തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നായി പിന്തുണച്ചപ്പോൾ നന്ദിനി മേനോന്റെ ജീവിതത്തിൽ വെളിച്ചമെത്തി. ഇരു വൃക്കകളും തകർന്ന് ഹൃദ്രോഹം ബാധിച്ച്് ഒരു കാൽ നഷ്ടപ്പെട്ട നന്ദിനി മേനോൻ എന്ന 43 കാരിക്ക് ഒരു തവണ വേണ്ടെന്നുവച്ച ജോലി തിരിച്ചുനൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭ കൂട്ടായി തന്നെ തീരുമാനമെടുത്തു. ഇതോടെ എഴുത്തുകാരികൂടിയായ ഈ അഭിഭാഷകയ്ക്കും ഭിന്ന മാനസികശേഷിയുള്ള മകനും ഇനി നട്ടെല്ല് നിവർത്തി ജീവിക്കാം.

തൃശ്ശൂർ സ്വദേശിനിയായ നന്ദിനിയുടെ ജീവിതകഥയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുന്നിൽ എത്തിയത് സംസ്ഥാന യുവജന കമ്മീഷനംഗവും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയുമായ സ്വപ്നാ ജോർജ്ജായിരുന്നു. നന്ദിനിയുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. സ്വപ്‌നയുടെ ശ്രമങ്ങളുടെ വിജയമാണ് നന്ദനിക്ക് ലഭിക്കുന്ന ജോലി. സമൂഹത്തിന് വേണ്ടി ഒരിക്കൽ വേണ്ടെന്ന് വച്ച ജോലി അവർക്ക് വീണ്ടും തിരികെ ലഭിക്കുകയാണ് ഇതിലൂടെ.

കാലടി സംസ്‌കൃത സർവ്വകലാശാലയിൽ പ്രൊഫസറായിരുന്ന ഭർത്താവ് നന്ദകുമാര മേനോന്റെ മരണത്തോടെയാണ് നന്ദിനിയുടെ ശനിദശ ആരംഭിച്ചത്. ഭർത്താവിന്റെ ജോലി വേണമെങ്കിൽ ആശ്രിതനിയമനം എന്ന നിലയിൽ നന്ദിനിക്ക് ലഭിക്കുമായിരുന്നു. അഭിഭാഷകയായതുകൊണ്ട് തനിക്ക് ആ ജോലി ലഭിക്കുന്നതിനേക്കാൾ നല്ലത് മറ്റാർക്കെങ്കിലും പ്രയോജനം ലഭിക്കുന്നതാണ് നല്ലതെന്നു കരുതി നന്ദിനി ജോലി വേണ്ടെന്നുവയ്ക്കുകയായിരുന്നു. തുടർന്നായിരുന്നു മാറാരോഗങ്ങൾ ഇവരെ പിടികൂടിയത്. പഴയ ജോലി തിരിച്ചു കിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നന്ദിനിയുടെ സ്ഥിതി അപ്പോഴാണ് വാർത്തയായത്. മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ അടിയന്തര നടപടിക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കൈമാറി.

അതിനിടയിൽ നന്ദിനിയുടെ അവസ്ഥ വഷളായി. നടപടികൾ ഇഴഞ്ഞുനീങ്ങിയതിനെതുടർന്ന് ഇന്നലെ മന്ത്രി എപി അനിൽകുമാറിന്റെ ഓഫീസിലെത്തിയ സ്വപ്നാ ജോർജ്ജ് അദ്ദേഹത്തെ വിവരം ധരിപ്പിച്ചു. അനിൽകുമാർ ഇത് അജണ്ടയിൽ ഉൾപ്പെടാത്തതാണെങ്കിൽ കൂടി ഈ വിഷയം മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. ഇതിനെ മന്ത്രിമാർ ഒന്നടങ്കം പിന്തുണച്ചപ്പോൾ മുഖ്യമന്ത്രി അപ്പോൾ തന്നെ നന്ദിനിക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. നന്ദിനിക്ക് ജോലി നൽകുന്നതിനുവേണ്ടി നടപടികൾ ത്വരിതപ്പെടുത്താൻ മന്ത്രി പികെ അബ്ദുറബ്ബും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ തന്നെ നിയമന ഉത്തവും ലഭിക്കും.

ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്ന നന്ദിനി ജീവിതത്തിൽ വെല്ലുവിളികളെ നേരിട്ട് തുടങ്ങിയത് ഇപ്പോഴല്ല. കാഴ്ചശക്തിയില്ലാതിരുന്നിട്ടും റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ നന്ദകുമാരൻ തമ്പിയെയാണ് അവർ വിവാഹം കഴിച്ചത്. സംസ്‌കൃത സർവ്വകലാശാലയിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം നന്ദിനി ഗർഭിണിയായിരിക്കെ ഹൃദ്രോഗം മൂലം മരിച്ചു. മകന് ഓട്ടിസം ആണെന്ന് തിരിച്ചറിഞ്ഞതോടെ നന്ദിനി ജോലി മതിയാക്കി മുഴുവൻ സമയം അവനുവേണ്ടി മാറ്റിവച്ചു. പ്രശസ്ത നോവലിസ്റ്റ് അമിതാവ് ഘോഷിന്റെ 'കൽക്കത്ത ക്രോമസോം' എന്ന നോവലടക്കം നിരവധി പുസ്തകങ്ങൾ നന്ദിനി വീട്ടിലിരുന്നു തന്നെ മൊഴിമാറ്റം നടത്തി.

പക്ഷേ, ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും ആ ജീവിതത്തിന്റെ താളം തെറ്റിച്ചു. പിന്നാലെ വൃക്കരോഗവും എത്തി. വൃക്ക ദാനം ചെയ്യാൻ ഒരാൾ സന്നദ്ധത പ്രകടിപ്പിക്കുകയും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാവുകയും ചെയ്ത സമയത്താണ് രോഗം വീണ്ടും നന്ദിനിയെ ആക്രമിച്ചത്. ഒരു കാലിൽ ഉണ്ടായ അണുബാധയെ തുടർന്ന് ആദ്യം വിരലുകളും പാദവും പിന്നീട് മുട്ടിന് മുകളിൽ വച്ചും മുറിച്ചു മാറ്റേണ്ടിവന്നു. ഇങ്ങനെ ദുരിത പർവ്വം എത്തിയതോടെയാണ് ആശ്രിത നിയമനത്തെ കുറിച്ച് ചിന്തിച്ചത്. ഭർത്താവ് മരിച്ച സമയത്ത് അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്ന നന്ദിനി ആശ്രിതനിയമനത്തിന് അപേക്ഷ നൽകിയിരുന്നില്ല.

ആരോഗ്യം മോശമായതോടെ ഒരു മാസം മുമ്പ് തന്റെ അവസ്ഥകൾ വിശദീകരിച്ച് നന്ദിനി സംസ്‌കൃത സർവ്വകലാശാല രജിസ്ട്രാർക്ക് അപേക്ഷ നൽകി. ചുവപ്പുനാടകൾ നന്ദിനിക്ക് വിനയായി. ഇവിടെയാണ് യൂത്ത് കമ്മീഷൻ അംഗം സ്വപ്‌നാ ജോർജിന്റെ ഇടപെടലുകൾ ഫലം കാണുന്നത്.