തൃശ്ശൂർ: അട്ടപ്പാടിയിലെ താരമാണ് നഞ്ചിയമ്മ. കേരളത്തിന്റെ അഭിമാനം. പക്ഷേ സ്വന്തം ഭൂമിക്കുവേണ്ടി കോടതികളിൽ കേസ് നടത്തുകയാണ് അവർ ഇപ്പോഴും. ഇതാണ് അട്ടപ്പാടിയിലെ ചൂഷണത്തിന്റെ സ്ഥിതി. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ നഞ്ചിയമ്മ ആ കഥ വെളിപ്പെടുത്തുന്നത് വേദനയോടെയാണ്.

''അട്ടപ്പാടിയിലെ നാലേക്കർ ഭൂമി ഒരാൾ കൈയേറിയതിന്റെ പേരിൽ ഇപ്പോൾ ഞാനടക്കമുള്ള സ്ത്രീകൾ കോടതികൾ കയറിയിറങ്ങുകയാണ്. മുത്തച്ഛന്റെ സ്വത്തായ നാലേക്കറാണ് കൈയേറിയത്. ഞങ്ങളെ ഭൂമിയിൽ കയറാൻ സമ്മതിക്കുന്നില്ല. ഇതിനെതിരേ കേസ് കൊടുത്തിട്ടുണ്ട്. കേസിൽ തീരുമാനമാകട്ടെ എന്നു പറഞ്ഞാണ് പൊലീസ് വിലക്കുന്നത്. ഭൂമി ഞങ്ങളുടേതെന്നതിന് എല്ലാ രേഖകളും കൈയിലുണ്ട്. ഓഗസ്റ്റ് രണ്ടിന് കോടതിയിൽ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അന്നറിയാം. കോടതിയിലും സർക്കാരിലുമാണ് ഞങ്ങളുടെ പ്രതീക്ഷ. അട്ടപ്പാടിയിലെ ഓരോരുത്തരുടെയും പ്രതീക്ഷ നിങ്ങൾ ഓരോരുത്തരിലുമാണ്.-മാധ്യമ പ്രവർത്തകരോട് നഞ്ചിയമ്മ പറഞ്ഞു.

ദൈവം വിചാരിക്കുന്നപോലെയേ കാര്യങ്ങൾ നടക്കൂ. സമരത്തിനോ പോരാട്ടത്തിനോ ഞങ്ങളില്ല. കഴിഞ്ഞദിവസം കൃഷിമന്ത്രിയും കളക്ടറുമൊക്കെ ഊരിൽ വന്നിരുന്നു. പലതും പറഞ്ഞെങ്കിലും കേസിന്റെ കാര്യം പറയാൻ വിട്ടുപോയി. ഇനി കിട്ടുന്ന അവസരങ്ങളിലൊക്കെ അത് മന്ത്രിമാരുടെയും അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തും. കൈയേറ്റം അട്ടപ്പാടിയുടെ ശാപമാണ്. കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൂട്ടിവച്ചാണ് കേസ് നടത്തുന്നത്. കേസ് നടത്താൻ ജീവിതകാലം മുഴുവൻ മാറ്റിവെച്ചവരാണ് ഞങ്ങളുടെ ആണുങ്ങളെല്ലാം. അവരൊന്നും ഇന്നില്ല. ഇപ്പോൾ ഞങ്ങൾ പെണ്ണുങ്ങളാണ് കേസ് നടത്തുന്നത്. കേസ് നടത്തി പണമെല്ലാം നഷ്ടപ്പെടുകയാണ്''- നഞ്ചിയമ്മ പറഞ്ഞു.

പണ്ടൊക്കെ കൃഷിയിറക്കിയാൽ തന്നെ വിളയുമായിരുന്നു. ആനയും പന്നിയുമാണ് ഇപ്പോഴത്തെ പ്രധാന ശല്യം. കൃഷി ചെയ്തിട്ടു കാര്യമില്ലാത്ത സ്ഥിതിയാണ്. കൃഷി ഇല്ലാതായപ്പോൾ തൊഴിലുറപ്പിനു പോയാണ് കുടുംബം പുലർത്തുന്നത്- നഞ്ചിയമ്മ വിശദീകരിച്ചു. ഇതു തന്നെയാണ് അട്ടപ്പാടിയിലെ യഥാർത്ഥ വസ്തുതയും. ഭൂമാഫിയ തട്ടിയെടുത്ത സ്വന്തം ഭൂമി തിരിച്ചു പിടിക്കാനുള്ള പോരാട്ടം 47 വർഷമായി തുടരുകയാണ് ആദിവാസി വാനമ്പാടി നഞ്ചിയമ്മ. നിയമസഭയിൽ ഉൾപ്പടെ പലയിടത്തും വിഷയം അവതരിക്കപ്പെട്ടു എങ്കിലും നഞ്ചിയമ്മയ്ക്ക് പ്രതീക്ഷയില്ല. അത്രയ്ക്ക് ശക്തമാണ് കൈയേറ്റക്കാരുടെ സ്വാധീനം.

