തൃശൂർ: അധികാരികളുടെ കനിവിന് കാത്തു നിൽക്കാതെ നന്ദിനി സി മേനോൻ(45) യാത്രയായി. മുറിച്ചു നീക്കപ്പെട്ട കാലും പ്രവർത്തനം നിലച്ച വൃക്കകളുമായി ജോലിക്കായി പൊരുതിയ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ നന്ദിനി മേനോന്റെ അന്ത്യം ഇന്നലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രയിലായിരുന്നു. ഏറെക്കാലമായി രോഗങ്ങളുടെ പിടിയിലമർന്ന അവർ അമല ആശുപത്രിയിൽ വച്ച് ഇന്നലെ ഡയാലിസിസിനിടെ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു.

കടുത്ത രോഗപീഡകളാൽ വലഞ്ഞിരുന്ന നന്ദിനിക്കു കാലടി സംസ്‌കൃത സർവകലാശാലയിൽ ജോലി നൽകാൻ കഴിഞ്ഞ മന്ത്രിസഭ തീരുമാനമെടുത്തിരുന്നെങ്കിലും ജോലിക്കായി കാത്തുനിൽക്കാതെയാണ് നന്ദിനി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് ഓട്ടിസം ബാധിതനായ ഏകമകൻ യദുകൃഷ്ണൻ. മകന്റെ അവസ്ഥയിലായിരുന്നു ഇവർ ഏറെ ആശങ്കപ്പെട്ടിരുന്നത്.

പ്രവർത്തനം നിലച്ച വൃക്കകളും തകരാറിലായ ഹൃദയവും മുറിച്ചുനീക്കപ്പെട്ട കാലുമായി ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു തൃശൂർ അയ്യന്തോൾ സ്വദേശിനി നന്ദിനി സി.മേനോൻ. കാലടി സർവകലാശാലയിൽ അദ്ധ്യാപകനായിരിക്കെ മരിച്ച ഭർത്താവിന്റെ ജോലി ആശ്രിത നിയമനംവഴി ലഭിക്കാൻ നന്ദിനിക്ക് അർഹതയുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ തഴയപ്പെട്ടു. ഇതിനെതിരായ പോരാട്ടത്തിലായിരുന്നു അവർ. അതിന് വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും അതൊന്നും ഫലപ്രദമായില്ല.

പിന്നീട് നന്ദിനിയുടെയും മകന്റെയും ദയനീയ അവസ്ഥയെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നന്ദിനിക്കു ജോലി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. മാനുഷിക പരിഗണന നൽകി സാങ്കേതിക തടസങ്ങൾ മറികടക്കാൻ മന്ത്രിസഭ നിർദേശവും നൽകി. എന്നാൽ, നടപടിക്രമം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപേ നന്ദിനിയെ മരണം കീഴ്‌പ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡയാലിസിസിനിടെ ഹൃദയാഘാതമുണ്ടായി. ആറു മണിയോടെ മരണം സംഭവിച്ചു. അമ്മ മരിച്ചതറിയാതെ തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ അമ്മൂമ്മയ്‌ക്കൊപ്പം കാത്തിരുന്ന മകൻ യദുകൃഷ്ണൻ തീരാനൊമ്പരമായി. ആരോഗ്യസ്ഥിതി അതീവ ദുഷ്‌കരമായ സമയത്തു പോലും സാമൂഹിക പ്രവർത്തനം അവസാനിപ്പിക്കാതിരുന്ന നന്ദിനി, തന്റെ കണ്ണുകൾ മരണാനന്തരം ദാനം ചെയ്തു.

പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ അമിതാവ് ഘോഷിന്റെ 'കൊൽക്കത്ത ക്രോമസോം' ഉൾപ്പെടെ നാലു പ്രമുഖ കൃതികൾ നന്ദിനി മലയാളത്തിലേക്കു തർജമ ചെയ്തിട്ടുണ്ട്. വൃക്കരോഗികൾക്കു സഹായമേകാൻ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയായും അഭിഭാഷകയായും അദ്ധ്യാപികയായും പ്രവർത്തിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീടു നടക്കും.