീലിച്ച ഒരു സ്ത്രീയാണ് 'വൈശികം' പരിശീലിക്കേണ്ടത്. അവസാനിക്കാത്ത രതിസുഖമാരാഞ്ഞു പോയ 'കാമസൂത്ര' പാരമ്പര്യത്തിന്റെ താവഴിയിൽ വരുന്ന ലൈംഗികതാസങ്കല്പമാണിത്. കേവലമായ ശരീരരതിയായി ലൈംഗികതയെ ഒതുക്കിക്കെട്ടാതെ അതിനെ ഒരു സമഗ്രാനുഭവലോകമായി വിഭാവനം ചെയ്യുകയാണ് അർഥശാസ്ത്രം. ഒപ്പംതന്നെ ലൈംഗികതയും രത്യാനുഭൂതികളും സാമൂഹികമായി സ്വീകാര്യമായി പുലരുകയും ചെയ്യുന്നു. തന്നെ സമീപിക്കുന്നവരുടെ പേരുവിവരം ഗണിക അധ്യക്ഷനെ ഏല്പിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നതിന്റെ പൊരുൾ അതുകൂടിയാണ്. സ്ഥാപനപരമായി രജിസ്റ്റർ ചെയ്യപ്പെടുന്ന ഒന്നായി ഗണികാബന്ധങ്ങൾ മാറിത്തീരുന്നു'.
മുഖ്യധാരാ ഇടതുബുദ്ധിജീവിതത്തിന്റെ ആശയകാപട്യങ്ങളെയും അവസരവാദത്തെയും അധികാരഭ്രമങ്ങളെയും ആധിപത്യപ്രവണതകളെയും ഹിംസാത്മക പ്രതികരണങ്ങളെയും അസഹിഷ്ണുതകളെയുമൊക്കെ തുറന്നുകാട്ടി വിമർശിക്കുന്നവയാണ് ഈ ഭാഗത്തെ പല രചനകളും. പക്ഷെ ഒരിക്കലും അവ വലതുപക്ഷത്തിന്റെ കയ്യിലെ ആയുധമാകുംവിധം നിലതെറ്റിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുന്നു എന്നതാണ് സുനിലിന്റെ രാഷ്ട്രീയജാഗ്രതയുടെ ബലം. സ്റ്റാലിനിസത്തിൽ നിന്നു കടുകിട മാറാത്ത വരട്ടുവാദികൾക്കൊപ്പം മുതലാളിത്തത്തിന്റെ വിഭ്രമങ്ങൾ ഒന്നടങ്കം തലയ്ക്കുപിടിച്ച പരിഷ്‌ക്കരണവാദികളും പ്രത്യയശാസ്ത്ര ധാരണയുള്ള മാർക്‌സിസ്റ്റ് പഠിതാക്കൾക്കൊപ്പം അക്ഷരവിരോധികളായ ആൾക്കൂട്ടങ്ങളും അരങ്ങുവാഴുന്ന ഭൂതാവിഷ്ടമായൊരു രാഷ്ട്രീയക്കൂടാരമാണ് കേരളത്തിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടി. അതിൽ സ്വതന്ത്രചിന്തയ്‌ക്കോ വൈജ്ഞാനികാഭിമുഖ്യങ്ങൾക്കോ ജനകീയ നയങ്ങൾക്കോ കാര്യമായ ഇടമില്ല എന്നതാണ് യാഥാർഥ്യം. എന്നിട്ടും ഈയൊരു രാഷ്ട്രീയപശ്ചാത്തലത്തിൽ സാംസ്‌കാരിക ജനാധിപത്യത്തിന്റെ സ്വരസ്ഥാനങ്ങളിലൊന്നായി നിലനിൽക്കുന്നുവെന്നതാണ് സുനിലിന്റെ പ്രസക്തി. കലഹത്തിന്റെ നാനാർഥങ്ങൾ വെളിപ്പെട്ടു കിട്ടുന്ന രാഷ്ട്രീയപ്രക്രിയയായി സുനിലിന്റെ സംസ്‌കാരവിചാരങ്ങൾ മാറുന്നതങ്ങനെയാണ്.
