മൂവാറ്റുപുഴ: സ്‌കൂൾ ബാഗിൽനിന്നു കണ്ടെത്തിയ കുറിപ്പിലെ വാചകങ്ങളെ ചൊല്ലി അദ്ധ്യാപകരുടെ പരസ്യശാസനയിൽ മനം നൊന്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 17 -കാരിയായ വി എച്ച് എസ് സി വിദ്യാർത്ഥിനി നന്ദന മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.

പെൺകുട്ടിയുടെ മരണത്തിനു കാരണക്കാരിയായ മൂവാറ്റുപുഴ ഗവ.മോഡൽ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്സ് രംഗത്ത് വന്നു. മറ്റ് പ്രതിപക്ഷ കക്ഷികളും സമാനരീതിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് തയ്യാറെടുക്കുകയാണ്. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ വനിതാ പ്രിൻസിപ്പലിനെ അറസ്റ്റുചെയ്യാൻ കഴിയില്ല. എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കി കേസ്സ് കോടതിക്ക് കൈമാറുമെന്നാണ് ഇക്കാര്യത്തിൽ പൊലീസ് നിലപാട്. അതിനിടെ, സംഭവത്തിൽ ആരോപണവിധേയയായ അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തു. പ്രതിഷേധം ഉയർന്നതോടെയാണ് വിഎച്ച്എസ്ഇ ഡയറക്ടറുടെ ഉത്തരവു വന്നത്.

വിദ്യാർത്ഥിനിയെ നേർവഴിക്ക് നയിക്കുക എന്ന ലക്ഷ്യമാണ് തനിക്കുണ്ടായിരുന്നതെന്നും ഇങ്ങനെ സംഭവിച്ചതിൽ അതിയായ വിഷമമുണ്ടെന്നുമാണ് പ്രിൻസിപ്പൽ അടുപ്പക്കാരോട് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഇവർ താമസസ്ഥലത്തുനിന്നും മാറിനിൽക്കുകയാണെന്നും പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്. ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് മരണമടഞ്ഞത്. വാഴക്കുളം കദളിക്കാട് മണിയന്തടം സ്വദേശിനിയായ വിഎച്ച് എസ് സി രണ്ടാം വർഷ വിദ്യാർത്ഥിനിയെ ഈ മാസം 3-നാണ് എൺപതു ശതമാനം പൊള്ളലേറ്റനിലയിൽ ഇവിടെ എത്തിച്ചത്. ഉച്ചക്ക് ഒന്നരയോടെ കുളിക്കാനെന്നു പറഞ്ഞ് വീടിനു പിൻഭാഗത്തേക്ക് പോയ വിദ്യാർത്ഥിനി കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പുറത്തായ വിവരം.

മകൾ കരിയിലയ്ക്ക് തീയിട്ടപ്പോൾ വസ്ത്രത്തിന് തീ പിടിച്ചാണ് പൊള്ളലേറ്റതെന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ ആദ്യം അറിയിച്ചിരുന്നതെന്നും സംശയംതോന്നി നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് വാഴക്കുളം പൊലീസ് സംഭവം സംബന്ധിച്ചു നൽകിയ വിവരം. കഴിഞ്ഞ ദിവസം സ്‌കൂളിൽ പരീക്ഷനടക്കുന്ന സമയത്ത് പുറത്തു സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ ബാഗിൽ നിന്നും പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിലുള്ള സംഘം കുറിപ്പ് കണ്ടെത്തിയത്. കുട്ടികൾ സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതായുള്ള സൂചനകളെ തുടർന്നായിരുന്നു അദ്ധ്യാപക സംഘം പരീക്ഷാ സമയത്ത് മുന്നറിയിപ്പില്ലാതെ തെളിവെടുപ്പിനിറങ്ങിയത്.

പെൺകുട്ടിയുടെ ബാഗിൽ നിന്നു കണ്ടെത്തിയ കുറിപ്പ് കാമുകനെഴുതുന്നതു പോലെ തോന്നിക്കുന്നതായിരുന്നെന്നും വാചകങ്ങളിൽ പലതും സഭ്യതക്ക് നിരക്കുന്നതല്ലെന്നുമായിരുന്നു അദ്ധ്യാപകസംഘത്തിന്റെ വിലിരുത്തൽ. താൻ സ്വപ്‌നം കാണുന്ന ജീവിതത്തെക്കുറിച്ച് കുറുപ്പിൽ പെൺകുട്ടി വിശദമായി വിവരിച്ചിരുന്നെന്നും പതിനെട്ടുവയസ്സുവരെ മാത്രമേ തനിക്ക് ജീവിതമുള്ളതെന്നും ഇതിനകം നീ എനിക്ക് എല്ലാ ജീവിതസുഖങ്ങളും നൽകണമെന്നും വിദ്യാർത്ഥിനി കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ടെന്നുമാണ് പ്രധാനാദ്ധ്യാപിക പൊലീസിനു നൽകിയ വിവരം. ഇതേത്തുടർന്നു പെൺകുട്ടിയെ ഓഫീസ് റൂമിൽ വിളിച്ചു വരുത്തി ഇക്കാര്യത്തിൽ പ്രധാനാദ്ധ്യാപിക വിശദീകരണം തേടിയെന്നും മാതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെന്നും മനോവിഷമത്താലാവാം പെൺകുട്ടി ആത്മഹത്യക്ക് തുനിഞ്ഞതെന്നുമാണ് പൊലീസ് അനുമാനം. സംഭവത്തെത്തുടർന്ന് അദ്ധ്യാപികയ്‌ക്കെതിരെ ബാലപീഡനത്തിന് വാഴക്കുളം പൊലീസ് കേസെടുത്തിരുന്നു.ഇതേത്തുടർന്ന് ഒളിവിലായിരുന്ന ഇവർക്ക് ഇന്നലെ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

എന്നാൽ സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പുറത്തുവിട്ടിട്ടുള്ള വിവരം മറ്റൊന്നാണ്. മകൾ കഥകളും കവിതകളുമൊക്കെ എഴുതാറുണ്ടെും ഇത്തരത്തിൽ പാതിപൂർത്തിയാക്കിയ രചനയിലെ ഒരുഭാഗം മാത്രം കണ്ടെത്തി മകളെ അദ്ധ്യാപക സംഘം മാനം കെടുത്തുകയായിരുന്നെന്നുമാണ് ഇവരുടെ വാദം. സ്റ്റാഫ് റൂമിൽ മറ്റ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും മുന്നിൽ വച്ചാണ് പ്രധാനാദ്ധ്യാപിക ഇക്കാര്യത്തിൽ മകളോട് പരുഷമായ ഭാഷയിൽ വിശദീകരണം തേടിയതെന്നും ഇതേത്തുടർന്നുള്ള മാനഹാനിയും മനോവിഷമവും മൂലമാണ് മകൾ ഈ കടുംകൈ ചെയ്തതെന്നുമാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തൽ.

പാതയോരത്തുനിന്നും ഒരു കിലോമീറ്ററോളം ദൂരെ കുന്നുംപുറത്തെ പണിതീരാത്ത വീട്ടിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നു വൈകുേന്നരത്തോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.