തിരുവനന്തപുരം: പൊതുവേ അന്തർമുഖനായി വ്യക്തിയാണ് കേരളത്തെ നടുക്കിയ നന്തൻകോട്ടെ കൂട്ടക്കൊലപാതക കേസിൽ പ്രതിയായ കേഡൽ ജീൻസൺ രാജ. സ്വന്തം മാതാപിതാക്കളെയു സഹോദരിയെയും എങ്ങനെയാണ് ഈ മകൻ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാൻ പോലും ബന്ധുക്കൾക്കും നാട്ടുകാർക്കും ഇപ്പോഴും സാധിക്കുന്നില്ല. നാട്ടുകാർക്ക് കേഡലിനെ പരിചയെ സൗമ്യനും മൗനിയുമായി യുവാവ് എന്ന നിലയിലാണ്. വിദ്യാസമ്പന്നനായ ഈ പ്രായത്തിലുള്ള യുവാക്കളെ പോലെ ചുറ്റിയടിക്കലോ കമ്പനി കൂടലോ ഒന്നുമില്ലാത്ത വ്യക്തിയായിരുന്നു കേഡലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നു. അങ്ങനെ പൊതുവേ ശാന്തനായ വ്യക്തി എങ്ങനെയാണ് ഇത്രയും അപകടകാരിയായത് എന്ന കാര്യം ആർക്കും അറിയില്ല.

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും കൊന്നുതള്ളാൻ ഇയാൾക്ക് എങ്ങനെ സാധിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. സൗഹൃദ വലയങ്ങളൊന്നുമില്ലാതെ, മുഖംകുനിച്ച് അതിവേഗം നടന്നുപോകുന്ന കേഡലിനെ അപൂർവമായേ പുറത്തുകണ്ടിരുന്നുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. സമീപവാസികൾ ആരെങ്കിലും കുശലം ചോദിച്ചാൽ സൗമ്യമായി മറുപടി പറയന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം. യുവത്വത്തിന്റെ അഭിനിവേശങ്ങളിലൊന്നും കേഡലിനെ നാട്ടുകാർ കണ്ടിട്ടില്ല. കാറും ബൈക്കും ഓടിക്കാനറിയില്ല. പുറത്തേക്കിറങ്ങുന്നത് പലപ്പോഴും അച്ഛൻ രാജതങ്കത്തിനോ മറ്റു കുടുംബാംഗങ്ങളുടെയോ ആവശ്യത്തിനായി ഓട്ടോ വിളിക്കുന്നതിനായിട്ടായിരിക്കും. ഈ കാര്യങ്ങൾ കൊണ്ടുതന്നെ നാട്ടുകാർക്ക് ഈ യുവാവിനെക്കുറിച്ച് മോശമായി ഒന്നും പറയാനുമില്ല.

അതേസമയം വീട്ടിൽ തന്നെ അധികം സംസാരിക്കാത്ത പ്രകൃതമാണ് കേഡലിന്റേത്. മണിക്കൂറുകൾ കമ്പ്യൂട്ടറിന് മുന്നിൽ കേഡൽ ചെലവഴിക്കാറുണ്ടായിരുന്നു. കുടുംബാംഗങ്ങളിൽ ആരും അയാളുടെ സൈബർ ലോകത്തിലേക്ക് വിലക്കുമായി കടന്നു ചെന്നുമില്ല. ആ വീട്ടിൽനിന്ന് ഒരു വഴക്കിന്റെ ശബ്ദം സമീപവാസികൾ കേട്ടിട്ടുമില്ല. അതേസമയം കളിചിരികളും തമാശകളും ഉയർന്നുകേട്ടിരുന്നതായി ഒരു മതിലിനപ്പുറം മാത്രം താമസിക്കുന്നവർ പറയുന്നു. ക്രൂരമായ കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന ദിവസങ്ങളിലും ഇവിടെ നിന്ന് വഴക്കിന്റെയോ നിലവിളിയുടെയോ ശബ്ദമുയർന്നില്ലെന്നതും പല വിധ സംശയങ്ങൾക്കും ഇടയാക്കുന്നുണ്ട്.

സ്‌നേഹത്തോടെ മാത്രമേ വീട്ടുകാർക്ക് കേഡലിനോട് സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ബന്ധുക്കളായ ജോസും, ജൂലയും, വീട്ടുവേലക്കാരി രഞ്ജിതവും എല്ലം ഇക്കാര്യത്തിൽ ഒരേ അഭിപ്രായം ഉള്ളവരാണ്. വീട്ടിലിരുന്ന് വീഡിയോ ഗെയിമുകൾ ഉണ്ടാക്കുകയായിരുന്നു കേഡലെന്ന് അമ്മാവൻ ജോസ് പറയുന്നു. അവ വിദേശകമ്പനികൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയിൽ ദിവസങ്ങൾ ഇയാൾ കംപ്യൂട്ടറിന് മുന്നിലായിരിക്കും. തന്റെ ലക്ഷ്യം ഉടൻ കൈവരിക്കുമെന്നാണ് അയാൾ ജോസിനെ അറിയിച്ചിരുന്നത്. ഇതിലൂടെ ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുമെന്നും ഇയാൾ വിശദീകരിച്ചു.

ശനിയാഴ്ച രാവിലെയും അമ്മയുടെ സഹോദരനായ ജോസിനെ കാണാൻ കേഡൽ എത്തിയിരുന്നു. സൗമ്യതയോടെ കാര്യങ്ങൾ സംസാരിച്ചിരുന്നു. നാലുപേരെയും കൊന്നതിന് ശേഷമാകാം ഇയാൾ അമ്മാവനെ കാണാനെത്തിയതെന്നാണ് നിഗമനം. പതിനായിരം രൂപ നൽകിയ ശേഷമാണ് കേഡൽ മടങ്ങിയതെന്നും ജോസ് പറയുന്നു.

ബെയിൻസ് കോമ്പൗണ്ട് 117-ൽ ഡോ. ജീൻപത്മയുടെയും ഭർത്താവ് രാജതങ്കത്തിന്റെയും മകൾ കരോലിന്റെയും മൃതദേഹങ്ങൾ പോലും ബാക്കിയുണ്ടായിരുന്നില്ല. മുറിക്കുള്ളിൽ നിന്ന് ഇവരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ബന്ധുവായ ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.