പുസ്തകത്തിൽ നിന്ന്
'പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ അധിനിവേശ ജ്ഞാനമാണ് ഭാരതീയ പാരമ്പര്യത്തിലെ ലൈംഗിക രതിബിംബങ്ങളെ അശ്ലീലമായി കാണുന്ന കാഴ്ചയ്ക്ക് തുടക്കമിട്ടത്. ഒരു ഭാഗത്ത് ക്രൈസ്തവമത പ്രചാരണത്തിനായി വന്ന മിഷനറിമാരും മറുഭാഗത്ത് ആധുനികമായ യുക്തി-സദാചാരബോധത്തിന്റെ പ്രതിനിധികളായ പരിഷ്‌കരണവാദികളും ഈ ലൈംഗിക സൂചനകളെ ഇന്ത്യൻ ജീവിതത്തിന്റെ പ്രാകൃതത്ത്വത്തിന്റെ മുദ്രകളായി വിശദീകരിച്ചു. കഴുകിക്കളയേണ്ട കളങ്കമായി ഇന്ത്യൻ ഭക്തി പാരമ്പര്യത്തിൽ ലൈംഗികത സ്ഥാനപ്പെടാൻ തുടങ്ങിയത് അങ്ങനെയാണ്. പൗരസ്ത്യവാദികൾ (orientalists) എന്നറിയപ്പെട്ട ഇന്ത്യാ വിജ്ഞാനികളായ യൂറോപ്യൻ പണ്ഡിതന്മാർ തങ്ങളുടെ ആശയാഭിലാഷങ്ങളോട് ഇണക്കമുള്ള ഒരു ഭൂതകാലത്തെ ഇന്ത്യയ്ക്ക് നിർമ്മിച്ചുനൽകിയതും ഇക്കാലത്താണ്. വ്യവസായവത്ക്കരണത്തിന്റെയും നഗരവത്ക്കരണത്തിന്റെയും ഫലങ്ങൾ അങ്ങേയറ്റം അസ്വീകാര്യമായി അനുഭവപ്പെട്ട നഗരവാസികളും പ്രഭുപാരമ്പര്യത്തിന്റെ ഉടമകളുമായ ബുദ്ധിജീവികളാണ് പൗരസ്ത്യവാദ വിജ്ഞാനത്തിന്റെ ഉടമകളായി ഉയർന്നുവന്നത്. ഭാരതീയ ഭൂതകാലത്തെ ഉടർത്തിപ്പിടിക്കുന്നതിലും ഇരുളാണ്ടുകിടന്ന ഭൂതകാലജ്ഞാനത്തിന് വെളിച്ചം പകരുന്നതിലും വലിയ സംഭാവനകൾ നൽകിയപ്പോൾ തന്നെ കൃത്രിമമായ ഒരു ഭൂതകാലാവബോധത്തെ ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിക്കാനും അവർക്ക് കഴിഞ്ഞു. 'ആത്മീയഭാരതം' എന്ന സങ്കല്പം ഉടലെടുത്തത് അങ്ങനെയാണ്. അമ്പതു വാല്യങ്ങളിലായി കിഴക്കിന്റെ വിശുദ്ധഗ്രന്ഥങ്ങൾ (Sacred Books of the East) എന്ന പരമ്പര പ്രസാധനം ചെയ്ത മാക്‌സ്മുള്ളർ കാമസൂത്രമോ, വൈദ്യശാസ്ത്രമോ ഉൾപ്പെടെയുള്ള ഭൗതികവിജ്ഞാനത്തിന്റെ ഒരു രൂപവും അതിൽ ഉൾപ്പെടുത്തുകയുണ്ടായില്ല. വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും മാത്രം വിളയുന്ന ആത്മീയസ്ഥലമായി ഇന്ത്യൻ ഭൂതകാലം പണിതെടുക്കപ്പെടുകയായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ നിസ്സംഗരും ധ്യാനനിരതരും ആത്മാന്വേഷികളുമാണെന്ന് വിധിയെഴുതിക്കൊണ്ട്, പൗരാണികമായ ഒരു ആത്മീയ സുവർണയുഗം ഇന്ത്യക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ് മാക്‌സ്മുള്ളർ ചെയ്തത്. ദേശീയമായ ഒരുപാട് അപമാനങ്ങൾക്ക് നടുവിൽ കഴിയുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഈ സുവർണഭൂതകാലം അങ്ങേയറ്റം സ്വീകാര്യവും ആഹ്ലാദദായകവുമായിരുന്നു. ഇതേകാലത്ത്, ഭാരതീയ സംസ്‌കൃതിയുടെ പ്രാകൃതത്വത്തെ മുൻനിർത്തി ഇന്ത്യൻ ദേശീയവാദത്തെ അധിക്ഷേപിക്കുകയാണ് യൂട്ടിലിറ്റേറിയൻ, ഇവാഞ്ചലിക്കൽ ജ്ഞാനപാരമ്പര്യങ്ങൾ ചെയ്തുപോന്നത്. അതിനുള്ള ഒരു മറുപടിയും മറുമരുന്നുമായി ദേശീയവാദം ഈ പൗരസ്ത്യവാദധാരണയെ ഉയർത്തിപ്പിടിച്ചു. അങ്ങനെ പാശ്ചാത്യമായ ഒരു കാഴ്ചവട്ടത്തിനുള്ളിൽ പിറന്ന 'ഇന്ത്യൻ പാരമ്പര്യം' നമ്മുടെ ദേശീയാഭിമാനവും ആദർശവുമായി സ്ഥാനമേറ്റു.
ഇങ്ങനെ ഒരുഭാഗത്ത് പൗരസ്ത്യവാദ വ്യവഹാരം നിർമ്മിച്ചെടുത്ത 'ആത്മീയ ഭാരത'ത്തിന്റേയും. മറുഭാഗത്ത് അധിനിവേശജ്ഞാനത്തിന്റെയും ആധുനികീകരണത്തിന്റേയും സദാചാര-ധാർമിക പദ്ധതികളുടെയും സമ്മർദത്തിനുള്ളിലാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഇന്ത്യയിലെ ഭക്തിപാരമ്പര്യം ചെന്നുപെട്ടത്. ദേശീയമായ അധുനികീകരണത്തിന്റെ ഈ സന്ദർഭം പൂർവപാരമ്പര്യങ്ങളെ അപ്പാടെ കഴുകിത്തുടച്ചെടുക്കേണ്ട സ്ഥിതിയിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിച്ചു. അതോടെ ഇന്ത്യൻ ഭക്തിപാരമ്പര്യത്തിലെ രതി-ലൈംഗിക സൂചനകൾ പുതുതായി വ്യാഖ്യാനിക്കപ്പെടേണ്ടവയോ അതുമല്ലെങ്കിൽ ഒട്ടാകെ തമസ്‌കരിക്കപ്പെടേണ്ടവയോ ഒക്കെയായി തീർന്നു. ആധുനികമായ സദാചാരസംഗതിയിലേക്ക് ഭൂതകാലത്തെയപ്പാടെ ഇണക്കിനിർത്താനുള്ള ഈ വ്യഗ്രത കേരളത്തിലുൾപ്പെടെ ഒരുപാട് വിശദീകരണങ്ങൾക്ക് ജന്മം നൽകി. ഇളംകുളം കുഞ്ഞൻപിള്ളയും മറ്റും മധ്യകാലനൂറ്റാണ്ടുകളെ നമ്പൂതിരിപ്പുളപ്പിന്റെ കാലമായി നിർവചിച്ചെടുക്കുകയും മണിപ്രവാളസാഹിത്യത്തെയപ്പാടെ ആ കാലയളവിന്റെ ഉത്പന്നമായി, 'മഹിളാളി മഹാസ്പദങ്ങൾ' മാത്രമായി, ഒതുക്കിക്കെട്ടുകയും ചെയ്തു. ആധുനികതയുടെ ഈ കാഴ്ചവട്ടം സ്വന്തംഭൂതകാലത്തെ തന്നെ അപമാനകരവും മറച്ചുപിടിക്കേണ്ടതുമായ ഒന്നായി മലയാളിയുടെ മുന്നിൽ അവതരിപ്പിച്ചു. കൊണാർക്കും ഖജുരാവോയും പോലുള്ളവ ഇങ്ങനെ മറച്ചുവയ്ക്കപ്പെടേണ്ടതായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും ഭൂതകാലത്തിലെ ചില ഒറ്റതിരിഞ്ഞ ആവിഷ്‌കാരങ്ങളായി അവ പരിഗണിക്കപ്പെട്ടു. എന്നുതന്നെയല്ല ജീവാത്മാ- പരമാത്മാ ബന്ധത്തിന്റെ പ്രതീകാത്മക ആവിഷ്‌കാരങ്ങളാണ് സ്ത്രീ-പുരുഷ സംഭോഗ രൂപങ്ങളായി നിലനിൽക്കുന്നതെന്ന വിശദീകരണം ശക്തമായി ഉന്നയിക്കപ്പെടുകയും ചെയ്തു. അന്തിമമായി, രത്യാത്മകതയുടെയും കാമനാ ബന്ധങ്ങളുടേയും ലൈംഗികതയുടേയും ലോകം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ തമസ്‌കരിക്കപ്പെടേണ്ടവയായി. മായ്ചുകളയുകയോ, മറച്ചുവയ്ക്കുകയോ ചെയ്യേണ്ട കളങ്കമായി അത് മാറിതീർന്നു. നമ്മുടെ സാമാന്യബോധത്തെ ഇപ്പോഴും നിയന്ത്രിച്ചു പോരുന്ന ലൈംഗിക-സദാചാരസങ്കല്പങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം, ചുരുക്കിപ്പറഞ്ഞാൽ, ഇങ്ങനെയൊന്നാണ്. അധിനിവേശത്തിന്റെയും അതിനൊപ്പം രംഗത്തെത്തിയ ആധുനീകരണത്തിന്റെയും ജ്ഞാനവ്യവസ്ഥയാണ് ഈ ലൈംഗിക-സദാചാര യുക്തിയുടെ കാതൽ. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ആറുപതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, വൈജ്ഞാനികവും ലോകാവബോധപരവുമായ സ്വാതന്ത്ര്യം, ഇതര മൂന്നാം ലോക സമൂഹങ്ങളിലെന്നതുപോലെ നമുക്ക് കുറഞ്ഞു കുറഞ്ഞു വന്നിട്ടേയുള്ളൂ. അതുകൊണ്ട് ഒരു ഭാഗത്ത് ശരീരത്തെ വസ്തുവൽക്കരിക്കുന്ന സൗന്ദര്യവിപണി വളർന്നുകൊണ്ടിരിക്കെ തന്നെ, മറുഭാഗത്ത് ശരീരവാസനകളുടെ സ്വാഭാവിക പ്രകാശനങ്ങൾ കളങ്കമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. അത്തരം ഭൂതകാലാവിഷ്‌കാരങ്ങൾ എത്രയും അപമാനമായിത്തീരുകയും ചെയ്യുന്നു. നിയോലിബറൽ മൂലധനം ശരീരത്തെയും ലൈംഗികതയെയും അങ്ങേയറ്റം വസ്തുവൽക്കരിച്ച് കച്ചവടം ചെയ്യുന്നതിൽ പ്രയാസമൊന്നും തോന്നാത്തപ്പോൾ തന്നെ ഈ ഭൂതകാലത്തിലെ രതിശരീരങ്ങൾ നമുക്ക് അപമാനകരമായിത്തീരുന്നു. മൂന്നാംലോക ജനതയുടെ അവബോധത്തിൽ ഇപ്പോഴും അടിഞ്ഞുകൂടി കിടക്കുന്ന കൊളോണിയൽ വിഴുപ്പുകളാണ് ഈ അപമാനബോധത്തിന്റെ ആധാരസാമഗ്രി. അതിനെയപ്പാടെ കുടഞ്ഞുകളഞ്ഞ്, മാനസികവും വൈജ്ഞാനികവുമായ സ്വാതന്ത്ര്യം കൈയാളാൻ കഴിയുന്നതോടെ ഈ അപമാനഭാരത്തിൽ നിന്നും നാം മോചനം നേടിയേക്കും.'
നാനാർഥങ്ങൾ
സുനിൽ പി.ഇളയിടം
കൈരളിബുക്‌സ്, കണ്ണൂർ
2016 വില: 390 രൂപ.