അഗളി വില്ലേജിൽ 1167/1,6 സർവേ നമ്പരുകളിലെ നാലേക്കർ അന്യാധീനപ്പെട്ടതായി നഞ്ചിയമ്മയും ഭർത്താവിന്റെ പിതാവ് നാഗനും പരാതി നൽകിയിരുന്നു. 1975ലെ പട്ടിക വർഗ നിയമപ്രകാരം കേസെടുത്തു. ഈ സർവേ നമ്പരുകളിലുള്ള 4.81 ഏക്കർ ആദിവാസിയായ നാഗനിൽ നിന്ന് ആദിവാസിയല്ലാത്ത കന്തൻ ബോയന് കൈമാറ്റം ചെയ്‌തെന്നാണ് പ്രമാണം. അതിൽ 3.41 ഏക്കർ കന്തൻ ബോയനിൽ നിന്ന് മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡിന്റെ 1987 ഒക്ടോബർ 12ലെ ഉത്തരവ് പ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്തു.

ബാക്കി 1.40 ഏക്കർ ഒറ്റപ്പാലം സബ് കോടതിയിലെ കേസിലെ ഉത്തരവ് പ്രകാരം കല്ലുമേലിൽ കെ.വി. മാത്യുവിന് ലഭിച്ചു. അതിൽ സർവേ നമ്പർ 1167/1ലെ 50 സെന്റ് നെല്ലിപ്പതി സ്വദേശി കെ.വി. മാത്യു ജോസഫ് കുര്യന് കൈമാറി. അയാളുടെ പേരിൽ ഭൂനികുതി അടയ്ക്കുകയും ചെയ്തു. 1999ലെ പട്ടിക വർഗ്ഗ നിയമ പ്രകാരം ഒറ്റപ്പാലം സബ് കളക്ടറുടെ 2020 ഫെബ്രുവരി 28ലെ ഉത്തരവിൽ നാഗനിൽ നിന്ന് കൈമാറിയ 1.40 ഏക്കർ കന്തൻ ബോയനോ അനന്തര അവകാശികൾക്കോ കൈവശം നിലനിർത്താൻ നിർദ്ദേശിച്ചു.

അന്യാധീനപ്പെട്ട ഭൂമിക്ക് പകരം നാഗന്റെ അവകാശികൾക്ക് സർക്കാർ ഭൂമി കിട്ടാൻ അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. നഞ്ചമ്മയുടെ ഭൂമിയിൽ നിലവിലെ ഹർജി പ്രകാരം നടപടികൾ തുടരുകയാണ്. അതിനിടെ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ ഭൂമി കൈയേറാൻ വീണ്ടും നീക്കം നടന്നു. ബുധനാഴ്ച വൈകിട്ടാണ് സംഘം ഭൂമിയിൽ കടന്നുകയറിയത്. നഞ്ചിയമ്മയുടെ ഊരിലെ ബന്ധുക്കൾ എത്തി തടഞ്ഞതിനാൽ അവർ പിൻവാങ്ങി.

നെല്ലിപ്പതിയിൽ നിരപ്പത്ത് ഹൗസിൽ ജോസഫ് കുര്യന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച ഭൂമി നിരപ്പാക്കാനെത്തിയത്. മണ്ണാർക്കാട് -ആനക്കെട്ടി റോഡിൽ പഴയ വില്ലേജ് ഓഫിസിന് മുന്നിലുള്ള കണ്ണായ സ്ഥലമാണിത്. ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്ന ശബ്ദംകേട്ട നാട്ടുകാരാണ് നഞ്ചിമ്മയുടെ ഊരിൽ വിവരം അറിയച്ചത്. ഊരിൽനിന്നെത്തിയ ആദിവാസി സ്ത്രീകൾ കൈയേറ്റം തടഞ്ഞു.

