മെൽബൺ: ചൈൽഡ് കെയർ സർവീസുകൾ ലഭ്യമാക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങൾക്ക് നാനിമാരുടെ സേവനം വിപുലപ്പെടുത്തി സർക്കാർ പദ്ധതി തയാറാക്കുന്നു. ചൈൽഡ് കെയർ ബെനിഫിറ്റിൽ കൂടുതൽ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുക വഴി ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് സബ്‌സിഡി നിഷേധിക്കപ്പെടുമെന്നുള്ള റിപ്പോർട്ടിനെ തുടർന്നാണ് നാനിമാരുടെ സേവനങ്ങൾക്ക് സബ്‌സിഡി ഏർപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നത്.

ഇതിന്റെ ഫലമായി പതിനായിരത്തോളം കുഞ്ഞുങ്ങൾക്ക് നാലായിരത്തോളം നാനിമാരുടെ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പരിക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി 250 മില്യൺ ഡോളറാണ് മാറ്റിവച്ചിരിക്കുന്നതെന്ന് സോഷ്യൽ സർവീസ് മിനിസ്റ്റർ സ്‌കോട്ട് മോറിസൺ വ്യക്തമാക്കി. അതേസമയം ചൈൽഡ് കെയർ സംവിധാനം പൂർണമായും ഇല്ലാതാക്കുകയല്ല ലക്ഷയമെന്നും പകരം ആവശ്യക്കാർക്ക് ഒരു ബദൽ എന്ന നിലയിലാണ് നാനിമാരുടെ സേവനം വിപുലപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്ന അമ്മമാർക്കാണ് ഇത് ഏറെ ഗുണം ചെയ്യുന്നത്. നാനിമാരുടെ സേവനം പൊതുവേ ആരും തന്നെ ഉപയോഗിക്കുന്നില്ലെന്നും പദ്ധതി നടപ്പാക്കുന്നതിലൂടെ സമൂഹത്തിന് നാനിമാരുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും വിലയിരുത്തുന്നു. സർക്കാർ അംഗീകൃത സേവനദാതാക്കൾക്കാണ് സബ്‌സിഡി തുക കൈമാറുക. മണിക്കൂറിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഫലം നൽകുക. കുടുംബവരുമാനം കൂടി കണക്കിലെടുത്താണ് തുക നൽകുന്നത്.

മറ്റ് ചൈൽഡ് കെയർ സർവീസുകൾക്ക് യോഗ്യരല്ലാത്തവരും മാതാപിതാക്കൾക്ക് ഇരുവർക്കുമായി 250,000 ഡോളർ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് നാനി സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. ഷിഫ്റ്റ് ജോലിക്കാരും അതേസമയം ചൈൽഡ് കെയർ ബെനിഫിറ്റ് അർഹരല്ലാത്തവരുമായ നഴ്‌സുമാർ, പൊലീസ് ഓഫീസർമാർ, ആംബുലൻസ് ഓഫീസർമാർ, അഗ്നിശമനസേനാ ജീവനക്കാർ തുടങ്ങിയവർക്ക് പുതിയ പദ്ധതി പ്രകാരം സേവനം പ്രയോജനപ്പെടുത്താം. കൂടാതെ ഉൾനാടൻ പ്രദേശങ്ങളിലുള്ളവർ, പ്രത്യേക പരിഗണന വേണ്ട കുട്ടികൾ തുടങ്ങിയവർക്കാണ് സേവനം ആദ്യഘട്ടത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നത്.