- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നനഞ്ഞ പടക്കമായ നാരദൻ; ഇത് സിനിമയല്ല വെറും ഡോക്യുഫിക്ഷൻ; ഒരു ഫിലിം മേക്കർ എന്ന നിലയിൽ ആഷിക്ക് അബു സമ്പൂർണ്ണ പരാജയം; ഉണ്ണി ആറിന്റെ തിരക്കഥ ചവറ്; തങ്ങളുടെ രാഷ്ട്രീയം പറയാനായി തട്ടിക്കൂട്ടിയുണ്ടാക്കിയ ഡയലോഗുകൾ ബാധ്യത; ആശ്വാസം ടൊവീനോയുടെ കരിസ്മാറ്റിക്ക് പ്രകടനം
നമ്മുടെ മന്ത്രി ശശീന്ദ്രന്റെ രാജിക്ക് കാരണമാക്കിയ, മംഗളം ചാനലിന്റെ 'പൂച്ചക്കുട്ടി' ഹണിട്രാപ്പുകേസും, റിപ്പബ്ലിക്ക് ടിവി ഉടമ അർണബ് ഗോസ്വാമിയുടെ വളർച്ചയും, ചേർത്ത് ഒരു ഡോക്യൂഫിക്ഷൻ ഉണ്ടാക്കി അതിനെ 'ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളുമെല്ലാം സാങ്കൽപ്പികമാണ്' എന്ന് എഴുതിക്കാണിച്ച് ഒരു ചിത്രം എടുത്താൻ എങ്ങനെ ഇരിക്കും. അതാണ് ആഷിക്ക് അബുവിന്റെ സംവിധാനത്തിൽ, പ്രശസ്ത സാഹിത്യകാരൻ ഉണ്ണി ആറിന്റെ രചനയിൽ ടോവീനോ തോമസിനെ നായകനാക്കി എടുത്ത 'നാരദൻ' എന്ന ചിത്രം. സത്യത്തിൽ ഇതൊരു സിനിമയാണെന്ന് തോനുന്നില്ല. നാഷണൽ ജിയോഗ്രാഫിക്ക് ചാനലിലൊക്കെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത ഡോക്യുഫിക്ഷൻ കാണാറില്ലെ. അതുപോലെ ഫെയർ ജേർണലിസം എന്ന ലക്ഷ്യത്തിനായി എടുത്ത ഒരു ഡോക്യു ഫിക്ഷനായി മാത്രമേ ഈ ചിത്രത്തെ കാണാനാവൂ!
ഒരു ഫിലിം മേക്കർ എന്ന നിലയിൽ ആഷിക്ക് അബുവിന്റെ ഗ്രാഫ് കുത്തനെ ഇടിച്ച ചിത്രമാണിത്. 20 ഫീമെയിൽ കോട്ടയത്തിന്റെയും മായാനദിയുടെയും സംവിധായകനാണോ ഇത് എടുത്തത് എന്ന് തോന്നിപ്പോകും. ചാർലിയും, ലീലയും ഉൾപ്പെടടെ മനു്യഷ മനസ്സിന്റെ സങ്കീർണ്ണതകൾ, കൃത്യമായി അടയാളപ്പെടുത്തിയ, പുതിയ കാലത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകരനായ, ഉണ്ണി ആറിന്റെ രചനയാണ് ഈ ചവറ് എന്നതും ഞെട്ടിക്കുന്നു.