ഭൂമിയിൽ കൈയേറ്റം നടത്തിയ ജോസഫ് കുര്യനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഞ്ചിയമ്മയും ബന്ധുക്കളായ മരുതി, വസന്ത എന്നിവർ അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ല. കലക്ടർക്ക് പരാതി നൽകാൻ പറഞ്ഞ് അവരെ തിരിച്ചയച്ചുവെന്നാണ് മരുതി പറഞ്ഞത്. ഇതേസമയം, ഭൂമിയിലെ കാട്ടുവെട്ടാനെത്തിയ ജോസഫ് കുര്യന്റെ പരാതി പൊലീസ് സ്വീകരിക്കുകയും ചെയ്തുവെന്നാണ് മരുതി പറയുന്നത്.

ഈ കേസിൽ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് 2020 ഫെബ്രുവരി നാലിന് പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കവേയാണ് ഭൂമി കൈയേറ്റം നടത്തിയതെന്ന് നഞ്ചിയമ്മ പറയുന്നു. ഭൂമിക്കുമേൽ അവകാശമുന്നയിച്ച് മണ്ണാർക്കാട് അരകുരിശി കല്ലുവേലിൽ കെ.വി. മാത്യു, അഗളി നെല്ലിപ്പതി നിരപ്പത്ത് വീട്ടിൽ ജോസഫ് കുര്യൻ എന്നിവരാണ് കോടതിയിൽ ഹരജി നൽകിയത്. ഹൈക്കോടതിയിൽ 2019 ൽ ഇരുകക്ഷികളും നൽകിയ ഹരജിയിൽ 2020 ഫെബ്രുവരി നാലിന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് വിധി പ്രഖ്യാപിച്ചിരുന്നു. അഗളി വില്ലേജിലെ സർവേ നമ്പർ 1167/1, 6ലെ ഭൂമി കൈവശം വയ്ക്കുന്നതും അനുഭവിച്ചറിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഈ കേസുകളിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു.

രണ്ട് റിട്ട് ഹരജികളിലും പൊലീസ് സംരക്ഷണത്തിനാണ് പരാതി സമർപ്പിച്ചിരുന്നത്. രണ്ട് റിട്ട് പെറ്റീഷനുകളിലെയും ഹരജിക്കാർ വസ്തുവിന്മേൽ അവകാശവാദമുണ്ടെന്നാണ് വാദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അതിനാൽ ഹൈക്കോടതിക്ക് രണ്ട് കേസുകളിലും പൊലീസ് സംരക്ഷണത്തിന് ഉത്തരവിടാൻ കഴിയില്ല. കാരണം സ്വത്തിന്റെ അവകാശം, കൈവശം എന്നിവ സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. സ്വത്ത് കൈവശം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. രണ്ട് റിട്ട് ഹർജികളും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് തള്ളിയിരുന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പ്, ജില്ല പൊലീസ് മേധാവി, അഗളി ഡെപ്യൂട്ടി സൂപ്രണ്ട്, അഗളി സർക്കിൾ ഇൻസ്‌പെക്ടർ, അഗളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ, എന്നിവർക്കും പരാതിക്കാരായ അട്ടപ്പാടി സംരക്ഷണ സമിതി എം. സുകുമാരൻ, ഊരിലെ നഞ്ചപ്പൻ, കുമാരപ്പൻ, മരുതി, പൊന്നി, വസന്ത, പുഷ്പ, കൗസല്യ എന്നിവർക്കും കോടതി ഉത്തരവിന്റെ പകർപ്പ് അയച്ചിരുന്നു. നേരത്തെ നിയമസഭയിൽ സുൽത്താൻ ബത്തേരി എംഎ‍ൽഎ ഐ.സി. ബാലകൃഷ്ണൻ നഞ്ചിയമ്മയുടെ ഭൂമി കൈയേറുന്നത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. നഞ്ചിയമ്മയുടെ ഭൂമിയിൽ നിലവിലെ ഹരജി പ്രകാരം നടപടികൾ തുടരുകയാണെന്നാണ് മന്ത്രി കെ. രാജൻ നൽകിയ മറുപടി. ഇതിനിടയിലാണ് ബലമായി ഭൂമി പിടിച്ചെടുക്കാൻ ജോസഫ് കുര്യൻ നീക്കം നടത്തിയത്.

നേരത്തെ ഭൂമി പിടിച്ചെടുക്കാൻ നീക്കം നടന്നപ്പോൾ നഞ്ചിയമ്മയുടെ നാല് ഏക്കർ ഭൂമി തിരികെ ലഭിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു.