- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബുദം കാർന്നു തിന്നുമ്പോഴും നന്ദുവിന് താങ്ങും തണലുമായിത് നാല് സുഹൃത്തുക്കൾ; നന്ദുവിന്റെ ആഗ്രഹത്തിനൊപ്പം നിന്നു ഗോവൻ യാത്ര നടത്തി; പിരിഞ്ഞത് അടുത്തതായി ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്ന ആഗ്രഹത്തോടെ; നന്ദുവിന്റെ വിയോഗത്തിൽ തേങ്ങി ഉറ്റസുഹൃത്തുക്കൾ
കൊച്ചി: ഇന്ത്യ മുഴുവൻ ഒരു യാത്ര നടത്തി ക്യാൻസറിന് ബോധവൽക്കരണം നടത്തണം എന്ന ആഗ്രഹം ബാക്കി നിർത്തിയാണ് നന്ദു മഹാദേവ യാത്രയായത്. നന്ദുവിന്റെ പ്രിയ സുഹൃത്തുക്കളോടായിരുന്നു ആഗ്രഹം പങ്കു വച്ചിരുന്നത്. അർബുദം കാർന്നു തിന്നുമ്പോഴും ആത്മവിശ്വാസത്തോടെ വേദനകളെ തോൽപ്പിച്ച്് മുന്നേറുമ്പോൾ നന്ദു മഹാദേവന് താങ്ങും തണലുമായി നിന്നിരുന്നത് നാലു സുഹൃത്തുക്കളായിരുന്നു. ജസ്റ്റിൻ, ശ്രീരാഗ്, വിഷ്ണു, പ്രഭു എന്നിവരായിരുന്നു അവർ. അതിജീവനം എന്ന കൂട്ടായ്മയിലൂടെയാണ് അവർ പരിചയപ്പെടുന്നത്. ഇവർ ഒത്തു കൂടുമ്പോഴെല്ലാം ക്യാൻസറിനെ പറ്റിയും അതിന് മികച്ച ചികിത്സ കൃത്യമായി ലഭ്യമാക്കുന്ന ഒരു ആതുരാലയം നിർമ്മിക്കണമെന്നും പറയുമായിരുന്നു. എന്നാൽ അതിനൊന്നും സമയം നീട്ടിക്കൊടുക്കാതെ വിധി നന്ദുവിനെ തിരികെ വിളിച്ചു.
നന്ദുവിന്റെ വിയോഗം ഉൾക്കൊണ്ടെങ്കിലും സങ്കടം വിട്ടുമാറാത്ത അവസ്ഥയിലാണ് സുഹൃത്തുക്കൾ. ഏതു നിമിഷവും മരണം തന്നെ കൂട്ടിക്കൊണ്ടു പോകുമെന്ന് ഉറപ്പുണ്ടായിട്ടും ജീവിതത്തിൽ പകച്ചു നിന്ന ഇവരെ കൈ പിടിച്ച് മുന്നോട്ട് കൊണ്ടു വന്നത് നന്ദുവാണ്. എനിക്ക് ക്യാൻസറാണ് എന്ന് ഒരു വേദിയിൽ നന്ദു പറഞ്ഞതിന് ശേഷമാണ് പലരും അവർക്ക് ക്യാൻസറാണ് എന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞത്. വലിയ മോട്ടിവേറ്ററായിരുന്നു നന്ദു.
ഓരോ വാക്കുകൾ ഉപയോഗിക്കുമ്പോഴും പ്രായത്തിൽ കവിഞ്ഞ പക്വത അതിലുണ്ടായിരുന്നു. ചിരിച്ച മുഖത്തോടെയല്ലാതെ ഒരിക്കലും അവനെ കണ്ടിട്ടില്ല എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. രോഗം മൂർച്ഛിച്ചപ്പോൾ കോഴിക്കോട്ടെ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചപ്പോഴാണ് നന്ദു ഗോവൻ ട്രിപ്പ് പോകണമെന്ന ആഗ്രഹം വിഷ്ണുവിനോടും ജസ്റ്റിനോടും പങ്കുവച്ചത്. ക്യാൻസർ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിക്കുമ്പോഴാണ് യാത്ര പോകനായി നന്ദു ആഗ്രഹിച്ചത്. തുടർന്ന് ഡോക്ടറോട് അനുവാദം വാങ്ങി ഫെബ്രുവരിയിൽ ഗോവയ്ക്ക് പോയി.