ചിത്രത്തിന്റെ ആദ്യപകുതി അട്ടർ വേസ്റ്റാണ്. പലയിടത്തും ഉറക്കം വന്നുപോകും. രണ്ടാംപകുതിയാണ് എൻഗേജിങ്ങായി തോനുന്നത്. അവിടെയും നീണ്ട കോടതി രംഗങ്ങളൊക്കെ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നുണ്ട്. മിന്നൽ മുരളിപോലുള്ള ഒരു വേൾഡ് ഹിറ്റിനുശേഷം ടൊവീനോ തോമസ് തലവെച്ച് കൊടുത്ത സിനിമ നോക്കണം. പുരോഗമന രാഷ്ട്രീയത്തിന്റെ മുഖം മൂടിയിട്ട് എന്തെങ്കിലും തട്ടിക്കൂട്ട് സിനിമകൾ എടുത്താൽ അത് പ്രേക്ഷകർ അംഗീകരിക്കില്ല എന്നതിന് ഉറപ്പാണ്, വിരലിലെണ്ണാവുന്ന ആളുകളെ വെച്ചുള്ള ഈ ചിത്രത്തിന്റെ തീയേറ്റർ പ്രദർശനം.
പണി പാളിയ തിരക്കഥ
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ തകരാറ് ഒട്ടും സിനിമാറ്റിക്ക് അല്ലാത്ത അതിന്റെ തിരക്കഥ തന്നെയാണ്. ഇവിടെ നായകൻ എന്നത് കട്ട വില്ലനാണ്. അതായത് ഗോവിന്ദച്ചാമിയുടെ കഥ ഒരു ചലച്ചിത്രമാക്കുന്നുവെന്ന് വെക്കുക. ചാമിയുടെ ക്രൂരതകളും ബലാത്സംഗവുമൊക്കെയായി കഥ മുന്നോട്ട് പോവുകയാണ്. ചാമിയുടെ വീക്ഷണത്തിലൂടെയാണ് കഥ പോകുന്നത്. സൗമ്യയെ ബലാത്സഗം ചെയ്തുകൊല്ലുന്ന ഗോവിന്ദച്ചാമി, നല്ല വക്കീലിനെ ഇറക്കി കോടതിയിൽനിന്ന് വാദിച്ച് ജയിക്കാൻ നോക്കുന്നു. അവസാനം ശിക്ഷ കിട്ടുന്നു. ഈ കഥയിൽ എന്താണ് പുതുമ. അത് സിനിമയാവണമെങ്കിൽ ചില കഥാമുഹൂർത്തങ്ങളും ട്വസ്റ്റുകളും, ഒക്കെ വേണം. മാത്രമല്ല നായകന്റെ ചെയ്തികളോട് സമരസപ്പെടുമ്പോഴാണ് പ്രേക്ഷകന് ദുഃഖവും ത്രില്ലും സന്തോഷവും ഒക്കെയുണ്ടാവുക. ഇവിടെ നായകൻ കട്ട വില്ലനാണ്. അയാൾക്കൊപ്പം സഞ്ചരിക്കാനും നൊമ്പരപ്പെടാനും പ്രേക്ഷകന് എങ്ങനെ കഴിയും. ഇത് ഫിലിം ഫെസ്റ്റിവലിലെ ഹൈക്ലാസ് ഓഡിയൻസിനുവേണ്ടി എടുത്ത സിനിമല്ലല്ലോ. കൊേമർഷ്യൽ സിനിമയുടെ ഫോർമാറ്റ് പോലും ശ്രദ്ധിക്കാതെ എന്തിനോ വേണ്ടി തിളക്കുന്ന ചിത്രമായിപ്പോയി നാരദൻ.
ചന്ദ്രപ്രകാശ് എന്ന പേരുള്ള ചാനൽ അവതാരകനായണ് ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്. വലിയ ജനപ്രീതിയുള്ള വാർത്ത അവതാരകനും ടോക്ക് ഷോ അവതാരകനുമായ ചന്ദ്രപ്രകാശ് നമ്പർ വണ്ണായ മലയാളം ന്യൂസ് ചാനലിൽ ആണ് ജോലി ചെയ്യുന്നത്. ആ സമയത്ത് അൽപ്പം അന്തർമുഖനും, എല്ലാദിവസും ഡ്യൂട്ടികഴിഞ്ഞാൽ കൃത്യമായ പ്രസ്ക്ലബ് ബാറിൽപ്പോയി രണ്ടെണ്ണം അടിക്കയും ചെയ്യുന്ന ഒരു സാധാരണക്കരനാണ് അയാൾ. ( തിരുവനന്തപുരത്തെ ഒരു 'സങ്കേതം' അല്ലാതെ പ്രസ്ക്ലബിന് കേരളത്തിൽ എവിടെയും ബാറുകൾ ഒന്നുമില്ല. എല്ലാ ദിവസവും മദ്യപിക്കുന്നവരും അല്ല മാധ്യമ പ്രവർത്തകർ) പക്ഷേ ആ സമയത്തും അയാളുടെ ക്രിമിനിൽ സ്വഭാവം വിട്ടൊഴിയുന്നില്ല. സ്വത്ത് കിട്ടില്ല എന്ന് കണ്ടതോടെ പ്രേമിച്ച പെണ്ണിനോട് അയാൾ ബൈ പറയുന്നു. വിത്തുഗുണം പത്തുഗുണം എന്ന് പറയുന്ന പോലെ ചന്ദ്രപ്രകാശിനേക്കാൾ കുതന്ത്രക്കാരനാണ് അയാളുടെ പിതാവായി വരുന്ന ജയരാജ് വാര്യരുടെ കഥാപാത്രം. 'നിന്റെ അമ്മയെ ഞാൻ കെട്ടിയത് കാശ് കണ്ടിട്ട് തന്നെയാണെന്ന്, ഒരു ഉളുപ്പുമില്ലാതെ മകനോട് തുറന്നു പറയുന്ന ഒരു ഏഭ്യൻ! അങ്ങനെ തന്റെ ജീവിത പരാജയങ്ങളിൽനിന്ന് വില്ലനായി പോകുന്ന വ്യക്തയല്ല ചന്ദ്രപ്രകാശ്. അയാൾ ആദ്യമേ തന്നെ ക്രമിനൽ ബുദ്ധിയുള്ളയാളാണ്. ഈ വെറൈറ്റി കൊള്ളാം. പക്ഷേ അത് സിനിമാറ്റിക്ക് ആവുന്നില്ല.
ന്യൂസ് മലയാളം ചാനലിൽ തന്റെ സുഹൃത്തായ പ്രദീപ് പ്രധാന റോളിൽ എത്തുന്നതോടെ (ഷറഫുദ്ദീൻ ) ഈഗോയടിച്ച ചന്ദ്രപ്രകാശ്, അവിടെനിന്ന് രാജിവെക്കുന്നു. പിന്നെ അയാൾ നാരദ ന്യൂസ് എന്ന പുതിയ ന്യൂസ് ചാനലിന്റെ തലപ്പത്തുള്ള സിപി എന്ന് അറിയപ്പെടുന്ന നൊട്ടോറിയസ് ജേർണലിസ്റ്റായി ജ്ഞാനസ്നാനം ചെയ്യപ്പെടുകയാണ്. ചെളിയെയും തിന്മകളെയും വിറ്റ് കാശക്കുന്ന ഡേർട്ടി ജേർണലിസത്തിന്റെ വക്താവായി അയാൾ മാറുന്നു. പിന്നെ ക്രമേണേ എതിർക്കുന്നുവരെയെല്ലാം നിശബ്ദനാക്കുന്ന ഫാസിസ്റ്റായും.