നന്ദുവിന്റെ അനുജനും ശ്രീരാഗും വിഷ്ണുവും ജസ്റ്റിനും ചേർന്ന് യാത്ര പോയി. നന്ദുവും ജസ്റ്റിനുമാണ് കാർ ഡ്രൈവ് ചെയ്തത്. ഗോവൻ തീരത്ത് ആർത്തുല്ലസിച്ചു നടന്നു. വൈകുന്നേരം പബ്ബിൽ പോയി. ക്രച്ചസ്സുമായി പബ്ബിൽ കയറിയ നന്ദുവിനെ അത്ഭുതത്തോടെയാണ് അവിടെയുണ്ടായിരുന്നവർ നോക്കിയതെന്ന് സുഹൃത്ത് വിഷ്ണു പറയുന്നു. എന്നാൽ പിന്നീട് അവരെല്ലാം നന്ദുവിനൊപ്പം ചേർന്ന് നിന്ന് നൃത്തം ചവിട്ടി, ഒപ്പം നിർത്തി ഫോട്ടോ എടുത്തു. 5 ദിവസത്തെ യാത്രക്ക് ശേഷം തിരികെ എത്തിയപ്പോൾ ഏറെ സന്തോഷത്തിൽ തന്നെയായിരുന്നു നന്ദു. വിധി വെറുതെ വിട്ടാൽ ഓൾ ഇന്ത്യാ ട്രിപ്പിന് പോകണം എന്ന് പറഞ്ഞാണ് അവർ പിരിഞ്ഞത്.
ജസ്റ്റിൻ കോഴിക്കോട് എം വിആർ ഹോസ്പിറ്റലിലെ ജീവനക്കാരനാണ്. ഇവിടെയാണ് നന്ദു ചികിത്സ നടത്തിയിരുന്നത്. വിഷ്ണു അരൂർ സ്വദേശിയാണ്. ശ്രീരാഗ് തിരുവനന്തപുരത്തും പ്രഭു പാലക്കാടുമാണ് താമസിക്കുന്നത്. എപ്പോഴും ഇവരാണ് തന്റെ ഊർജ്ജമെന്ന് നന്ദു പറഞ്ഞിരുന്നു. ഗോവൻ ട്രിപ്പിന് പോയപ്പോൾ തന്നെ കൊണ്ടു പോകാനുള്ള റിസ്ക്ക് ഏറ്റെടുത്തതിൽ ഒരുപാട് നന്ദിയുണ്ടെന്ന് നന്ദു പറഞ്ഞിരുന്നതായി ജസ്റ്റിൻ പറഞ്ഞു. ക്യാൻസർ കരൾ കാർന്നു തിന്നാൻ തുടങ്ങിയപ്പോഴാണ് ഗോവൻ ട്രിപ്പിനായി പ്ലാൻ ചെയ്തത്. അവന് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. അതെല്ലാം പൂർത്തിയാക്കാതെയാണ് മടങ്ങിയത്. എങ്കിലും ഞങ്ങളിലൂടെ അവൻ ജീവിക്കും. അവന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കും ;- സുഹൃത്തുക്കൾ ദൃഢ നിശ്ചയത്തോടെ പറയുന്നു.
ഇന്ന് പലർച്ചെ 3.30 മണിയോടെയാണ് നന്ദു മഹാദേവൻ കോഴിക്കോട് എം വിആർ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ രാത്രിയിൽ ശ്വാസ തടസമുണ്ടായതോടെ മെഡിക്കൽ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. പിന്നീട് നില വഷളാകുകയായിരുന്നു. ശരീരത്തിന്റെ പല അവയവങ്ങളിലേക്ക് കാൻസർ പടരുമ്പോഴും പ്രത്യാശയോടെ ജീവിതത്തെ സമീപിച്ച നന്ദുവിന് 27 വയസ്സായിരുന്നു. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.
അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. സമൂഹമാധ്യമങ്ങളിലെ അർബുദ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്തനായിരുന്നു നന്ദു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നയാളായിരുന്നു നന്ദു. വിവിധ തുറകളിൽ പെട്ട മനുഷ്യരാണ് നന്ദുവിന്റെ വിയോഗത്തിൽ വേദന പങ്കുവയ്ക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.