മൈനസ് ടൊവീനോ ബിഗ് സീറോ
ഒരുപാട് ഫാൾട്ടുകൾ ഉണ്ടെങ്കിലും ഈ ചിത്രവും ഒരു ദുരന്തമാവാതെ പോകുന്നത് ടൊവീനോയുടെ പ്രസരിപ്പാർന്ന പ്രകടനം ഒന്നുകൊണ്ട് മാത്രമാണ്. ചന്ദ്രപ്രകാശ് എന്ന ശാന്തനായ ചാനൽ അവതാരകനിൽനിന്ന്, അലറിവിളിക്കുന്ന അർണബ് ഗോസ്വാമി മോഡലിലെ സിപിയിലേക്കുള്ള പരിവർത്തനം ഗംഭീരമായി ടൊവീനോ ചെയ്യുന്നുണ്ട്. ടൊവീനോയെ ഒഴിവാക്കിയാൽ ഒരു ബിഗ് സീറോയാണ് ഈ ചിത്രം. ഷറഫുദ്ദീന്റെ മാധ്യമ പ്രവർത്തകന് ഒന്നും ടൊവീനോയുടെ അടുത്തെത്താൻ കഴിയുന്നില്ല. വ്യക്തമായ ഒരു നായിക കഥാപാത്രം ഇല്ലാത്ത ഈ ചിത്രത്തിൽ അന്നാബെന്നിന്റെ വക്കീൽ കഥാപാത്രം മോശമായിട്ടില്ല. ജോയ്മാത്യു, ജാഫർ ഇടുക്കി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയരാഘവൻ തുടങ്ങിയവരുടെ കഥാപാത്രങ്ങൾ ഒന്നും മോശമായിട്ടില്ല. അവസാനത്തെ ചില സീനുകളിൽ, മജിസ്ട്രേറ്റ് ആയി ഇന്ദ്രൻസിന്റെ പ്രകടനം സൂപ്പറാണ്. വക്കീലായ രഞ്ജി പണിക്കരുടേതും.
പക്ഷേ കഥാപാത്രങ്ങൾക്ക് ബിജിഎം കൊടുക്കുന്നതിൽപോലുമുണ്ട്, ഈ ചിത്രത്തിൽ പ്രശ്നങ്ങൾ. കോടതി രംഗങ്ങളിലെ ആദ്യഘട്ട വാദങ്ങളിൽ തീർത്തും ദുർബലനായ ഒരു മനുഷ്യനായാണ് ജഡ്ജിയായ ഇന്ദ്രൻസിന്റെ കഥാപാത്രത്തെ കാണിക്കുന്നത്. എന്നാൽ ഉച്ചക്ക് ശേഷമുള്ള രണ്ടാംഘട്ട വാദത്തിൽ, ഒരു പ്രത്യേക ബിജിഎമ്മിന്റെ അകമ്പടിയോടെയാണ് മജിസ്ട്രേറ്റ് വരുന്നത്. ഇത് എന്തിനാണെന്ന് പ്രേക്ഷകൻ അത്ഭുദപ്പെട്ടുപോകും. ഉദ്ഘാടകൻ എത്തുന്നതിന് മുമ്പ് ആരെങ്കിലും വെടിക്കെട്ട് നടത്തുമോ. വല്ലാത്ത ഒരു വെറ്റൈറ്റിയായിപ്പോയി ഇതൊക്കെ!
രാഷ്ട്രീയം സിനിമയെ ബാധിക്കുമ്പോൾ
തങ്ങൾ ശരിയെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ കൃത്യമായി പ്രേക്ഷകരിലേക്ക് കുത്തിവെക്കാനുള്ള നീക്കവും ആഷിക്കും അബുവും, ഉണ്ണി ആറും നടത്തുന്നുണ്ട്. സിഐടിയു ജേർണലിസം എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നപോലെ ഇതും ഒരുതരം സിഐടിയു ചലച്ചിത്രമായിപ്പോയി. കഥയിൽ സ്വാഭാവികമായി രാഷ്ട്രീയം വരികയാണ് ചെയ്യേണ്ടത്. ഇവിടെ പല സീനുകളും ഡയലോഗുകളും തങ്ങളുടെ രാഷ്ട്രീയം പറയാനായി കൃത്രിമമായി കൂട്ടിച്ചേർത്തതായാണ് തോന്നുക.
ഉദാഹരണമായി ചിത്രത്തിലെ നായകൻ സി പി ഒരിടത്ത് പറയുന്നുണ്ട്. എനിക്ക് വേണ്ടത് ഡേർട്ടാണ്. നമ്മൾ അതാണ് വിൽക്കുന്നത്. ആ ചളിയിൽനിന്നാണ് വിജയത്തിന്റെ താമര വിരിയുക എന്ന്. ഈ ഡയലോഗ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൂടുതൽ പറയേണ്ടല്ലോ. അതുപോലെ ചിത്രാന്ത്യത്തിൽ, ദലിതനായ ഇന്ദ്രൻസിന്റെ ജഡ്ജിയുടെ മുന്നിൽപോയി താൻ യാചിക്കില്ലെന്നും ഞാൻ ഒരു മേനോൻ ആണെന്നും രഞ്ജിപ്പണിക്കരുടെ അഡ്വക്കേറ്റ് പറയുന്നുണ്ട്. ഒരുകാര്യവുമില്ലാതെയാണ് ഇവിടെയൊക്കെ ജാതി വലിച്ചിടുന്നത്. സ്വത്വരാഷ്ട്രീയ വാദികൾക്കും പൊളിറ്റിക്കൽ കറക്ട്നസ്സുകാരുടെയും കൈയടി കിട്ടാൻ സീനുകൾ തിരുകിക്കയറ്റുക തന്നെ.
അതുപോലെ കോർപ്പറേറ്റുകൾ, ലാഭം എന്നവയിലൊക്കൗ ഒരുതരം അടഞ്ഞ മാർക്സിസ്റ്റ് യുക്തിയാണ് ചിത്രം പിന്തുടരുന്നത്. ലാഭം മാത്രമാണ് കോർപ്പറേറ്റകളുടെ ലക്ഷ്യമെന്നും അവർ അതിനുവേണ്ടി എന്ത് ചെളിയും വിൽക്കുമെന്നും സിനിമ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പടെ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഒന്നും തന്നെ ചൂഷണത്തിലൂടെയല്ല ലാഭം ഉണ്ടാക്കുന്നത്. അവർ ചെളി വിറ്റുമല്ല ജീവിക്കുന്നത്. വെൽഫയർ കാപ്പിറ്റലിസം എന്ന സാധനത്തെകുറിച്ച് ഒരു ധാരണയും ചിത്രത്തിന്റെ അണിയറ ശിൽപ്പികൾക്ക് ഇല്ലെന്ന് തോനുന്നു. അതുപോലെ മത്സരത്തെക്കുറിച്ചും തീർത്തു തെറ്റായ ഒരു ധാരണയാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. ചാനലുകളുടെ കിടമത്സരമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം എന്നൊതൊക്കെ നിസ്സാരവത്ക്കരണമാണ്.
വാൽക്കഷ്ണം: പൊതുജനത്തിന് അത്രയൊന്നും അറിയാത്ത ന്യൂസ് ചാനൽ ലോകത്തിന്റെ ഉള്ളറകൾ കാണിച്ചുകൊടുക്കാനുള്ള നല്ല അവസരമായിരുന്നു ഈ പടം. ലേഖയുടെ മരണം ഒരു ഫളാഷ് ബാക്ക് എന്ന ചിത്രത്തിൽ വെള്ളിത്തിരയുടെ അകത്തെ ജീവിതത്തിലേക്ക് കെ ജി ജോർജ് കടക്കുന്നപോലെ. എന്നാൽ സ്വലേ, ലൗ 24 7, തുടങ്ങിയ മാധ്യമ പ്രവർത്തനം വിഷയമായി വരുന്നു മൂൻകാല ചിത്രങ്ങളെപ്പോലെ തീർത്തും തൊലിപ്പുറമെയുള്ള ഒരു ചിത്രമായി ഇതും മാറുകയാണ്. ഒരു വൈക്കോൽ മനുഷ്യനെ സൃഷ്ടിച്ച് തീ കൊളുത്തുന്നതുപോലുള്ള സ്ട്രോമാൻ മാധ്യമപ്രവർത്തകരെയാണ് ഉണ്ണി ആറും ആഷിക്ക് അബുവും സൃഷ്ടിച്ചത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